26 June Wednesday

അയ്യാവൈകുണ്ഠസ്വാമികളും കേരള നവോത്ഥാനവും

ഡോ. കവിത സോമൻUpdated: Tuesday Mar 12, 2019


1829ൽ ബംഗാളിൽ രാജാറാം  മോഹൻറോയ്യുടെ നേതൃത്വത്തിൽ സതി എന്ന ദുരാചാരത്തിനെതിരായി ഉയർന്നുവന്ന പ്രക്ഷോഭങ്ങളിലൂടെയാണ് ദേശീയ നവോത്ഥാന പ്രസ്ഥാന മുന്നേറ്റം ആരംഭിച്ചതെങ്കിൽ, അതിനും ഏഴു വർഷംമുമ്പ് 1822ൽ ‘മാറുമറയ്ക്കൽ’ കലാപത്തിന് നേതൃത്വം നൽകിക്കൊണ്ട് തെക്കൻ തിരുവിതാംകൂറിൽ അയ്യാവൈകുണ്ഠ സ്വാമികൾ കേരള നവോത്ഥാനത്തിന് തുടക്കംകുറിച്ചിരുന്നു.  ദേശീയ നവോത്ഥാനം  ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സാമൂഹിക വ്യവസ്ഥിതിയുടെ മേൽത്തട്ടിലുള്ള ‘സവർണ സ്ത്രീ’കൾ അനുഭവിക്കേണ്ടിവന്ന അനാചാരങ്ങൾക്കെതിരായാണ് ഉടലെടുത്തതെങ്കിൽ, കേരളത്തിൽ അത് സമൂഹത്തിന്റെ അടിത്തട്ടിൽ  അടിമത്തം അനുഭവിച്ചിരുന്ന അവർണവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയാണ് തുടക്കം കുറിക്കുന്നത്. 19–ാം നൂറ്റാണ്ടിന്റെ അവസാനംവരെ ജാതിവ്യവസ്ഥിതിയുമായി ബന്ധപ്പെട്ട് കേരളം അനേകം  സാമൂഹിക തിന്മകളുടെയും  അനാചാരങ്ങളുടെയും കൂത്തരങ്ങായിരുന്നു. അവർണന്  തന്റെ ഇഷ്ടപ്രകാരം മക്കൾക്ക് പേരിടുന്നതിനും ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനും ഇഷ്ടമുള്ള ഭാഷ സംസാരിക്കുന്നതിനും  ഇഷ്ടമുള്ള ദൈവത്തെ ആരാധിക്കുന്നതിനും  വഴിനടക്കുന്നതിനും സ്വാതന്ത്ര്യമില്ലാതിരുന്ന കാലഘട്ടമായിരുന്നു. അധമമായ ഈ സാമൂഹിക വ്യവസ്ഥിതിയെ ചോദ്യംചെയ്യുകയും സാമൂഹിക പരിഷ്കരണത്തിനുവേണ്ടി പോരാടുകയും ചെയ്ത ധീരവ്യക്തിത്വങ്ങൾക്കിടയിൽ പ്രഥമ ഗണനീയനാണ് അയ്യാവൈകുണ്ഠ സ്വാമികൾ.

1809  മാർച്ച് 12ന് തിരുവിതാംകൂറിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ അഗസ്തീശ്വരം  താലൂക്കിൽ ശുചീന്ദ്രത്തിന് തെക്കുപടിഞ്ഞാറുള്ള സ്വാമിത്തോപ്പിൽ ശാസ്താംകോവിൽവിള വീട്ടിൽ പൊന്നുമാടൻ നാടാരുടെയും  വെയിലാളമ്മയുടെയും പുത്രനായിട്ടാണ് വൈകുണ്ഠസ്വാമികളുടെ ജനനം. നാടാർ വിഭാഗത്തിൽപ്പെട്ട ഒരു കുടുംബമായിരുന്നു ഇവരുടേത്. പുത്രന് മാതാപിതാക്കൾ ‘മുടിചൂടും പെരുമാൾ’ (കിരീടം വച്ച രാജാവ്) എന്ന് പേരിട്ടുവെങ്കിലും അസഹിഷ്ണുക്കളായ സവർണരുടെ ഭീഷണിയെ തുടർന്ന് ‘മുത്തുക്കുടി’ എന്ന് പേരുമാറ്റാൻ നിർബന്ധിതരായി.

ചാതുർവർണ്യം  അരക്കിട്ടുറപ്പിച്ച കാലഘട്ടമായിരുന്നതിനാൽ ജന്മിസമ്പ്രദായം, അടിമത്തം, അയിത്തം, തീണ്ടാപ്പാട്, പുലപ്പേടി,  പറപ്പേടി, പുളികുടി കല്യാണം, ഊഴിയംവേല എന്നീ അനേക ദുരാചാരങ്ങളും  പക്ഷപാതപരമായ ശിക്ഷാരീതികളാലും കലുഷിതമായ ഒരു  സാമൂഹിക പശ്ചാത്തലത്തിലാണ്  അദ്ദേഹത്തിന്റെ ജനനം. ബാല്യംമുതൽക്കെ അനീതിയോടും  അനാചാരങ്ങളോടും ശക്തമായി പ്രതികരിക്കുന്ന സ്വഭാവം  അദ്ദേഹത്തിനുണ്ടായിരുന്നു. ജ്ഞാന‐ധന സമ്പാദനങ്ങളിൽനിന്ന് അവർണനെ വിലക്കിയിരുന്നെങ്കിലും വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹം ഹിന്ദുധർമ ശാസ്ത്രഗ്രന്ഥങ്ങൾ, ബൈബിൾ, ഖുർ ആൻ, തിരുക്കുറൽ, തിരുവാസഗം  തുടങ്ങിയ മതഗ്രന്ഥങ്ങളിലും അഗാധമായ പാണ്ഡിത്യം നേടുകയുണ്ടായി.  തന്റെ പാരമ്പര്യത്തൊഴിലായ പന കയറ്റത്തിലും പ്രാവീണ്യം നേടി.

1837ൽ സവർണരുടെ കുത്തകാചാരമായിരുന്ന ശുചീന്ദ്രം ക്ഷേത്രത്തിലെ  ‘രഥം വലി’ക്കൽ ചടങ്ങ് പതിനെട്ടോളം വിവിധ അവർണവിഭാഗങ്ങളെക്കൊണ്ട് വലിപ്പിച്ച് ആചാരലംഘനം നടത്തി. 1936ൽ ക്ഷേത്രപ്രവേശന വിളംബരം  നടക്കുന്നതിനും ഒരു ശതാബ്ദം മുമ്പാണ്  ഈ ആചാരലംഘനം നടത്തിയത്. 1830കളോടെ അദ്ദേഹം  അയ്യാവൈകുണ്ഠസ്വാമികൾ എന്നപേരിൽ പ്രസിദ്ധനായിത്തീർന്നു.

‘അൻപ്’ അഥവാ  ‘സ്നേഹമാണ് ’ തന്റെ ദാർശനിക ചിന്തയുടെ കാതലെന്ന്  അദ്ദേഹം  ശിഷ്യരെ ഉദ്ബോധിപ്പിച്ചു.  അതിനാൽ  തന്റെ പാത പിന്തുടരുന്ന ശിഷ്യഗണങ്ങളെ  ‘അൻപുകൊടിമക്കൾ ’എന്നുപേരിട്ട് വിശേഷിപ്പിക്കുകയും ചെയ്തു.  ‘ധർമ’ത്തിന് തന്റെ ദർശനത്തിൽ  അദ്ദേഹം വളരെ പ്രാധാന്യം കൽപ്പിച്ചിരുന്നു.  ‘അവശത അനുഭവിക്കുന്നവരെ സമുദ്ധരിക്കലാണ്  "ധർമ'മെന്ന്  അദ്ദേഹം അടിയുറച്ച് വിശ്വസിച്ചു. അദ്ദേഹം കൊണ്ടുവന്ന സാമൂഹിക പരിഷ്കാരങ്ങളിൽ ചിലത്.

ആരാധനാ സ്വാതന്ത്ര്യം
സവർണ ദൈവങ്ങളെയും സനാതന ധർമങ്ങളെയും പരിപാലിക്കാൻ എന്നപേരിൽ മനുഷ്യൻ മനുഷ്യനുതന്നെ തീണ്ടൽ കൽപ്പിക്കുകയും അടിമയാക്കി വയ്ക്കുകയും ചെയ്തുപോന്ന യാഥാസ്ഥിതിക ഹൈന്ദവതയെ അദ്ദേഹം വെറുക്കുകയും ശക്തിയുക്തം എതിർക്കുകയും ചെയ്തു. എന്നാൽ, തന്റെ ജനതയുടെ മതപരമായ തുല്യതാ സങ്കൽപ്പങ്ങളെയും  ആത്മീയാഭിലാഷങ്ങളെയും അദ്ദേഹം കാണാതിരുന്നില്ല.  സവർണരുടെ വിഗ്രഹാരാധന തികച്ചും അർഥശൂന്യമാണെന്നും അതിൽനിന്നും  തന്റെ ജനത വിട്ടുനിൽക്കണമെന്നും  ദൈവവും മനുഷ്യനും ഒന്നാണെന്നും അത് തിരിച്ചറിയുകയാണ് വേണ്ടതെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

സമത്വസമാജം
‘സമത്വം’ എന്ന ആശയം സ്വപ്നം കാണുകപോലും സാധ്യമല്ലാതിരുന്ന കാലത്താണ് സ്വാമികളുടെ നേതൃത്വത്തിൽ 1836ൽ ‘സമത്വസമാജം ’ രൂപീകരിക്കുന്നത്. അവർണവിഭാഗങ്ങൾ വലിയ ആവേശത്തോടെയാണ് ഇതിനെ നെഞ്ചേറ്റിയത്. മനുഷ്യരെല്ലാം ഒരമ്മയുടെ മക്കളാണെന്നും അവരെ വ്യത്യസ്ത ജാതികളാക്കി തരംതിരിക്കുന്നത് ദൈവഹിതത്തിന് വീപരിതമാണെന്നും "സമത്വസമാജം’ ഉദ്ഘോഷിച്ചു.

സഹഭോജനം/ സമപന്തിഭോജനം
സമത്വസമാജത്തിനോടനുബന്ധമായി അയ്യാവൈകുണ്ഠർ നടപ്പിലാക്കിയ വലിയ സാമൂഹിക പരിഷ്കാരമാണ് സഹഭോജനം. ശൂദ്രവിഭാഗത്തിൽപ്പെടുന്നവർതന്നെയും പരസ്പരം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ആകാത്ത അക്കാലത്ത്  സവർണ അവർണ വ്യത്യാസമില്ലാതെ, എല്ലാവരും ഒരിടത്ത് ഒത്തുകൂടുകയും അവനവന്റെ വീടുകളിൽനിന്ന് ശേഖരിച്ച്കൊണ്ടുവന്ന പച്ചക്കറികളും ധാന്യങ്ങളും എല്ലാം ഉപയോഗിച്ച് ആഹാരം തയ്യാറാക്കി ഒരുമിച്ചിരുന്നു കഴിക്കാൻ  അദ്ദേഹം  ശിഷ്യരോട് ആഹ്വാനം ചെയ്യുകയും അത് നടപ്പിൽവരുത്തുകയും ചെയ്തു.  ഒരുമിച്ച് ഉണ്ണുമ്പോൾ മനുഷ്യർ തമ്മിലുള്ള അകലം കുറയുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും അത് സ്വന്തം ജീവിതത്തിൽ നടപ്പിൽവരുത്തുകയും ശിഷ്യന്മാരെ അതിനായി പ്രേരിപ്പിക്കുകയും ചെയ്തു. ഇത് സാമൂഹിക അസമത്വങ്ങൾക്കെതിരായ ഒരു വിപ്ലവാത്മകമായ മുന്നേറ്റമായി വേണം  കാണാൻ.

ചാന്നാർ ലഹള
കേരളജനതയുടെ, പ്രത്യേകിച്ച് സ്ത്രീസമൂഹത്തിന്റെ മുന്നോട്ടുള്ള ചുവടുവയ്പ്പിന് ആത്മവിശ്വാസം നൽകിയ ഐതിഹാസികമായ  വിപ്ലവമാണ് ‘ചാന്നാർ ലഹള’. ‘മുലമാറാപ്പ് വഴക്ക്’, ‘മേൽമുണ്ട് വിപ്ലവം’, ‘തോൾ ശീലസമരം’  എന്നെല്ലാം  വിവിധ പേരുകളിലറിയപ്പെട്ട  40 വർഷക്കാലം  നീണ്ടുനിന്ന ഐതിഹാസിക സമരത്തെ യഥാർഥത്തിൽ ചാന്നാർ ലഹള, മുലമാറാപ്പ് വഴക്ക്  എന്നെല്ലാം പേരിട്ടുകൊണ്ട് ചരിത്രത്തിലും  ഈ മുന്നേറ്റങ്ങൾ അവഹേളിക്കപ്പെടുകയാണ്  ചെയ്തത്.  മാറുമറയ്ക്കാനാഗ്രഹിച്ച ചാന്നാർ സ്ത്രീകൾ  ആ അവകാശം നേടിയെടുക്കുന്നതിന് ദശാബ്ദങ്ങളോളം നിരന്തരമായ പീഡനങ്ങൾ ഏറ്റുവാങ്ങുകയുണ്ടായി.    സവർണരോടുള്ള ആദരസൂചകമായി അവർണ സ്ത്രീകൾ നഗ്നമായ മാറ് പ്രദർശിപ്പിച്ച് നടക്കണമെന്നത് സവർണർ ഉണ്ടാക്കിയ ഒരു ആചാരമായിരുന്നു. മുട്ടിനു മുകളിൽ നിൽക്കുന്നതും അര വരെയുംമാത്രം  എത്തുന്നതുമായ  മുഷിഞ്ഞവസ്ത്രം ധരിക്കാൻ മാത്രമേ അവർണ സ്ത്രീകൾക്ക് അനുവാദമുണ്ടായിരുന്നുള്ളൂ. ഈ ദുരാചാരത്തെ  ചോദ്യംചെയ്യുന്നവർ ‘ദൈവകോപത്തിന്’ പാത്രീഭവിക്കുമെന്ന വിശ്വാസം ജനങ്ങളിൽ രൂഢമൂലമായിരുന്നു. 

എന്നാൽ, വൈകുണ്ഠസ്വാമിയുടെ പ്രേരണയാൽ  ധീരകളായ ചാന്നാർ സ്ത്രീകൾ, ""തങ്ങളുടെ മാനം സവർണർക്ക് അടിയറവയ്ക്കാനുള്ളതല്ല'' എന്ന് പ്രഖ്യാപിച്ചുകൊണ്ട് പൊതുയിടങ്ങളിലും ചന്തകളിലും മറ്റും മാറുമറച്ച് പ്രത്യക്ഷപ്പെടുകയുണ്ടായി. ഇത് സവർണ ജനതയോടുള്ള അവഹേളനമായി കണക്കാക്കുകയും അവർ അവർണ സ്ത്രീകളെ പൊതുഇടങ്ങളിൽ വച്ച് അപമാനിക്കുകയും പലവിധ പീഡനങ്ങൾക്കും വിധേയരാക്കുകയും ചെയ്തു.  1822 മെയ്മാസത്തിൽ ഇരണിയൽ, കൽക്കുളം, വിളവൻകോട്, അഗസ്തീശ്വരം, തോവാള എന്നീ പ്രദേശങ്ങളിൽ, മാറുമറച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട, അവർണ സ്ത്രീകളെ  സവർണ രാജകിങ്കരൻമാരും  നായർസ്ത്രീകളും ഉൾപ്പെടെയുള്ള  ഒരുവിഭാഗം പരസ്യമായി അപമാനിക്കുകയും അയിത്തക്കാരായ അവരുടെ മേൽവസ്ത്രം അരിവാൾകൊണ്ട് കീറിക്കളയുകയും അവരെ അടിച്ചവശരാക്കി കൊന്ന് മരത്തിൽ കെട്ടിത്തൂക്കുകയുമാണുണ്ടായത്. എന്നാൽ, ഇവർ ശക്തമായി  തിരച്ചടിക്കുകയും പോരാടുകയും ചെയ്തതിന്റെ ഫലമായി, ക്രിസ്തുമതം സ്വീകരിച്ച ചാന്നാർ സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാനുള്ള അനുമതി 1829ൽ സർക്കാർ വിളംബരം അനുസരിച്ച് നേടാനായി.  ഈ പോരാട്ടങ്ങളിൽ പ്രചോദിതരായ  ഹിന്ദു ‐ചാന്നാർ വിഭാഗം  ഇവരോടൊപ്പം ചേർന്ന്  തങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി.  ഈ മുന്നേറ്റങ്ങൾ പിൽക്കാലത്ത്  ഈഴവ ലഹള, പുലയ ലഹള, മാപ്പിള ലഹള എന്നിവയ്ക്കെല്ലാംതന്നെ  ഊർജദായകമായി മാറി.  

വർഷങ്ങളോളം നീണ്ട നിരന്തരമായ പോരാട്ടങ്ങളിലൂടെ 1859ൽ  നാടാർ സമുദായത്തിലും 1865ൽ  ഈഴവ സമുദായത്തിലുമുള്ള സ്ത്രീകൾക്കും മേൽവസ്ത്രം ധരിക്കാനുള്ള അനുമതി ലഭിച്ചു.  ഈ മുന്നേറ്റങ്ങളെ ശക്തമായി എതിർത്ത നായർ സ്ത്രീകളും  ഇതോടൊപ്പം  മാറുമറച്ച് നടക്കാൻ തുടങ്ങി. അയ്യാവൈകുണ്ഠ സ്വാമികൾ തന്റെ ജനതയിലുണ്ടാക്കിയ സ്വാഭിമാനബോധവും  സമത്വസമാജം മുന്നോട്ടുവച്ച  ആശയങ്ങളും  അസമത്വങ്ങളെയും അനീതികളെയും ചോദ്യംചെയ്യാൻ അവർണജനതയെ പ്രാപ്തരാക്കുകയും  കുടിലമായ ആചാരങ്ങൾ ലംഘിക്കുവാനും ജാതിനിയമങ്ങൾ പരിത്യജിച്ച് അവകാശങ്ങൾക്കുവേണ്ടി പോരാടാനും അവർണ ജനതയെ പ്രാപ്തരാക്കി. 1851ൽ തന്റെ 43–ാം വയസ്സിലാണ് അദ്ദേഹം മരിച്ചത്.

(ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല അധ്യാപികയാണ് ലേഖിക)


പ്രധാന വാർത്തകൾ
 Top