26 March Tuesday

സ്വയംഭരണകച്ചവടം പാരമ്യത്തിലേക്ക്

ഡോ. ദാമോദരൻ കെ കെUpdated: Friday Mar 23, 2018

ദോഹാവട്ടം നെയ്റോബി ചർച്ചകളുടെ സ്പിരിറ്റ് ഉൾക്കൊണ്ട,് ഉന്നതവിദ്യാഭ്യാസത്തെ അന്താരാഷ്ട്രതലത്തിലുള്ള സേവനവ്യാപാരത്തിന്റെ ഭാഗമാക്കാനും സ്ഥാപനങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങൾ ലഘൂകരിക്കാനും  എല്ലാവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളെയും നിയന്ത്രിക്കാനുമുള്ള അധികാരം ഒരൊറ്റ ഏജൻസിയിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വിദേശസർവകലാശാലകൾക്കും വിദ്യാർഥികൾക്കും ഇന്ത്യൻ വിദ്യാഭ്യാസവിപണിയിലേക്ക് കടന്നുവരണമെങ്കിൽ  ദേശവിദേശവ്യത്യാസമില്ലാത്ത ‘നിരന്ന കളിസ്ഥലം’ ഒരുക്കേണ്ടതുണ്ട്. നിലവിൽ ഇതിന് തടസ്സം യുജിസി, എഐസിടിഇ സ്ഥാപനങ്ങളും അവയുടെ നിയമാവലിയുമാണ്. അതിനാൽ ഇവയെ പിരിച്ചുവിട്ട്  നിയോലിബറൽ നയങ്ങൾക്കനുസരിച്ച നിയമാവലികളുള്ള  HEERA (Higher Education Empowerment Regulatory Agency)   സ്ഥാപിക്കാനുള്ള പദ്ധതിയിട്ടെങ്കിലും നിരവധി നിയമനിർമാണങ്ങളും ഭരണഘടനാഭേദഗതിയും വേണ്ടിവരുമെന്നതിനാൽ 2017 ജൂണിൽ ആ നീക്കം മരവിപ്പിച്ചു. പകരം രാജ്യത്തെ പ്രധാന സർവകലാശാലകളെയും കോളേജുകളെയും യുജിസി, എഐസിടിഇ തുടങ്ങിയ ഭരണഘടനാസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങളിൽനിന്ന് മോചിപ്പിക്കുക എന്ന കുറുക്കുവഴി സ്വീകരിച്ചു. ഇതിനായി കണ്ടുപിടിച്ച രണ്ട്  മാർഗമാണ് ഗ്രേഡഡ് ഓട്ടോണമി റെഗുലേഷനും സ്വയംഭരണ കോളേജ് റെഗുലേഷനും.

2018 ഫെബ്രുവരി 12ന് പുറത്തിറക്കിയ ഗ്രേഡഡ് ഓട്ടോണമി റെഗുലേഷൻ വിജ്ഞാപനപ്രകാരം ദേശീയതലത്തിലുള്ള അംഗീകൃത ഏജൻസികൾ നടത്തുന്ന  വിലയിരുത്തലിൽ 3.5ന് മുകളിൽ മാർക്ക് നേടിയ സർവകലാശാലകളെ ഒന്നാംവിഭാഗത്തിലും 3.26നും 3.5നും ഇടയിൽ മാർക്കുള്ള സർവകലാശാലയെ രണ്ടാം വിഭാഗത്തിലും 3.26ൽ താഴെ മാർക്കുള്ളവയെ മൂന്നാംവിഭാഗത്തിലും ഉൾപ്പെടുത്തും. ഒന്നാംവിഭാഗത്തിന്മേലുലുള്ള എല്ലാ സർക്കാർ‐സാമൂഹ്യനിയന്ത്രണങ്ങളും നീക്കും. രണ്ടാംവിഭാഗത്തിൽ പെടുന്നവയുടെമേൽ പകുതി നിയന്ത്രണങ്ങൾ നിലനിർത്തും. കൂടാതെ പുതുതായി തുടങ്ങുന്ന 20 ഇൻസ്റ്റിറ്റ്യൂഷൻസ് ഓഫ് എമിനൻസും സർവതന്ത്രസ്വതന്ത്രമായിരിക്കും. സർക്കാരിൽനിന്ന് ധനസഹായം ആവശ്യപ്പെടില്ല എന്ന ഒരൊറ്റ വ്യവസ്ഥയ്ക്ക് വിധേയമായി ഇത്തരം സ്ഥാപനങ്ങൾക്ക് അവർ താൽപ്പര്യപ്പെടുന്ന കോഴ്സുകൾ തുടങ്ങുകയും താൽപ്പര്യമുള്ളവരെ പ്രവേശിപ്പിക്കുകയും ഫീസ് നിശ്ചയിക്കുകയും അധ്യാപകരെ തെരഞ്ഞെടുക്കുകയും അവരുടെ യോഗ്യത, ശമ്പളം, സേവനവ്യവസ്ഥകൾ മുതലായവ തീരുമാനിക്കുകയുംചെയ്യാം. പുറംരാജ്യങ്ങളിൽനിന്ന് അധ്യാപകരെയും വിദ്യാർഥികളെയും പ്രവേശിപ്പിക്കാം. പൂർണമായ അക്കാദമിക, ഭരണസാമ്പത്തിക സ്വയംഭരണമാണ് അനുവദിക്കപ്പെടുന്നത്.

സർവകലാശാലകൾക്കുപുറമെ സാധാരണ കോളേജുകളെ സ്വതന്ത്രമാക്കുന്നതിനായി കൊണ്ടുവന്നതാണ്  2018 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ സ്വയംഭരണകോളേജ് റെഗുലേഷൻ 2018. ഇത് പ്രകാരം NAAC-  'A'  ഗ്രേഡ് ഉള്ള കോളേജുകൾക്ക് സർവകലാശാലയുടെയോ സംസ്ഥാന സർക്കാരിന്റെയോ സമ്മതമില്ലാതെതന്നെ സ്വയംഭരണപദവി നൽകും. കോഴ്സുകൾ, സിലബസ്, ഫീസ്, വിദ്യാർഥിപ്രവേശനം, അധ്യാപകനിയമനം, യോഗ്യത, ശമ്പളം തുടങ്ങിയ കാര്യങ്ങൾ കോളേജിന് തീരുമാനിക്കാം. സംസ്ഥാന സർക്കാരുകളുടെയും സർവകലാശാലകളുടെയും എല്ലാ അധികാരങ്ങളും എടുത്തുകളഞ്ഞപ്പോഴും നിലവിൽ ഇത്തരം കോളേജുകൾക്ക് നൽകിവരുന്ന എല്ലാ ധനസഹായവും തുടർന്നും നൽകണം എന്ന കർശന നിർദേശവുമുണ്ട്. നിർദേശങ്ങൾ പ്രാവർത്തികമാക്കുമ്പോൾ രാജ്യത്തെ ഏകദേശം 60 ശതമാനത്തോളം കോളേജുകൾ സ്വയംഭരണം നേടും. 

മുകളിൽ സൂചിപ്പിച്ച ഈ രണ്ട് കേന്ദ്രനിയമങ്ങൾ പ്രാബല്യത്തിൽവന്നതോടെ ഉന്നതവിദ്യാഭ്യാസ രംഗത്തിന്റെ സിംഹഭാഗവും യുജിസിയുടെയും എഐസിടിഇയുടെയും സംസ്ഥാന സർക്കാരുകളുടെയും നിയന്ത്രണങ്ങൾക്ക്  പുറത്തുകടന്നിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസം ഏതാണ്ട് പൂർണമായി സംസ്ഥാനങ്ങളുടെ അധികാരപരിധിയിൽനിന്ന് കേന്ദ്രം കവർന്നെടുത്തു. ഫെഡറൽ തത്വത്തെ അപ്പാടെ അട്ടിമറിക്കുന്ന ഈ നടപടിയെ പാർലമെന്റിലും കോടതിയിലും ചോദ്യംചെയ്യപ്പെടേണ്ടതാണ്.  ഇത്  ഉന്നത വിദ്യാഭ്യാസമോഹവുമായി നടക്കുന്ന സാധാരണക്കാരുടെ കുട്ടികൾക്ക് തിരിച്ചടിയാകും എന്ന് മാത്രമല്ല സംസ്ഥാന സർക്കാരുകളെ നോക്കുകുത്തിയാക്കി  കേന്ദ്ര സർക്കാരിന്റെ  അറുപിൻതിരിപ്പൻ രാഷ്ട്രീയസാംസ്കാരിക അജൻഡ ഉന്നതവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാൻ വഴിയൊരുക്കുകയുംചെയ്യും.  

2018ലെ കേന്ദ്ര ബജറ്റിൽ എല്ലാ കേന്ദ്രസർവകലാശാലകളോടും 30ശതമാനം ഫണ്ട് സ്വന്തംനിലയിൽ കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്്.  ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വതന്ത്രസ്ഥാപനങ്ങൾക്ക് പണം ലഭ്യമാക്കുന്നതിനായി   HEERA (Higher Education Empowerment Regulatory Agency) എന്ന പ്രത്യേക സ്ഥാപനംതന്നെ തുടങ്ങി. ഇത് ഇന്ത്യൻ കമ്പനി നിയമം സെക്ഷൻ 8 പ്രകാരം രജിസ്റ്റർചെയ്ത 1000 കോടി രൂപ മൂലധനത്തോടെ പ്രവർത്തനം തുടങ്ങിയിട്ടുള്ള കമ്പനിയാണ്. മൂലധനവിപണി, സംഭാവനകൾ, കമ്പനികളുടെ സാമൂഹിക ഉത്തരവാദിത്തഫണ്ട് എന്നിവയിൽനിന്ന് ശേഖരിക്കുന്ന 20000 കോടിരൂപയിൽനിന്ന് മേൽപ്പറഞ്ഞ സ്വതന്ത്രസ്ഥാപനങ്ങൾക്ക് പലിശരഹിതവായ്പ നൽകും. 2017 നവംബർ 29ന് ചേർന്ന ഹെഫ ഡയറക്ടർ ബോർഡ് യോഗം മുംബൈ, ഡൽഹി, ചെന്നൈ, ഗൊരഖ്പുർ, കാൺപുർ ഐഐടികൾക്കും സൂരത്കൽ എൻഐടിക്കുമായി 2066.73 കോടി രൂപ വായ്പ അനുവദിച്ചു. എത്ര കൂടുതൽ കടമെടുക്കുന്നുവോ അത്രകണ്ട് സ്വകാര്യവൽക്കരിക്കപ്പെടും.

ഇത്തരം വായ്പകൾ പത്ത് വർഷത്തിനുള്ളിൽ തിരിച്ചടയ്ക്കണം. വായ്പയിലെ മുതൽഭാഗം സർവകലാശാല ആഭ്യന്തരമായി കണ്ടെത്തുന്ന ഫണ്ടിൽനിന്ന് അടയ്ക്കണം. പലിശ കേന്ദ്ര സർക്കാർ നൽകണം. സംഭാവനയ്ക്കും സിഎസ്ആർ ഫണ്ടിനും പലിശ വേണ്ടാത്തസ്ഥിതിക്ക്  കേന്ദ്രസർക്കാരിന്റെ പലിശയിനത്തിലുള്ള  മുതൽമുടക്ക് തുച്ഛമായിരിക്കും. അതേസമയം വായ്പാതിരിച്ചടവിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ അവയുടെ പഠനഗവേഷണ കോഴ്സുകളെല്ലാം സ്വാശ്രയ രീതിയിലേക്ക് ചുരുക്കേണ്ടിവരും. അത്തരമൊരു സാഹചര്യത്തിൽ കോർപറേറ്റ് സ്ഥാപനങ്ങൾക്കുവേണ്ടി വരുമാനം നൽകുന്ന ഗവേഷണങ്ങൾമാത്രമേ സർവകലാശാലകൾ ഏറ്റെടുക്കുകയുള്ളു. ഭാഷയിലും മാനവിക വിഷയങ്ങളിലുമുള്ള അപകടകരങ്ങളായ ഗവേഷണം’ ഇതോടെ ഇല്ലാതാകും. ഇതോടെ വിദേശ സർവകലാശാലകൾക്കും സ്വദേശസ്ഥാപനങ്ങൾക്കും ഒരേപോലെ നിരന്ന കളിസ്ഥലമെന്ന WTO ആവശ്യം നിറവേറ്റാനാകും.

മുകളിൽ പറഞ്ഞ രണ്ട് നിയമങ്ങൾക്കും പുറത്തുനിൽക്കുന്ന പിൻനിര സർവകലാശാലകളും കോളേജുകളുമാണ് സാധാരണക്കാർക്കായി മാറ്റിവയ്ക്കുന്നത്. ഉന്നതപഠനത്തിനോ ഗവേഷണത്തിനോ ഇവിടെ പ്രോത്സാഹനമില്ല. 2016ൽ യുജിസി പുറത്തിറക്കിയ റെഗുലേഷൻ പ്രകാരം ഇത്തരം സ്ഥാപനങ്ങളിൽ എംഫിൽ/പിഎച്ച്ഡി കോഴ്സുകൾക്കുള്ള സീറ്റുകൾ മൂന്നിൽ ഒന്നായി കുറയും. വിജ്ഞാനോൽപ്പാദനത്തിന് പകരം തൊഴിൽപരിശീലന കോഴ്സുകൾ നടത്തണമെന്നാണ് കേന്ദ്ര സർക്കാർ നിർദേശിച്ചിരിക്കുന്നത്. ചുരുക്കിപ്പറഞ്ഞാൽ പണമുള്ളവന് മികച്ച വിദ്യാഭ്യാസവും പാവപ്പെട്ടവന് പണിയെടുക്കാനുള്ള പരിശീലനവും എന്നതാണ് പുതിയ വിദ്യാഭ്യാസ കാഴ്ചപ്പാട്. തികച്ചും ചൂഷണാധിഷ്ഠിതമായ, മേലാളരും കീഴാളരുമുള്ള നിയോലിബറൽ ഹൈന്ദവരാഷ്ട്രം സൃഷ്ടിച്ചെടുക്കുക എന്നതാണ് ഈ കാഴ്ചപ്പാടിന്റെ അന്തിമലക്ഷ്യം.

ഉന്നത വിദ്യാഭ്യാസത്തെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സർവകലാശാലകളിലെയും കോളേജുകളിലെയും അധ്യാപകസംഘടനകളുടെയും വിദ്യാർഥി സംഘടനകളുടെയും നേതൃത്വത്തിൽ  രാജ്യതലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും  നിരന്തരം പ്രക്ഷോഭങ്ങൾ നടന്നുവരുന്നുണ്ട്. മാർച്ച് 23, 24, 25 തീയതികളിലായി തിരുവനന്തപുരത്ത് ചേരുന്ന എകെജിസിടി വജ്രജൂബിലി സമ്മേളനം ഈ വിഷയം ചർച്ചചെയ്യുകയും പ്രക്ഷോഭതീരുമാനങ്ങൾഎടുക്കുകയും ചെയ്യും.

(എകെജിസിടി ജനറൽ സെക്രട്ടറിയാണ് ലേഖകൻ)
 

പ്രധാന വാർത്തകൾ
 Top