26 October Monday

ബാബ്‌റി മസ്‌ജിദ്‌ തകർക്കൽ: ഭരണഘടനയുടെ വിധിദിവസം

പി വി തോമസ്‌Updated: Tuesday Sep 29, 2020

1992 ഡിസംബർ ആറിന്‌ ഞായറാഴ്ച ഉത്തർപ്രദേശിലെ സരയൂനദിക്കരയിൽ സ്ഥിതിചെയ്യുന്ന അയോധ്യയിൽ ബാബ്‌റി മസ്ജിദ് എന്ന മുസ്ലിം ദേവാലയം ഹിന്ദുത്വ തീവ്രവാദികളായ ഒരു സംഘം കർസേവകർ തകർത്തു. അവരെ നയിച്ചത് എൽ കെ അദ്വാനി ഉൾപ്പെട്ട സംഘപരിവാർ നേതാക്കന്മാർ ആയിരുന്നു. ഈ സംഭവത്തിന് അനേകം ദേശീയ വിദേശീയ മാധ്യമപ്രവർത്തകരെപ്പോലെ ഞാനും ദൃക്‌സാക്ഷി ആയിരുന്നു. ആധുനിക ഭാരതത്തിന്റെ ചരിത്രത്തിലെ ഒരു കറുത്ത അധ്യായമായിരുന്നു ബാബ്‌റി മസ്ജിദ് ഭേദനം.

28 വർഷത്തിനുശേഷം ഈ കേസിന്റെ വിധി ലഖ്‌നൗവിലെ സിബിഐ പ്രത്യേക കോടതി സെപ്തംബ‍ർ 30ന്‌ പറയുകയാണ്. ഇത് വളരെ പ്രധാനപ്പെട്ട ഒരു വിധിപ്രഖ്യാപനമാണ്. 2019 നവംബ‍ർ ഒമ്പതിന് അയോധ്യ ഭൂമിത‍ർക്കക്കേസിൽ വിധി ഹിന്ദുത്വകക്ഷികൾക്ക് അനുകൂലമായി ഏകപക്ഷീയമായി വന്നതിനുശേഷം വരുന്ന ഒന്നായതുകൊണ്ട് ഇത് വളരെ ​ഗൗരവപൂ‍‍ർവം ശ്രദ്ധിക്കപ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനെ ഇന്ത്യയുടെ മതനിരപേക്ഷ ഭരണഘടനയുടെ വിധിദിവസമായും കണക്കാക്കാം.

ഈ കേസിന്റെ ആദ്യത്തെ എഫ്ഐആറിൽ (നമ്പ‍‍ർ 197) പള്ളി പൊളിച്ചതിന് അറിയപ്പെടാത്ത കർസേവകരെയാണ് കുറ്റവാളികളായി പഴിചാരിയിരിക്കുന്നത്. രണ്ടാമത്തെ എഫ്ഐആറിൽ (നമ്പ‍‍ർ 198) അദ്വാനി, അശോക് സിംഘാൾ, ​ഗിരിരാജ് കിഷോ‍ർ, മുരളി മനോഹ‍ർ ജോഷി, ഉമാഭാരതി, വിഷ്ണു ​ദാൽമിയ, സാധ്വി റിതംബര തുടങ്ങിയവർക്കെതിരെ പ്രകോപനപരവും വെറുപ്പും വിദ്വേഷവും കലർന്നതുമായ പ്രസം​ഗം നടത്തിയതിന്റെ പേരിലുമാണ് കുറ്റം ചുമത്തിയത്. അപ്പോൾ പള്ളി തക‍ർത്തത് അറിയപ്പെടാത്ത കർസേവകർ ആണ്. അദ്വാനിയും മറ്റും ചെയ്ത തെറ്റ് പ്രകോപനപരമായ പ്രസം​ഗം നടത്തിയതാണ്‌. സംഭവം നിസ്സാരം. ആദ്യത്തെ കേസ് സിബിഐക്കും രണ്ടാമത്തെ കേസ് സംസ്ഥാന സിഐഡിക്കും നൽകാനായിരുന്നു തീരുമാനം. പക്ഷേ, 1993ൽ എല്ലാ കേസുകളും 47 വേറെ എഫ്ഐആറും ഉള്ളതുകൊണ്ട് (വസ്തു നശീകരണം തുടങ്ങി) സിബിഐ 1996ൽ അ​ദ്വാനിക്കും മറ്റും എതിരെ ​ഗൂഢാലോചന കേസ് (120 ബി)ചുമത്തി. എന്നാൽ, പിന്നീട് കോടതി ഇത് വേണ്ടെന്ന് വച്ചു. ഹൈക്കോടതിയും ഇത് അംഗീകരിച്ചു.


 

ഇതിന്റെ അർഥം ബാബ്‌റി മസ്ജിദ് തകർത്ത കേസ്‌ വളരെ ലഘുവായി മാറുകയായിരുന്നുവെന്നാണ്. തകർത്തത് അറിയപ്പെടാത്ത കർസേവകർ. അദ്വാനിയും മറ്റും കുറ്റം പ്രകോപനപരമായ പ്രസംഗം നടത്തിയതുമാത്രം. പള്ളി തകർത്തതിന്റെ പിന്നിൽ ഒരു ‘ഗൂഢാലോചന’യും ഇല്ല. അലഹബാദ് ഹൈക്കോടതി ഇത് 2010 മെയ് 20ന് ശരിവച്ചതോടെ കേസ് തീർത്തും ശുഷ്കമാകുകയായിരുന്നു. അതിന്റെ രാഷ്ട്രീയ–-മത–-ചരിത്ര പശ്ചാത്തലം തേച്ചുമായ്ക്കപ്പെടുകയായിരുന്നു. എന്നാൽ, 2017ൽ സുപ്രീംകോടതി ഒരു പരാതിയിന്മേൽ ഗൂഢാലോചനക്കുറ്റം അദ്വാനിയിലും മറ്റും ചുമത്തി വിചാരണ തുടരാൻ വിധി പറഞ്ഞു.

അദ്വാനി ഉൾപ്പെടെ പ്രതികളെല്ലാം ഗൂഢാലോചനക്കുറ്റം നിരസിച്ചു. പള്ളി തകർത്തവരെ തടയാനാണ് തങ്ങൾ ശ്രമിച്ചതെന്ന് അവർ വാദിച്ചു. ഉമാഭാരതി അവർ കുറ്റവാളിയല്ലെന്ന് പറഞ്ഞു. പള്ളി പൊളിച്ചതിന്റെ പിന്നിൽ ഒരു ഗൂഢാലോചനയും ഇല്ലെന്ന് അവർ സമർഥിച്ചു. അയോധ്യ ഒരു തുറന്ന മുന്നേറ്റമായിരുന്നു, അടിയന്തരാവസ്ഥ വിരുദ്ധസമരംപോലെ ഭാരതി വാദിച്ചു. പക്ഷേ, ഗൂഢാലോചന കേസ് വീണ്ടും ചുമത്തിയപ്പോൾ ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷതയെ ഉലച്ച ഒരു നടപടിയായിരുന്നു പള്ളി തകർക്കലെന്ന് സുപ്രീംകോടതി രേഖപ്പെടുത്തി.

ബാബ്‌റി മസ്ജിദ് ഭേദനത്തിന്റെ മതവും രാഷ്ട്രീയവും എല്ലാവർക്കും സുവ്യക്തമാണ്. 1528ൽ മുഗൾ രാജവംശത്തിന്റെ സ്ഥാപകനായ ബാബറിന്റെ ജനറലായ മീർഭാക്കി അയോധ്യയിൽ സ്ഥാപിച്ചതാണത്രെ ബാബ്‌റി മസ്ജിദ്. അത് രാമക്ഷേത്രം തകർത്തിട്ടാണ് പണിതത്‌ എന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. ഹിന്ദുമഹാസഭയും ജനസംഘവും ആർഎസ്എസും വിശ്വഹിന്ദുപരിഷത്തും ബജ്റംഗ്‌ദളും ശിവസേനയും ബിജെപിയും ഇത് വിശ്വസിക്കുന്നു. ബാബ്‌റി മസ്ജിദ് തകർത്ത്‌ അവിടെ രാമക്ഷേത്രം നിർമിക്കുക എന്നതായിരുന്നു അവരുടെ രാഷ്ട്രീയ അജൻഡ. രാമക്ഷേത്രം മുദ്രാവാക്യത്തിലൂടെ ഹൈന്ദവ വോട്ടുകളുടെ ധ്രുവീകരണവും തദ്വാര അധികാര കൈയാളലും ബിജെപി ഉന്നം വച്ചു. 1984ൽ വിശ്വഹിന്ദുപരിഷത്തും അദ്വാനിയും ഇതിനായുള്ള സംയുക്തസംരംഭം തുടങ്ങി. അവർ സാംസ്കാരിക ദേശീയതയുടെ പേരിൽ വർഗീയത ആളിക്കത്തിക്കാൻ ശ്രമിച്ചു. ഇതിനെ പ്രതിരോധിക്കാനായി ഭരണകക്ഷിയായ കോൺഗ്രസും പ്രധാനമന്ത്രിയായിരുന്ന രാജിവ് ഗാന്ധിയും ഹിന്ദുക്കൾക്ക്‌ ബാബ്‌റി മസ്ജിദ് -- രാമജന്മഭൂമിയിൽ പ്രാർഥനയ്ക്കുള്ള അനുവാദം കൊടുത്തു. 


 

1989ൽ രാജീവ് ഗാന്ധി പൊതുതെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് രാമക്ഷേത്രശിലാന്യാസം നടത്താൻ വിശ്വഹിന്ദു പരിഷത്തിന് അനുവാദം നൽകി. പക്ഷേ, തെരഞ്ഞെടുപ്പ് ജയിച്ചില്ല. പിന്നീട് അധികാരത്തിൽ വന്ന ഗവൺമെന്റിന് ബിജെപി പുറത്തുനിന്ന്‌ പിന്തുണ നൽകി. പ്രധാനമന്ത്രി വി പി സിങ്ങിന്റെ മണ്ഡൽ പരിഷ്കരണത്തിന് മറുപടിയായി അദ്വാനി അയോധ്യ രഥയാത്ര പ്രഖ്യാപിച്ചു. 1989ൽ രാമക്ഷേത്രനിർമാണം ഒരു പരിപാടിയായി ബിജെപിയുടെ പാലംപുർ സമ്മേളനം അംഗീകരിച്ചിരുന്നു. പക്ഷേ, അദ്വാനിയുടെ ഒന്നാം രഥയാത്ര വിജയിച്ചില്ല. അതോടെ വി പി സിങ് ഗവൺമെന്റ് വീണു. 1992ൽ രണ്ടാം രഥയാത്ര ബാബ്‌റി മസ്ജിദിന്റെ തകർച്ചയിൽ കലാശിച്ചു. ഇത് ഒരു ആകസ്മിക സംഭവമായിട്ടാണ് രഥയാത്രികനും സംഘവും കൊട്ടിഘോഷിക്കുന്നത്. ബാബ്‌റി മസ്ജിദ് ഒരു നയനപ്രകോപനകാരിയാണെന്ന് പറഞ്ഞ (ഒക്കുലർ പ്രൊവൊക്കേഷൻ) അദ്വാനിതന്നെയാണ് ബാബ്‌റി മസ്ജിദ് തകർത്ത ദിവസമാണ് തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ദിവസമെന്ന് പറഞ്ഞത്; എന്ത് വിരോധാഭാസം!

ബാബ്‌റി മസ്ജിദ് തകർത്തതിനെക്കുറിച്ച് അന്വേഷിക്കാൻ നിയമിച്ച എം എസ് ലിബർഹാൻ കമീഷൻ കണ്ടെത്തിയത് പള്ളി തകർക്കൽ യാദൃച്ഛികമോ മുൻകൂട്ടി ആസൂത്രണം ചെയ്യാത്തതോ ആയ ഒരു സംഭവം അല്ലെന്നാണ്. പ്രസ്തുത കേസിൽ സുപ്രീംകോടതിയും മസ്ജിദ് ഭേദനത്തെ നിന്ദ്യമായ നിയമലംഘനമെന്ന് വിശേഷിപ്പിക്കുകയുണ്ടായി. മസ്ജിദ് തകർക്കലിനെത്തുടർന്ന് ബിജെപി ഭരിക്കുന്ന നാല് സംസ്ഥാനങ്ങളിലെ ഗവൺമെന്റുകളെ (ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്) പ്രസിഡന്റ് പിരിച്ചുവിടുകയുണ്ടായി. ആർഎസ്എസിനെ നിരോധിച്ചു. മസ്ജിദ് തകർത്തതിന്റെ പിറകിലുള്ള രാഷ്ട്രീയനേതൃത്വം ശിക്ഷിക്കപ്പെടുമോ? അതിന്റെ പിറകിലുള്ള വിഭാഗീയതയുടെ മതവിദ്വേഷത്തിന്റെ തത്വശാസ്ത്രം തുറന്നുകാട്ടപ്പെടുമോ?ഇന്ത്യയുടെ മതനിരപേക്ഷ ഘടനയ്ക്ക് ഏറ്റ കളങ്കം കഴുകിക്കളയുമോ സെപ്തംബർ 30ലെ കോടതിയുടെ വിധിന്യായം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top