02 July Thursday

ചരിത്രമായ്‌ ലെനിന്റെ ഇടപെടൽ - ഡോ. ബി ഇക്‌ബാൽ എഴുതുന്നു

ഡോ. ബി ഇക്‌ബാൽUpdated: Monday May 4, 2020

വ്ലാദിമിർ ലെനിന്റെ 150–-ാം ജന്മദിനം അനുസ്മരിച്ചുകൊണ്ട് മുഖ്യമന്ത്രി  സ്പാനിഷ് ഫ്ലൂ വ്യാപനം തടയുന്നതിനായി ഒന്നാം ലോകയുദ്ധക്കാലത്ത് ലെനിൻ സ്വീകരിച്ച ധീരമായ നിലപാട് വിശദീകരിച്ചിരുന്നു. പൊതുജനാരോഗ്യപ്രവർത്തകർ പോലും വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ചരിത്രസന്ദർഭത്തിലേക്കാണ് കോവിഡ്  മഹാമാരിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി വിരൽചൂണ്ടിയത്. 20–-ാം നൂറ്റാണ്ടിൽ ലോകമെമ്പാടും വ്യാപിച്ച ഏറ്റവും വലിയ മഹാമാരിയായിരുന്നു1918–-19 കാലഘട്ടത്തെ  സ്പാനിഷ് ഫ്ലൂ. അന്നത്തെ ലോകജനസംഖ്യയായിരുന്ന 200 കോടിയിൽ നാലിലൊന്ന് പേരെയെങ്കിലും അതായത് 50 കോടി ജനങ്ങളെ സ്പാനിഷ് ഫ്ലൂ ബാധിച്ചിരുന്നു. അവരിൽ അഞ്ചുകോടി പേരെങ്കിലും മരണമടഞ്ഞതായി കരുതപ്പെടുന്നു. ഒന്നാം ലോകയുദ്ധക്കാലത്ത് മിക്ക രാജ്യവും രോഗം ബാധിച്ചവരുടെയും മരണമടഞ്ഞവരുടെയും കണക്കുകൾ മറച്ചുവച്ചിരുന്നതിനാൽ ഇതിൽ കൂടുതലായിരുന്നിരിക്കണം രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണമെന്ന് കണക്കാക്കിയിട്ടുണ്ട്. 

സ്പാനിഷ് ഫ്ലൂ എന്നാണ് വിളിച്ചിരുന്നതെങ്കിലും ഈ മഹാമാരി ആരംഭിച്ചത് സ്പെയിനിൽ ആയിരുന്നില്ല. ഒന്നാം ലോക  യുദ്ധത്തിൽ പങ്കെടുക്കാതെ നിഷ്പക്ഷ നിലപാട് സ്വീകരിച്ചതുകൊണ്ട് സ്പെയിനിൽനിന്നു മാത്രമാണ് ഫ്ലൂ പകർച്ചവ്യാധി സംബന്ധിച്ച വിവരങ്ങൾ ലോകം അറിഞ്ഞിരുന്നത്. മാത്രമല്ല, സ്പെയിൻ രാജാവ് അൽഫോൺസോ പതിമൂന്നാമനെ രോഗം ബാധിച്ച വിവരം ലോകവ്യാപകമായി അറിയപ്പെടുകയും ചെയ്‌തിരുന്നു. സ്പെയിനിലേക്ക് രോഗം കടന്നുവന്നത് ഫ്രാൻസിൽ നിന്നായിരുന്നതിനാൽ സ്പെയിൻകാർ രോഗത്തെ ഫ്രാൻസ് ഫ്ലൂ എന്നാണ് വിളിച്ചിരുന്നത്.  രോഗം ആരംഭിച്ചത് അമേരിക്കയിലെ കാൻസാസ് നഗരത്തിൽനിന്നായിരുന്നു. പിന്നീടത് പട്ടാളക്കാരിലേക്കും മറ്റു രാജ്യങ്ങളിലേക്കും അതിവേഗം പടർന്നുപിടിച്ചു.

സ്‌പാനിഷ്‌ ഫ്ലൂ പടർന്ന കാലത്ത്‌ ഡൽഹിയിൽ നിന്നൊരു ദൃശ്യം

സ്‌പാനിഷ്‌ ഫ്ലൂ പടർന്ന കാലത്ത്‌ ഡൽഹിയിൽ നിന്നൊരു ദൃശ്യം


 

ലോകയുദ്ധത്തിനിടെ ഫ്ലൂ വ്യാപനത്തിന്റെ മാരകമായ പ്രത്യാഘാതങ്ങളെപ്പറ്റി യുദ്ധത്തിന്റെ തിരക്കിനിടെ മറ്റ് ലോകരാജ്യ നേതാക്കളൊന്നും ശ്രദ്ധിച്ചതേയില്ല. ലോകയുദ്ധത്തിൽ കൊല്ലപ്പെട്ടവരേക്കാൾ എത്രയോ അധികംപേരുടെ ജീവനാണ് ഫ്ലൂ അപഹരിച്ചുകൊണ്ടിരുന്നത്. യുദ്ധത്തിൽ നാലുകോടി ജനങ്ങളാണ് മരിച്ചത്. സ്പാനിഷ് ഫ്ലൂവിലും ഒരു കോടി കുറവ്. ലോക നേതാക്കളിൽ ഫ്ലൂ മഹാമാരിയുടെ സംഹാരസാധ്യത മനസ്സിലാക്കിയ ഏക ലോകനേതാവ് ലെനിൻ മാത്രമായിരുന്നുവെന്നത് ചരിത്രസത്യം. മനുഷ്യരാശിയുടെ സാർവത്രിക ഉന്മൂലനം ഫ്ലൂ എന്ന മാരക പകർച്ചവ്യാധിയിലൂടെ വലിയ ഭീഷണിയായി ഉയർന്നുവന്നിരിക്കുന്ന സാഹചര്യത്തിൽ യുദ്ധം അവസാനിപ്പിച്ച് രോഗനിയന്ത്രണത്തിനായി എല്ലാ രാജ്യവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ലെനിൻ ആവശ്യപ്പെട്ടു.

റഷ്യയും ജർമനിയുമായി സന്ധിയിൽ ഏർപ്പെടണമെന്ന ലെനിന്റെ നിർദേശം പിൽക്കാലത്ത് ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പ്ലേഗ് മഹാമാരിയുടെ പശ്ചാത്തലത്തിൽ  ഈ ചരിത്രസാഹചര്യം പുനർ  വിലയിരുത്തപ്പെടേണ്ടതുണ്ട്. യുദ്ധത്തിൽ ജർമനിയുമായി ഒത്തുതീർപ്പുണ്ടാക്കണമെന്ന നിർദേശം അന്ന് സർവസൈന്യാധിപനായിരുന്ന ലിയോൺ ട്രോട്സ്കിയെ ബോധ്യപ്പെടുത്താൻ ലെനിന് ഏറെ പണിപ്പെടേണ്ടിവന്നു. ഭരണാധികാരിയെന്ന നിലയിലുള്ള ലെനിന്റെ വിവേകപൂർണമായ സമീപനവും ഏതു പ്രതിസന്ധിഘട്ടത്തിലും നിലനിർത്തിയിരുന്ന നർമബോധവുമാണ് ട്രോട്സ്കിയെ തന്റെ നിലപാട് ബോധ്യപ്പെടുത്താൻ ലെനിനെ സഹായിച്ചത്. ഭൂരിപക്ഷം പട്ടാളക്കാരും  യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ലെനിൻ ട്രോട്സ്കിയോടു പറഞ്ഞപ്പോൾ അത്‌ എങ്ങനെ മനസ്സിലായി അവരുടെയിടയിൽ ഹിതപരിശോധനയ്‌ക്കായി വോട്ടിങ്‌ വല്ലതും നടത്തിയോ എന്ന് പരിഹാസത്തോടെ ട്രോട്സ്കി തിരികെ ചോദിക്കുന്നുണ്ട്. യുദ്ധരംഗത്തുനിന്ന്‌ ഫ്ലൂവിനെ പേടിച്ച് പട്ടാളക്കാർ ഓടിരക്ഷപ്പെടുന്നതു വഴി കാലുകൊണ്ട് വോട്ട് ചെയ്തിട്ടുണ്ട് എന്നായിരുന്നു ലെനിന്റെ രസകരമായ മറുപടി. അതുപോലെ ജർമൻ സേനയുമായി സന്ധിസംഭാഷണത്തിനു പോയപ്പോൾ അത്താഴവിരുന്നിനുള്ള ഔപചാരിക വസ്ത്രം ധരിച്ചുചെല്ലണമെന്നു പറഞ്ഞതിൽ നീരസം പ്രകടിപ്പിച്ച് ട്രോട്സ്കി ലെനിന് ടെലഗ്രാം അയക്കുന്നുണ്ട്.  യുദ്ധം അവസാനിപ്പിച്ചേ പറ്റൂ. വനിതകളുടെ വസ്ത്രം ധരിച്ചുചെല്ലാൻ പറഞ്ഞാൽ  അതും അനുസരിക്കണമെന്നായിരുന്നു ലെനിന്റെ നർമോക്തി കലർത്തിയ മറുപടി.


 

യുദ്ധം കഴിഞ്ഞ് 1922ൽ സോവിയറ്റ് യൂണിയൻ രൂപീകരിച്ച് സോഷ്യലിസ്റ്റ് രാഷ്ട്രം നിർമാണപ്രകിയ ആരംഭിച്ചപ്പോൾ സ്പാനിഷ് ഫ്ലൂവിന്റെ കൂടി അനുഭവം കണക്കിലെടുത്ത് ലോകത്തിനാകെ മാതൃകയായ പൊതുജനാരോഗ്യ സംവിധാനമാണ് ലെനിൻ ആസൂത്രണം ചെയ്തു നടപ്പാക്കിയത്. രോഗപ്രതിരോധത്തിനും ആരോഗ്യവിദ്യാഭ്യാസത്തിനും സാമൂഹ്യാരോഗ്യത്തിനും ഊന്നൽ നൽകിയ പൊതുജനാരോഗ്യ സംവിധാനം ആദ്യമായി നിലവിൽ വന്നത് സോവിയറ്റ് യൂണിയനിലായിരുന്നു. ഫ്രെഡറിക് എംഗൽസിന്റെ ഇംഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന്റെ സ്ഥിതി എന്ന ഗ്രന്ഥത്തിൽ(1848)  വിശദീകരിച്ചിട്ടുള്ള ആരോഗ്യത്തിന്റെ അടിസ്ഥാനമായ സാമൂഹ്യ സാമ്പത്തിക ഘടകങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് ലെനിൻ സോവിയറ്റ് ആരോഗ്യസംവിധാനം കെട്ടിപ്പടുത്തത്. സ്‌ത്രീ വിദ്യാഭ്യാസം, മാതൃശിശുസംരക്ഷണം, മാലിന്യനിർമാർജനം, ഇമ്യൂണൈസേഷൻ, ആരോഗ്യകരമായ തൊഴിൽ സാഹചര്യങ്ങൾ  എന്നിവയ്‌ക്ക് വലിയ ഊന്നലാണ് സോവിയറ്റ് ആരോഗ്യമേഖല നൽകിയത്. ഇതിന്റെയെല്ലാം ഫലമായി ആരോഗ്യസൂചികയിൽ സോവിയറ്റ് യൂണിയൻ അതിവേഗം മറ്റ് ലോകരാജ്യങ്ങളുടെ മുൻപന്തിയിലെത്തി.


 

രോഗപ്രതിരോധത്തിനോടൊപ്പം രോഗചികിത്സയ്‌ക്കുള്ള സൗകര്യങ്ങളും സോവിയറ്റ് യൂണിയനിൽ വൻതോതിൽ വർധിപ്പിച്ചു. സാർവത്രികവും സൗജന്യവും സമഗ്രവുമായ ആരോഗ്യസേവനം എല്ലാവർക്കും സോവിയറ്റ് യൂണിയനിൽ ലഭ്യമാക്കി. ഈ സോവിയറ്റ് മാതൃക പിന്തുടർന്നാണ് 1949ൽ ക്ലമന്റ് ആറ്റ്‌ലി മന്ത്രിസഭയിലെ സോഷ്യലിസ്റ്റ് ആരോഗ്യമന്ത്രി അനൂറിൻ ബീവൻ ബ്രിട്ടനിൽ നാഷണൽ ഹെൽത്ത് സർവീസ് ആരംഭിച്ചത്. മുതലാളിത്ത രാജ്യത്തെ സോഷ്യലിസ്റ്റ് തുരുത്തെന്നാണ് ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് അറിയപ്പെടുന്നത്. മുഖ്യമന്ത്രി സ്പാനിഷ് ഫ്ലൂവിനോടുള്ള ലെനിന്റെ സമീപനം സൂചിപ്പിച്ചത് കോവിഡ് സാഹചര്യത്തിൽ തികച്ചും ഉചിതമായി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top