19 September Thursday

ആയുഷ്മാൻ ഭാരത്: പ്രധാനമന്ത്രി കള്ളം പറയുന്നു

ഡോ. ബി ഇക്ബാൽUpdated: Monday Jun 10, 2019


ആയുഷ്മാൻ ഭാരത് എന്ന പേരിലുള്ള ദേശീയ ആരോഗ്യസുരക്ഷാ പദ്ധതിയിൽ കേരളം അംഗമല്ലെന്ന് കേരളസന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭിപ്രായപ്പെട്ടത് തികച്ചും തെറ്റും വസ്തുതാവിരുദ്ധവുമാണ്. പ്രധാനമന്ത്രി എന്തുകൊണ്ടാണ് ഇങ്ങനെ അടിസ്ഥാനരഹിതമായി ആരോപണം ഉന്നയിച്ചതെന്ന് വ്യക്തമല്ല. കേന്ദ്ര പദ്ധതിയോടുള്ള വിമർശനം നിലനിർത്തിക്കൊണ്ടുതന്നെ കേരളത്തിൽ വിജയകരമായി നടത്തിവരുന്ന ആർഎസ്ബിവൈ, കാരുണ്യ താലോലം തുടങ്ങിയ ആരോഗ്യക്ഷേമപദ്ധതികൾ ആയുഷ്മാൻ ഭാരത് പദ്ധതിയുമായി സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ "കാരുണ്യ സാർവത്രിക ആരോഗ്യസുരക്ഷാ പദ്ധതി’ (കെഎഎസ്പി) നടപ്പാക്കാനുള്ള നടപടികൾ കേരള സർക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. 2018 നവംബർ രണ്ടിനുതന്നെ ധാരണപത്രത്തിൽ ഒപ്പിട്ട് സംസ്ഥാനം പദ്ധതിയിൽ അംഗമായിട്ടുണ്ട്. കേന്ദ്രസർക്കാർ ആദ്യവിഹിതമായ 25 കോടിയും നൽകിക്കഴിഞ്ഞു. ആയുഷ്മാൻ ഭാരത് വെബ്സൈറ്റിൽ കേന്ദ്രപദ്ധതിയനുസരിച്ചുള്ള  കേരളത്തിലെ ഗുണഭോക്താക്കളുടെ വിവരവും നൽകിയിട്ടുണ്ട്.

സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതി
കേന്ദ്രസർക്കാർ സാമൂഹ്യ സാമ്പത്തിക സെൻസസ് മാനദണ്ഡങ്ങളനുസരിച്ച് 18.5 ലക്ഷം പേർക്ക് മാത്രമേ ആയുഷ്മാൻ ഭാരത് പദ്ധതിക്കർഹതയുള്ളൂ എന്നും അറിഞ്ഞിരിക്കേണ്ടതാണ്. 2011 ലെ സാമൂഹ്യ സാമ്പത്തിക ജാതി സെൻസസിന്റെ അടിസ്ഥാനത്തിൽ രാജ്യത്ത് 40 ശതമാനം താഴെപേർക്ക് മാത്രമാണ് ആയുഷ്മാൻ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ഉയർന്ന ജീവിതനിലവാരമുള്ള കേരളത്തിലാകട്ടെ കേവലം 25 ശതമാനം ആളുകൾക്കാകും പ്രയോജനപ്പെടുക. ഇതിൽനിന്ന് വ്യത്യസ്തമായ സമീപനമാണ് കെഎഎസ്പി പദ്ധതിയിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചിട്ടുള്ളത്.  ആർഎസ്ബിവൈയിൽ പെട്ട 21.5 ലക്ഷം കുടുംബങ്ങളും ചിസ് പദ്ധതിയിലെ 19.5 ലക്ഷം കുടുംബങ്ങളും ഉൾപ്പെടെ 41 ലക്ഷം കുടുംബങ്ങൾക്കാണ് കേരളത്തിൽ ആരോഗ്യ ഇൻഷുറൻസ് നൽകിവരുന്നത്,  ആരോഗ്യ ഇൻഷുറൻസുള്ള ജീവനക്കാരെയും പെൻഷൻകാരെയുംപോലുള്ള വിഭാഗക്കാരെ മാറ്റിനിർത്തിയാൽ പിന്നെയും ബാക്കിവരുന്ന 20 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തം കൈയിൽ നിന്ന് പ്രീമിയം അടച്ച് ഈ പദ്ധതിയിൽ അംഗത്വം എടുക്കുകയും ചെയ്യാം. ഏപ്രിൽ ഒന്നുമുതൽ നടപ്പാക്കിയ കെഎഎസ്പി പദ്ധതിയുടെ ചികിത്സാ കാർഡ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മാർച്ച് അഞ്ചിന് മുഖ്യമന്ത്രി  നിർവഹിച്ചു. ഇതുവരെ 13.5 ലക്ഷം കുടുംബങ്ങളിലെ 17 ലക്ഷം പേർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 1.45 ലക്ഷം പേർക്ക് പദ്ധതിയിലൂടെ ചികിത്സ ലഭ്യമാക്കിക്കഴിഞ്ഞു.

വലിയ സാമ്പത്തികബാധ്യത ഏറ്റെടുത്തുകൊണ്ടാണ് സംസ്ഥാന സർക്കാർ "കാരുണ്യ സാർവത്രിക ആരോഗ്യസുരക്ഷാ പദ്ധതി’ നടപ്പാക്കുന്നത്. ആയുഷ്മാൻ ഭാരത് പ്രകാരം ഒരു കുടുംബത്തിനായി കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള 1100 രൂപയുടെ കേന്ദ്രവിഹിതമായ 660 രൂപയാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകുന്നത്. അതും കേന്ദ്ര പട്ടികയിൽപെട്ട 18.5 ലക്ഷം കുടുംബങ്ങൾക്കുമാത്രം. ഇൻഷുറൻസ് കമ്പനിക്ക് ഒരു കുടുംബത്തിനായി 2999.48 രൂപയാണ് സംസ്ഥാന സർക്കാർ  നൽകേണ്ടത്. കെഎഎസ്പിക്ക്  പുറമെ സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും അവരുടെ ആശ്രിതർക്കുമായുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിക്ക് (മെഡി സെപ്) ജൂൺ ഒന്നുമുതൽ തുടക്കം കുറിച്ച് കഴിഞ്ഞിട്ടുമുണ്ട്. അങ്ങനെ കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും ഉൾക്കൊള്ളിക്കുന്ന സാർവത്രിക ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ് ഇന്ത്യക്കാകെ മാതൃകയാക്കിക്കൊണ്ട് കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

അതിനിടെ എല്ലാ ഫെഡറൽ തത്വങ്ങളെയും നിരാകരിച്ച് ആയുഷ്മാൻ ഭാരത് പദ്ധതിയുടെ സംസ്ഥാനതല നടത്തിപ്പിൽ കേന്ദ്രസർക്കാർ നേരിട്ട് ഇടപെട്ട വിവരം ധനമന്ത്രി തോമസ് ഐസക് ചൂണ്ടിക്കാട്ടിയിരുന്നു.   ആയുഷ്മാൻ ഭാരത് സേവന ആനുകൂല്യങ്ങൾക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നുകാണിച്ച് സ്പീഡ് പോസ്റ്റിൽ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്  കത്തുകൾ അയച്ചിരുന്നു. സംസ്ഥാന സർക്കാരിനെ അവഗണിച്ച് ഗുണഭോക്താക്കളെ കേന്ദ്രസർക്കാർ ഏകപക്ഷീയമായി തെരഞ്ഞെടുത്ത് അവരെ നേരിട്ട് അറിയിക്കുന്ന രീതിയാണ് പിന്തുടർന്നത്. കേന്ദ്രസർക്കാർ ഗുണഭോക്താക്കൾക്കയച്ചിട്ടുള്ള കത്ത് ഒന്നിന് അച്ചടിയും തപാലുമടക്കം 43 രൂപയിലേറെ ചെലവുവരും. ഈ പണവുംകൂടി പദ്ധതിനടത്തിപ്പിന് ചെലവഴിക്കയായിരുന്നു ഉചിതം. ചികിത്സാനുകൂല്യം കുടുംബത്തിന് അഞ്ചുലക്ഷം രൂപയായി വർധിപ്പിച്ച് 10 കോടി കുടുംബങ്ങൾക്ക് (അതായത് 50 കോടി ജനങ്ങൾക്ക്)  ലഭ്യമാക്കാനാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. 2019ലെ ബജറ്റിൽ കേവലം 6400 കോടി മാത്രമാണ്  ആയുഷ്മാൻ ഭാരത് പദ്ധതിക്കായി  നീക്കിവച്ചിട്ടുള്ളത്. ഇത് തികച്ചും അപര്യാപ്തമാണെന്നും കുറഞ്ഞത് 30,000 കോടിയെങ്കിലും വേണ്ടിവരുമെന്നും ഇൻഷുറൻസ് മേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

സത്യം മറച്ചുവയ്ക്കുന്നു
തന്റെ പ്രസംഗമെഴുത്തുകാർക്ക് പറ്റിയ തെറ്റ് കേരള ധനമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ഇക്കാര്യത്തിലുള്ള വിശദീകരണത്തെ തുടർന്ന് പ്രധാനമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. മാത്രമല്ല, പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ ആരോഗ്യ ഇൻഷുറൻസുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു പ്രധാനപ്പെട്ട കാര്യം സൂചിപ്പിക്കട്ടെ. ചികിത്സാ വിഹിതം കുറവാണെന്നുപറഞ്ഞ് കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ആയുഷ്മാൻ പദ്ധതികൂടി ഉൾപ്പെടുത്തിയിട്ടുള്ള കാരുണ്യപദ്ധതിയിൽ ചേരാൻ വിസമ്മതം പ്രകടിപ്പിച്ചിരിക്കയാണ്. ഇൻഷുറൻസില്ലെങ്കിൽപോലും ബിപിഎൽ വിഭാഗത്തിൽപെട്ടവർക്ക് സൗജന്യചികിത്സനൽകാൻ ബാധ്യതയുള്ള സ്ഥാപനമാണ് ശ്രീചിത്ര. കേരളത്തിൽ വന്ന അവസരത്തിൽ കേന്ദ്രസർക്കാർ സ്ഥാപനമായ ശ്രീചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിനോട് കാരുണ്യപദ്ധതിയിൽ ചേരാൻ പ്രധാനമന്ത്രി നിർബന്ധിക്കയാണ് വേണ്ടിയിരുന്നത്.

ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായി  സബ് സെന്ററുകളെ കേന്ദ്രീകരിച്ച് ഒന്നരലക്ഷം ആരോഗ്യസൗഖ്യ കേന്ദ്രങ്ങൾ  ആരംഭിക്കുമെന്നും 2018ലെ കേന്ദ്രബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിലേക്കായി ബജറ്റിൽ 1200 കോടി രൂപമാത്രമാണ് മാറ്റിവച്ചിരുന്നത്. കേവലം 10,000 കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാക്കാൻ മാത്രമേ ഈ തുക മതിയാകൂ എന്ന്  ഈ മേഖലയിൽ പഠനം നടത്തിയിട്ടുള്ള വിദഗ്ധർ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളപോലെ ഒന്നര ലക്ഷം കേന്ദ്രങ്ങൾ ഫലവത്തായി സംഘടിപ്പിക്കാൻ 15,000 കോടി രൂപയെങ്കിലും വേണ്ടിവരും. 2019 ലെ ബജറ്റിലാകട്ടെ ഇതിലേക്കായി കേവലം 2799.85 കോടി മാത്രമാണ് നീക്കിവച്ചിട്ടുള്ളത്. ആരോഗ്യസൗഖ്യ പദ്ധതി  ദേശീയ ആരോഗ്യമിഷന്റെ ഭാഗമാക്കിയതുകൊണ്ട് മിഷൻ ഫണ്ടിൽനിന്നായിരിക്കും  ഈ തുക ചെലവഴിക്കുക.  ആരോഗ്യ മിഷൻ വിഹിതം കഴിഞ്ഞവർഷത്തേത് തന്നെയായി (32,000 കോടി) നിലനിർത്തിയിരിക്കുന്ന സാഹചര്യത്തിൽ  ദേശീയ ആരോഗ്യമിഷനെ ദുർബലപ്പെടുത്തുന്നതിന് ഇത് കാരണമാകും.

ജനങ്ങൾക്ക് താൽക്കാലികാശ്വാസം നൽകാനായി ഇൻഷുറൻസ് പദ്ധതി വിപുലീകരിച്ച് കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, അതേ അവസരത്തിൽ ദീർഘകാല പരിപ്രേക്ഷ്യത്തിന്റെ ഭാഗമായി സർക്കാർ ആശുപത്രികൾ മെച്ചപ്പെടുത്തി സേവനം വിപുലീകരിക്കുക എന്ന സമീപനമാണ് കേരള സർക്കാർ  സ്വീകരിച്ചുവരുന്നത്. ആർദ്രം മിഷനിലൂടെ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾമുതൽ മെഡിക്കൽ കോളേജുകൾവരെയുള്ള കേരളത്തിലെ സർക്കാർ ആശുപത്രികളുടെ സേവന നിലവാരം വൻതോതിൽ വർധിച്ചു വരികയാണ്. 1990കളിൽ കേവലം 28 ശതമാനം ജനങ്ങൾ മാത്രമാണ് സർക്കാർ ആശുപത്രികളെ സമീപിച്ചിരുന്നത്. ഇപ്പോൾ 40 ശതമാനത്തിനുമേൽ ജനങ്ങൾ സർക്കാർ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. എന്നാൽ, കേന്ദ്രസർക്കാരാകട്ടെ സംസ്ഥാനങ്ങളുടെ ചെലവിൽ പരോക്ഷമായി പൊതു ഫണ്ട് സ്വകാര്യമേഖലയിലേക്കെത്തിക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ച് പൊതുജനാരോഗ്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്ന സമീപനമാണ് സ്വീകരിച്ചു വരുന്നത്. ദേശീയവരുമാനത്തിന്റെ കേവലം 1.1 ശതമാനം മാത്രമാണ് ആരോഗ്യമേഖലയ്ക്കായി ചെലവിടുന്നത്. ഇത് മൂന്ന് ശതമാനമായി വർധിപ്പിക്കുമെന്ന ആരോഗ്യനയത്തിലെ വാഗ്ദാനം നടപ്പാക്കാൻ മോഡി സർക്കാരിന് കഴിഞ്ഞ അഞ്ച് വർഷവും കഴിഞ്ഞിട്ടില്ലെന്ന് മാത്രമല്ല,   പൊതുജനാരോഗ്യത്തിനായുള്ള വിഹിതം  കുറച്ചുകൊണ്ട് വരികയാണ് ചെയ്തിട്ടുള്ളത്. ഈ സത്യമെല്ലാം മറച്ചുവച്ച് കൊണ്ടാണ് പ്രധാനമന്ത്രി കേരളസന്ദർശനവേളയിൽ കേരള സർക്കാരിനെതിരെ അസത്യപ്രസ്താവന നടത്തിയിരിക്കുന്നത്.
 


പ്രധാന വാർത്തകൾ
 Top