26 June Wednesday

അൾജീരിയയിൽ ജനങ്ങൾ പ്രക്ഷോഭത്തിൽ

വി ബി പരമേശ്വരൻUpdated: Saturday Mar 16, 2019


ആഫ്രിക്കയിൽ സുഡാന് പിറകെ അൾജീരിയയിലും പ്രസിഡന്റിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിപ്പെടുകയാണ്. 82–-ാം വയസ്സിൽ രോഗക്കിടക്കയിൽ കിടന്നുകൊണ്ട് അഞ്ചാമതും മത്സരിക്കാനുള്ള അബ്ദേൽ അസീസ് ബൗതേഫ് ലിഖയുടെ തീരുമാനമാണ് ജനങ്ങളെ ചൊടിപ്പിച്ചത്. സാധാരണജനങ്ങൾ മാത്രമല്ല, അധ്യാപകരും തൊഴിലാളികളും വരെ പണിമുടക്കികൊണ്ട് പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ രംഗത്തിറങ്ങിയതോടെയാണ് അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിക്കാൻ ബൗതേഫ് ലിഖ നിർബന്ധിതമായിട്ടുള്ളത്. എന്നാൽ അധികാരമൊഴിയുന്നതിന്റെ ലക്ഷണങ്ങളൊന്നും പ്രകടവുമല്ല. എപ്രിൽ 18 ന് നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ച തെരഞ്ഞെടുപ്പും അനിശ്ചിതത്വത്തിലാണ്. മത്സരിക്കില്ലെന്ന് അറിയിച്ചുകൊണ്ടുള്ള വാർത്തകുറിപ്പിൽ പ്രസിഡന്റ് അറിയിച്ചിട്ടുള്ളത് ‘അൾജീരിയയിലെ പുതിയ തലമുറക്കായി പുതിയ സംവിധാനവും പുതിയ റിപ്പബ്ലിക്കും പ്രദാനം ചെയ്യു'മെന്ന് മാത്രമാണ്. വിശദാംശങ്ങളൊന്നും ലഭ്യമല്ല. 

ഒരു സ്വതന്ത്ര സമിതിക്ക് രൂപം നൽകി പുതിയ ഭരണഘടന എഴുതിയുണ്ടാക്കുമെന്നും ഈ ഭരണഘടനക്ക് ജനഹിതപരിശോധനയിലൂടെ അംഗീകാരം നേടുമെന്നുമാണ് പ്രസിഡന്റുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. എന്നാൽ അന്തിമമായി അധികാരമൊഴിയാൻ പ്രസിഡന്റ് തയ്യാറാകാത്തതുകൊണ്ടു തന്നെ പ്രക്ഷോഭത്തിന് ശമനമൊന്നുമായിട്ടില്ല. അത് വരും ദിവസങ്ങളിലും ശക്തിപ്പെടാനാണ് സാധ്യത. പുതിയ തെരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്യാതെ പ്രക്ഷോഭത്തിൽ നിന്നും പിന്മാറില്ലെന്ന് അതിന് നേതൃത്വം നൽകുന്ന മൗവതാന പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

ഭരണം നിയന്ത്രിക്കുന്നത് ഉപജാപകവൃന്ദം
1954 മുതൽ 1962 വരെ ഫ്രഞ്ച് കൊളോണിയൽ ഭരണത്തിനെതിരെ പൊരുതി നിന്ന നാഷണൽ ലിബറേഷൻ ഫ്രണ്ട് (എഫ്എൽഎൻ) എന്ന പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നേതാവാണ് ബൗതേഫ‌് ലിഖ. 1999 ലാണ് ബൗതേഫ‌് ലിഖ പ്രസിഡന്റായി അധികാരമേൽക്കുന്നത്. അതിനു മുമ്പ് വിദേശമന്ത്രാലയം ഉൾപ്പെടെ വിവിധ വകുപ്പുകളിൽ മന്ത്രിയായി പ്രവർത്തിച്ചിട്ടുണ്ട്. അഴിമതി ആരോപണത്തെ തുടർന്ന് 1980 കളുടെ അവസാനം പ്രവാസ ജീവിതം നയിക്കാൻ നിർബന്ധിക്കപ്പെട്ട ബൗതേഫ‌് ലിഖ 1990 കളിലാണ് അൾജീരിയയിൽ തിരിച്ചത്തിയത്. തീവ്ര ഇസ്ലാമിക പ്രസ്ഥാനമായ ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ട് (എഫ്എസ്എൽ) തെരഞ്ഞെടുപ്പിലുടെ അധികാരത്തിൽ വന്നതോടെയാണ് അൾജീരിയൻ രാഷ്ട്രീയം വീണ്ടും കലുഷിതമായത്. സൈന്യം ഇസ്ലാമിക വൽക്കരണത്തെ എതിർത്തു. സ്വാഭാവികമായും ഇസ്ലാമിക് സാൽവേഷൻ ഫ്രണ്ടും സൈന്യവും തമ്മിൽ വർഷങ്ങൾ നീണ്ട ആഭ്യന്തരയുദ്ധത്തിന് ഇത് കാരണമായി.  ഇതിനൊടുവിലാണ് 1999 ൽ ബൗതേഫ‌് ലിഖ അൾജീരിയൻ പ്രസിഡന്റായി അധികാരത്തിൽ വരുന്നത്. 

അൾജീരിയയെ സമാധാനത്തിലേക്കും സുസ്ഥിരതയിലേക്കും നയിച്ച നേതാവെന്ന നിലയിലാണ് ജനങ്ങൾ ബൗതേഫ‌് ലിഖയെ കണ്ടിരുന്നത്. ഭരണഘടനയനുസരിച്ച് ഒരാൾക്ക് രണ്ട് തവണ മാത്രമേ പ്രസിഡന്റ് സ്ഥാനത്ത്  ഇരിക്കാൻ കഴിയുമായിരുന്നുള്ളു. എന്നാൽ 2009 ൽ ഭരണഘടനയിലെ ഈ വകുപ്പിൽ മാറ്റം വരുത്തി ബൗതേഫ് ലിഖ വീണ്ടും മത്സരിക്കുകയും ജയിക്കുകയും ചെയ‌്തു.  എന്നാൽ 2013 അദ്ദേഹത്തിന് പക്ഷാഘാതം ഉണ്ടായി. ഇതോടെ തന്നെ അദ്ദേഹം പൊതുവേദികളിൽ നിന്നും അപ്രത്യക്ഷമായി. അന്ന്‌ ജനീവയിൽവെച്ചായിരുനു അദ്ദേഹത്തെ ചികിത്സിച്ചത്. ഈ അവസ്ഥയിലും 2014ലെ തെരഞ്ഞെടുപ്പിൽ ബൗതേഫ‌് ലിഖ മത്സരിക്കുകയും വൻ ഭൂരിപക്ഷത്തിന് വിജയിക്കുകയും ചെയ‌്തു. അടുത്ത തെരഞ്ഞെടുപ്പിൽ ബൗതേഫ‌് ലിഖ മാറിനിൽക്കുമെന്നായിരുന്നു ജനങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല ഏപ്രിൽ 18 ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് വീണ്ടും നാമനിർദ്ദേശപത്രിക നൽകുമെന്ന് പ്രഖ്യാപിച്ചു. ഇതോടെയാണ് അൾജീരിയൻ തെരുവുകൾ അശാന്തമായത്.

എഴുന്നേറ്റ് നിൽക്കാനോ നാമനിർദ്ദേശ പത്രിക നേരിട്ട് സമർപ്പിക്കാൻപോലുമോ ബൗതേഫ‌് ലിഖക്ക് കഴിയില്ലായിരുന്നു. മാത്രമല്ല പൊതുവേദികളിലൊന്നും അദ്ദേഹം പ്രത്യക്ഷപ്പെടാറുമില്ല. പ്രസിഡന്റ‌് ജീവിച്ചിരിപ്പുണ്ടോ എന്ന സംശയം പോലും വ്യാപകമായി ഉയർന്നു. അവസാനം അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് പറയാൻ ഫ്രാൻസിലെ അൾജീരിയൻ അംബാസഡർ നിർബന്ധിതനായി. രോഗം മൂർഛിച്ചതിനെ തുടർന്ന് ജനീവയിൽ ചികിത്സയിലിരിക്കുന്ന വേളയിലാണ് വീണ്ടും നാമനിർദ്ദേശപത്രിക നൽകുമെന്ന പ്രഖ്യാപനം വന്നത്. ഇതിനർഥം രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നത‌് ബൗതേഫ് ലിഖയല്ലെന്നും അദ്ദേഹത്തിനെ ചുറ്റിപറ്റി നിൽക്കുന്ന ഒരു ഉപജാപകവൃന്ദമാണെന്നും ആക്ഷേപമുയർന്നത്. ‘പൗവോയിർ' അഥവാ പവർ എന്ന പേരിലുള്ള ഗ്രൂപ്പാണ് ബൗതേഫ് ലിഖയെ മുൻ നിർത്തി കാര്യങ്ങൾ ചെയ്യുന്നതെന്നാണ് പൊതുവെയുള്ള ആക്ഷേപം.  ബൗതേഫ‌് ലിഖയുടെ സഹോദരനും ചില സൈനിക മേധാവിയും ഉന്നത ഉദ്യേഗസ്ഥരും ചേർന്ന ഈ ഉപജാപകവൃന്ദമാണ് ഭരണം നിയന്ത്രിക്കുന്നത്. അവർ ഇന്ന് കയ്യാളുന്ന അധികാരം തുടർന്നും നുണയാൻ വേണ്ടിയാണ് ബൗതേഫ് ലിഖയെ മുന്നിൽ നിർത്തി രാഷ്ട്രീയ കരുനീക്കങ്ങൾ നടത്തുന്നതെന്നാണ് പ്രതിപക്ഷ പാർടികളുടെയും മറ്റും ആക്ഷേപം.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമുള്ള രാജ്യമാണ് അൾജീരിയ എന്നു മാത്രമല്ല യൂറോപ്പിന് പ്രകൃതിവാതകം ഇപ്പോഴും നൽകുന്നതിൽ അൾജീരിയക്ക് പ്രധാന പങ്കുണ്ട്. അതുകൊണ്ട് തന്നെ അവിടം അസ്വസ്ഥമാകുന്നത് പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് താൽപര്യമില്ല. എന്നാൽ, അർജീരിയയിലെ ജനങ്ങളാകട്ടെ ബൗതേഫ് ലിഖയെ മാറ്റിയേ അടങ്ങൂ എന്ന വാശിയിലാണ്

 

പട്ടാളം ബൗതേഫ‌് ലിഖയോടൊപ്പം
ഈ പശ്ചാത്തലത്തിലാണ് അഞ്ചാമതും മത്സരിക്കാൻ ബൗതേഫ‌് ലിഖ സന്നദ്ധത പ്രകടിപ്പിച്ചപ്പോൾ അൾജീരിയയിലെങ്ങും പ്രക്ഷോഭം ഉയർന്നത്. അധികാരം ലഭിച്ചാൽ ഒരു വർഷത്തിനകം പ്രസിഡന്റ് സ്ഥാനം ഒഴിയുമെന്നും ഭരണഘടനാ പരിഷ്‌കാരങ്ങൾ നടപ്പിലാക്കുമെന്നും പ്രസിഡന്റ് വാഗ്ദാനം ചെയ്തെങ്കിലും ജനം അതൊന്നും വിശ്വാസത്തിലെടുത്തില്ല. വീണ്ടും മത്സരിക്കുമെന്ന പ്രഖ്യാപനം വന്ന ഉടൻ തന്നെ സാമൂഹ്യമാധ്യമങ്ങൾ അതിനെതിരെ വൻ തോതിൽ പ്രതികരിച്ചു. പ്രസിഡന്റ് മത്സരത്തിൽ നിന്നും മാറിനിൽക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അതോടെ പ്രതിഷേധം തെരുവിലേക്ക് വഴിമാറി. തലസ്ഥാനമായ അൾജീരിയയിലും മറ്റു നഗരങ്ങളിലും ആയിരങ്ങൾ പ്രസിഡന്റിനെതിരെ രംഗത്ത് വന്നു. 2001 മുതൽ നിലനിൽക്കുന്ന പ്രതിഷേധത്തിനെതിരെയുള്ള നിരോധനം ലംഘിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങിയത്. ഫെബ്രുവരി 22 ന് തുടങ്ങിയ പ്രക്ഷോഭം ഇപ്പോഴും തുടരുകയാണ്. 

മാർച്ച‌് മൂന്നിന് ഞായറാഴ്ച 20 ലക്ഷം പേരാണ് വിവിധ നഗരങ്ങളിലായി പ്രക്ഷോഭത്തിൽ അണിനിരന്നത്.  പാരീസിൽ പോലും പ്രക്ഷോഭത്തിന്റെ അലയൊലി  എത്തി.  എന്നാൽ പട്ടാളം ബൗതേഫ‌് ലിഖയെ പിന്തുണക്കുകയാണ്. 1990കളിൽ രണ്ട് ലക്ഷം പേരുടെ ജീവനപഹരിച്ച‌് നടന്ന ആഭ്യന്തര യുദ്ധം ആവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സൈനിക മേധാവി ഗായദ് സലായുടെ പ്രതികരണം.  ഫ്രാൻസും യൂറോപ്യൻ യൂണിയനും അമേരിക്കയും പ്രസിഡന്റിന് പിന്തുണയുമായി രംഗത്തെത്തി. ലോകത്തിലെ  ഏറ്റവും വലിയ പ്രകൃതിവാതക ശേഖരമുള്ള രാജ്യമാണ് അൾജീരിയ എന്നു മാത്രമല്ല യൂറോപ്പിന് പ്രകൃതിവാതകം ഇപ്പോഴും നൽകുന്നതിൽ അൾജീരിയക്ക് പ്രധാന പങ്കുണ്ട്. അതുകൊണ്ട് തന്നെ അവിടം അസ്വസ്ഥമാകുന്നത് പാശ്ചാത്യ രാഷ്ട്രങ്ങൾക്ക് താൽപര്യമില്ല. എന്നാൽ അർജീരിയയിലെ ജനങ്ങളാകട്ടെ ബൗതേഫ് ലിഖയെ മാറ്റിയേ അടങ്ങൂ എന്ന വാശിയിലാണ്.


പ്രധാന വാർത്തകൾ
 Top