22 January Saturday

കലാപഭൂമിയാക്കരുത്... കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Tuesday Jan 4, 2022

ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കാനുള്ള ആർഎസ്എസ് അജൻഡകൾക്ക് സഹായകമായ നിലപാടുകളാണ് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളും സ്വീകരിച്ചുവരുന്നത്. വിവിധ പ്രദേശത്ത്‌ ആർഎസ്എസും എസ്ഡിപിഐയും പരസ്‌പരം പോർവിളി 
നടത്തിയ എത്രയോ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ ഇത്തരക്കാർ 
പ്രചരിപ്പിച്ചിരുന്നു. ഇത് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂർവമായ പരിശ്രമമായിരുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് സർക്കാരിനെത്തന്നെ ദുർബലപ്പെടുത്താനാകുമോ എന്ന ആസൂത്രിത ശ്രമവും ഇതിനു പിന്നിലുണ്ട്

കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ചൊവ്വാഴ്‌ച  (ജനുവരി 4 ) വർഗീയതയ്‌ക്കെതിരെ ബഹുജന കൂട്ടായ്മ സിപിഐ എം സംഘടിപ്പിക്കുകയാണ്. തലശേരിയിൽ മുസ്ലിം ആരാധനാലയം സംരക്ഷിക്കുന്നതിനിടയിൽ രക്തസാക്ഷിത്വം വരിച്ച യു കെ കുഞ്ഞിരാമന്റെ ചരമദിനത്തിലാണ് ഇത്തരമൊരു പരിപാടി സിപിഐ എം സംഘടിപ്പിക്കുന്നത്.

ആലപ്പുഴയിൽ അടുത്ത ദിവസങ്ങളിൽ നടന്ന ബോധപൂർവമായ കലാപശ്രമങ്ങൾ കേരളത്തിൽ മതനിരപേക്ഷത പുലരണമെന്ന് ആഗ്രഹിക്കുന്ന ജനതയെ ഞെട്ടിച്ചിട്ടുള്ളതാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത്‌ ഇത്തരം സംഘർഷങ്ങൾ ഉണ്ടാക്കാനുള്ള ബോധപൂർവമായ പരിശ്രമങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യം സംസ്ഥാനത്ത് രൂപപ്പെടുത്തുന്നതിന് ഇടയാക്കിയിട്ടുള്ളത് സംഘപരിവാറിന്റെ ഹിന്ദുത്വ അജൻഡകളും അത് ന്യൂനപക്ഷ ജനവിഭാഗങ്ങളിൽ ഉണ്ടാക്കിയിട്ടുള്ള ആശങ്കയുമാണ്.

ജനങ്ങളെ വർഗീയമായി ധ്രുവീകരിക്കാനുള്ള ആർഎസ്എസ് അജൻഡകൾക്ക് സഹായകമായ നിലപാടുകളാണ് എസ്‌ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളും സ്വീകരിച്ചുവരുന്നത്. വിവിധ പ്രദേശത്ത്‌ ആർഎസ്എസും എസ്‌ഡിപിഐയും പരസ്‌പരം പോർവിളി നടത്തിയ എത്രയോ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ ഇത്തരക്കാർ പ്രചരിപ്പിച്ചിരുന്നു. ഇത് സംസ്ഥാനത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂർവമായ പരിശ്രമമായിരുന്നു. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് സർക്കാരിനെത്തന്നെ ദുർബലപ്പെടുത്താനാകുമോ എന്ന ആസൂത്രിത ശ്രമവും ഇതിനു പിന്നിലുണ്ട്. കൊലയാളികളെ കണ്ടുപിടിക്കാൻ ശക്തമായ നടപടികളുമായി മുന്നോട്ടുപോകുന്ന പൊലീസിനെതിരെ ഇരുവരും രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്.

ബിജെപി ഒരു സാധാരണ രാഷ്ട്രീയ പാർടിയല്ല. ഫാസിസ്റ്റ് അജൻഡ മുന്നോട്ടുവയ്‌ക്കുന്ന ആർഎസ്എസിനാൽ നയിക്കപ്പെടുന്ന പാർടിയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽപ്പോലും പങ്കെടുക്കാതെ അതിനെ തകർക്കാൻ ശ്രമിച്ചവരായിരുന്നു ഇവർ. ഇവർക്ക് അധികാരത്തിലെത്താൻ ഇടയാക്കിയത് കോൺഗ്രസിന്റെ നയങ്ങളായിരുന്നു. രാജ്യത്ത് കോൺഗ്രസ്‌ നടപ്പാക്കിയ തെറ്റായ നയങ്ങൾ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. ഈ സാമ്പത്തിക പ്രതിസന്ധിയും വികസന പ്രതിസന്ധിയും മറികടക്കുന്നതിനുവേണ്ടി കോർപറേറ്റുകൾക്ക് പരവതാനി ഒരുക്കുന്ന ആഗോളവൽക്കരണ നയങ്ങൾ നടപ്പാക്കാൻ കോൺഗ്രസ്‌ തയ്യാറായി. ഇത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാഴ്‌ത്തി.

കോൺഗ്രസിന്റെ വർഗീയപ്രീണന നയം ഉപയോഗപ്പെടുത്തി തങ്ങളുടെ അജൻഡകൾ ഒന്നൊന്നായി നടപ്പാക്കാൻ ബിജെപിക്ക് കഴിഞ്ഞു. രാജ്യത്ത് വർഗീയ ധ്രുവീകരണം സൃഷ്ടിച്ച്‌ ബാബ്‌റി മസ്ജിദ് തകർക്കുന്നതിനും ബിജെപിക്ക് കഴിഞ്ഞു.  കോൺഗ്രസ്‌ ജനങ്ങളിൽനിന്ന് ഒറ്റപ്പെടാൻ തുടങ്ങിയപ്പോൾ കോൺഗ്രസിനെ മുൻനിർത്തി തങ്ങളുടെ അജൻഡകൾ നടപ്പാക്കാനാകില്ലെന്ന് ഇന്ത്യയിലെ കുത്തക മുതലാളിത്തവും തിരിച്ചറിഞ്ഞു. അവർ ബിജെപിക്കു പിന്നിൽ അണിചേർന്നു. നേരത്തേ തന്നെ സ്വതന്ത്ര കമ്പോളത്തിനായി വാദിച്ച സംഘപരിവാറിന് ഇവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് സാധ്യവുമായി.

സംഘപരിവാറിന്റെ വർഗീയ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയമായോ പ്രത്യയശാസ്ത്രപരമായോ സംഘടനാപരമായോ പ്രതിരോധം തീർക്കാൻ കോൺഗ്രസ്‌ തയ്യാറാകാത്തത് ആ പാർടിയുടെ തകർച്ചയിലേക്കും നയിച്ചു. അധികാരം തേടിപ്പോകുന്ന നേതാക്കൾ ഒന്നിനുപിറകെ ഒന്നായി ബിജെപിയിൽ ചേക്കേറി. കോൺഗ്രസിന്റെ ഈ സമീപനം മതനിരപേക്ഷ ചിന്താഗതിക്കാർക്ക് അംഗീകരിക്കാനായില്ല. അത്തരം ചിന്താഗതിക്കാർ കോൺഗ്രസ്‌ വിട്ട് അതത് സംസ്ഥാനത്തെ പ്രധാന പ്രാദേശിക കക്ഷികളിലേക്ക് ചേക്കേറി. സംസ്ഥാന തലത്തിൽ മതനിരപേക്ഷ ബദലുകളെ രൂപപ്പെടുത്തുകയെന്ന ആശയം സിപിഐ എം മുന്നോട്ടുവയ്ക്കുന്നത് ഈ രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്തുകൊണ്ടാണ്.

വിചാരധാര വിഭാവനം ചെയ്യുന്നത് തങ്ങളുടെ ശത്രുക്കൾ മുസ്ലിങ്ങളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകാരും എന്നാണ്. ജനാധിപത്യവാദികളെയും ശത്രുപട്ടികയിൽ തന്നെയാണ് ഇവർ ഉൾപ്പെടുത്തിയിരിക്കുന്നത്. ആ അജൻഡകളാണ് രാജ്യത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് കഴിഞ്ഞ ക്രിസ്‌മസ് ദിനത്തിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കുനേരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ.

സംഘപരിവാർ മുന്നോട്ടുവയ്ക്കുന്ന ഹിന്ദുത്വ അജൻഡകൾ ന്യൂനപക്ഷ വിഭാഗങ്ങളിൽ കടുത്ത ആശങ്ക  സൃഷ്ടിച്ചിട്ടുണ്ട്. അത് ന്യൂനപക്ഷ വർഗീയ തീവ്രവാദികൾക്ക് വളക്കൂറുള്ള മണ്ണൊരുക്കുന്നു. മുസ്ലിം ജനവിഭാഗങ്ങൾക്കിടയിൽ, ചെറു ന്യൂനപക്ഷത്തിനിടയിൽ ഇത്തരം ആശയം രൂപപ്പെട്ടത് ഈ സാഹചര്യത്തിലാണ്. ന്യൂനപക്ഷങ്ങൾ സ്വയംസംഘടിച്ച് സംഘപരിവാറിന്റെ രാഷ്ട്രീയത്തെ പ്രതിരോധിക്കാമെന്നാണ് ഇത്തരക്കാർ പ്രചരിപ്പിക്കുന്നത്. എന്നാൽ, അത് സൃഷ്ടിക്കുന്ന വർഗീയ ധ്രുവീകരണം ഫലത്തിൽ ഭൂരിപക്ഷ വർഗീയതയെ ശക്തിപ്പെടുത്താൻ സഹായിക്കുകയാണ് ചെയ്യുന്നത്.

ജമാഅത്തെ ഇസ്ലാമി ആർഎസ്എസിന്റെ ഹിന്ദുരാഷ്ട്രത്തിന് സമാന്തരമായി ഇസ്ലാമിക രാഷ്ട്രമെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുന്നു. ഇന്ത്യയിൽ ഇത് ആശയപ്രചാരണത്തിലൂടെ നടപ്പാക്കണമെന്നാണ് അവരുടെ കാഴ്ചപ്പാട്. മാധ്യമങ്ങൾ സ്വയം സൃഷ്ടിച്ചും നവമാധ്യമങ്ങളിൽ സജീവമായും ഇവർ നടത്തുന്ന ഇടപെടൽ ഇതിന്റെ ഭാഗമായിട്ടുള്ളതാണ്. എസ്ഡിപിഐ ആകട്ടെ ഇസ്ലാമിക രാഷ്ട്രസൃഷ്ടിക്കായി ആയുധമെടുത്തുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിന് ഇടപെടുകയും ചെയ്യുന്നു. കേരളംപോലുള്ള സമൂഹത്തിൽ ഇത്തരം വർഗീയ അജൻഡകൾക്ക്‌ എളുപ്പം പിന്തുണ കിട്ടില്ലായെന്നതിനാൽ പാരിസ്ഥിതിക കാര്യങ്ങളും വിവിധ പുരോഗമന മുഖംമൂടികളുമായി മുഖംമിനുക്കാനുള്ള പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്. ഇവരുടെ ദളിത് സ്നേഹത്തിനു പിന്നിലും ഇത്തരം രാഷ്ട്രീയ അജൻഡകളാണ്‌ ഉള്ളത്. സ്വത്വരാഷ്ട്രീയ വാദികളാകട്ടെ ഇത്തരക്കാർക്ക്‌ പരവതാനി വിരിക്കുന്നു.

വർഗീയതയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിനു പകരം അവയെ രാഷ്ട്രീയ നേട്ടത്തിനായി പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് യുഡിഎഫ് സ്വീകരിക്കുന്നത്. വർഗ രാഷ്ട്രീയത്തെ പ്രതിരോധിക്കാൻ വലതുപക്ഷം വർഗീയ ശക്തികളുമായി കൈകോർക്കുന്ന സ്ഥിതിയാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്. ഈ സമീപനമാണ് വർഗീയ ശക്തികൾക്ക് വളരാനുള്ള അവസരമൊരുക്കുന്നത്. വടകരയിലെയും ബേപ്പൂരിലെയും കോലീബി സഖ്യം കേരളീയർക്ക് മറക്കാനാകില്ല. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നതും അവരുടെ സഹായത്താൽ തന്നെ. തദ്ദേശ തെരഞ്ഞെടുപ്പുകൾതൊട്ട് ഇടതുപക്ഷത്തെ ദുർബലപ്പെടുത്താൻ രഹസ്യമായും പരസ്യമായും സഖ്യമുണ്ടാക്കുകയാണ് ഇവർ ചെയ്യുന്നത്.

ആർഎസ്എസ് നേതാക്കൾക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതുപോലുള്ള നടപടികളും ഇതിന്റെ ഭാഗമായിരുന്നു. സംസ്ഥാനത്തിന്റെ താൽപ്പര്യങ്ങൾ കേന്ദ്ര സർക്കാർ ഹനിക്കുമ്പോൾ അവയ്ക്കെതിരായി ഒരക്ഷരം ഉരിയാടാൻ യുഡിഎഫ് തയ്യാറായിട്ടില്ല. കേന്ദ്ര ഏജൻസികളുടെ തെറ്റായ നയങ്ങൾക്കെതിരെ രാജ്യത്തെമ്പാടും കോൺഗ്രസ്‌ പ്രചാരണം നടത്തുമ്പോഴും കേരളത്തിൽ ഇവർക്ക് അത് ബാധകമല്ല. ഇപ്പോൾ കേരളത്തിന്റെ വികസനപദ്ധതികളെ പ്രതിരോധിക്കുന്നതിനും ഇവർ യോജിച്ചുമുന്നേറുകയാണ്.

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും മതനിരപേക്ഷ പാതയിൽ അവരെ ഉറപ്പിച്ചുനിർത്താനും നിലകൊള്ളുന്നുവെന്നാണ് മുസ്ലിംലീഗ് അവകാശപ്പെടുന്നത്. എന്നാൽ, ന്യൂനപക്ഷ വർഗീയ തീവ്രവാദ രാഷ്ട്രീയവുമായി സന്ധിചെയ്യുന്ന നടപടികളാണ് മുസ്ലിംലീഗും സ്വീകരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായും ഒളിഞ്ഞും തെളിഞ്ഞും തെരഞ്ഞെടുപ്പുസഖ്യത്തിൽ നേരത്തേ ലീഗ് വ്യാപൃതമായിരുന്നു. എന്നാൽ, ഇപ്പോൾ അവർ മുന്നോട്ടുവയ്ക്കുന്ന വർഗീയ അജൻഡകൾ തന്നെ ലീഗ് സ്വാംശീകരിച്ചുകഴിഞ്ഞിരിക്കുന്നു.

വഖഫ് പ്രശ്നത്തിൽ കോഴിക്കോട്ട്‌ നടത്തിയ ലീഗിന്റെ പ്രസംഗവും പ്രചാരണവും അതാണ് വ്യക്തമാക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ മുഖപത്രമായ പ്രബോധനം ഈ ചുവടുമാറ്റത്തെ സ്വാഗതം ചെയ്തതും ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. വർഗീയ അജൻഡകളെ മതവിശ്വാസികൾ പ്രതിരോധിക്കുന്ന സാഹചര്യം വരുമ്പോൾ അവരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുകയെന്നത് തീവ്രവാദ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാണ്. ഗാന്ധിവധംതൊട്ട് ഉണ്ടായ സംഭവങ്ങൾ ഈ യാഥാർഥ്യത്തിലേക്ക് വിരൽചൂണ്ടുന്നു. മതനേതാക്കൾക്കുനേരെയുള്ള വധഭീഷണികളെയും ഈ പശ്ചാത്തലത്തിലാണ് നാം കാണേണ്ടത്.

നമ്മുടെ മതനിരപേക്ഷതയുടെ അടിസ്ഥാനമായി നിൽക്കുന്നത് ജനങ്ങളുടെ പരസ്പരമുള്ള ഇടപെടലും കൊണ്ടുകൊടുക്കലുകളുമാണ്. എന്നാൽ, അത്തരം രീതികൾ സമൂഹത്തിൽനിന്ന് ഉന്മൂലനം ചെയ്യാനുള്ള പ്രചാരണങ്ങളും പദ്ധതികളുമാണ് എല്ലാ വർഗീയശക്തികളും ചെയ്യുന്നത്. എല്ലാ ആഘോഷത്തിലും സന്തോഷങ്ങളിലും പരസ്പരം പങ്കുചേർന്ന് ജീവിക്കുന്ന രീതി  തകർക്കാനാണ് ഇത്തരക്കാർ ശ്രമിക്കുന്നത്. ആഘോഷങ്ങളിലും ഉത്സവങ്ങളിലും പരസ്‌പരം പങ്കെടുക്കുന്ന രീതിയെയും ജീവിതത്തെയും നിരുത്സാഹപ്പെടുത്തുന്നതിനുള്ള പ്രഖ്യാപനങ്ങളാണ് ഇപ്പോൾ നവമാധ്യമങ്ങളിലെ സ്വകാര്യ ഗ്രൂപ്പുകളിലും മറ്റുമായി വർഗീയശക്തികൾ പ്രചരിപ്പിക്കുന്നത്. ഇതിലൂടെ നിശ്ശബ്ദമായ വർഗീയധ്രുവീകരണമാണ് ലക്ഷ്യംവയ്ക്കുന്നതെന്നതും തിരിച്ചറിയണം.

വർഗീയതയെ പ്രതിരോധിക്കുന്നതിന് വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ഉണ്ടാകേണ്ടതുണ്ട്. രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും സാമൂഹ്യവുമായുമുള്ള ഇടപെടലുകൾ  ഉണ്ടാകണം. മതനിരപേക്ഷ ശക്തികൾക്കും പാർടികൾക്കും വലിയ സ്വാധീനമുള്ള സംസ്ഥാനമായി മാറിയതിനു കാരണം കേരളീയ ജനത സ്വീകരിച്ച മതനിരപേക്ഷതാ മൂല്യങ്ങളാണ്. ഈ മൂല്യങ്ങളെ ഇല്ലാതാക്കാനും ജനങ്ങളെ വർഗീയവൽക്കരിക്കാനുമുള്ള പദ്ധതികളാണ് സംഘപരിവാർ നടപ്പാക്കുന്നത്. രാജ്യത്ത് വിവിധയിടത്ത്‌ നടപ്പാക്കിയ ഇത്തരം അജൻഡകൾ നമ്മുടെ സംസ്ഥാനത്തും കൊണ്ടുവരാനുള്ള പരിശ്രമമാണ്. ഇവയെ പ്രതിരോധിക്കാനുള്ള വിശാലമായ ബഹുജനമുന്നേറ്റം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ബഹുജന കൂട്ടായ്മ സിപിഐ എം സംഘടിപ്പിച്ചിട്ടുള്ളത്.
 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top