30 September Wednesday

കേന്ദ്രം തിരുത്തേണ്ടത് ജനവിരുദ്ധ ആരോഗ്യനയം

എ സുരേഷ് Updated: Saturday Apr 18, 2020

കോവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച രാജ്യവ്യാപക അടച്ചുപൂട്ടൽ നീളുന്നന്നതിനിടയിലും മരണവും രോഗബാധിതരുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. മുംബൈയിലും ഡൽഹിയിലുമുൾപ്പെടെ നഴ്സുമാരും ആരോഗ്യ പ്രവർത്തകരും രോഗബാധിതരാവുന്നതും ആശങ്കയുയർത്തുന്നു. ഇതോടൊപ്പമാണ് മഹാരാഷ്ട്രയിലെയും രാജസ്ഥാനിലെയും  നഗരങ്ങളിലും മറ്റും സമൂഹവ്യാപനവും സംശയിക്കപ്പെടുന്നത്.

ചൈനയിലെ വുഹാനിൽ  കൊറോണ  റിപ്പോർട്ടചെയ്തപ്പോൾ തന്നെ ഉണർന്നു പ്രവർത്തിക്കുന്നതിൽ കേന്ദ്ര സർക്കാരും കേരളമൊഴികെ  പല സംസ്ഥാനങ്ങളും വീഴ്ച വരുത്തിയതും പ്രതിരോധ പ്രവർത്തനങ്ങളെ ദുഷ്കരമാക്കി. ഇന്ത്യയിൽ ആദ്യം കോവിഡ് സ്ഥിരീകരിച്ച കേരളം തുടക്കം മുതൽ  ജാഗ്രതപുലർത്തിയത് മരണവും രോഗവ്യാപനവും തടയുന്നതിൽ നിർണായകമായി. ജനസാന്ദ്രതയും പ്രവാസി സാന്നിധ്യവും കൂടുതലുള്ള സംസ്ഥാനം കൈക്കൊണ്ട നടപടികൾ ലോകശ്രദ്ധനേടിയതിൽ പൊതുജനാരോഗ്യ രംഗത്തിൻ്റെ മികവും പ്രധാനമായി. അഴ്ചകൾക്കുശേഷം കോവിഡ് കണ്ടെത്തിയ സംസ്ഥാനങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് അടച്ചിടൽ നീട്ടണമെന്ന ആവശ്യമുയർന്നത്. കേന്ദ്ര സർക്കാരിനും അതിനൊപ്പം ചേരുകയേ നിർവാഹമുണ്ടായിരുന്നുള്ളൂ. അതേ സമയം ആവശ്യമായ കരുതൽ നടപടികളില്ലാതെ അടച്ചിൽ അനിശ്ചിതമായി നീളുന്നത്, രാജ്യത്തെ ദുരിതമനുഭവിക്കുന്ന വലിയൊരു ജനവിഭാഗത്തിന് കനത്ത തിരിച്ചടിയാകുമെന്ന മുന്നറിയിപ്പുകൾ സർക്കാർ ഗൗരവത്തിലെടുത്തില്ല.

മാർച്ച് 24 ൻ്റെ അപ്രതീക്ഷിത അടച്ചുപൂട്ടലിനെ തുടർന്ന് ഉത്തരേന്ത്യയിൽ പലയിടത്തുമുണ്ടായ കൂട്ടപലായനം രാജ്യം നടുക്കത്തോടെയാണ് കണ്ടത്. നാനൂറും അഞ്ഞൂറും കിലോമീറ്റർ ദൂരം കാൽനടയായി ആളുകൾ ഒരുമിച്ച് നീങ്ങിയത് വിഭജനകാലത്തെ ഓർമിപ്പിച്ചു. കരാർ തൊഴിലാളികളും കിടപ്പാടമില്ലാത്തവരും തുച്ഛവരുമാനക്കാരുമായ വലിയ ജനക്കൂട്ടം. തൊഴിലും കൂലിയുമില്ലാതെ ഒരു ദിവസം പോലും കഴിഞ്ഞുകൂടാൻ നിവൃത്തിയില്ലാത്തവർ, 40 കോടിയോളമുണ്ട് ഇന്ത്യയിൽ എന്ന് കണക്കുകൾ പറയുന്നു. ഭക്ഷണവും മരുന്നും വില കൊടുത്തു വാങ്ങാൻ ശേഷയില്ലാത്ത ഇവർക്ക് സമ്പന്നരെയോ സമ്പന്ന- മധ്യവർഗങ്ങളെയോപോലെ ഒളിച്ചിരിക്കാൻ ഭദ്രമായ ഇടങ്ങളില്ല. കോടിക്കണക്കിനു മനുഷ്യർ ഇന്ത്യയിൽ പട്ടിണിയിലാകുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന (ഐഎൽഒ)  മുന്നറിയിപ്പ് നൽകി. ജനങ്ങൾ സാമൂഹിക അകലം പാലിച്ച് സുരക്ഷിതരായി കഴിയാൻ നിർദേശിക്കുമ്പോൾ ഇവരുടെ അതിജീവനത്തെക്കുറിച്ച് മോഡി സർക്കാർ നിശബ്ദമായി.

മുംബൈയിൽ രോഗം കണ്ടുതുടങ്ങിയ ഘട്ടത്തിൽ തങ്ങൾക്കുണ്ടായ അനുഭവം വിവരിച്ച് ഡോകടർമാരായ ഗോപീചന്ദർ, സുദർഷിണി സുബ്രഹ്മണ്യൻ, വിനോദ് കെ കൃഷ്ണ മൂർത്തി എന്നിവർ മാർച്ച് 15ന് എഴുതി: പനി, ചുമ, ശ്വാസകോശ തടസ്സം തുടങ്ങിയവയുമായെത്തിയ രോഗിക്ക് കോവിഡ് സംശയിച്ചപ്പോൾ, കൂടെവന്ന മകളോട് വീട്ടിൽ അകലം പാലിച്ച് കഴിയണമെന്ന് നിർദേശിച്ചു.  ഇതുകേട്ട് വിസ്മയത്തോടെയാണ് അവർ പ്രതികരിച്ചത്.  ഒറ്റമുറി വീട്ടിൽ നാലുപേരാണ് കഴിയുന്നത്. മൂന്ന് സ്ത്രീകൾ ഒരുമിച്ചാണ് കിടക്കുന്നത്. തൊട്ടപ്പുറത്ത് പുരുഷനും. തേളിൻ്റെയും പാമ്പിൻ്റെയും ശല്യമുള്ളതിനാൽ അവിടെ പുറത്തു കിടക്കാനുമാവില്ല. പിന്നീടുണ്ടായ സമാന അനുഭവങ്ങളും സാമൂഹിക അകലം പാലിച്ചു കഴിയുകയെന്നത് ഇന്ത്യപോലൊരു രാജ്യത്ത് എത്ര വലിയ ആർഭാടമാണെന്ന് ഓർമിപ്പിച്ചതായി അവർ പറയുന്നുണ്ട്.(പല്ലവി പുണ്ടിർ, 'വൈസ് ' മാർച്ച് ,18)

തീറെഴുതിയ പൊതുജനാരോഗ്യം


അടച്ചിടൽ പ്രഖ്യപിച്ചപ്പോൾ അരോഗ്യ മേഖലയ്ക്ക് 1500 കോടി രൂപയാണ് മോഡി സർക്കാർ പ്രഖ്യാപിച്ചത്‌. എന്നാൽ  അടിയന്തര സാഹചര്യം നേരിടാൻ ഈ തുക തികച്ചും അപര്യാപ്തമായിരുന്നെന്നാണ് ഇപ്പോഴും തുടരുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. ലാബുകൾ, പരിശോധന കിറ്റുകൾ, വെൻ്റിലേറ്റർ, വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) തുടങ്ങി മുഖാവരണത്തിനുവരെ കടുത്ത ക്ഷാമം നേരിടുന്ന സ്ഥിതി. ജനുവരി അവസാനത്തോടെ ലോകാരോഗ്യ സംഘടന കോവിഡിനെ മഹാമാരിയായി പ്രഖ്യാപിച്ചിരുന്നു. രണ്ടര മാസം പിന്നിട്ടപ്പോഴും ആരോഗ്യമേഖലയെ പ്രതിരോധ സജ്ജമാക്കാൻ കേന്ദ്ര സർക്കാരിനു കഴിഞ്ഞില്ല. മരണവും രോഗബാധിതരുടെ എണ്ണവും കവിയുന്നതിൽ ഈ വീഴ്ചകൾക്ക് വലിയപങ്കുണ്ട്. പരിശോധനാ ലാബുകളുടെ കുറവാണ് തുടക്കത്തിലേ വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. ഐസിഎംആറിനു കീഴിൽ ആകെ 72 ലാബുകളാണുണ്ടായിരുന്നത്. മറ്റ് സർക്കാർ ലാബുകൾ അറുപതിൽ താഴെയും. ഇവയിലെല്ലാംകൂടി ആവശ്യമായതിൻ്റെ 10 ശതമാനം പോലും പരിശോധനാ സൗകര്യമുണ്ടായിരുന്നില്ല. വിദേശത്തു നിന്നെത്തിയവരെയും നേരിട്ടു ബന്ധമുള്ളവരെയും മാത്രമാണ് ആദ്യഘട്ടത്തിൽ പരിശോധിച്ചത്. പിന്നീട് സ്വകാര്യ ലാബുകൾക്കു അനുമതി നൽകിയെങ്കിലും അപര്യാപ്ത തുടർന്നു. ആ വശ്യമുള്ള എല്ലാവരെയും പരിശോധിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഛത്തിസ്ഖഡ് അടക്കമുള്ള സംസ്ഥാനങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്തയച്ചു. വിദേശയാത്ര നടത്തിയില്ലെന്നതിനാൽ, ന്യൂമോണിയ ബാധിതനായി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന രോഗിയുടെ കോവിഡ് പരിശോധനയ്ക്ക് ലാബുകൾ തയ്യാറായില്ലെന്ന് മഹാരാഷ്ട്ര കസ്തൂർബ ആശുപത്രിയിലെ ഡോ. എസ് പി കലന്തി പരാതിപ്പെട്ടു. രാജ്യത്തെ വലിയ സംസ്ഥാനമായ യുപിയിൽ 10 ലക്ഷത്തിൽ ആറ് പേരെ പരിശോധിക്കാനേ ലാബ് സൗകര്യമുള്ളൂ. കർണാടകയിൽനിന്ന് ചികിത്സക്കായി ഹൈദരാബാദിൽ പോയി തിരിച്ചുവന്ന രോഗിയുടേതാണ് ഇന്ത്യയിലെ ആദ്യ കോവിഡ് മരണം.

നിരന്തരമായ പരിശോധന മാത്രമാണ് കോവിഡ് പ്രതിരോധത്തിൽ നിർണായകമെന്ന് ലോകാരോഗ്യ സംഘടന പറയുന്നുണ്ട്. എന്നാൽ ഇന്ത്യയിൽ നിയന്ത്രിത പരിശോധന മാത്രമാണ് നടക്കുന്നതെന്നും സംഘടനയുടെ ഡയരക്ടർ ജനറൽ ടെഡ്രോസ്സ് അദ്നം ഗബ്രിയേസസ് ചൂണ്ടിക്കാട്ടി. വ്യക്തിസുരക്ഷ ഉപകരണങ്ങളുടെ കുറവും രൂക്ഷമായി തുടരുന്നു. ചിലയിടങ്ങളിൽ ആരോഗ്യ ജീവനക്കാർ സുരക്ഷക്കായി മഴക്കോട്ടും പ്ലാസ്റ്റിക് ഉറകളും മറ്റും ഉപയോഗിക്കുന്നതിനെക്കുറിച്ച് വാർത്തകളുണ്ടായി. വെൻ്റിലേറ്ററുകളും ദ്രുതപരിശോധന സംവിധാനങ്ങളും ലഭ്യമാക്കു ന്നതിലുണ്ടായ കാലതാമസവും പ്രതിരോധ പ്രവർത്തനങ്ങളെ പിന്നോട്ടടിപ്പിച്ചു

ആരോഗ്യമെന്ന കമ്പോള ചരക്ക്


അരോഗ്യരംഗത്ത് അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിൽ രാജ്യം ദയനീയമായി പരാജയപ്പെട്ടതിൻ്റെ മറയില്ലാത്ത കാഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിയിൽ തെളിയുന്നത്. പ്രത്യേകിച്ച്, പൊതുജനാരോഗ്യ മേഖലയിൽ ദശകങ്ങളായി തുടരുന്ന പിന്നോട്ടടി മോഡി സർക്കാർ അധികാരത്തിലെത്തിയതോടെ നിലയില്ലാക്കയത്തിലെത്തി. പൊതുമേഖലയിൽ നിന്നുള്ള നിർണായക പിന്മാറ്റവും അതിവേഗ സ്വകാര്യവൽക്കരണവും കോടിക്കണക്കിനു മനുഷ്യരുടെ ചികിത്സാ സൗകര്യങ്ങളും ആരോഗ്യരക്ഷ ഉപാധികളും തട്ടിപ്പറിച്ചു. 2014 മുതൽ ഇത്തരം ജനവിരുദ്ധ നയങ്ങൾക്ക് വേഗം കൂടി. എംപ്ലോയീസ് പ്രോവിഡൻ്റ് ഫണ്ട് വഴി അഞ്ച് കോടി തൊഴിലാളികൾക്ക് ലഭിച്ചിരുന്ന ചികിത്സാ സഹായവും കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്രിതർക്കുമുള്ള സിജിഎച്ച്എസ് പദ്ധതിയും (1.2 കോടി ജീവനക്കാർ. പരിധിയിൽ) ഇൻഷൂറൻസ് ബന്ധിതമാക്കി മാറ്റി. പ്രധാനമന്ത്രി കൊട്ടിഘോഷിച്ച് നടപ്പാക്കിയ പരിപാടികളും  ഇൻഷുറൻസ് പദ്ധതികളായിരുന്നു. മോഡി സർക്കാർ ആരോഗ്യ ഇൻഷൂറൻസിന് നൽകുന്ന അമിത പ്രാധാന്യം, സർക്കാർ ഫണ്ടും രോഗികളുടെ പോക്കറ്റിലെ പണവും സ്വകാര്യ ആശുപത്രി മുതലാളിമാർക്ക് തട്ടിയെടുക്കാൻ സൗകര്യമൊരുക്കൽ മാത്രമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷയെ (യുനിവേഴ്സൽ ഹെൽത്ത് കെയർ)  സാർവത്രിക ആരോഗ്യ കവറേജ് എന്നാക്കുന്ന കോർപറേറ്റ് മാതൃകയാണ് മോഡി സർക്കാരും പ്രാവർത്തികമാക്കുന്നത്.

ലോകരാജ്യങ്ങളിൽ ആരോഗ്യമേഖലയിൽ ഏറ്റവും കുറഞ്ഞ വകയിരുത്തൽ ഇന്ത്യയിലാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ആഗോള മാനദണ്ഡമനുസരിച്ച് മൊത്തം ദേശീയ വരുമാനത്തിൻ്റെ അഞ്ച് ശതമാനം ആരോഗ്യരക്ഷയ്ക്ക് ചെലവിടണം. എന്നാൽ ഇന്ത്യയിൽ ഇത് ഇപ്പോഴും 1.13 (ഡബ്ളിയുഎച്ച്ഒ) ശതമാനം മാത്രം. പൊതുജനാരോഗ്യത്തോട് നവലിബറൽ നയങ്ങൾ പിന്തുടരുന്ന സർക്കാരുകൾ പുലർത്തുന്ന മനോഭാവം വ്യക്തമാക്കുന്നതാണ് വർഷങ്ങൾക്കു ശേഷവും തുടരുന്ന അക്ഷന്തവ്യമായ ഈ അവഗണന.

ലക്ഷ്യംകാണാത്ത ആരോഗ്യ നയം

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ദേശീയാരോഗ്യ നയം (നേഷണൽ ഹെൽത്ത് പോളിസി)1983ൽ പ്രഖ്യാപിച്ചു.  രണ്ടായിരാമാണ്ടോടെ സമഗ്ര ആരോഗ്യം കൈവരിക്കാൻ ഇതിൽ വിഭാവനം ചെയ്തെങ്കിലും വിഭവങ്ങൾ നീക്കിവെക്കാത്തതിനെ തുടർന്ന്  പരാജയപ്പെട്ടു. 2002ൽ പുതിയ നയം കൊണ്ടുവന്നു. ആരോഗ്യരംഗത്തെ ചെലവ് 2020 ഓടെ രണ്ട്  ശതമാനത്തിനു മുകളിലെത്തി ക്കണമെന്നായിരുന്നു ഇതിൽ നിർദേശം. എന്നാൽ 2012 വരെയും വകയിരുത്തൽ ഒരു ശതമാനമായി തന്നെ തുടർന്നു. 2015ൽ മോഡി സർക്കാർ കൊണ്ടുവന്ന കരട് നയം മന്ത്രിസഭ അംഗീകരിച്ചത് 2017ൽ. 2. 25 എന്ന ലക്ഷ്യം നേടാനുള്ള കാലാവധി 2025 ലേക്ക് നീട്ടിവെച്ചതാണ് ഇതിലുണ്ടായ ഏക പുരോഗതി. മാത്രമല്ല, ആരോഗ്യരംഗത്തെ സർക്കാർ മുൻകൈ പലതും സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള അജണ്ടകളും നയത്തിൽ ഒളിച്ചുവച്ചതായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനിടെ 2005 ൽ പ്രഖ്യാപിച്ച ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം  മേഖലയെ മുന്നു തലങ്ങളാക്കി, പ്രാഥമികാരോഗ്യത്തെ ശക്തിപ്പെടുത്താൻ വിഭാവനം ചെയ്തിരുന്നു. എന്നാൽ 90 കളുടെ തുടക്കം മുതൽ പടിപടിയായി ഉയർത്തിക്കൊണ്ടുവന്ന സ്വകാര്യവൽക്കരണ നയങ്ങൾ ആ ലക്ഷ്യത്തെയും തകിടം മറിച്ചു. ജനസംഖ്യാ വർധനയും പുതിയ പകർച്ചവ്യാധികൾ ഉയർത്തുന്ന വെല്ലുവിളികളും നേരിടാൻ ആരോഗ്യരംഗത്തെ സർക്കാർ ചെലവ് വർധിപ്പിക്കേണ്ടത് അത്യാവശ്യമാണ്‌. എന്നാൽ മോഡി സർക്കാരിൻ്റെ പുതിയ ബജറ്റിലും ഇതു 1.15 ശതമാനമാണ്. 69,000 കോടി രൂപ മാത്രം. ഇതിൽ 6,400 കോടി പ്രധാനമന്ത്രിയുടെ ജനപ്രിയ പദ്ധതികളായ ആയുഷ്മാൻ ഭാരത് യോജന, പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന എന്നിവയ്ക്കുള്ളതാണ്. അതേ സമയം പ്രതിരോധ മേഖലയ്ക്കുള്ള നീക്കിവെപ്പ് മുന്ന് ലക്ഷം കോടി രൂപയാണ്.

ആരോഗ്യരംഗത്തെ പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) എന്നത് ഇപ്പോൾ മൊത്തം ചെലവിൻ്റെ 70 ശതമാനവും സ്വകാര്യ മേഖല നിർവഹിക്കണം എന്നായി മാറിക്കഴിഞ്ഞു. പ്രാഥമികാരോഗ്യരക്ഷ, സാംക്രമികരോഗ ഗവേഷണം, കുറഞ്ഞ വിലയിൽ ഔഷധം, ജീവൻരക്ഷാ ഉപകരണങ്ങളുടെ നിർമാണം എന്നിയൊന്നും സ്വകാര്യ മേഖലയുടെ പരിഗണനാ വിഷയങ്ങളാവില്ലെന്നത് സ്വാഭാവികം. എന്നാൽ ഇവ ആരോഗ്യരംഗത്ത്  സർക്കാരിൻ്റെ മുൻഗണനാ വിഷയങ്ങളാകേണ്ടതുണ്ട്. പക്ഷേ, മോഡി സർക്കാർ ഈ ഉത്തരവാദിത്വത്തിൽ നിന്ന് പിൻമാറിയതോടെ ദരിദ്രരും ഇടത്തരക്കാരുമായ കോടി ക്കണക്കിനു മനുഷ്യർക്ക് ചികിത്സ അപ്രാപ്യ മാവുകയാണ്. ഗ്രാമീണ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ ഒഴിവ് 40 ശതമാനം  വർഷങ്ങളായി നികത്തിയിട്ടില്ല. പ്രസവാനന്തര മരണങ്ങളും  പോഷകാഹാരകുറവുമൂലവും മറ്റുമുള്ള ശിശുമരണങ്ങളും ഇന്ത്യയിൽ കൂടുതലാണെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.  ഡിസംബറിൽ പുറത്തുവന്ന യുഎൻഡിപി മാനവശേഷി വികസന സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 129 (189ൽ) ആണ്. ശ്രീലങ്കയ്ക്കും മാലിദ്വീപിനും താഴെ. ജനുവരിയിൽ പുറത്തുവന്ന ഓക്സ്ഫാം റിപ്പോർട്ടിൽ ലോകത്തിൽ  അസമത്വം അധിവേഗം വർധിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ മുന്നിലാണെന്ന് വെളിപ്പെടുത്തി. 2019 ൽ രാജ്യത്തിൻ്റെ സമ്പത്തിൽ 70 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം അതിസമ്പന്നരാണ് കൈയടക്കിയതെന്നും  ലോകത്തിലെ 28 ശതമാനം പട്ടിണിക്കാരും ഇന്ത്യയുടെ സംഭാവനയാണെന്നും റിപ്പോർട്ട് പറയുന്നു. ഈ സാഹചര്യത്തിലാണ് ഒരു ആഗോളമഹാമാരിയെ  അഭിമുഖീകരിക്കുകയെന്നത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാകുന്നത്. ആരോഗ്യ പ്രവർത്തകർ യുദ്ധമുഖത്താണെങ്കിൽ അവരെ അതിനു സജ്ജരാക്കുകയാണ് വേണ്ടത്. വായ്ത്താരികൊണ്ട് അവരുടെ ജീവൻ രക്ഷിക്കാനാവില്ല. എന്നാൽ ജനാരോഗ്യത്തെ കോർപറേറ്റ് കയറ്റിറക്കങ്ങൾക്ക് വിട്ടുകൊടുത്ത മോഡി സർക്കാർ യാഥാർത്ഥ്യത്തെ അംഗീകരിക്കാൻ വിസമ്മതിക്കുകയാണ്. ജനക്ഷേമത്തിനും പൊതുജനാരോഗ്യ രക്ഷയ്ക്കുമുള്ള പദ്ധതികളല്ല, വിപണിയുടെ ലാഭനഷ്ടങ്ങളാണ് സർക്കാരിന് ഇപ്പോഴും  പ്രധാനമെന്നാണ്  പൊള്ളയായ ആഹ്വാനങ്ങൾ തെളിയിക്കുന്നത്.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top