13 December Friday

പ്രളയംകടന്ന് പോളിങ‌് ബൂത്തിലേക്ക്

അശോകൻ ചരുവിൽUpdated: Monday Mar 25, 2019

എന്റെ അയൽപക്കത്ത് രാമേട്ടന്റെ വീടുപണി തകൃതിയായി നടക്കുകയാണ്. ഇന്ന് കാലത്ത് അവിടം സന്ദർശിച്ചു. കട്ടളവയ‌്പ് കഴിഞ്ഞു ചുമരുയരം ഏതാണ്ട് പൂർത്തിയായി. സിമന്റ‌് കട്ടകൾകൊണ്ടാണ് പണി. രാമേട്ടന്റ ഭാര്യയും മകനും കൽപ്പണിക്കാരെ സഹായിക്കുന്നു. പണിത്തിരക്കിൽനിന്ന് ഒന്നു നടുനിവർത്തി അവിടുത്തെ ചേച്ചി പറഞ്ഞു.

‘‘രണ്ടുലക്ഷം രൂപ ബാങ്കിൽ വന്നൂന്നറഞ്ഞപ്പഴാണ് ശ്വാസം നേരെ വീണത്. അപ്പൊത്തന്നെ പണി തൊടങ്ങി. അടുത്ത ഗഡു വേഗം കിട്ടുംന്ന് മെമ്പറ് പറഞ്ഞു.’’

കഴിഞ്ഞ പ്രളയത്തിലാണ് രാമേട്ടന്റെ വീടിന് കേടുപറ്റിയത്. മകന്റെ കല്യാണത്തോടനുബന്ധിച്ച് പുതുതായി എടുത്തിരുന്ന ഒരു മുറിയും സിറ്റൗട്ടും ഒഴികെയുള്ള വീടിന്റെ പഴയ ഭാഗങ്ങൾ വിണ്ടുപൊളിഞ്ഞു. പറമ്പുകിളയും കൃഷിപ്പണിയുമായി കഴിഞ്ഞിരുന്ന ഒരു സാധു മനുഷ്യനാണ് രാമേട്ടൻ. ഇപ്പോൾ വയ്യ. മൂത്തമകൻ മൂന്നുവർഷത്തോളം ഗൾഫിൽ പോയി പണി ചെയ‌്തിരുന്നു. തിരികെ വന്ന് അങ്ങാടിയിലെ പച്ചക്കറിക്കടയിൽ ജോലി ചെയ്യുകയാണ്. ഇളയമകനും ചെറിയ പണിയുണ്ട്. അവനും കല്യാണപ്രായമായി.

‘‘കല്യാണം ആലോചിക്കണുണ്ട്. വീടുപണി കഴിഞ്ഞാൽ നടത്തണന്നാണ് വിചാരം. വയസ്സിങ്ങനെ കൂടി വര്വല്ലേ?’’ചേച്ചി പറഞ്ഞു.

പ്രളയം തകർത്തെറിഞ്ഞ അസംഖ്യം കേരളീയ ഗ്രാമങ്ങളിൽ ഒന്നാണ് ഞങ്ങളുടെ കാട്ടൂർ. നൂറുകണക്കിന് വീടുകൾ മുങ്ങി. പലതും തകർന്നു. അങ്ങാടി ഒന്നാകെ മുങ്ങി. ആയിരക്കണക്കിന് പേരാണ് അഭയാർഥിക്യാമ്പുകളിൽ വന്നുപെട്ടത്. നിരവധി പേരുടെ ജീവിതമാർഗം തുലഞ്ഞു. അസ്വസ്ഥജനകമായ ഒരു വിഷാദം നിശ്ശബ്ദതയുടെ രൂപത്തിൽ എല്ലായിടത്തും ഇഴഞ്ഞിരുന്നു അന്ന്. പക്ഷേ, ഏതാനും മാസങ്ങൾക്കിടയിൽത്തന്നെ ജീവിതം വീണ്ടും തളിരിട്ടിരിക്കുന്നു. എല്ലാവർക്കും ആദ്യം കിട്ടിയ 10000 രൂപ വലിയ കൈത്താങ്ങായി. പിന്നെ വീടുകൾ ഒന്നൊന്നായി പുനർനിർമിക്കപ്പെട്ടു. പീടികകൾ തുറന്ന‌് കച്ചവടം പുനരാരംഭിച്ചു. ഓണവും ബക്രീദും ക്യാമ്പുകളിലാണ് ആഘോഷിച്ചതെങ്കിലും പിന്നീട് സാമൂഹ്യജീവിതത്തിന്റെ താളക്രമം ശരിയായി. വേനലായപ്പോൾ ഉത്സവങ്ങൾ കൊടികയറി. കാട്ടൂർ പള്ളിയിലെ അമ്പുതിരുന്നാളും പൊഞ്ഞനത്തെ പൂരവും എസ്എൻഡിപി പൂയവും കെങ്കേമമായിത്തന്നെ നടന്നു.

നമ്മൾ തോറ്റ ജനതയല്ല, അതിജീവിച്ച ജനതയാണ‌്
ഒരു പൊതുതെരഞ്ഞെടുപ്പിലേക്ക‌് രാജ്യമാകെ നടന്നടുക്കുമ്പോൾ ചർച്ചചെയ്യാൻ നിരവധി വിഷയങ്ങളുണ്ട്. ലോക‌്സഭാ തെരഞ്ഞെടുപ്പാകുമ്പോൾ ദേശീയ വിഷയങ്ങൾക്കായിരിക്കും പ്രാധാന്യം. പ്രത്യേകിച്ചും ഇത്തവണത്തെ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ചിടത്തോളം അതീവ നിർണായകമാണ‌്. വിസ്തൃതമായ ഈ ഉപഭൂഖണ്ഡം ഇന്ത്യ എന്ന രാജ്യമായി ഒന്നിച്ചു നിൽക്കാൻ കാരണമായ മതേതരത്വം എന്ന ആശയമാണ് ചോദ്യം ചെയ്യപ്പെടുന്നത്. രാജ്യത്തെ ശിഥിലീകരിക്കാനും പ്രാകൃത യുഗത്തിലേക്ക് തിരിച്ചുകൊണ്ടുപോകാനും ശ്രമിക്കുന്ന മനുവാദികളുടെ ഭരണം നിലനിൽക്കുന്നു. അത് തുടരാൻ അനുവദിക്കുക എന്നാൽ ഒരു കൂട്ട ആത്മഹത്യക്ക് തയ്യാറാവുക എന്നാണ് അർഥം.

മാറ്റം അനിവാര്യമാണ്. അപ്പോൾ ബദൽ എന്തെന്ന അന്വേഷണത്തിനും പ്രസക്തിയുണ്ട്. ലോകമെമ്പാടുമുള്ള സാമാന്യ ജനതയെ ചൂഷണംചെയ‌്ത‌് തടിച്ചുകൊഴുക്കുന്ന ധനസാമ്രാജ്യത്വത്തിനും അതിന്റെ ഇന്ത്യയിലെ ഇന്നത്തെ ഉപകരണമായ സംഘപരിവാർ ഭീകരതയ്ക്കുമെതിരെ പൊരുതുമ്പോൾ ബദൽ എന്ത്? ആ അന്വേഷണത്തിൽ കേരളം എങ്ങനെ ഒരു ഉത്തരമാകുന്നു? 1957 മുതൽ ഇടവിട്ടാണെങ്കിലും അധികാരത്തിൽവന്ന ഇടതുപക്ഷ, കമ്യൂണിസ്റ്റ് സർക്കാരുകൾ. അവയുടെ തുടർച്ചയായി കേരളത്തെ ഇപ്പോൾ നയിച്ചുകൊണ്ടിരിക്കുന്ന പിണറായി മന്ത്രിസഭ. വോട്ടു ചെയ്യുംമുമ്പ‌് ഒരു ആലോചന ആവശ്യമുണ്ട്.

നമുക്ക് വീണ്ടും പ്രളയകാലത്തിലേക്ക് വരാം. കേരളത്തെ പ്രളയം ആക്രമിക്കുന്ന സമയത്ത് ഈ ലേഖകൻ രാജ്യത്തില്ല. മക്കളെ കാണുന്നതിനും അവരോടൊപ്പം കുറച്ചുദിവസം ചെലവഴിക്കുന്നതിനും വേണ്ടി ഞാനും ഭാര്യയും ജർമനിയിൽ പോയതായിരുന്നു. നെടുമ്പാശേരിയിൽനിന്ന് വിമാനം കയറുമ്പോൾ ചെറിയ മഴയുണ്ട്. രണ്ടുദിവസം കഴിഞ്ഞ് ബർലിനിലെ വീട്ടിലിരുന്നുകൊണ്ടാണ് ടിവിയിലൂടെയും മറ്റ‌് ഇന്റർനെറ്റ് മാധ്യമങ്ങളിലൂടെയും പ്രളയദൃശ്യങ്ങൾ കണ്ടത്. കണ്ട ദൃശ്യങ്ങളും കേട്ട വാർത്തകളും വലിയ നടുക്കവും ആശങ്കയുമുണ്ടാക്കി. എന്റെ നാട് കരകയറുമോ എന്ന ഭീതി.ഇങ്ങനെ ഒരു ദുരന്തം കേരളം മുമ്പ് അനുഭവിച്ചിട്ടില്ലല്ലോ. 99 ലെ വെള്ളപ്പൊക്കം കേരളത്തിന് മങ്ങിത്തുടങ്ങിയ ഓർമയാണ്. വായിക്കുന്നവർക്ക് തകഴിയുടെ "വെള്ളപ്പൊക്കം’ എന്ന കഥ.

ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരന്തത്തിന്റെ ബാക്കിപത്രം എന്തായിരിക്കും എന്നു ഞാൻ ആലോചിച്ചു. ഉത്തരേന്ത്യയിൽ പലയിടത്തും മഹാപ്രളയവും മറ്റു പ്രകൃതിദുരന്തങ്ങളും ഉണ്ടാകാറുണ്ട്. കുട്ടിക്കാലത്ത് സിനിമ കാണാൻ ചെല്ലുമ്പോൾ മാവേലിക്കര രാമചന്ദ്രന്റെ ശബ്ദത്തിൽ "ആസാമിലെ വെള്ളപ്പൊക്കം’ ന്യൂസ് റീലായി കണ്ട ഓർമ. ഓരോതവണ വെള്ളം കയറുമ്പോഴും നൂറുകണക്കിന‌് മനുഷ്യർ മരിക്കും. വീടുകളും കൃഷിയിടങ്ങളും നശിച്ചതിന്റെ വാർത്തകൾ വരും. തൊട്ടുപിറകെ പകർച്ചവ്യാധികൾ പടർന്നുപിടിച്ചതിന്റെ വിവരങ്ങൾ. രോഗങ്ങൾകൊണ്ടും കൊടുംപട്ടിണികൊണ്ടും വീണ്ടും ആളുകൾ ഈയാംപാറ്റകളെപ്പോലെ മരിച്ചുവീഴും. ഗ്രാമങ്ങൾ അനാഥവും വിജനവും ആകും.

അവശേഷിക്കുന്ന മനുഷ്യർ ഭാണ്ഡവും മുറുക്കി അഭയാർഥികളായി നാടുവിടുന്നു. അലഞ്ഞലഞ്ഞ് അവരിൽ ചിലർ ഇങ്ങേയറ്റത്ത് നമ്മുടെ കേരളത്തിലും വരാറുണ്ട്. കുട്ടിക്കാലംമുതലേ നമ്മൾ കാണുന്ന കാഴ്ചയാണത്. പാളത്താറുടുത്ത് തൊപ്പിവച്ച പ്രളയബാധിതരുടെ വരവ്. പിറന്ന നാട്ടിൽ കൃഷിചെയ്‌തും കാലിവളർത്തിയും കുടുംബമായി അന്തസ്സോടെ ജീവിച്ചിരുന്നവരാണ്. ഗോസായിമാർ പടികടക്കുംമുമ്പ് വീട്ടിലെ കുട്ടികൾ വിളിച്ചുപറയും:

"ദേ, വെള്ളപ്പൊക്കം വരണു.’

ഹിന്ദിയും കേട്ടറിഞ്ഞ കുറച്ചു മലയാളവും അതിലേറെ ദയനീയതയും കലർത്തി അവർ പണവും ഭക്ഷണവും വസ്‌ത്രവും യാചിക്കും. ചിലരുടെ കൈയിൽ ചുളിഞ്ഞുമടങ്ങി മുഷിഞ്ഞ ഒരു സർട്ടിഫിക്കറ്റ് കാണാറുണ്ട്. അവരുടെ നാട്ടിലെ ജില്ലാ മജിസ്ട്രേറ്റിന്റെയോ തഹസിൽദാരുടെയോ മുദ്രപതിച്ച കടലാസാണ്. ഇംഗ്ലീഷിലായാലും ഹിന്ദിയിലായാലും അതിലെ സംഗതി ഇതാണ്: "വെള്ളപ്പൊക്കം. വീടും കൃഷിയും നശിച്ചു. ഉറ്റവർ മരിച്ചു. എന്തെങ്കിലും നൽകി ഇയാളെ സഹായിക്കണം.’

അവിടങ്ങളിലെ സംസ്ഥാന സർക്കാരുകളുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനമാണത്രേ ഇങ്ങനെയൊരു സർട്ടിഫിക്കറ്റ് നൽകൽ. ജനങ്ങളെ ഭിക്ഷാടനത്തിന് തയ്യാറാക്കി അയച്ചാൽ ബാധ്യതയൊഴിഞ്ഞു. അതു കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്:

ഇങ്ങനെ മുദ്രപതിച്ച ഒരു കടലാസ് സമ്പാദിക്കാൻവേണ്ടി ഈ മനുഷ്യൻ അവിടുത്തെ കലക്ടറേറ്റിനും താലൂക്ക് കച്ചേരിക്കും മുന്നിൽ എത്രനാൾ കാത്തുനിന്നു നരകിച്ചിട്ടുണ്ടാകും?
പ്രളയദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കുമ്പോൾ എന്നെ ഭയപ്പെടുത്തിയത് ഈ ഓർമയാണ്. സർക്കാർ കനിഞ്ഞുനൽകിയ ഒരു സർട്ടിഫിക്കറ്റുമായി അന്യസംസ്ഥാനങ്ങളിൽ കൈനീട്ടി അലഞ്ഞുനടക്കുന്ന കേരളീയർ! ദുഃസ്വപ്നങ്ങളിൽപ്പെട്ട് എനിക്ക് ഉറക്കം നഷ്ടപ്പെട്ടു.

പക്ഷേ, അങ്ങനെയൊന്നുമല്ല ഉണ്ടായതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പ്രളയത്തിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴും സഹജീവിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴും പലർക്കും ശരീരത്തിൽ മുറിവ് പറ്റിയിട്ടുണ്ടാകാം. പക്ഷേ, അഭിമാനത്തിന് തെല്ലും പോറലേൽക്കാതെ നാം ജീവിതത്തിന്റെ കരപറ്റി. എങ്ങനെ? കൈപിടിക്കാൻ ആളുണ്ടായി. കീഴടങ്ങാത്ത ജനത; തലകുനിക്കാത്ത നായകൻ.

പ്രളയം കഴിഞ്ഞാൽ സ്വാഭാവികമായി ഉണ്ടാകുന്ന പകർച്ചവ്യാധികൾ? പട്ടിണി? ദുരിതം? ക്ഷാമം? പൂഴ‌്ത്തിവയ‌്പ്? കരിഞ്ചന്ത? അനാഥാവസ്ഥ?
"അതിന് നമ്മള് നാളെത്തൊട്ട് അങ്ങട്ട് എറങ്ങ്വല്ലേ?’

പിണറായി വിജയൻ
മാനുഷികമായ ഒരു സമീപനത്തിന്റെയും വ്യത്യസ്‌തമായ ഭരണനിർവഹണത്തിന്റെയും പ്രതീകമായി ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ പേര് മാറിയെങ്കിൽ അതിനുകാരണമായ കാഴ്ചപ്പാടിന്റെ വെളിച്ചത്തിലാണ് കേരളം തിളങ്ങുന്നത്.

നിസ്സാര ജനതയല്ല നമ്മൾ കേരളീയർ. മതകലഹങ്ങൾകൊണ്ടും ജാതിവേട്ടകൊണ്ടും പ്രകൃതിദുരന്തങ്ങൾകൊണ്ടും അഭയാർഥികളായി അലയേണ്ടി വന്നിട്ടില്ലാത്ത ഇന്ത്യയിലെ ഏക ജനവിഭാഗമാണ്. ഈ കൊടിപ്പടം താഴാൻ അനുവദിക്കുകയില്ല എന്ന് ഈ തെരഞ്ഞെടുപ്പിലൂടെ ഉറപ്പുവരുത്തേണ്ടതുണ്ട്.


പ്രധാന വാർത്തകൾ
 Top