21 January Thursday

ഒറ്റപ്പെടുത്താൻ നോക്കി കൂടുതൽ ജനകീയമായി- ഐഷി ഘോഷ് അഭിമുഖം

പി ആർ ചന്തുകിരൺUpdated: Tuesday Jan 14, 2020

പൊതുവിദ്യാഭ്യാസ സംരക്ഷണമെന്ന ആശയത്തിനുവേണ്ടിയുള്ള സമരത്തിൽനിന്ന്‌ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നാണ്‌ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ ഐഷിഘോഷ്‌ വ്യക്തമാക്കുന്നത്‌. ജെഎൻയുവിന്റെ ചരിത്രത്തിൽ മുമ്പുണ്ടായിട്ടില്ലാത്തവിധത്തിലുള്ള ആക്രമണമാണ്‌ മുഖംമൂടിയണിഞ്ഞ സംഘപരിവാർ അക്രമികൾ നടത്തിയത്‌. ഇരുമ്പുവടികൊണ്ടുള്ള ആക്രമണത്തിൽപൊട്ടിയ തലയിൽ 16 തുന്നലുകളും ഒടിഞ്ഞ കൈയുമായി ഐഷിഘോഷ്‌ സമരത്തിന്റെ മുന്നണിയിൽത്തന്നെയുണ്ട്‌. ശരീരത്തെ മുറിവേൽപ്പിച്ച അക്രമികൾക്ക്‌ മനസ്സിനെ ഒന്നു പോറലേൽപ്പിക്കാൻപോലും ആയിട്ടില്ല. വരും തലമുറകൾക്കുവേണ്ടിയും രാജ്യത്തിന്റെ നിലനിൽപ്പിനുവേണ്ടിയുമുള്ള പോരാട്ടം തുടരുകതന്നെ ചെയ്യും. ആക്രമണത്തിന്‌ ഇരയായവരെ ഡൽഹി പൊലീസ്‌ പ്രതിയാക്കുമ്പോൾ നേരിടാൻ തെല്ലും ഭയമില്ലെന്ന്‌ നിലപാട്‌ വ്യക്തമാക്കി സ്‌കൂൾ ഓഫ്‌ ഇന്റർനാഷണൽ സ്‌റ്റഡീസിൽ എംഫിൽ വിദ്യാർഥിയായ ഐഷിഘോഷ്‌ ‘ദേശാഭിമാനി’യോട്‌ സംസാരിക്കുന്നു.


 

ജെഎൻയുവിൽ ചോരവീണ ജനുവരി 5
ക്യാമ്പസിലെ സബർമതി ടി പോയിന്റിൽ ജെഎൻയു അധ്യാപക അസോസിയേഷന്റെ പ്രതിഷേധപരിപാടിയിലായിരുന്നു ഞങ്ങൾ. ഇരുമ്പുവടികളടക്കമുള്ള ആയുധങ്ങളുമായി ഒരുസംഘം പാഞ്ഞുവന്നു. ക്യാമ്പസിൽ മുമ്പ്‌ നേരിട്ടിട്ടില്ലാത്ത ആ സാഹചര്യം ഭയപ്പെടുത്തുന്നതായിരുന്നു. വിദ്യാർഥികളോട്‌ ചകിതരാകരുതെന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു. അക്രമികൾ കല്ലേറുതുടങ്ങിയതോടെ വിദ്യാർഥികളും അധ്യാപകരും പലവഴി ചിതറി ഓടി. ഞാനും ഒപ്പമുണ്ടായിരുന്ന നിഖിലും ഒരു കാറിന്റെ പിന്നിൽ അഭയംതേടി. പിന്നാലെയെത്തിയ അക്രമികൾ ഇരുമ്പുവടികൊണ്ട്‌ തലയ്‌ക്കടിച്ചു. പറഞ്ഞറിയിക്കാൻകഴിയാത്ത നിമിഷങ്ങളാണ്‌ കടന്നുപോയത്‌. തലപൊട്ടി ചോര ഒലിച്ചു. അടികൊണ്ടുവീണ എന്നെ മറ്റുവിദ്യാർഥികൾ തിരിച്ചറിഞ്ഞശേഷമാണ്‌ വെള്ളം തരുകയും ആംബുലൻസ്‌ വിളിക്കുകയും ചെയ്‌തത്‌. എന്നെ ആശുപത്രിയിലേക്കുകൊണ്ടുപോയ ആംബുലൻസ്‌ പ്രധാനകവാടത്തിൽ അക്രമികൾ തടഞ്ഞു. കൂടുതൽദൂരം താണ്ടി മറ്റൊരുവഴിയിലൂടെയാണ്‌ എയിംസിൽ എത്തിയത്‌.

ഇരകൾ പ്രതികളാകുന്നു
സർവകലാശാലയുടെ പരാതികളിൽ എനിക്കെതിരെ രണ്ട്‌ കേസുകൾ രജിസ്‌റ്റർ ചെയ്‌ത സമയം നിർണായകമാണ്‌. യഥാർഥ സംഭവമാണ്‌ ആധാരമെങ്കിൽ കേസുകൾ രണ്ടുദിവസം മുമ്പുതന്നെ രജിസ്റ്റർ ചെയ്യുമായിരുന്നു. ഞായറാഴ്‌ച ഞാൻ ആക്രമിക്കപ്പെട്ടതിനുപിന്നാലെ പഴയ പരാതിയിൽ കേസെടുത്തത്‌ ദുരുദ്ദേശ്യം വ്യക്തമാക്കുന്നുണ്ട്‌. സെർവർ റൂം തകർത്തു, സുരക്ഷാജീവനക്കാരെ ആക്രമിച്ചു എന്നപേരിൽ വ്യാജ കേസുകളാണ്‌ എടുത്തത്‌. ആ സമയത്ത്‌ എന്റെ സ്ഥിതിയെക്കുറിച്ച്‌ വാട്‌സാപ്പിൽ ചർച്ച നടക്കുന്നുണ്ടായിരുന്നു. ഗുരുതരമായ പരിക്കുണ്ടെന്നും ഞാൻ മരിക്കുമെന്നുമായിരുന്നത്‌. ആക്രമണം എന്നെ ലക്ഷ്യവച്ചുള്ളതായിരുന്നെന്ന്‌ വ്യക്തമാക്കുന്ന വിവരങ്ങളാണത്‌. എന്റെ പരാതിയിൽ ആരുടെയും പേര്‌ പരാമർശിച്ചിട്ടില്ല. മുഖംമൂടി ധരിച്ച ഗുണ്ടകളാണ്‌ എന്നെ ആക്രമിച്ചത്‌. പ്രധാനകവാടത്തിൽ എത്തിയപ്പോൾ തിരിച്ചറിയാവുന്ന ഒരു എബിവിപി പ്രവർത്തകൻ ‘ഇന്നലെ നിന്നെ ഒഴിവാക്കിയതാണെന്നും, ഇന്ന്‌ സംഭവിച്ചത്‌ കരുതിക്കൂട്ടിയാണെന്നും’ എന്നോടു പറഞ്ഞു. ആരാണ്‌ ആക്രമണം നടത്തിയതെന്ന്‌ ഇപ്പോൾ വെളിപ്പെട്ടുകഴിഞ്ഞു. എബിവിപി–-ആർഎസ്‌എസ്‌ സംഘത്തിന്റെ ആസൂത്രണമടക്കം പുറത്തായി.

വൈസ്‌ ചാൻസലർ അക്രമികളെ സംരക്ഷിക്കുന്നു
അകത്തുനിന്നുള്ളവരുടെ സഹായമില്ലാതെ പുറത്തുനിന്നുള്ളവർക്ക്‌ ക്യാമ്പസിൽ കടക്കാനാകില്ല. ആക്രമണമുണ്ടായി ഇത്രദിവസം കഴിഞ്ഞിട്ടും പ്രധാനകവാടത്തിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിടാൻ വൈസ്‌ ചാൻസലർ എം ജഗദേഷ്‌ കുമാർ തയ്യാറാകുന്നില്ല. ആക്രമണം നടക്കുമ്പോൾ പൊലീസിനോട്‌ ക്യാമ്പസിനുപുറത്ത്‌ നിൽക്കാനാണ്‌ വിസി ആവശ്യപ്പെട്ടത്‌. ആരെയാണ്‌ വിസി ഭയക്കുന്നത്‌. പൊലീസിൽ പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. സിസിടിവി സെർവറുകൾ പ്രധാനകവാടത്തിലാണുള്ളത്‌. അവയ്‌ക്ക്‌ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്തടിസ്ഥാനത്തിലാണ്‌ സെർവർ തകരാറിലായെന്നും ദൃശ്യങ്ങൾ ലഭ്യമല്ലെന്നും പറയുന്നത്‌. തെളിവുകൾ മനഃപൂർവം മൂടിവയ്‌ക്കുകയാണ്‌. അങ്ങനെയുള്ള ഒരു സർവകലാശാലാ അധികൃതരിൽനിന്ന്‌ എന്തുതരം നീതിയാണ്‌ പ്രതീക്ഷിക്കാനാകുക.

വിദ്യാർഥിവിരുദ്ധ നയങ്ങൾ തുടരുകമാത്രമല്ല, ഭരണനിർവഹണം കാര്യക്ഷമമായി നടപ്പാക്കാൻ പ്രാപ്‌തനുമല്ല വിസി. അതിനാലാണ്‌ വിസിയെ പുറത്താക്കണമെന്ന്‌ കേന്ദ്രമാനവവിഭവശേഷി വികസന മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടത്‌.


 

ഐഷിഘോഷിനെ അക്രമികൾക്കൊപ്പം ‘തിരിച്ചറിഞ്ഞ്‌’ ഡൽഹി പൊലീസ്‌
ഞാൻ ആക്രമണം നടത്തുന്നതിന്റെയോ ഇരുമ്പുവടിയോ കമ്പോ കൈയിലുള്ളതോ ആയ ഒരു ദൃശ്യം പുറത്തുവിടാൻ വെല്ലുവിളിക്കുകയാണ്‌. -ഒരിക്കലും മുഖംമൂടി ധരിക്കുകയോ ആക്രമണം നടത്തുകയോ ചെയ്‌തിട്ടില്ല. വിദ്യാർഥി യൂണിയൻ പ്രസിഡന്റ്‌ എന്ന അവകാശവും ഉത്തരവാദിത്തവും പ്രകാരമാണ്‌ സംഭവസ്ഥലത്തേക്ക്‌ എത്തിയത്‌. ആ ചിത്രങ്ങൾ ഉപയോഗിച്ചാണ്‌ ഇത്തരമൊരു പ്രചാരണം നടത്തുന്നത്‌. ആക്രമിക്കപ്പെടുന്നത്‌ ആരുതന്നെ ആയാലും തന്റെ നിലപാട്‌ ഇതുതന്നെയാകും. ജെഎൻയുവിന്റെ പ്രബുദ്ധമായ സംസ്‌കാരത്തിന്‌ വിരുദ്ധമായതൊന്നും ഉണ്ടാകരുതെന്നാണ്‌ വിദ്യാർഥി യൂണിയന്റെ പ്രഖ്യാപിത നിലപാട്‌.

ജെഎൻയു എന്ന ആശയത്തെ തകർക്കാനുള്ള ശ്രമം
സാമൂഹ്യമായും സാമ്പത്തികമായും പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർഥികൾക്ക്‌ ഉന്നത വിദ്യാഭ്യാസം എന്ന ആശയമാണ്‌ ജെഎൻയുവിന്റെ രൂപീകരണത്തിനുപിന്നിൽ. ഇന്ന്‌ ജെഎൻയു ചിന്തിക്കുന്നത്‌ നാളെ ഇന്ത്യ ചിന്തിക്കുന്നു എന്നാണ്‌ പറയാറുള്ളത്‌. ഇന്ത്യ എങ്ങനെയാകണമെന്നതിനുള്ള മാതൃകയായാണ്‌ ജെഎൻയു ഉണ്ടായത്‌. ജനുവരി അഞ്ചിന്‌ ക്യാമ്പസിലുണ്ടായ കലാപ സമാനമായ സാഹചര്യം രാജ്യത്ത്‌ ഉണ്ടാകണമെന്ന്‌ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.

പിന്നോക്കാവസ്ഥയിലുള്ളവരെ ഉൾക്കൊള്ളുന്ന ജെഎൻയുവിന്റെ പ്രവേശനനയം അട്ടിമറിക്കപ്പെട്ടു. വരുംനാളുകളിൽ ഒരു മികച്ച കലാലയമായി ജെഎൻയു ബാക്കിയുണ്ടാകില്ല. എത്ര പെൺകുട്ടികൾക്ക്‌ പഠിക്കാൻ അവസരം ലഭിക്കുമെന്നറിയില്ല. 1980തുകളിൽ വിദ്യാർഥി യൂണിയന്‌ വനിതാ അധ്യക്ഷയുണ്ടായ ക്യാമ്പസാണിത്‌. 2020ലും വിദ്യർഥിയൂണിയൻ തലപ്പത്ത്‌ പെൺകുട്ടികളെ ചിന്തിക്കാനാകാത്ത സാഹചര്യമാണ്‌ പലയിടത്തുമുള്ളത്‌. ജെഎൻയുവിൽ അക്കാദമിക്‌ പ്രവർത്തനങ്ങളിലും രാഷ്‌ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലും പെൺകുട്ടികൾ മുന്നണിയിലുണ്ട്‌. എല്ലാ ആശയങ്ങൾ പിൻപറ്റുന്നവരിലും പെൺകുട്ടികൾ സജീവമായുണ്ട്‌.


 

നരേന്ദ്രമോഡി സർക്കാർ അികാരത്തിലെത്തിയശേഷം ജെഎൻയുവിനെ തകർക്കാൻ തുടങ്ങിയ നീക്കങ്ങളാണ്‌ തുടരുന്നത്‌. ഫീസ്‌ വർധന നിലവിൽവന്നാൽ ജെഎൻയുവിന്റെ നിലവിലുള്ള ഘടന തകരും. മതത്തിന്റെയും സാമൂഹിക, സാമ്പത്തിക, ഭൂമിശാസ്‌ത്ര പശ്‌ചാത്തലവും കാരണം പിന്നോക്കാവസ്ഥയിലുള്ളവർക്കുള്ള മുൻഗണന ഇല്ലാതാകും. ഫീസ്‌വർധന പല കുടുംബങ്ങളും പെൺകുട്ടികളുടെ പഠനം അവസാനിപ്പിക്കും. നിലവിൽ 5000 രൂപ ഫെലോഷിപ്‌ എനിക്ക്‌ ലഭിക്കുന്നുണ്ട്‌. കുടുംബം വിദ്യാഭ്യാസം നിഷേധിച്ചാലും പഠിക്കാൻ ഇത്‌ അവസരമൊരുക്കും. ഫീസ്‌ വർധനയുണ്ടായാൽ നിലനിൽപ്പ്‌ അപകടത്തിലാകും. 40 ശതമാനത്തോളംവരുന്ന വിദ്യാർഥികൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുള്ളവരാണ്‌.

ഹോസ്‌റ്റൽസ്ഥിതി പരിതാപകരം
ഫീസ്‌ വർധിപ്പിക്കുമ്പോഴും ഹോസ്‌റ്റലുകളുടെ നില പരിതാപകരമാണ്‌. എസ്‌റ്റാബ്ലിഷ്‌മെന്റ്‌ ഫീസ്‌ വർധന കഴിഞ്ഞ രണ്ടുവർഷവും നടപ്പാക്കിയെങ്കിലും സാഹചര്യത്തിൽ ഒരു മാറ്റവും വന്നില്ല. യുജിസിയിൽനിന്ന്‌ ലഭിക്കുന്ന ഫണ്ട്‌ വിദ്യാർഥികൾക്കായി ചെലവഴിക്കുന്നില്ല. അക്കാദമിക്‌ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നില്ല. ലൈബ്രറിക്കുള്ള ഫണ്ട്‌ വൻതോതിൽ വെട്ടിക്കുറച്ചു. വിസിയുടെ കെട്ടിടം മോടിപിടിപ്പിക്കാനും മറ്റുമാണ്‌ പണം ഉപയോഗിക്കുന്നത്‌. ജെഎൻയുവിൽ മുമ്പുണ്ടായിരുന്ന മികച്ച പ്രവേശനപരീക്ഷാ സംവിധാനം മൂന്നുകോടിയോളം ചെലവുവരുന്നതായിരുന്നു. പുതുക്കിയ സംവിധാനത്തിന്‌ 12 കോടിരൂപയാണ്‌ ചെലവ്‌. ഓൺലൈൻ വഴിയുള്ള പ്രവേശനരീതി വിദ്യാർഥികളുടെ നിർദിഷ്ടവിഷയത്തിലുള്ള ഗ്രാഹ്യം പൂർണമായി മനസ്സിലാക്കാൻ ഉതകുന്നതുമല്ല.

സുരക്ഷാസംവിധാനത്തിനായുള്ള ചെലവ്‌ ഏഴുകോടി രൂപയിൽനിന്ന്‌ 20 കോടിയാക്കി. സുരക്ഷാജീവനക്കാരുടെ എണ്ണം 470ൽനിന്ന്‌ 180ലേക്ക്‌ കുറഞ്ഞു. സിസിടിവി ക്യാമറകൾ വച്ചു. അവർ ഒരുക്കുന്ന സുരക്ഷ എത്രശക്തമാണെന്ന്‌ ജനുവരി അഞ്ചിനുണ്ടായ സംഭവം വ്യക്തമാക്കുന്നു. സിസിടിവിക്ക്‌ സുരക്ഷ നൽകാനാകില്ല. സർവകലാശാലാ അധികൃതരുടെ നിലപാടുകളാണ്‌ സുരക്ഷ ഉറപ്പാക്കുന്നത്.എങ്ങനെയും ഇല്ലാതാക്കാൻ സംഘപരിവാർ ആഗ്രഹിക്കുന്ന ആശയമാണ്‌ ജെഎൻയു. പ്രമുഖരായ നിരവധിപേർ ജെഎൻയുവിന്‌ പിന്തുണയുമായെത്തി. 75 ദിവസത്തിലധികമായി സമരം നടത്തുന്ന വിദ്യാർഥികൾക്ക്‌ സമൂഹത്തിന്റെ നാനാതുറയിൽനിന്നും പിന്തുണ ലഭിച്ചു. ക്യാമ്പസിൽ ഏകപക്ഷീയമായി പരിഷ്‌കാരങ്ങൾ കൊണ്ടുവന്ന ഐഎച്ച്‌എ യോഗത്തിന്റെ തീരുമാനത്തിനെതിരെ തുടങ്ങിയ സമരം രാജ്യവ്യാപക പ്രക്ഷോഭമായി മാറുമെന്ന്‌ കരുതിയതല്ല.

ജെഎൻയുമാത്രമല്ല, ജാമിയ മിലിയ, അലിഗഢ്‌ മുസ്ലിം സർവകലാശാല തുടങ്ങിയവരെല്ലാം പോരാടുകയാണ്‌. ജെഎൻയു നേരിട്ടതിനേക്കാൾ വലിയ ക്രൂരതയാണ്‌ ജാമിയയിലും അലിഗഢിലും ഉണ്ടായത്‌. ഇസ്ലാം വിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായ ആക്രമണവും ഈ രണ്ട്‌ സർവകലാശാലകളും നേരിടുന്നുണ്ട്‌. പ്രമുഖ വ്യക്തിത്വങ്ങളും ജനങ്ങളും ഇതിനെതിരെ ശബ്ദമുയർത്താൻ തയ്യാറാകണം.


 

പിന്തുണ നൽകിയ ദീപിക പദുക്കോൺ വേട്ടയാടപ്പെടുന്നു
ജെഎൻയുവിനൊപ്പം ആര്‌ നിലയുറപ്പിച്ചാലും അവർ സംഘപരിവാറിന്‌ ‘രാജ്യദ്രോഹികളും’ ‘ഹിന്ദുവിരുദ്ധരും’ ആണ്‌. ഈ പ്രചാരണത്തിനും പഴയതുപോലെ പിന്തുണ ലഭിക്കുന്നില്ല. നരേന്ദ്ര മോഡി സർക്കാർ വീണ്ടും അധികാരത്തിലെത്തി ആദ്യവർഷംതന്നെ വ്യാപകമായ പ്രക്ഷോഭമാണ്‌ അലയടിക്കുന്നത്‌. ഐഐടി, ഐഐഎം, എയിംസ്‌ തുടങ്ങി രാജ്യത്തെ കലാലയങ്ങളെല്ലാം പ്രക്ഷോഭരംഗത്താണ്‌. രണ്ടാംതവണ അധികാരത്തിലെത്തി ഒരുവർഷത്തിനിടെ ഇത്രയധികം ജനകീയപ്രക്ഷോഭങ്ങൾ ഉയർന്നുവരുമ്പോൾ തങ്ങൾക്ക്‌ പിഴവുപറ്റിയെന്ന്‌ തിരിച്ചറിയാൻ കേന്ദ്രസർക്കാരിന്‌ കഴിയണം.ആശയവിനിമയ സംവിധാനങ്ങൾ റദ്ദാക്കി കശ്‌മീരിലുണ്ടാക്കിയ കടുത്ത നിയന്ത്രണം പരിശോധിക്കണമെന്ന്‌ സുപ്രീംകോടതിയും വ്യക്തമാക്കി. ജനങ്ങളെ ഏറെക്കാലം കൂട്ടിലടയ്‌ക്കാൻ കഴിയില്ല. സമാനമായ നിലപാടാണ്‌ ജെഎൻയുവിനോടും ബിജെപി സ്വീകരിക്കുന്നത്‌. ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെ മറികടന്ന്‌ ജനങ്ങളോട്‌ കൂടുതൽ താദാത്മ്യം പ്രാപിക്കുകയാണ്‌ ജെഎൻയു. പൗരത്വ ഭേദഗതി നിയമമടക്കമുള്ള ജനകീയവിഷയങ്ങളാണ്‌ ജെഎൻയു മുന്നോട്ടുവയ്‌ക്കുന്നത്‌. ജനകീയവിഷയങ്ങൾക്കൊപ്പം നിൽക്കുന്ന ജെഎൻയുവിനോട്‌ രാജ്യത്തെ ജനങ്ങൾക്ക്‌ അപരിചിതത്വമോ അന്യതാബോധമോ ഇല്ല. രാജ്യത്തിനും വരുംതലമുറകൾക്കുമായി വിദ്യാർഥികൾ ഏറ്റെടുത്ത പ്രക്ഷോഭം ലക്ഷ്യംകാണാതെ അവസാനിക്കില്ല.

പിന്തുണ നൽകി കുടുംബം
ഭയമുള്ളപ്പോഴും കുടുംബം വലിയ പിന്തുണ നൽകുന്നു. ജനിച്ചുവളർന്ന ദുർഗാപുർ ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ ശക്തികേന്ദ്രമാണ്‌. ഇടതുപക്ഷ രാഷ്‌ട്രീയവും ട്രേഡ്‌ യൂണിയൻ പ്രവർത്തനവും അറിഞ്ഞാണ്‌ വളർന്നത്‌. വീട്ടിലെ ചർച്ചകളിൽ രാഷ്ട്രീയം നിറഞ്ഞുനിന്നിരുന്നു. ദാമോദർവാലി കോർപറേഷൻ സിഐടിയു യൂണിറ്റ്‌ കമ്മിറ്റിയുടെ ഭാരവാഹിയായിരുന്നു അച്ഛൻ ദേബാശിഷ്‌ ഘോഷ്‌. അമ്മ ഷർമിസ്‌ത. സഹോദരി ഇഷികഘോഷ്‌ ഡൽഹി സർവകലാശാലയിലെ ബിരുദവിദ്യാർഥിയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top