23 February Saturday

ഊർജം പകർന്ന വിജയം

ഡോ. അശോക് ധാവ്ളെUpdated: Tuesday Apr 17, 2018

മാർച്ച് 12ന് ആസാദ് മൈതാനിയിലാണ് ലോങ് മാർച്ച് സമാപിച്ചത്. ദക്ഷിണ മുംബൈയുടെ ഹൃദയഭാഗത്തേക്ക് ലക്ഷ്യമിട്ട് 11ന് രാവിലെ ആറിന് താനെ നഗരത്തിൽനിന്ന് ആരംഭിച്ച കാൽനടയാത്ര രാത്രിയിലും തുടരാൻ കിസാൻസഭ തീരുമാനിച്ചു. മുംബൈ നഗരത്തിൽ എസ്എസ്സി ബോർഡ് പരീക്ഷയെഴുതുന്ന പതിനായിരക്കണക്കിന് വിദ്യാർഥികൾക്കുണ്ടാകുന്ന ഗതാഗതതടസ്സവും അതുവഴി അവർക്ക് നഷ്ടമായേക്കാവുന്ന വിലപ്പെട്ട ഒരു വർഷവുംഒഴിവാക്കാനായിരുന്നു ഈ തീരുമാനം. മാർച്ച് 11ന് മുംബൈയിലെ സിയോണിലെ സോമയ്യ മൈതാനത്തിലെത്തിയ പതിനായിരക്കണക്കിന് വരുന്ന കർഷകർ ജനാധിപത്യപരമായി കൈയുയർത്തിയാണ് ഈ തീരുമാനമെടുത്തത്. ഞങ്ങൾക്ക് കുറച്ചുകൂടി കഷ്ടപ്പാട് അനുഭവിക്കേണ്ടിവന്നാലും മുംബൈയിലെ കുട്ടികളെ ദുരിതമനുഭവിക്കാൻ വിടില്ലെന്ന തീരുമാനം വൈകാരികവും മനുഷ്യത്വപരവുമായിരുന്നു. അത്താഴത്തിനുശേഷം ഒന്നോ രണ്ടോ മണിക്കൂർ വിശ്രമിച്ച് അർധരാത്രിയോടെ യാത്ര തുടർന്നു. കർഷകരുടെ ഈ തീരുമാനം മുംബൈയിൽനിന്നുമാത്രമല്ല, രാജ്യത്തെമ്പാടുനിന്നും അഭിനന്ദനമേറ്റുവാങ്ങി. നിരവധി പ്രമുഖരും കർഷകരെ അഭിനന്ദിച്ച് രംഗത്തെത്തി. 

മാറാൻ നിർബന്ധിതമായി സർക്കാർ
ഇതെല്ലാം ബിജെപി നയിക്കുന്ന സംസ്ഥാന സർക്കാരിൽ വലിയ സമ്മർദമാണ് ചെലുത്തിയത്. മാർച്ച് 11 വരെ സർക്കാർ കർഷകരെ കാണാൻ കൂട്ടാക്കിയിരുന്നില്ല. എന്നാൽ, മാർച്ചിന്റെ അവസാനദിനം സംസ്ഥാന ജലസേചനമന്ത്രി ഗിരീഷ് മഹാജൻ കർഷകനേതാക്കളെ കാണുകയും ആവശ്യങ്ങളടങ്ങിയ പത്രിക സ്വീകരിക്കുകയും ചെയ്തു. മാർച്ച് തുടങ്ങുന്നതിനുമുമ്പായി അതിന്റെ വലിപ്പത്തെക്കുറിച്ച് സർക്കാർ സ്വാഭാവികമായും വിലകുറച്ചുകണ്ടിരുന്നു. എന്നാൽ, പിന്നീട് കർഷകരുടെ ലോങ് മാർച്ചിന് ജനങ്ങളിൽനിന്നും മാധ്യമങ്ങളിൽനിന്നും ലഭിച്ച വലിയ പിന്തുണ ഇവർ ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞെട്ടിക്കുന്ന ഈ പിന്തുണയാണ് നടപടിയിലേക്ക് സർക്കാരിനെ നയിച്ചത്.

മാർച്ച് 12ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ്, മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ, ഏക്നാഥ് ഷിൻഡേ, പാണ്ഡുരംഗ് ഫണ്ട്കർ, സുഭാഷ് ദേശ്മുഖ്, വിഷ്ണു സാവ്ര എന്നിവർ വിവിധ വകുപ്പുകളിലെ മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം നിയമസഭയിൽ കിസാൻസഭാ നേതാക്കളുമായി മൂന്നുമണിക്കൂറോളം ചർച്ച നടത്തി. പ്രതിപക്ഷത്തെ നേതാക്കളായ രാധാകൃഷ്ണ വിഖേ പാട്ടീൽ (കോൺഗ്രസ്), ധനഞ്ജയ് മുണ്ടേ, അജിത് പവാർ, സുനിൽ തട്കരെ (എൻസിപി) എന്നിവരും ചർച്ചയിൽ പങ്കാളികളായി.

കിസാൻസഭയ്ക്ക് പിന്തുണ നൽകുന്ന പെസന്റ്സ് ആൻഡ് വർക്കേഴ്സ് പാർടി (പിഡബ്ല്യുപി) ജനറൽ സെക്രട്ടറിയും നിയമസഭാംഗവുമായ ജയന്ത് പാട്ടിൽ, ജനതാദൾ (ശരദ് യാദവ് വിഭാഗം) സംസ്ഥാന പ്രസിഡന്റും നിയമസഭാ അംഗവുമായ കപിൽ പാട്ടിൽ എന്നിവരും യോഗത്തിലുണ്ടായിരുന്നു.
ഡോ. അശോക് ധാവ്ളെ, ജെ പി ഗാവിന്ദ് എംഎൽഎ, സിഐടിയു മുൻ പ്രസിഡന്റ് നരസയ്യ ആദം, മുൻ എംഎൽഎ കിസൻ ഗുജ്ജർ, ഡോ. അജിത് നവാലെ സുഭാഷ് ചൗധരി, സാവ്ലിറാം പവാർ, സുനിൽ മലുസരെ, ഇർഫാൻ ഷൈഖ്, രതൻ ബുധർ, ബാർക്യ മംഗട്, രാധ്ക കലങ്ധ, ഉമേഷ് ദേശ്മുഖ്, സിദ്ധപ്പ കൽഷെട്ടി, വിലാസ് ബാബർ, ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദ്രജീത് ഗാവിത് എന്നിവരാണ് യോഗത്തിൽ കിസാൻസഭയുടെ പ്രതിനിധികളായത്. എഐഎഡബ്ല്യു സംസ്ഥാന നേതാക്കളായ  മനോഹർ മുലേയ്ക്കും സിഐടിയു സംസ്ഥാന നേതാവായ വിനോദ് നിക്കോളെയ്ക്കുമൊപ്പം മാർച്ച് നയിച്ച കിസാൻസഭാ നേതാക്കളായിരുന്നു ഇവർ.

സംസ്ഥാന സർക്കാരിൽനിന്ന് മുമ്പുണ്ടായ കയ്പേറിയ അനുഭവങ്ങൾ കണക്കിലെടുത്ത് കൃത്യമായി എഴുതി തയ്യാറാക്കിയ ഉറപ്പുകിട്ടാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടാണ് തുടക്കംമുതൽ കിസാൻസഭ സ്വീകരിച്ചത്. ചർച്ചയിൽ തീരുമാനമായി ഒരുമണിക്കൂറിനകം എല്ലാ ആവശ്യങ്ങളും അംഗീകരിച്ച രേഖ ചീഫ് സെക്രട്ടറി ഒപ്പിട്ടുനൽകി. മന്ത്രിമാരായ ചന്ദ്രകാന്ത് പാട്ടിൽ (ബിജെപി), ഗിരീഷ് മഹാജൻ (ബിജെപി), ഏക്നാഥ് ഷിൻഡേ (ശിവസേന) എന്നിവർ ആസാദ് മൈതാനിലെ വിജയറാലിയിലെത്തി കർഷകർക്ക് നൽകിയ ഉറപ്പ് നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. യോഗത്തിലുണ്ടായ തീർപ്പ് നിയമസഭയുടെ മേശപ്പുറത്ത് വയ്ക്കണമെന്നും കിസാൻസഭ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് മാർച്ച് 13ന് മുഖ്യമന്ത്രി കരാർ സഭയുടെ മേശപ്പുറത്ത് വച്ചു.

വനാവകാശനിയമം നടപ്പാക്കൽ, നദീസംയോജന തീരുമാനം, നാസിക്‐ പാൽഗർ‐ താനെ ജില്ലകളിലെ ആദിവാസികളെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം, കർഷകരുടെ വായ്പകൾ എഴുതിത്തള്ളുന്നത്, ലാഭകരമായ വില നൽകാനുള്ള സംവിധാനം, ക്ഷേത്രഭൂമി പതിച്ചുനൽകൽ, പുൽമേട്ടിലെ വീടുകൾ ഏകീകരിക്കൽ, വാർധക്യകാല പെൻഷൻ വർധിപ്പിക്കൽ, പൊതുവിതരണസംവിധാനം മെച്ചപ്പെടുത്തൽ, പിങ്ക് ബോൾ വേം കീടാക്രമണത്തിലും മഞ്ഞുവീഴ്ചയിലും മറ്റുമായി പരുത്തിക്കൃഷിയിൽ വ്യാപകനാശം സംഭവിച്ച വിദർഭയിലെയും മറാത്തവാഡയിലെയും കർഷകർക്കുള്ള നഷ്ടപരിഹാരം എന്നീ കിസാൻസഭയുടെ ആവശ്യങ്ങളിൽ കൃത്യവും സമയബന്ധിതവുമായ ഉറപ്പാണ് സർക്കാരിൽനിന്ന് ലഭിച്ചത്.

പോരാട്ടം വ്യാപിപ്പിക്കും
മാർച്ച് 12ന്റെ സായാഹ്നത്തിൽ മുംബൈയിലെ ആസാദ് മൈതാനിയിൽ അമ്പതിനായിരത്തിലധികംപേർ പങ്കെടുത്ത വിജയറാലിയിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ എംഎൽഎയും സിപിഐ എം സംസ്ഥാന സെക്രട്ടറിയുമായ നരസയ്യ ആദം, പിഡബ്ല്യുപി ജനറൽ സെക്രട്ടറി ജയന്ത് പാട്ടിൽ എംഎൽസി, ജനതാദൾ (ശരദ് യാദവ്) സംസ്ഥാന പ്രസിഡന്റ് കപിൽ പാട്ടിൽ എംഎൽസി, മുൻ കിസാൻസഭ പ്രസിഡന്റും മുൻ എംഎൽഎയുമായ അമ്രാറാം, കിസാൻസഭ ജോയിന്റ് സെക്രട്ടറി കെ കെ രാഗേഷ് എംപി, വിജു കൃഷ്ണൻ (മാർച്ചിന്റെ ആദ്യ രണ്ടുദിവസങ്ങളിൽ പങ്കെടുത്തിരുന്നു), പ്രശസ്ത പത്രപ്രവർത്തകൻ പി സായ്നാഥ്, സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മഹേന്ദ്ര സിങ്, എഐഡിഡബ്ല്യുഎ ജനറൽ സെക്രട്ടറി മരിയം ധാവ്ളെ, വൈസ് പ്രസിഡന്റ് സുധ സുന്ദരരാമൻ, സിഐടിയു വൈസ് പ്രസിഡന്റ് ഡോ. ഡി എൽ കാരാഡ്, ലോങ് മാർച്ച് നയിച്ച എഐകെഎസ് പ്രസിഡന്റ് ഡോ. അശോക് ധാവ്ളെ, എഐകെഎസ് മുൻ സംസ്ഥാന പ്രസിഡന്റ് ജെ പി ഗാവിത് എംഎൽഎ, എഐകെഎസ് സംസ്ഥാന പ്രസിഡന്റ് കിസൻ ഗുജ്ജർ, എഐകെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അജിത് നവാലെ എന്നിവർ കർഷകരെ അഭിസംബോധന ചെയ്തു. എഐകെഎസ്, സിഐടിയു, എഐഎഡബ്ല്യുയു, എഐഡിഡബ്ല്യുഎ, ഡിവൈഎഫ്ഐ, എസ്എഫ്ഐ എന്നീ സംഘടനകളുടെ നേതാക്കളും പിന്തുണയുമായി എത്തിയ രാഷ്ട്രീയ പാർടികളുടെയും സംഘടനകളുടെയും നേതാക്കളും നേരത്തെ   റാലിയെ അഭിസംബോധന ചെയ്തിരുന്നു.

തങ്ങളുടെ പോരാട്ടത്തെ വിജയത്തിലെത്തിക്കാൻ പിന്തുണ നൽകിയ നഗരവാസികളെയും സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിവിധ ഭാഗങ്ങളിൽനിന്നുള്ളവരെയും നന്ദിയോടെ സ്മരിച്ചും വർധിത ആത്മവിശ്വാസത്തോടെയുമാണ് കർഷകർ മാർച്ച് 12ന് മുംബൈ വിട്ടത്. മഹാരാഷ്ട്ര കിസാൻസഭയുടെ നേതൃത്വത്തിൽ നടത്തിയ ധീരവും സമാധാനപരവും മുമ്പെങ്ങുമില്ലാത്ത രീതിയിലുമുള്ള പോരാട്ടത്തിന്റെ സ്വഭാവംതന്നെയാണ്, രാജ്യത്തെമ്പാടുംനിന്നുള്ള അനുകൂലപ്രതികരണം നേടാനിടയാക്കിയത്.

ബിജെപി നയിക്കുന്ന കേന്ദ്ര‐ സംസ്ഥാന സർക്കാരുകളുടെ നവലിബറൽ നയങ്ങൾക്കെതിരായ പൊതുവികാരമാണ് സ്ഥലത്തിനുമേലുള്ള അവകാശം, വായ്പ എഴുതിത്തള്ളൽ, ന്യായവിലയും പെൻഷനും എന്നീ അവകാശങ്ങൾക്ക് ലഭിച്ച വലിയ പിന്തുണയ്ക്കുപിന്നിൽ. ഇത് പൊതുവിൽ രാജ്യത്തുള്ള കർഷകത്തൊഴിലാളികൾക്കുള്ള ആവശ്യങ്ങളാണെന്നും ഇതിലൂടെ വ്യക്തമായി.

ജാതിക്കും മതത്തിനും അതീതമായി ഉയർന്ന് ഒരു വർഗമായി ഉയരാൻ കർഷകത്തൊഴിലാളികൾക്കായി എന്നതാണ് ലോങ് മാർച്ചിലൂടെയുണ്ടായ പ്രധാന നേട്ടം. വർഗീയതയുടെയും ജാതീയതയുടെയും കറുത്തശക്തികളെ എതിരിടാൻ വർഗസമരത്തിന്റെയും വർഗ ഐക്യത്തിന്റെയും വഴി മാത്രമേയുള്ളൂവെന്നും ലോങ് മാർച്ച് അടിവരയിടുന്നു. ഒരു പോരാട്ടം ജയിച്ചുകഴിഞ്ഞു; യുദ്ധം ഇനിയും ബാക്കിയുണ്ട്. ഈ വിജയം നൽകിയ ഊർജത്തിലൂടെ രാജ്യം മുഴുവൻ കൂടുതൽ കരുത്തോടെയും നിശ്ചയദാർഢ്യത്തോടെയും പോരാട്ടം തുടരേണ്ടതുണ്ട്

(അവസാനിച്ചു)

പ്രധാന വാർത്തകൾ
 Top