26 January Sunday

രാജ്യം കശ്‌മീരികൾക്കും അവകാശപ്പെട്ടത്

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019

അഭിമുഖം

മുഹമ്മദ്‌ യൂസുഫ്‌ തരിഗാമി / എം പ്രശാന്ത്‌
 

ചാണക്യപുരിയിലെ ജമ്മു -കശ്‌മീർ ഹൗസിൽ കൂടിക്കാഴ്‌ചയ്‌ക്കായി എത്തുമ്പോൾ മുഹമ്മദ്‌ യൂസുഫ്‌ തരിഗാമിയെന്ന സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തികച്ചും ഉന്മേഷവാനായി കാണപ്പെട്ടു. എയിംസിലെ ചികിത്സ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്‌. ആരുമായും കൂടിക്കാഴ്‌ചയ്‌ക്ക്‌ പോലും അവസരമില്ലാതെ ഒരു മാസത്തിലേറെയായി വീട്ടുതടങ്കലിൽ കഴിഞ്ഞതിനാലാകാം കശ്‌മീരിനെക്കുറിച്ചും ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ചും സംസാരിക്കാൻ അദ്ദേഹം ഏറെ താൽപ്പര്യപ്പെട്ടു. സംസാരത്തിനിടെ തരിഗാമിയുടെ മൊബൈലിൽ ശ്രീനഗറിൽ നിന്ന്‌ ഒരു വിളിയെത്തി. പേരമകനാണ്‌. ഗുപ്‌കാർ റോഡിലെ തരിഗാമിയുടെ വസതിയിൽ നാൽപ്പത്‌ ദിവസത്തിനുശേഷം ലാൻഡ്‌ ഫോൺ പ്രവർത്തിച്ചുതുടങ്ങിയെന്ന സന്തോഷവാർത്തയാണ്‌ പേരമകൻ അറിയിച്ചത്‌. എന്നാൽ, മൊബൈലും നെറ്റുമൊക്കെ ഇപ്പോഴും വിച്‌ഛേദിക്കപ്പെട്ട നിലയിൽത്തന്നെ.

ആഗസ്‌ത്‌ അഞ്ചിന്‌ തികച്ചും അപ്രതീക്ഷിതമായാണ്‌ ജമ്മു-കശ്‌മീരിനുള്ള പ്രത്യേക പദവി കേന്ദ്രസർക്കാർ എടുത്തുകളഞ്ഞത്‌. താഴ്‌വരയിലെ ഒരു മുഖ്യധാരാ രാഷ്ട്രീയ നേതാവെന്നനിലയിൽ കേന്ദ്രം ഇത്തരത്തിലൊരു നീക്കം നടത്തുന്നതിന്റെ സൂചനകൾ ലഭിച്ചിരുന്നോ?

കേന്ദ്രസർക്കാർ ചില കടുത്ത നടപടികളിലേക്ക്‌ നീങ്ങുന്നുവെന്ന തോന്നൽ എനിക്കുണ്ടായിരുന്നു. ജൂലൈ–- ആഗസ്‌ത്‌ കാലയളവ്‌ അമർനാഥ്‌ യാത്രയുടെ ഘട്ടമാണ്‌. യാത്ര നല്ലരീതിയിൽ പുരോഗമിച്ചുവരികയായിരുന്നു. കശ്‌മീരികളുടെ നല്ല സഹകരണവും പിന്തുണയും യാത്രയ്‌ക്കുണ്ടായിരുന്നു. യാത്രാകാലയളവ്‌ അനന്ത്‌നാഗ്‌, പഹൽഗാം മേഖലകളിലെ ജനങ്ങൾക്ക്‌ നല്ല വരുമാനത്തിനുള്ള അവസരംകൂടിയാണ്‌. എന്നാൽ, പെട്ടെന്ന്‌ യാത്ര നിർത്തിവച്ചു. യാത്രികരോട്‌ വേഗത്തിൽ മടങ്ങാൻ അധികൃതർ നിർദേശിച്ചു. സുരക്ഷാഭീഷണിയുണ്ടെന്ന ന്യായമാണ്‌ കേന്ദ്രസർക്കാർ മുന്നോട്ടുവച്ചത്‌. വിനോദസഞ്ചാരികളോടും താഴ്‌വര വിടാൻ ആവശ്യപ്പെട്ടു. ഹോട്ടലുകൾ കാലിയായി. അമർനാഥിൽനിന്ന്‌ ഏറെ അകലെയായുള്ള ഗുൽമാർഗിൽനിന്നുപോലും വിനോദസഞ്ചാരികളെ ഒഴിപ്പിച്ചു. ഉത്തർപ്രദേശ്‌, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന്‌ കശ്‌മീരിൽ ഉപജീവനത്തിനെത്തിയ തൊഴിലാളികളെയും കേന്ദ്രസേന ആട്ടിപ്പായിച്ചു.

ഇതോടൊപ്പം രണ്ട് ഘട്ടങ്ങളിലായി 35,000 ത്തോളം സൈനികരെക്കൂടി താഴ്‌വരയിൽ എത്തിച്ചു. സൈനികരുടെ പതിവുള്ള ഡ്യൂട്ടിമാറ്റത്തിന്റെ ഭാഗമെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ, ഇതും കള്ളമായിരുന്നു. അസ്വാഭാവികവും ഗൗരവതരവുമായ ചില തീരുമാനങ്ങളിലേക്ക്‌ കേന്ദ്രം നീങ്ങുന്നുവെന്ന്‌ ബോധ്യപ്പെടുത്തിയ നടപടികളായിരുന്നു ഇത്‌.

താങ്കൾക്കുണ്ടായ ആശങ്ക മറ്റാരെങ്കിലുമായി പങ്കുവച്ചിരുന്നോ? രാഷ്ട്രീയതലത്തിൽ കൂടിയാലോചനകളുണ്ടായോ?

ഫാറൂഖ്‌ അബ്‌ദുള്ളയും ഒമർ അബ്‌ദുള്ളയുമടക്കം വിവിധ രാഷ്ട്രീയനേതാക്കളോട്‌ ഞാൻ ആശങ്ക പങ്കുവച്ചു. പ്രത്യേക പദവി എടുത്തുകളയാൻതന്നെയാണ്‌ നീക്കമെന്ന്‌ അവരോട്‌ പറഞ്ഞെങ്കിലും ഗൗരവത്തിലെടുത്തില്ല. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമെന്നായിരുന്നു അവരുടെ നിലപാട്‌. ഫാറൂഖും ഒമറും ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കാണുകയും ചെയ്‌തു. ഈ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷവും പ്രത്യേക പദവിയുടെ കാര്യത്തിൽ പ്രശ്‌നമൊന്നുമില്ലെന്ന നിലപാടിലായിരുന്നു അവർ. എന്നാൽ, സൈനികനീക്കം ശക്തിപ്പെട്ടതോടെ ആശങ്കയേറി. ആഗസ്‌ത്‌ നാലിന്‌ സർവകക്ഷിയോഗം ചേർന്നിരുന്നു. ഈ യോഗത്തിലും എന്റെ ആശങ്കകൾ പ്രകടമാക്കി. പ്രത്യേക പദവി എടുത്തുകളയരുതെന്ന്‌ ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി. എന്നാൽ, അടുത്തദിവസംതന്നെ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പാർലമെന്റിൽ നാടകീയപ്രഖ്യാപനം നടത്തി. കശ്‌മീരിലെ നേതാക്കളെല്ലാം പുറംലോകവുമായി ബന്ധം പോലുമില്ലാതെ തടങ്കലിലുമായി.


ആഗസ്‌ത്‌ അഞ്ചിന്‌ പുലർച്ചെ ദേശാഭിമാനി താങ്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. വീട്ടുതടങ്കലിനെക്കുറിച്ച്‌ അറിയില്ലെന്നാണ്‌ താങ്കൾ പറഞ്ഞത്‌. താങ്കളെ ബന്ധപ്പെടാൻ വീണ്ടും ശ്രമിച്ചെങ്കിലും ഫോൺ ലഭ്യമായിരുന്നില്ല. തടങ്കലിലാക്കപ്പെട്ടുവെന്ന്‌ എപ്പോഴാണ്‌ താങ്കൾ മനസ്സിലാക്കിയത്‌?

ദേശാഭിമാനിയുടെ ഫോൺ പുലർച്ചെ ഒന്നേകാലോടെയാണ്‌ വന്നത്‌. സർവകക്ഷിയോഗത്തെക്കുറിച്ചും മറ്റും സംസാരിച്ചു.  സുരക്ഷാഭടന്മാർ പുറത്തുണ്ടെന്നും തടവിലാണെന്ന അറിയിപ്പ്‌ ഇതേവരെ ലഭിച്ചിട്ടില്ലെന്നുമാണ്‌ ദേശാഭിമാനിയോട്‌ പറഞ്ഞത്‌. എന്റെ മൊബൈലിലേക്ക്‌ വന്ന അവസാന കോളായിരുന്നു അത്‌. പിന്നീട്‌ ഫോൺ നിലച്ചു. ലാൻഡ്‌ ഫോണും ഇന്റർനെറ്റുമെല്ലാം വിച്‌ഛേദിക്കപ്പെട്ടു. വീടിന്‌ പുറത്തുപോകാൻ അനുവാദമില്ലെന്ന്‌ രാവിലെ സുരക്ഷാഭടന്മാർ അറിയിച്ചു. എന്തെങ്കിലും ഉത്തരവുണ്ടോയെന്ന്‌ ചോദിച്ചപ്പോൾ മുകളിൽനിന്നുള്ള നിർദേശമെന്നായിരുന്നു മറുപടി. തടങ്കലിലാക്കപ്പെട്ടുവെന്ന്‌ ആ ഘട്ടത്തിലാണ്‌ ബോധ്യപ്പെട്ടത്‌.

ദേശാഭിമാനിയുടെ പ്രതിനിധിയെന്ന നിലയിൽ ഈദ്‌ ദിനത്തിൽ ഗുപ്‌കാർ റോഡിലെ താങ്കളുടെ വസതിക്ക്‌ മുന്നിലെത്തിയിരുന്നു. എന്നാൽ, അകത്തേക്ക്‌ പ്രവേശനമുണ്ടായില്ല. താങ്കൾക്ക്‌ കൈമാറാനായി ഒരു കുറിപ്പ്‌ സുരക്ഷാഭടന്മാർക്ക്‌ നൽകി. അത്‌ താങ്കൾക്ക്‌ ലഭിച്ചോ?

ഒരു കുറിപ്പും തന്റെ കൈവശമെത്തിയില്ല. പുറംലോകവുമായി ഒരു ബന്ധവുമില്ലാത്ത നിലയിലായിരുന്നു. ബന്ധുക്കൾക്കു പോലും അകത്തേക്ക്‌ പ്രവേശനമുണ്ടായിരുന്നില്ല. ആഗസ്‌ത്‌ അഞ്ചിനുശേഷം പുറമെനിന്നൊരാളെ താൻ കാണുന്നത്‌ സീതാറാം യെച്ചൂരി എത്തിയപ്പോഴാണ്‌. വലിയ ആശ്വാസമായിരുന്നു ആ സന്ദർശനം. ഇപ്പോൾ ഡൽഹിയിലേക്ക്‌ വരാനും സ്വാതന്ത്ര്യം അനുഭവിക്കാനും യെച്ചൂരിയുടെ ഇടപെടൽ സഹായകമായി. കശ്‌മീരിൽ സംഘർഷസാഹചര്യങ്ങളും കടുത്ത നിയന്ത്രണങ്ങളുമൊക്കെ മുമ്പ്‌ പലവട്ടവും അഭിമുഖീകരിച്ചിട്ടുണ്ട്‌. പക്ഷേ ഇങ്ങനെയൊരു അനുഭവം പ്രതീക്ഷിച്ചതേയില്ല. ഈവിധം സംഭവിക്കുമെന്ന്‌ കരുതിയതേയില്ല. ഫോണും നെറ്റുമൊന്നുമില്ലാത്ത അവസ്ഥ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്താണെങ്കിൽ എന്താകുമായിരുന്നു ജനങ്ങളുടെ പ്രതികരണം.

കഴിഞ്ഞ നാൽപ്പത്‌ ദിവസമായി കശ്‌മീർ നിശ്ചലാവസ്ഥയിലാണ്‌. ഇത്‌ എത്രനാൾ തുടരും?

പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടി കശ്‌മീരിനേറ്റ കനത്ത പ്രഹരമാണ്‌. കശ്‌മീരിന്റെ മതനിരപേക്ഷഘടനയ്‌ക്ക്‌ എതിരെയുള്ള ആക്രമണമാണ്‌. സ്വാഭാവികമായും ജനങ്ങൾ ആ നിലയിൽ പ്രതികരിക്കും. ഇപ്പോഴത്തെ നിശ്ചലാവസ്ഥ എത്രനാൾ തുടരുമെന്ന്‌ പറയാനാകില്ല. കേന്ദ്രം തീരുമാനം തിരുത്തുന്നതുവരെ കശ്‌മീരികൾ പൊരുതും. അക്കാര്യത്തിൽ സംശയം വേണ്ട. പ്രത്യേക പദവി എന്നത്‌ കശ്‌മീരിനെ ഇന്ത്യയുമായി ഇളക്കിച്ചേർത്ത കണ്ണിയാണ്‌. രാജ്യത്തിന്റെ സ്ഥാപകനേതാക്കൾതന്നെയാണ്‌ ഈയൊരു വിശേഷാൽ പദവി കശ്‌മീരിന്‌ നൽകിയത്‌.

സ്വാതന്ത്ര്യഘട്ടത്തിൽ പാകിസ്ഥാനിൽനിന്ന്‌ പത്താൻ സൈനികർ താഴ്‌വരയിലേക്ക്‌ കടന്നില്ലായിരുന്നെങ്കിൽ അന്നത്തെ രാജാവ്‌ ഹരിസിങ്‌ ഇന്ത്യയിൽ ചേരാൻ താൽപ്പര്യപ്പെടില്ലായിരുന്നു. ഹരിസിങ്ങിന്റെ ഏകാധിപത്യ ഭരണത്തിനെതിരെ പൊരുതിയ ഷേഖ്‌ അബ്‌ദുള്ളയടക്കമുള്ള താഴ്‌വരയിലെ മതനിരപേക്ഷ പുരോഗമനവാദികളാണ്‌ ഇന്ത്യയോടൊപ്പം കശ്‌മീർ ചേർന്നുനിൽക്കണമെന്ന്‌ താൽപ്പര്യപ്പെട്ടത്‌. ഇതിന്‌ വഴിയൊരുക്കിയത്‌ 370–-ാം വകുപ്പായിരുന്നു. സർദാർ പട്ടേൽ അടക്കമുള്ള നേതാക്കൾ അതിനോട്‌ യോജിച്ചു. കശ്‌മീരികളുടെ വിശ്വാസം നേടിയെടുക്കുന്നതിനായിരുന്നു പ്രത്യേക പദവി അനുവദിച്ചത്‌. ആ വിശ്വാസമാണ്‌ ഇപ്പോൾ അട്ടിമറിക്കപ്പെട്ടത്‌. ഇത്‌ ബിജെപിയുടെ അജൻഡയായിരിക്കാം. സംഘപരിവാറിന്റെ അജൻഡയായിരിക്കാം. എന്നാൽ, ഇതൊരിക്കലും രാജ്യത്തിന്റെ അജൻഡയല്ല. ദേശീയ അജൻഡയായി ഇതിനെ കാണാനാകില്ല. രാജ്യം കശ്‌മീരികൾക്ക്‌ കൂടി അവകാശപ്പെട്ടതാണ്‌. രാജ്യം ഇവിടത്തെ ഭരണഘടനയിൽ വിശ്വസിക്കുന്നവർക്കുകൂടി അവകാശപ്പെട്ടതാണ്‌.

ബിജെപി വലിയ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വന്നപ്പോൾത്തന്നെ 370–-ാം വകുപ്പ്‌ റദ്ദാക്കപ്പെടുമെന്ന്‌ കരുതിയതല്ലേ?

പ്രത്യേക പദവി എടുത്തുകളഞ്ഞുള്ള ബിൽ ആഭ്യന്തരമന്ത്രി അമിത്‌ ഷാ പാർലമെന്റിൽ അവതരിപ്പിച്ചത്‌ എല്ലാ കീഴ്‌വഴക്കങ്ങളും ലംഘിച്ചും പാർലമെന്ററി നടപടിക്രമങ്ങൾ അട്ടിമറിച്ചുമാണ്‌. രാഷ്ട്രപതിയുടെ ഉത്തരവിന്റെ പകർപ്പും ബില്ലിന്റെ പകർപ്പുമൊക്കെ അംഗങ്ങൾക്ക്‌ ലഭിക്കുന്നത്‌ സഭയിൽ അവതരിപ്പിക്കപ്പെട്ടതിന്‌ ശേഷമാണ്‌. തങ്ങൾ ശരിയായ കാര്യമല്ല ചെയ്യുന്നതെന്ന ബോധ്യം ബിജെപിക്കുമുണ്ട്‌. അതാണ്‌ അവർ വളഞ്ഞവഴിയിലൂടെ നീങ്ങിയത്‌. 370–-ാം വകുപ്പിനെതിരായ ഹർജി നേരത്തേതന്നെ സുപ്രീംകോടതിയുടെ മുമ്പിലുണ്ട്‌. സിപിഐ എമ്മിനായി ഞാനും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്‌. ആ ഹർജിയിൽ കോടതിയുടെ തീർപ്പെന്തെന്ന്‌ കാത്തിരിക്കാൻപോലും മോഡി സർക്കാർ തയ്യാറായില്ല. ഇതൊരു തുടക്കംമാത്രമാണ്‌. കശ്‌മീർ മാത്രമല്ല അവരുടെ ലക്ഷ്യം. മറ്റിടങ്ങളിലും സമാനമായ നടപടികൾ പ്രതീക്ഷിക്കാം.

2016ൽ സർവകക്ഷി സംഘത്തിനൊപ്പം ഞാൻ പ്രധാനമന്ത്രി മോഡിയെ കണ്ടിരുന്നു. താഴ്‌വരയിൽ സ്ഥിതിഗതികൾ മോശമായത്‌ താൻ വിശദീകരിച്ചു. എന്താണ്‌ പരിഹാരം എന്ന്‌ അദ്ദേഹം ആരാഞ്ഞു. രാജ്യം അവരുടേതുകൂടിയെന്ന്‌ കശ്‌മീരികളെ ബോധ്യപ്പെടുത്തണമെന്ന്‌ ഞാൻ പറഞ്ഞു. എല്ലാവരുമായും തുറന്ന ചർച്ചയ്‌ക്ക്‌ തയ്യാറാകണം. അവരുടെ വിശ്വാസം നേടിയെടുക്കണം. അത്‌ മാത്രമാണ്‌ മാർഗമെന്നും പറഞ്ഞു. എന്നാൽ, ബിജെപി സർക്കാർ ഇതിന്‌ വിരുദ്ധമായി നീങ്ങി. അതിന്റെ തിക്തഫലമാണ്‌ ഇപ്പോൾ അനുഭവിക്കുന്നത്‌. എന്തായാലും കശ്‌മീരികൾ പ്രതിസന്ധിയുടെ ഈ ഘട്ടത്തെ യോജിച്ചുനേരിടും. മതനിരപേക്ഷ ഇന്ത്യ ഒപ്പമുണ്ടെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്‌–- തരിഗാമി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top