20 April Tuesday

ജനങ്ങളെ ഒരുമിപ്പിക്കുന്ന പക്ഷം - ബാലചന്ദ്രൻ ചുള്ളിക്കാട് എഴുതുന്നു

ബാലചന്ദ്രൻ ചുള്ളിക്കാട്Updated: Monday Mar 15, 2021

കേരളത്തിൽ എൽഡിഎഫ് സർക്കാരിന്റെ ഭരണത്തുടർച്ച എന്നതിലുപരി സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലെ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കുന്ന ഒരു ഭരണമാതൃകയുടെ തുടർച്ച കൂടിയാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്‌. അത് വളരെ വ്യക്തമാണ്. ഇന്ത്യയിലെ ഒരുസംസ്ഥാനത്തും കോവിഡ് കാലത്ത് ജാതി–-മത സമുദായ ഭേദമെന്യേ ഒരു വിഭാഗീയതയും പരിഗണിക്കാതെ ജനങ്ങളെ ഒറ്റക്കെട്ടായി നിർത്തി സംരക്ഷിച്ച മറ്റൊരു സർക്കാർ ഉണ്ടെന്ന് തോന്നുന്നില്ല. നിപാ, രണ്ട് പ്രളയം, ഓഖി, കോവിഡ് തുടങ്ങിയ ദുരന്തങ്ങളുടെ കാലഘട്ടത്തിൽ ജനങ്ങൾക്ക് ആവശ്യമായ ചികിത്സ, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങളിൽ ജനങ്ങളെ ഒറ്റക്കെട്ടായി നിർത്തി അവരെ ചേർത്തുപിടിച്ച് സംരക്ഷിച്ച ഒരു സർക്കാർ. അത് വെറുമൊരു ഭരണം മാത്രമല്ല, ഭരണമാതൃക കൂടിയാണ്. ഈ ഭരണമാതൃകയുടെ തുടർച്ച ജനങ്ങൾ ആഗ്രഹിക്കുക സ്വാഭാവികമാണ്. ആ ആഗ്രഹത്തിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്.

ഇന്ത്യ ഒരു രാജ്യം എന്ന നിലയിൽ അനേകം രാജ്യങ്ങളുള്ള ഒരു മഹാരാജ്യമായിട്ടാണ് നിലനിന്നതെന്ന് നമുക്കറിയാം. കൊച്ചിയും തിരുവിതാംകൂറുംപോലും വേറെ വേറെ നാണയവ്യവസ്ഥയും തപാൽമുദ്ര വരെയുള്ള രാജ്യങ്ങളായിരുന്നു. അങ്ങനെ ഒരുപാട് രാജ്യങ്ങളുടെ ചെറിയ നാട്ടുരാജ്യങ്ങളുടെ ഒരു മഹാരാജ്യമായിരുന്നു ഇന്ത്യ. എങ്കിലും ഇന്ത്യ എന്നൊരു രാജ്യം, ഒരു ദേശം, ഒരു സാംസ്‌കാരിക സാമ്രാജ്യം ജനങ്ങളുടെ മനസ്സിൽ ഉണ്ടാക്കിയത് ചരിത്രത്തിൽ രണ്ടുവഴിക്കാണ്. ഒന്ന്, ഹിമാലയത്തിന്റെ വടക്കുനിന്ന് തെക്കോട്ടും കിഴക്കുനിന്ന് പടിഞ്ഞാറോട്ടും തിരിച്ചും ഒക്കെയുള്ള നൂറ്റാണ്ടുകളിലൂടെയുള്ള ജനങ്ങളുടെ തീർഥാടനങ്ങൾ. മറ്റൊന്ന് കച്ചവട ആവശ്യങ്ങൾക്ക് വേണ്ടിയുള്ള ജനങ്ങളുടെ സഞ്ചാരങ്ങൾ. പഴയ നാഷണൽ ബുക്ക് ട്രസ്റ്റ് ‘സാർഥവാഹകൻ’ എന്ന പേരിൽ മോഡി ചന്ദ്രയുടെ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയെ ഇന്ത്യയാക്കിയ കച്ചവടക്കാരുടെ സഞ്ചാരപഥങ്ങളെക്കുറിച്ചുള്ള വിപുലമായ വിവരങ്ങളടങ്ങുന്ന പുസ്തകമാണ്. കച്ചവട സംഘങ്ങളുടെ സഞ്ചാരങ്ങളാണ് ഒരു സാംസ്‌കാരിക ഏകകമായി (അവരുദ്ദേശിച്ചിട്ടില്ലെങ്കിൽത്തന്നെ) ഇന്ത്യയെ രൂപീകരിക്കാൻ ഏറെ സഹായം ചെയ്ത ഒരു കാര്യം.

അതുപോലെ പ്രകൃതിക്ഷോഭങ്ങളുണ്ടാകുമ്പോഴുണ്ടാകുന്ന ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കുള്ള കുടിയേറ്റങ്ങൾ. അങ്ങനെ നൂറ്റാണ്ടുകളിലൂടെ നടന്നിട്ടുള്ള ജനതകളുടെ സങ്കരങ്ങളിലൂടെ അനേകം ഭാഷകളും ജാതികളും മതങ്ങളും ഗോത്രങ്ങളും സംസ്‌കാരങ്ങളും ഒക്കെയുള്ള ഈ അതിസങ്കീർണമായ, വേറെ ഒരു ഭൂഖണ്ഡത്തിലും കാണാത്ത വൈവിധ്യങ്ങളുള്ള ഈ സംസ്‌കാരം നിലനിന്നത് സമാധാനപരമായ സഹവർത്തിത്വത്തിന്റെ അടിസ്ഥാനത്തിലാണ്. ആ സഹവർത്തിത്വത്തിലാണ് ഇന്ത്യയുടെ മതനിരപേക്ഷത അധിഷ്ഠിതമായിരിക്കുന്നത്. ആ മതനിരപേക്ഷത 600 കൊല്ലത്തെ മുഗൾഭരണത്തെയും 200 കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തെയും അതിജീവിച്ചതാണ്. മുഗൾ രാജാക്കന്മാർ മതപരിവർത്തനം നടത്താൻ ശ്രമിച്ചിരുന്നുവെങ്കിൽ ഇന്ന് ഒരൊറ്റ ഹിന്ദു ഉത്തരേന്ത്യയിൽ ഉണ്ടാകില്ലായിരുന്നു.

ഇന്ത്യയിൽ ആദ്യമായി ഒരു മതം രാഷ്ട്രമതമായി പ്രഖ്യാപിച്ചത് അശോകനാണ്. അദ്ദേഹമാണ് ആദ്യമായി രാഷ്ട്രമതമുണ്ടാക്കിയത്.

എല്ലാ മുഗൾ രാജാക്കൻമാരുടെയും അഡ്മിനിസ്ട്രേറ്റർമാർ മുഴുവൻ ബ്രാഹ്മണരും ക്ഷത്രിയരും ഒക്കെ ആയിരുന്നു. കൊല്ലാനും ചാകാനും പോകുന്ന സൈനികരെല്ലാം മുസ്ലിങ്ങളും ദളിതരും. ടിപ്പു സുൽത്താന്റെ മന്ത്രി പൂർണയ്യ ബ്രാഹ്മണനാണ്. ഔറംഗസീബിന്റെ മന്ത്രിമാരൊക്കെ ബ്രാഹ്മണൻമാരും ക്ഷത്രിയരും ആണ്. ധനമന്ത്രിമാർ പ്രത്യേകിച്ചും. ഇങ്ങനെ ഒരു വിചിത്രമായ രീതിയിൽ നമ്മുടെ സംസ്‌കാരം നിലനിന്നു പോന്നിട്ടുണ്ട്. മുഗൾ ഭരണത്തിന് കീഴിലാണ് ജമീന്താരി സമ്പ്രദായം എന്ന നിലയിൽ ഇന്ത്യൻ ഫ്യൂഡൽ സംവിധാനം ജാതിവ്യവസ്ഥയുമായി ചേർന്ന് ഉറച്ചത്‌. അതിനുമുമ്പ്‌ ഭൂമിക്ക്‌ അങ്ങനെ ഉടമാവകാശം ഉണ്ടായിരുന്നില്ല. അങ്ങനെ പല പല നാട്ടുരാജ്യങ്ങൾ ആയിരുന്നെങ്കിലും ഇന്ത്യക്കൊരു പൊതുചരിത്രമുണ്ടായി. ഒരു സംസ്‌കാരമുണ്ടായി. ആ പശ്ചാത്തലമാണ് സ്വാതന്ത്ര്യസമരത്തിൽ ഒറ്റക്കെട്ടായി ഇന്ത്യയെ നിർത്തിയത്. ഇന്ത്യയിൽ ആദ്യമായി ഒരു മതം രാഷ്ട്രമതമായി പ്രഖ്യാപിച്ചത് അശോകനാണ്. അദ്ദേഹമാണ് ആദ്യമായി രാഷ്ട്രമതമുണ്ടാക്കിയത്. അദ്ദേഹമാണ് യുദ്ധം കഴിഞ്ഞാൽ സമാധാനമാണ്, അഹിംസയാണ് വേണ്ടത് എന്ന് കണ്ടുപിടിച്ചത്.  ഒരു രാജ്യത്തെ ആയുധങ്ങൾ ഉപയോഗിച്ച് കീഴടക്കുന്നതിനേക്കാൾ നല്ലത് നമ്മുടെ മതം അവിടെ പ്രചരിപ്പിച്ച് അവിടെയുള്ളവരെ ആ മതക്കാരായി മാറ്റി അങ്ങോട്ട് ചെല്ലുക എന്ന സാംസ്‌കാരിക അധിനിവേശതന്ത്രം കണ്ടുപിടിച്ചത് അശോകനാണ്.

അശോക ചക്രവർത്തി ബുദ്ധമതമാണ് ഈ രാജ്യത്തിന്റെ മതമെന്ന് പ്രഖ്യാപിച്ചിട്ടുപോലും ഇന്ത്യ സർവമതങ്ങളും സഹവർത്തിക്കുന്ന സാംസ്‌കാരിക ഭൂഖണ്ഡമായി നിലനിന്നു. ഇന്ന് ജാതിയുടെയും വർണത്തിന്റെയും ചാതുർവർണ്യത്തിന്റെയും അടിസ്ഥാനത്തിലുള്ള ഒരു ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാൻ ഏതാണ്ട് ഒരു നൂറ്റാണ്ടോളമായി പ്രവർത്തിച്ച ഒരു രാഷ്ട്രീയ പാർടി ഇന്ത്യ ഭരിക്കുകയാണ്. ഈ സന്ദർഭത്തിലാണ് നിത്യജീവിതപ്രശ്നങ്ങളിൽ ജനങ്ങളെ ജാതി, മത ചിന്തകൾക്കതീതമായി ഒരുമിപ്പിച്ച് നിർത്തുന്ന ഒരു മുന്നണിയും ഒരു ഭരണവും കേരളത്തിൽ ഇന്ത്യക്ക് മുഴുവൻ മാതൃകയായി നിലകൊള്ളുന്നത്. അതിന്‌ രാഷ്ട്രീയ പ്രാധാന്യം മാത്രമല്ല, വമ്പിച്ച സാംസ്‌കാരികപ്രാധാന്യം കൂടിയുണ്ട്. 

ഭൂരിപക്ഷ വർഗീയത വിചാരിച്ചാൽ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാൻ സാധിക്കും. ഒരു ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റാൻ സാധിക്കും

ഇന്ത്യയിലെ ജനങ്ങൾക്ക് പട്ടിണിയും ദാരിദ്ര്യവും യുദ്ധവും വർഗീയലഹളകളും പുത്തരിയല്ല. അതെല്ലാം ഇന്ത്യൻ ജനത അതിജീവിച്ചിട്ടുണ്ട്. പക്ഷേ, ഇന്നത്തെ ബഹുരാഷ്ട്ര കുത്തകകളോടുകൂടിയുള്ള മതരാഷ്ട്ര രൂപീകരണത്തെ ഇന്ത്യ എങ്ങനെ അതിജീവിക്കും എന്നുള്ളത് വലിയ ഉൽക്കണ്ഠയാണ്. കാരണം രക്തച്ചൊരിച്ചിൽ ഇല്ലാതെ ഒരു മതരാഷ്ട്ര രൂപീകരണം നടക്കുകയില്ല. വലിയ ആഭ്യന്തര കലാപങ്ങൾ ഇല്ലാതെ നടക്കുകയില്ല. രക്തപ്പുഴകൾ ഒഴുകേണ്ടിവരും. ജനതയുടെ രാഷ്ട്രീയവും സാംസ്‌കാരികവുമായ നിലനിൽപ്പും അപകടത്തിലാകും. എന്തുകൊണ്ടാണ് ന്യൂനപക്ഷ വർഗീയതയേക്കാൾ ഭൂരിപക്ഷ വർഗീയത അപകടം ആകുന്നത്. ഭൂരിപക്ഷ വർഗീയത വിചാരിച്ചാൽ ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കി മാറ്റാൻ സാധിക്കും. ഒരു ഫാസിസ്റ്റ് രാഷ്ട്രമാക്കി മാറ്റാൻ സാധിക്കും. ഇന്ത്യയുടെ ഭരണഘടനതന്നെ മാറ്റാൻ സാധിക്കും. അതുകൊണ്ടാണ് ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയേക്കാൾ അപകടകാരി ആകുന്നത്. പക്ഷേ, ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയ്ക്ക് ന്യായീകരണമാകുന്ന സന്ദർഭങ്ങൾ ഉണ്ടാകും. പരസ്പരം പ്രോത്സാഹിപ്പിക്കും.

ഒരു ബിജെപി നേതാവ് പറഞ്ഞു‘ ഞങ്ങൾ മുസ്ലിം സംഘടനയുമായി ചേർന്ന്‌ കശ്മീർ ഭരിച്ചില്ലേ’ എന്ന്‌. ഇവിടെ മുസ്ലിം സംഘടനയുമായി ചേർന്ന് ഭരിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ, ഒരുകാര്യം മനസ്സിലാക്കേണ്ടത് മതം ഏതെങ്കിലും ആകട്ടെ അവർ ഒരു രാഷ്ട്രീയാധികാരം ലക്ഷ്യമാക്കുമ്പോൾ ആ മതം വെറുംമതമല്ല. രാഷ്ട്രീയപാർടിയാണ്. ഒരു മതത്തിന്റെ ലക്ഷ്യം രാഷ്ട്രീയ അധികാരമാണെങ്കിൽ അത് ഒരു രാഷ്ട്രീയ പാർടിയാണ്. അങ്ങനെ മതാധിഷ്ഠിതമായ ഒരു രാഷ്ട്രീയ പാർടി വരുമ്പോൾ ജനങ്ങളെ ഭിന്നിപ്പിച്ചുകൊണ്ട് മാത്രമേ അവർക്ക് അധികാരം നേടാൻ സാധിക്കുകയുള്ളൂ. ജനങ്ങളെ ഒന്നിപ്പിച്ച് അധികാരം നേടുന്ന രാഷ്ട്രീയമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ രാഷ്ട്രീയം. ജനങ്ങളെ ഒന്നിപ്പിച്ചുകൊണ്ട് ജനങ്ങൾക്കുവേണ്ടി അധികാരത്തിലേറാൻ അനുവാദം ചോദിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ സംസ്‌കാരം മറ്റൊന്നാണ്.

ജാതി, മത സമുദായ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ചുകൊണ്ട് ജനങ്ങളുടെ വോട്ട് തേടുന്ന സംസ്‌കാരം മറ്റൊന്നാണ്. അത് ജനങ്ങളെ ഭിന്നിപ്പിക്കുന്നു. തമ്മിലടിപ്പിക്കുന്നു. ആത്യന്തികമായി സമൂഹത്തെ നശിപ്പിക്കുന്നു. അതേസമയം, ജനങ്ങളെ ഒന്നിപ്പിക്കുന്ന താഴെ തട്ടിലുള്ളവരുടെ ആവശ്യങ്ങളെ അഭിസംബോധന ചെയ്യുന്ന, അടിസ്ഥാന ആവശ്യങ്ങൾക്ക്‌ പ്രാഥമിക പരിഗണന നൽകുന്നത്‌ ഇടതുപക്ഷ രാഷ്ട്രീയം ആണ്. ഇന്ത്യയിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ ജാതി, മത ഭേദമെന്യേ ഒരുമിപ്പിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യവും അതാണ്.

(വെള്ളിയാഴ്‌ച എൽഡിഎഫ്‌ എറണാകുളം 
മണ്ഡലം കൺവൻഷനിൽ 
നടത്തിയ പ്രസംഗത്തിന്റെ പ്രസക്‌തഭാഗം)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top