23 November Monday

ബാബറി മസ്ജിദ്: എല്ലാ 'തൂണു'കളും എന്നും തുണച്ചത് ഹിന്ദുത്വ വര്‍ഗീയവാദികളെ

കെ ടി കുഞ്ഞിക്കണ്ണന്‍Updated: Thursday Oct 1, 2020

ബാബറി മസ്ജിദ് തര്‍ക്കപ്രശ്‌നമാക്കിയതും തകര്‍ക്കുന്നതിലേക്കെത്തിച്ചതും ഇന്ത്യന്‍ ഭരണകൂടത്തിന്റെയും കോടതികളുടെയും സഹായത്തോടു  കൂടിയായിരുന്നുവെന്നത് ലജ്ജാകരവും ഭീതിതവുമായൊരു സത്യമാണ്. ലെജിസ്ലേച്ചറും എക്സിക്യൂട്ടിവും ജുഡീഷ്യറിയും ഹിന്ദുത്വവര്‍ഗീയ വാദികള്‍ക്കൊപ്പമായിരുന്നുവെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. ജുഡീഷ്യറി പോലും ഹിന്ദുത്വ വാദങ്ങള്‍ക്ക് വഴങ്ങി കൊടുക്കുന്ന അത്യന്തം അപമാനകരമായ വിധി പ്രസ്താവനകളാണ് അയോധ്യ കേസുകളില്‍ വിവിധ കോടതികളില്‍ നിന്നുണ്ടായത്.അതായത് ബാബറിമസ്ജിദ് കാര്യത്തില്‍ ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യവിശ്വാസികളോടും മുസ്ലിം ജനസമൂഹത്തോടും ഇന്ത്യന്‍ ഭരണകൂടവും നമ്മുടെ കോടതികളും ഒരിക്കല്‍ പോലും നീതി കാണിച്ചിരുന്നില്ലായെന്നതാണ് ദു:ഖകരമായ യാഥാര്‍ത്ഥ്യം.

ബാബറി മസ്ജിദ് തര്‍ക്കപ്രശ്‌നമാക്കി അടച്ചിട്ടതു മുതലുള്ള 70 വര്‍ഷകാലത്തെ ചരിത്രം ഒരു ജനതയോട് ഇന്ത്യന്‍ ഭരണകൂടം കാണിച്ച അനീതികരവും പക്ഷപാതപരവുമായ സമീപനങ്ങളുടേതാണെന്ന് കാണാം.1949 മുതല്‍ 2020 സപ്തംബര്‍ 30 ന്റെ വിധി വരെയുള്ള ഇന്ത്യന്‍ കോടതി ഇടപെടലുകളെല്ലാം അങ്ങേയറ്റം അനീതികരവും പള്ളിയില്‍ അതിക്രമിച്ച് കയറി വിഗ്രഹങ്ങള്‍ സ്ഥാപിച്ച് അവകാശ തര്‍ക്കമുയര്‍ത്തിയ ഹിന്ദുത്വവാദികള്‍ക്കനുകൂലവുമായിരുന്നുവെന്നും കാണാം.

 നിഷ്പക്ഷമെന്ന് സാധാരണ പൗരന്മാര്‍ കരുതുന്ന ജുഡീഷ്യറിയും, ലെജിസ്ലേച്ചറിനേയും എക്‌സിക്യൂട്ടിവിനേയും പോലെ നീതിയുക്തമായൊരു സമീപനം സ്വീകരിച്ചില്ലായെന്നതാണ് രോഷജനകമായ യാഥാര്‍ത്ഥ്യം.ഒരു ജനാധിപത്യ സമൂഹത്തില്‍ ജുഡീഷ്യറിയില്‍ നിന്നു തന്നെയാണ് ജനങ്ങള്‍ നീതി പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബാബറി മസ്ജിദിന്റെ കാര്യത്തില്‍ നീതിയുക്തമായൊരു നിലപാട് സ്വീകരിക്കാന്‍ സുപ്രിംകോടതി മുതലുള്ള നീതിന്യായ സംവിധാനങ്ങള്‍ തയ്യാറായില്ല.

2010 ലെയും 2019ലെയും 2020ലെയും ഹൈക്കോടതി, സുപ്രിം കോടതി വിധികളും ഇപ്പോഴത്തെ സിബിഐ കോടതി വിധിയുമെല്ലാം മതനിരപേക്ഷവാദികളെ സംബന്ധിച്ചടുത്തോളം നിരാശജനകമായിരുന്നു. വസ്തുതകളെയും യുക്തിയെയും നീതിയെയുമൊന്നുമല്ലാ വിധിന്യായങ്ങളില്‍ അടിസ്ഥാനമാക്കിയത്.

ഹിന്ദുക്കളുടെ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും അടിസ്ഥാനത്തിലാണ്  വിധിയെഴുതിയതെന്നത് രാജ്യമെത്തപ്പെട്ട ആപല്‍ക്കരമായൊരു രാഷ്ട്രീയ സാഹചര്യത്തെ കൂടിയാണ് പ്രതിഫലിപ്പിക്കുന്നത്. വിശ്വാസങ്ങള്‍ക്കും ചരിത്രമുണ്ടെന്നും എന്നു മുതലാണ് അയോധ്യ രാമന്റെ ജന്മസ്ഥലമാണെന്ന് വിശ്വസിക്കാന്‍ തുടങ്ങിയതെന്നുമൊന്നും 2010 ലെ അലഹബാദ് ഹൈക്കോടതി പരിശോധിക്കാന്‍ തയ്യാറായില്ലെന്ന് വിധി പ്രസ്താവന വ്യക്തമാക്കുന്നു. ഏകപക്ഷീയമായി രാമന്റെ ജന്മഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ഹിന്ദുക്കള്‍ക്ക് അവകാശമുണ്ടെന്ന് വിധിയെഴുതുകയായിരുന്നു.

ചരിത്രാതീതകാലം മുതല്‍ ഹിന്ദുക്കള്‍ ആരാധിക്കുന്ന സ്ഥലമാണ് അയോധ്യയെന്നൊക്കെ ഒരു ജഡ്ജി വിധിന്യായത്തില്‍ എഴുതിവെക്കുമ്പോള്‍ നാമെന്താണ് മനസിലാക്കേണ്ടത്. ചരിത്ര കാലഘട്ടങ്ങളെ സംബന്ധിച്ച വാസ്തവികമായ എന്തു തെളിവുകളാണ് ഉള്ളതെന്ന കാര്യം ഈ ന്യായാധിപന്മാരെ അലട്ടുന്നുണ്ടാവില്ല. പക്ഷെ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് അത്തരം അവാസ്തിക പ്രസ്താവനകള്‍ അംഗീകരിച്ചു പോവാനാവില്ല.കഴിഞ്ഞ കുറെക്കാലം കൊണ്ട് ഹിന്ദുവര്‍ഗിയവാദികളും കോര്‍പ്പറേറ്റ് മീഡിയായും സൃഷ്ടിച്ചെടുത്ത പൊതുബോധത്തിനനുസൃതമായ രീതിയില്‍ ചരിത്രവും യുക്തിയും വസ്തുതയും നീതിയും മറന്നുള്ള വിധിന്യായങ്ങളിലേക്ക് നമ്മുടെ ജുഡിഷ്യറി പോലും എത്തുന്ന അവസ്ഥ ഭീകരമാണെന്ന് കാണണം.

1992 ഡിസംബര്‍ ആറിന് ബാബറിപള്ളി തകര്‍ത്തത്, 1981 മുതല്‍ ഹിന്ദുത്വ ശക്തികള്‍ നടത്തിവന്ന സംഘടിതവും അക്രമോത്സുകമായ അയോധ്യ കാമ്പയിന്റ തുടര്‍ച്ചയിലാണെന്ന കാര്യവും അതിന്റെ രാഷ്ട്രീയ നേതൃത്വമായിരുന്നതു ബി ജെ പിയുമായിരുന്നുവെന്ന കാര്യവും ആര്‍ക്കാണറിയാത്തത്.  കുറ്റമാരോപിക്കപ്പെട്ട അദ്വാനിക്കും മുരളി മനോഹര്‍ ജോഷിക്കും സ്വാമിനിമാരായ ഉമാഭാരതിക്കും റിതാംബരക്കുമെതിരെ തെളിവില്ലെന്നും അവരെല്ലാം പള്ളി പൊളിക്കുന്നത് തടയാനായി അയോധ്യയിലെത്തിയ വിശുദ്ധാത്മക്കളാണെന്ന് വിധിന്യായത്തില്‍ എഴുതി വെക്കുമ്പോള്‍ കോടതി നമ്മുടെ നീതിന്യായ വ്യവസ്ഥയെ തന്നെയാണ് പരിഹാസ്യമാക്കുന്നത്. ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് കണ്ടെത്തിയ കോടതി പ്രതികളെ കുറ്റമുക്തരാക്കുമ്പോള്‍ എന്തുകൊണ്ടാണ് പുനരന്വേഷണമാവശ്യമാണെന്ന് പോലും വിധിന്യായത്തില്‍ സൂചിപ്പിക്കാതിരുന്നത്.

ഇന്ത്യന്‍ ജനതയെയും നമ്മുടെ സംസ്‌കാരത്തെയും ലോകത്തിന് മുന്നില്‍ അപമാനിച്ച ഒരിക്കലും മാപ്പ് കൊടുക്കാന്‍ പാടില്ലാത്ത ഒരപരാധത്തിന് ഉത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് തിരിച്ചറിയാനാവാതെ പോകുന്നത് ബാബറി മസ്ജിദ് തകര്‍ത്തതിന് സമാനമായൊരു അപരാധം തന്നെയാണ്.നമ്മുടെ രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും മതനിരപേക്ഷ ദേശീയപാരമ്പര്യത്തിനും
നീതിന്യായവ്യവസ്ഥക്കും നേരെയാണ് മസ്ജിദ് തകര്‍ത്തവര്‍ ഭീഷണി ഉയര്‍ത്തിയത്.പ്രാകൃതവും വിധ്വംസകവുമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തിന്റെ രഥയാത്രകളും  നരഹത്യകളെ ആഘോഷമാക്കി മാറ്റിയ ഹിന്ദുത്വ വര്‍ഗീയതയുടെ ജൈത്രയാത്രയുമാണ് ബാബറി മസ്ജിദിന്റ തകര്‍ച്ചയിലൂടെ രാജ്യത്താരംഭിച്ചത്.ലിബറാന്‍ കപീഷന്‍ ചൂണ്ടിക്കാട്ടിയത് പോലെ മഹത്തായൊരു മതേതരരാജ്യത്തെ സാമുദായിക ധ്രുവീകരണത്തിന്റെരത്തേക്ക് തള്ളിവിടുകയായിരുന്നു മസ്ജിദ് തകര്‍ത്തു കൊണ്ട് ഹിന്ദുത്വ വാദികള്‍. വര്‍ഗീയ കലാപങ്ങളിലൂടെ നഗ്‌നമായ നരഹത്യകള്‍ നടത്തുകയായിരുന്നു.

ഇപ്പോഴത്തെ വിധിയിലൂടെ എക്‌സിക്യൂട്ടിവിന്റെയും ലെജിസ്ലേച്ചറിന്റെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങി കൊടുക്കുകയാണ് കോടതികള്‍ ചെയ്തതെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല.
മസ്ജിദ് തര്‍ക്കത്തിന്റെ ചരിത്രവുമതാണ് സാക്ഷ്യപ്പെടുത്തുന്നത്.പള്ളിക്കകത്ത് അതിക്രമിച്ച് കടന്നു വിഗ്രഹങ്ങള്‍ സ്ഥാപിച്ചതിനെ തുടര്‍ന്ന്, അയോധ്യ പൊലീസ് 1949 ഡിസംബര്‍ 23ന് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ട് വ്യക്തമാക്കിയ ഒരു കാര്യം; 'ഇരുട്ടിന്റെ മറവില്‍ ഒരു സംഘം സന്യാസിമാരാണ് വിഗ്രഹങ്ങള്‍ ഒളിച്ചു കടത്തി സ്ഥാപിച്ചതെന്നതാണ്.നിലവിലുള്ള നിയമനുസരിച്ച് തന്നെ ഗുരുതരമായ കുറ്റകൃത്യമായിരുന്നത്.

മാതാപ്രസാദ് എന്ന പൊലീസുകാരന്‍ അയോധ്യയിലെ സബ് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ നല്‍കിയ എഫ് ഐആറില്‍ ആ സംഭവം വിവരിക്കുന്നത്; തലേന്ന് രാത്രി ബാബറി മസ്ജിദിന്റെ പൂട്ട് പൊളിച്ച് ഒരു സംഘം ആളുകള്‍ പള്ളിക്കകത്ത് പ്രവേശിച്ചു. അവിടെ ശ്രീരാമചന്ദ്രന്റെ പ്രതിമ പ്രതിഷ്ഠിച്ചു.
അവര്‍ പള്ളിക്കകത്ത് ബലമായി കടക്കുകയും വിശുദ്ധി നശിപ്പിക്കുകയും ചെയ്തു'.

1950 ഏപ്രില്‍ 24ന് ഫൈസാബാദ് ഡപ്യൂട്ടി കമ്മീഷണര്‍ ജെ എന്‍ അഗര്‍വാള്‍ മുമ്പാകെ ഹാജാരാക്കിയ തെളിവുകള്‍ ആരാണ് കുറ്റവാളികളെന്ന് വ്യക്തമാക്കുന്നതായിരുന്നു.ബാബാ രാഘവദാസ് (ഇയാള്‍ പിന്നീട് അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ മണ്ഡലത്തില്‍ ആചാര്യ നരേന്ദ്ര ദേവിനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ചുവെന്നതും ചരിത്രം), ദിഗ്വിജയനാഥ്, ബാബറൂള്‍ പത്‌നി എന്നിവരെല്ലാമടങ്ങിയ ഹിന്ദുമഹാസഭാ നേതാക്കളായിരുന്നു ഈ കുറ്റകൃത്യത്തിന് നേതൃത്വം നല്‍കിയത്.

9 ദിവസം നീണ്ടു നിന്ന രാമായണ മാസാചരണ അനുബന്ധ പരിപാടികളുടെ ഭാഗമായി പള്ളിയോട് ചേര്‍ന്നുള്ള ശ്മശാനം കിളച്ചു മറിക്കുകയും പള്ളിയില്‍ കയറി വിഗ്രഹങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 295, 297വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റകൃത്യമായിരുന്നുവെന്ന കാര്യം മനസിലാക്കി അന്ന് കേസെടുക്കാന്‍ ശ്രമിച്ച ലോക്കല്‍ പൊലീസിനെ യുപിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തടയുകയായിരുന്നു. ഏതെങ്കിലും മതവിഭാഗങ്ങളുടെ ശ്മശാനം, ആരാധാനലയങ്ങള്‍ എന്നിവയ്ക്ക് നേരെ നടത്തപ്പെടുന്ന, അതിക്രമിച്ച് കടക്കുന്നതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് നേരെയുള്ള വകുപ്പുകള്‍ ഇട്ട് കൊണ്ടാണ് അയോധ്യ പൊലീസ്‌കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

പക്ഷെ യു പിയിലെ കോണ്‍ഗ്രസ് സര്‍ക്കാരും ഫൈസാബാദ് ജില്ലാ ഭരണകൂടവും ഇത്തരം വകുപ്പുകള്‍ ഒഴിവാക്കി ഒരവകാശ തര്‍ക്കമാക്കി പള്ളി അടച്ചിടുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചു.
400 ലേറെ വര്‍ഷം മുസ്ലിങ്ങള്‍ തലമുറകളായി നിസ്‌കരിച്ച് പോന്ന പള്ളി ഹിന്ദുമഹാസഭയുടെ ഇംഗിതങ്ങള്‍ക്ക് വഴങ്ങി തര്‍ക്കഭൂമിയാക്കിയടച്ചത് യുപി മുഖ്യമന്ത്രി ജി വി പാന്തും ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റു കൂടിയായിരുന്ന കെ.കെ നായരുമായിരുന്നു. നെഹറുവിന്റെ കല്‍പനകളെ തള്ളിക്കൊണ്ട് കോണ്‍ഗ്രസിലെ ഹിന്ദുത്വ വാദികള്‍ മസ്ജിദിനെ തര്‍ക്ക സ്ഥലമാക്കാന്‍ കൂട്ടുനിന്നു.

അതോടെയാണ് രാമജന്മഭൂമി പ്രസ്ഥാനത്തിന് കൊമ്പും ദംഷ്ട്രകളും മുളച്ചുതുടങ്ങിയത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top