20 March Wednesday

അന്തപ്പായിയുടെ അന്തക്കരണങ്ങൾ

രാവുണ്ണിUpdated: Saturday Jul 14, 2018

 

രാവുണ്ണി

രാവുണ്ണി

ഇതിലും വലുതെന്തോ വരാനിരുന്നതാണ്. ഇത്രയല്ലേ പറ്റിയുള്ളൂ എന്നാശ്വസിക്ക്  മനുഷ്യാ എന്ന് പെമ്പ്രന്നോര് അന്നാമ്മ ആശ്വസിപ്പിക്കാൻ ശ്രമിച്ചിട്ടൊന്നും അന്തപ്പായി ഒതുങ്ങുന്നില്ല. വല്ലാത്തൊരു പരവേശം. ചുട്ടുനീറ്റം. ഇരിക്കപ്പൊറുതിയില്ലായ്മ. വല്ലാത്തൊരന്തക്കരണമായിപ്പോയി എന്നായിരുന്നു അന്നമ്മാ‐അന്തപ്പായി സന്തതികളുടെ ആദ്യപ്രതികരണം..

സംഭവമെന്താണ്? അന്തപ്പായി ഒരു ബാങ്ക് വായ്പയ്‌ക്ക‌് അപേക്ഷിച്ചു. ഓൺലൈനായി സമർപ്പിച്ച അപേക്ഷയ‌്ക്ക് ഓൺലൈനായിത്തന്നെ മറുപടി വന്നു. അന്തപ്പായിക്ക് ഭജനപ്പാർടിയിൽ അംഗത്വം അനുവദിച്ചിരിക്കുന്നു എന്നതായിരുന്നു  ആ ഞെട്ടിക്കുന്ന മറുപടി.  മാനഹാനിയും മനോവേദനയും കടുംനിരാശയും ഒന്നിച്ചുവന്നാൽ എന്താവും? ആ പഞ്ചാഗ്നിമധ്യത്തിലാണ് അന്തപ്പായി ഇപ്പോൾ.

നാലുനാൾ മുമ്പുവരെ മാനംമര്യാദയായി സ്വസ്ഥതയോടെ ജീവിച്ചുവരികയായിരുന്നു അന്തപ്പായി‐ അന്നാമ്മ ദമ്പതികൾ. നിനച്ചിരിക്കാതെ ഒരുസംഘമാളുകൾ വീട്ടിൽ വന്നു. ആരെയും മുഖപരിചയമില്ല. കാവിമുണ്ടും കാവിഷാളും. സിന്ദൂരപ്പൊട്ട്. മുപ്പത്താറിഞ്ച‌് നെഞ്ചളവുള്ളവരും 200 കിലോ തൂക്കമുള്ളവരും അടക്കം എല്ലാവരും ഘടാഘടിയന്മാർ. വന്നയുടനെ ചൊടിയോടെ വന്ദേമാതരം പാടി. വന്ദനം സഹോദരാ എന്നു പറഞ്ഞ് എല്ലാവരും അന്തപ്പായിയെ താണുതൊഴുതു. എന്നെത്തന്നെയാണോ എന്ന് അമ്പരന്ന് അന്തപ്പായി ചുറ്റും നോക്കി. മറ്റാരും അടുത്തില്ല. താൻതന്നെയാണീ കൂപ്പുകയ്യുടെ ലക്ഷ്യം എന്നുറപ്പിച്ചപ്പോൾ ഒന്നുകൂടി അമ്പരന്ന അന്തപ്പായിയുടെ കയ്യിലേക്ക്  സംഘം ഒരു നോട്ടീസ് നൽകി. പറക്കുംതളിക മന്ത്രിസഭയുടെ നാലാംവാർഷികം പ്രമാണിച്ചുള്ള ഭവനസന്ദർശനമാണ്. നോട്ടീസ് സ്വീകരിച്ചതിനു നന്ദി സഹോദരാ എന്നു പറഞ്ഞ് അറ്റൻഷനായി നിന്ന‌് ദേശീയഗാനം പാടി അവർ കൂട്ടത്തോടെ ഇറങ്ങിപ്പോയി.

  അന്ധാളിപ്പൊന്ന‌് ഒതുങ്ങിയപ്പോൾ അന്തപ്പായി നോട്ടീസെടുത്തൊന്ന‌് മറിച്ചുനോക്കി. പറക്കുംതളിക നായകനും ഓടുംതളിക, ചാടു തളിക, ഇരിക്കുംതളിക, ചിരിക്കുംതളിക, കോപിക്കുംതളിക എന്നിവർ ഉപനായികാനായകന്മാരുമായി ചേലൊത്ത‌് അണിനിരക്കുന്ന കാവിമന്ത്രിസഭയുടെ നാലാംവാർഷിക വിളംബരമാകുന്നു.  ചെയ്തികൾ ജഗപൊകാ എഴുതിനിറച്ചിരിക്കുന്നു. കർഷകരുടെ വരുമാനം ഇരട്ടിയാക്കാൻ പദ്ധതി എന്നത് അന്തപ്പായി ഉറക്കെ വായിച്ചപ്പോൾ വിവരമില്ലാത്ത അന്നാമ്മ കേറിയൊരു ചോദ്യം. വരുമാനം ഇരട്ടിയാക്കിയതിൽ മനംനൊന്താണോ കർഷകർ തുരുതുരാ ആത്മഹത്യ ചെയ്യുന്നതെന്ന്. ആനന്ദം സഹിക്കവയ്യാതാണോ കൃഷിക്കാർ ലോങ‌് മാർച്ച് നടത്തിയതെന്ന് അപ്പുറത്തെ കോവാലേട്ടൻ. രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞിടിഞ്ഞ് വിദേശത്തുനിന്ന് മോനയക്കുന്ന പണം ഇരട്ടിയായെന്ന് തെക്കേലെ ഈനാശു ഒന്നു ഞെളിഞ്ഞുനിന്നു. ഇതൊന്നും ശ്രദ്ധിക്കാതെ അന്തപ്പായി നോട്ടീസ് വായന തുടർന്നു. 1.69 ലക്ഷം കിലോമീറ്റർ ഗ്രാമീണറോഡുകൾ ഉണ്ടാക്കി എന്നു വായിച്ചപ്പോൾ തെരുവാധാരം ഉറപ്പായല്ലോ എന്ന് അന്നാമ്മ ഒരു തോണ്ടുതോണ്ടി. ചരിത്രത്തിലാദ്യമായി ഒരു പുതിയ പൗരുഷപ്രകടനത്തിനായി ഇന്ത്യ സർജിക്കൽ സ്ട്രൈക്കുകൾ നടത്തി എന്നതു കേട്ടപ്പോൾ കഠ‌്‌വ, ഉന്നാവ  എന്നൊക്കെയോർത്ത് അന്നാമ്മയ‌്ക്ക് കണ്ണുനിറഞ്ഞു. സ‌്ത്രീകൾക്ക‌് സുരക്ഷിതത്വമില്ലാത്ത നാടെന്ന നിലയിലെങ്കിലും ലോകത്തിലെ ഒരു ഒന്നാംസ്ഥാനം ഇന്ത്യക്കാണെന്നോർത്ത് വടക്കേലെ റപ്പായിപ്പോലീസ് പുളകമണിഞ്ഞു. പെട്രോളിന്റെ വിലയും തുമ്പയിലെ റോക്കറ്റും മത്സരിച്ചു കുതിച്ചുയരുന്നതിൽ ഏതു ദേശാഭിമാനമനമാണ് അഭിമാനപൂരിതമാകാതിരിക്കുക. 50 കോടി ഗ്രാമങ്ങളെ ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയത് വായിക്കുമ്പോഴേക്കും അന്നാമ്മയുടെ കാതിൽ ഗോരഖ്പുർ ആശുപത്രിയിലെ നൂറുകണക്കിനു കുട്ടികളുടെ മരണക്കരച്ചിൽ ഒഴുകിയെത്തി. 

നോട്ടീസ് വായിച്ചതിന്റെ ആവേശത്തിൽ പിറ്റേന്നു രാവിലെതന്നെ അന്തപ്പായി ബാങ്കിലെത്തി. കർഷകവായ്പ, മുദ്ര എന്നൊക്കെ മനസ്സിൽ ഉറപ്പിച്ചിരുന്നു. വായ്പാവിഭാഗത്തിൽ എത്തിയ അന്തപ്പായി കണ്ടത് ലോൺ എടുത്ത് കുടിശ്ശിക വരുത്തിയവരെ ചാടിക്കുന്ന ഓഫീസറെയാണ്. ഊഴം വന്നപ്പോൾ വായ്പ വേണം എന്നുപറയാനുള്ള ധൈര്യം അവശേഷിച്ചിരുന്നില്ല. ബാങ്കിൽനിന്നു പുറത്തിറങ്ങുമ്പോൾ ആധാരം പൊതിഞ്ഞ കടലാസിലേക്കൊന്ന‌് കണ്ണോടിച്ചു. വിജയ് മല്യ, നീരവ് മോഡി തുടങ്ങിയ മഹാന്മാരായ രാഷ്ട്രശിൽപ്പികളെക്കുറിച്ചുള്ള സചിത്ര ബഹുവർണ വാർത്തകളായിരുന്നു നിറയെ.

  ലോൺ വേണം എന്ന് നേരിട്ടുപറയാൻ സങ്കോചം തോന്നിയിട്ടാണ് അന്തപ്പായി ഓൺലൈനിൽ അപേക്ഷിച്ചത്. ദാ വന്നിരിക്കുന്നു ഭജനപ്പാർടി അംഗത്വം ഓൺലൈനിൽ. ഗ്യാസ്, ട്രെയിൻ ടിക്കറ്റ് തുടങ്ങിയവ ഓൺലൈനിൽ ബുക്ക് ചെയ്താലും പാർടി അംഗത്വം കിട്ടുമോ എന്നു പേടിച്ചിരിപ്പാണ് അന്നാമ്മയും മക്കളും. അന്തക്കരണമെന്നാൽ ഇതാണ്. കൂനിന്മേൽ കുരു. അത്യാപത്ത്. ഇരുട്ടടി.
സത്യം. വല്ലാത്തൊരന്തക്കരണമായിപ്പോയി.

പ്രധാന വാർത്തകൾ
 Top