13 July Monday
സഹകരണവായ്‌പ 1500 കോടി

കേരളം ആരോഗ്യസുരക്ഷാ കേന്ദ്രമാണെന്നതിൽ ഊന്നിയുള്ള അതിതീവ്ര പ്രചാരണത്തിലൂടെയായിരിക്കും നമ്മുടെ ഉയിർത്തെഴുന്നേൽപ്പ്‌ - അഭിമുഖം കടകംപള്ളി സുരേന്ദ്രൻ/ ജി രാജേഷ്‌കുമാർ

വെബ് ഡെസ്‌ക്‌Updated: Tuesday May 12, 2020

 

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രഖ്യാപിച്ച സുഭിക്ഷ കേരളം പദ്ധതിക്ക്‌ സഹകരണമേഖലയിൽനിന്ന്‌ 1500 കോടി രൂപയുടെ വായ്‌പ ലഭ്യമാക്കുമെന്ന്‌ സഹകരണ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. 25,000 ഹെക്ടർ തരിശുഭൂമിയിൽ കൃഷിയിറക്കുന്നതിന്‌ വായ്‌പ ലഭ്യമാക്കുന്നതിന്‌ ആവശ്യമായ തുക നബാർഡിൽനിന്ന്‌ കാർഷിക സഹകരണ സംഘങ്ങൾക്ക്‌ ലഭ്യമാക്കും. കോവിഡിൽനിന്ന്‌ പുനരുജ്ജീവിപ്പിക്കാൻ കേരളത്തെ മുന്നിൽനിന്ന്‌ നയിക്കുക സഹകരണ മേഖലയായിരിക്കും. ടൂറിസം മേഖലയെ കരകയറ്റാൻ ത്രിതലതന്ത്രം നടപ്പാക്കും. നാലു മാസത്തിനുള്ളിൽ ആഭ്യന്തര ടൂറിസത്തിന്റെ തിരിച്ചുവരവൊരുക്കും. വർഷാവസാനത്തോടെ വിദേശ വിനോദസഞ്ചാരികളുടെ മടങ്ങിവരവിന്‌ കളമൊരുക്കുമെന്നും ദേശാഭിമാനിക്ക്‌ അനുവദിച്ച അഭിമുഖത്തിൽ കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഒരുലക്ഷം പേർക്ക്‌ 15,000 രൂപ വായ്‌പ
ടൂറിസം മേഖലയിലെ അടച്ചുപൂട്ടലിൽപ്പെട്ട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്‌ പ്രത്യേക വായ്‌പാപദ്ധതി തുടങ്ങും. കേരള ബാങ്കുവഴി കുറഞ്ഞ പലിശയ്‌ക്ക്‌ 15,000 രൂപവീതം നൽകും. 12 മാസത്തിൽ തിരിച്ചടച്ചാൽ മതി. ഒരുലക്ഷം പേർക്ക്‌ സഹായകമാകും. റിസോർട്ടുകൾ, ഹോം സ്‌റ്റേകൾ, ഹോട്ടലുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ്‌ സഹായം. ചെറുകിട സംരംഭകർക്കും കച്ചവടക്കാർക്കും പ്രാഥമിക കാർഷികസംഘങ്ങൾവഴി ഒരു ലക്ഷം രൂപവരെ വായ്‌പ അനുവദിക്കും. യാത്രാ നിയന്ത്രണങ്ങളിലും ആരോഗ്യ ഉപദേശങ്ങളിലും ഇളവ്‌ വരുന്നതിനനുസരിച്ച്‌ പുനരുജ്ജീവന നടപടികൾക്കും തുടക്കമാകും. ആഭ്യന്തര വിനോദ സഞ്ചാര മേഖലയ്‌ക്കായിരിക്കും ആദ്യഘട്ടത്തിൽ ഊന്നൽ. വിനോദ സഞ്ചാരികളുടെ വരവ്‌ ഇരട്ടിയാക്കുക, ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 50 ശതമാനം അധിക വർധന ഉറപ്പാക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യം.

ആഘാതം കുതിപ്പിന്റെ ഘട്ടത്തിൽ
നിപായും പ്രളയവുമുൾപ്പെടെ ദുരന്തങ്ങൾ നിറഞ്ഞ മൂന്ന്‌ വർഷത്തിൽനിന്ന്‌ കരകയറുന്ന സമയത്താണ്‌ വീണ്ടും ആഘാതമെത്തിയത്‌. സംസ്ഥാന സർക്കാരും ടൂറിസം വ്യവസായവും ഒറ്റമനസ്സോടെ കൈകോർത്ത്‌ പ്രവർത്തിച്ചതിന്റെ ഭാഗമായി വലിയ കുതിപ്പിനാണ്‌ 2019 സാക്ഷ്യം വഹിച്ചത്‌. 1995നുശേഷമുള്ള വലിയ വളർച്ചയായിരുന്നു ഇത്‌. വിദേശ വിനോദ സഞ്ചാരികൾ എട്ടര ശതമാനവും ആഭ്യന്തര സഞ്ചാരികൾ 17 ശതമാനവും വർധിച്ചു. വിദേശനാണ്യ വരുമാനം 10,271 കോടി രൂപയിലെത്തി. മൊത്ത വരുമാനം 24 ശതമാനം വർധിച്ച്‌, 45,011 കോടിയിലെത്തി. കോവിഡിന്റെ ആദ്യ പ്രഹരമേറ്റത്‌ ടൂറിസത്തിനായിരുന്നു. മേഖലയിൽനിന്ന്‌ ഈ വർഷം പ്രതീക്ഷിച്ചത്‌ 45,000 കോടി വരുമാനം. കോവിഡ്‌മൂലമുള്ള നഷ്ടം 20,000 കോടിയായാണ്‌ പ്രാഥമിക വിലയിരുത്തൽ.


 

മറികടക്കും കൂട്ടായ്‌മയിലൂടെ
കേരളം ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നതിന്‌ ഉത്തരം ‘സഹകരണ’മാണെന്ന്‌ കടകംപള്ളി സുരേന്ദ്രൻ ചുണ്ടിക്കാട്ടുന്നു. അടച്ചൂപൂട്ടലിന്റെ കാലത്ത്‌ പ്രകടിപ്പിച്ച കൂട്ടായ്‌മയുടെ കരുത്ത്‌ ആയുധമാക്കിത്തന്നെ സഹകരണമേഖല കേരള സമ്പദ്‌ഘടനയുടെ ഉയിർത്തെഴുന്നേൽപ്പിനും ആയുധമാകും. തരിശുരഹിതകേരളം ഉറപ്പാക്കുന്നതിൽ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളും സഹകരണ ബാങ്കുകളുമായിരിക്കും മുന്നിൽനിന്ന്‌ പ്രവർത്തിക്കുക. ഇതിനായി വായ്‌പ ഉറപ്പാക്കുന്നതിന്‌ 1500 കോടി രൂപ നബാർഡിൽനിന്ന്‌ ലഭ്യമാക്കും. സംഘങ്ങൾ സ്വന്തം നിലയിലും അംഗങ്ങളുടെ സാശ്രയ കൂട്ടങ്ങൾ വഴിയും കൃഷി നടത്തും. കാർഷിക ഉൽപ്പന്നങ്ങളുടെ സംഭരണവും സംസ്‌കരണവും നടത്തുന്ന വ്യവസായങ്ങൾക്ക്‌ തുടക്കമിടും. സഹകരണമേഖലയിലെ ഉൽപ്പന്നങ്ങൾ ഒറ്റ ബ്രാൻഡാക്കി വിപണി കൂട്ടായ്‌മയൊരുക്കും. ഓൺലൈൻ വിൽപ്പനയ്‌ക്ക്‌ ഡിജിറ്റൽ പ്ലാറ്റ്‌ഫോം രൂപീകരിക്കും. മത്സ്യഫെഡുമായി സഹകരിച്ച്‌ സ്‌റ്റാളുകളുടെ ശൃംഖല ആരംഭിക്കും.

അടച്ചുപൂട്ടലിൽ ആശ്വാസമായി
അടച്ചുപൂട്ടലിൽ സഹകരണമേഖല ജനങ്ങൾക്ക്‌ വലിയ സഹായമാണ്‌ ഉറപ്പാക്കുന്നത്‌. നിബന്ധനകൾക്കുള്ളിൽനിന്ന്‌ ബാങ്കിങ്‌, ഇതര പ്രവർത്തനങ്ങൾ സഹകരണ ബാങ്കുകളും സംഘങ്ങളും ഏറ്റെടുത്തു. വീട്ടുപടിക്കലേക്കും ബാങ്കിങ്‌ സേവനം എത്തിച്ചു. സമൂഹ അടുക്കളകൾക്ക്‌ സഹായം, ഭക്ഷ്യ കിറ്റ്‌, മരുന്നുവിതരണം, ആരോഗ്യപ്രവർത്തകർക്ക്‌ സുരക്ഷാ സാമഗ്രികളും ഉപകരണങ്ങളും തുടങ്ങിയവ വിതരണം ചെയ്യുന്നു. കൺസ്യൂമർഫെഡിന്റെ ഇടപെടലും പ്രശംസനീയമാണ്‌.

വായ്‌പാഹസ്‌തം പദ്ധതി
കുടുംബശ്രീ മുഖാന്തരം നടപ്പാക്കുന്ന മുഖ്യമന്ത്രിയുടെ സഹായഹസ്‌തം പലിശ വായ്‌പാ പദ്ധതിക്ക്‌ വലിയ പിന്തുണ സഹകരണ സംഘങ്ങളിൽനിന്നാണ്‌. മടങ്ങിവരുന്ന പ്രവാസികൾക്ക്‌ മൂന്നുശതമാനം പലിശയ്‌ക്ക്‌ കേരള ബാങ്ക്‌ സ്വർണപ്പണയ വായ്‌പ നൽകുന്നു. പ്രാദേശിക ആവശ്യങ്ങൾ പരിഗണിച്ച്‌ പലിശരഹിത വായ്‌പ ഉൾപ്പെടെ ലഭ്യമാക്കുന്നു.

 

ടൂറിസം മേഖലയെ തിരിച്ചുപിടിക്കും
കോവിഡി ലെ തിരിച്ചടിയിൽനിന്ന്‌ കരകയറാൻ വിനോദ സഞ്ചാരമേഖലയ്‌ക്കായി ത്രിതല തന്ത്രമാണ്‌ പരിഗണിക്കുന്നത്‌. ഹ്രസ്വകാലത്തെ അതിജീവനവും മധ്യകാല പുനരുജ്ജീവനവും ദീർഘകാല ലക്ഷ്യങ്ങളുമാണ്‌ മുന്നോട്ടുവയ്‌ക്കുക. ഹ്രസ്വകാല പദ്ധതി ലക്ഷ്യത്തിന്‌ ഒരുവർഷ കാലാവധിയായിരിക്കും. വ്യവസായ സ്ഥാപനങ്ങൾക്ക്‌ പ്രവർത്തന മൂലധനത്തിന്‌ ബാങ്കുകളുടെ സഹകരണം വേണം. ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും കൺസോർഷ്യം രൂപീകരണത്തിന്‌ കേരള ബാങ്കും സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതിയും ഒത്തുചേരും. പലിശ സബ്‌സിഡിയിൽ 25 ലക്ഷം രൂപവരെ വായ്‌പ ലഭ്യമാക്കാനാകും. സംരംഭകരെ ബിസിനസിൽ ഉറപ്പിച്ചുനിർത്താനും തൊഴിൽ സംരക്ഷണത്തിനും സഹായിക്കും.

കേരളം സുരക്ഷിതമെന്ന ബ്രാൻഡ്‌
കേരളം ആരോഗ്യസുരക്ഷാ കേന്ദ്രമാണെന്നതിൽ ഊന്നിയുള്ള അതിതീവ്ര പ്രചാരണത്തിലൂടെയായിരിക്കും നമ്മുടെ ഉയിർത്തെഴുന്നേൽപ്പ്‌. കോവിഡ്‌ എല്ലാം അടച്ചുപൂട്ടിക്കുമ്പോൾ എണ്ണായിരത്തിൽപ്പരം വിദേശ വിനോദ സഞ്ചാരികൾ കേരളത്തിലുണ്ടായിരുന്നു. ഇവർ കേരളത്തിന്റെ വക്താക്കളാകുമെന്നാണ്‌ പ്രതീക്ഷ. ഇംഗ്ലണ്ട്‌, ഫ്രാൻസ്‌, ജർമനി, ഇറ്റലി, സ്‌പെയിൻ, യുഎസ്‌ തുടങ്ങീ സഞ്ചാരികൾ കേരളത്തിലെത്തേണ്ട എല്ലാ രാജ്യങ്ങളും കോവിഡ്‌ ബാധയിലാണ്‌.

 

 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top