22 September Friday

സമരഭൂവിൽ കരുത്തോടെ

വെബ് ഡെസ്‌ക്‌Updated: Monday Nov 21, 2022

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്റെ പതിമൂന്നാം സംസ്ഥാന സമ്മേളനം 21, 22, 23 തീയതികളിൽ ആലപ്പുഴയിൽ നടക്കുകയാണ്. ജനുവരി ആറുമുതൽ ഒമ്പതുവരെ തിരുവനന്തപുരത്ത് ചേരുന്ന അഖിലേന്ത്യാ സമ്മേളനത്തിന് മുന്നോടിയായ സംസ്ഥാന സമ്മേളനം മഹിളാ അസോസിയേഷന്റെ ചരിത്രത്തിൽ പ്രധാനപ്പെട്ടതാണ്. മഹാമാരിയുടെ ഇടവേളയ്‌ക്കുശേഷം സംസ്ഥാനത്തെ സഹോദരിമാർ ഒത്തുകൂടുന്ന വലിയ സമ്മേളനമാണ് നടക്കുന്നത്. 712 പ്രതിനിധികൾ പങ്കെടുക്കും. 56,90,294 സ്‌ത്രീകൾ കേരളത്തിൽ മഹിളാ അസോസിയേഷൻ മെമ്പർമാരായുണ്ട്.

കോവിഡ്കാലത്തും അതിനുശേഷവും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് കാര്യക്ഷമമായ രീതിയിൽ പ്രവർത്തിക്കാൻ കേരളത്തിലെ മഹിളാ പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട്. ഫെയ്‌സ്ബുക്ക്, വാട്സാപ്‌, ട്വിറ്റർ തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ നല്ല രീതിയിൽ ഉപയോഗപ്പെടുത്താനും അതുവഴി സംഘടനാ പ്രവർത്തനത്തെ ചലിപ്പിക്കാനും സാധിച്ചിരുന്നു. അടച്ചിടൽ കാലത്ത് വീട്ടുമുറ്റങ്ങളെ പ്രതിഷേധസമര വേദിയാക്കി മാറ്റാനും അസോസിയേഷന് സാധിച്ചു. കൂടാതെ, കോവിഡ് കാലത്ത് ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി ഒരു ചലഞ്ച് എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ച സംഘടനകൂടിയാണ്  മഹിളാ അസോസിയേഷൻ. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആളുകൾക്ക് മരുന്നുകൾ എത്തിക്കാനും വീടുകൾ ശുദ്ധീകരിക്കാനും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്തു നടത്താൻ പ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്.
 36 വർഷത്തിനുശേഷം ഒരിക്കൽക്കൂടി ദേശീയ സമ്മേളനത്തിന് കേരളം വേദിയാകുമ്പോൾ അതിനു മുന്നോടിയായി സംസ്ഥാന സമ്മേളനം ആലപ്പുഴ ജില്ലയിൽ  നടക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഇന്ത്യയിലെതന്നെ മഹിളാ സംഘടനയ്‌ക്ക് രൂപം കൊടുക്കാൻ നേതൃപരമായ പങ്കുവഹിച്ച സഖാക്കളുടെ നാടാണ് ആലപ്പുഴ. സഖാക്കൾ സുശീലാ ഗോപാലനും ഗൗരിയമ്മയും ഉൾപ്പെടെ  നിരവധി സഖാക്കൾ ആലപ്പുഴയിൽനിന്ന്‌  നേതൃസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട്. പോരാട്ടങ്ങളുടെ സ്മരണയുറങ്ങുന്ന ആലപ്പുഴയുടെ മണ്ണിൽ സമ്മേളനം വലിയ വിജയമാക്കാനുള്ള പ്രയത്നത്തിലാണ്  പ്രവർത്തകർ.

സംഘടനയുടെ 41 വർഷത്തെ  ചരിത്രം പരിശോധിക്കുമ്പോൾ സ്‌ത്രീകളുടെ അവകാശങ്ങൾക്കായുള്ള നിരവധി പോരാട്ടങ്ങളാണ് നടത്തിയിട്ടുള്ളത്. രാജ്യത്തെ സ്‌ത്രീപ്രശ്നങ്ങളിൽ എല്ലാംതന്നെ ഇടപെടാനും ജനകീയ പ്രശ്നങ്ങളിൽ പിന്തുണ നൽകാനും ഈ കാലയളവിൽ സാധിച്ചിട്ടുണ്ട്. സ്‌ത്രീകൾക്ക് അനുകൂലമായി ഒട്ടേറെ നിയമനിർമാണങ്ങളിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന് വ്യക്തമായ പങ്കുവഹിക്കാൻ സാധിച്ചിട്ടുണ്ട്. സ്‌ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, വിവരാവകാശനിയമം, തൊഴിലുറപ്പ് നിയമം, ഗാർഹികപീഡന നിരോധന നിയമം, നിർഭയ സംഭവത്തിനുശേഷമുള്ള നിയമഭേദഗതി, തൊഴിലിടങ്ങളിലെ ചൂഷണം തടയുന്നതിനുള്ള നിയമം തുടങ്ങിയ നിയമനിർമാണങ്ങളെല്ലാം യാഥാർഥ്യമാക്കി മാറ്റുന്നതിൽ മഹിളാ അസോസിയേഷന്റെ പങ്ക്‌ വലുതാണ്.

നരേന്ദ്ര മോദി സർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ സ്‌ത്രീ ജീവിതം കൂടുതൽ ദുരിതപൂർണമാക്കുന്നു. കോവിഡ് കാലത്ത് നിരവധി സ്‌ത്രീകളുടെ ജോലി നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ തൊഴിൽരഹിതരായ സ്‌ത്രീകളുടെ നാടായി ഇന്ത്യ മാറി. പട്ടിണി കിടക്കുന്ന സ്‌ത്രീകളുടെ എണ്ണത്തിലും ഇന്ത്യ മുന്നിൽത്തന്നെയാണ്. സ്‌ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങൾ രാജ്യത്ത് വലിയ തോതിൽ വർധിക്കുന്നു. സ്‌ത്രീകളുടെയും ദളിതരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും അതിശക്തമായി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രതികരിക്കുന്നുണ്ട്. ന്യൂനപക്ഷ വിഭാഗം വളരെ അരക്ഷിതാവസ്ഥയിലാണ് ജീവിക്കുന്നത്.  ബിൽക്കീസ് ബാനു വിഷയത്തിൽ ഗുജറാത്ത് സർക്കാർ സ്വീകരിച്ച നിലപാടും കർണാടകത്തിലെ ഹിജാബ് വിവാദവും പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താനുള്ള ശ്രമവും  ടീസ്ത സെതൽവാദ് അറസ്റ്റ് ചെയ്യപ്പെട്ട സംഭവവുമെല്ലാം അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണങ്ങളാണ്. ഈ വിഷയങ്ങളിലെല്ലാം ശക്തമായ പ്രതിഷേധം ഉയർത്താൻ സംഘടനയ്ക്ക് സാധിച്ചിട്ടുണ്ട്.

ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ അവരുടെ സവർണ ഹിന്ദുത്വ ആശയങ്ങൾ ഏറ്റവും നന്നായി സ്‌ത്രീകളിലൂടെ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയാണ്. എല്ലാ പിന്തിരിപ്പൻ ആശയങ്ങളും സ്‌ത്രീകളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിച്ചു നൂറ്റാണ്ടുകൾക്ക് പിന്നിലേക്ക് കൊണ്ടുപോകാൻ നടക്കുന്ന ശ്രമങ്ങൾ തുറന്നു കാട്ടേണ്ടതുണ്ട്.

രാജ്യത്തെ പോരാടുന്ന സ്‌ത്രീകൾക്ക് കരുത്തു നൽകുകയാണ്  കേരളത്തിലെ എൽഡിഎഫ്‌ സർക്കാർ. ഇന്ത്യയെ ബോധപൂർവം  തീവ്രവലതുപക്ഷ സ്വഭാവത്തിലേക്ക് നയിക്കാൻ ബിജെപി സർക്കാർ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കേരള സർക്കാർ സ്വീകരിക്കുന്ന നയങ്ങൾ ഏറെ ആവേശത്തോടെയാണ് മറ്റ് സംസ്ഥാനങ്ങളിലെ സ്‌ത്രീകൾ  കാണുന്നത്. ബജറ്റ് വിഹിതം കൂട്ടിയും പുതിയ വകുപ്പ് സ്വീകരിച്ചും മുന്നോട്ടുപോകുന്നത് കൂടുതൽ പ്രതീക്ഷ  നൽകുന്നതാണ്. സ്‌ത്രീപക്ഷ നവകേരളം യാഥാർഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു
കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മതനിരപേക്ഷ സ്‌ത്രീപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാർ ഗവർണറെ ഉപയോഗിച്ചു നടപ്പാക്കുന്നത്.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നമ്മൾ ജനകീയമായി ചെറുത്തു തോൽപ്പിക്കേണ്ടതുണ്ട്. വരുംനാളുകളിൽ വലിയ ഉത്തരവാദിത്വമാണ് മഹിളാ അസോസിയേഷന് നിറവേറ്റാനുള്ളത്.  ഈ സർക്കാർ നിലനിൽക്കേണ്ടത് കേരളത്തിലെ സ്‌ത്രീ സമൂഹത്തിന്റെ ആഗ്രഹവും ആവശ്യവുമാണ്. സ്‌ത്രീകളുടെ നല്ല പിന്തുണയും സഹായവും ഉള്ളതുകൊണ്ടുതന്നെയാണ് കേരളത്തിൽ തുടർഭരണം സാധ്യമായതെന്ന് നമുക്ക് അഭിമാനത്തോടെ പറയാൻ കഴിയും. കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി, ജനക്ഷേമകരമായിട്ടുള്ള മറ്റു പ്രവർത്തനങ്ങളെല്ലാം ജനജീവിതം സുഗമമാക്കാനും വിലക്കയറ്റത്തിൽനിന്ന്‌ ജനങ്ങളെ ഒരു പരിധിവരെ രക്ഷിക്കാനും ഉതകുന്നതാണ്‌.

കൂടുതൽ സ്‌ത്രീകളിലേക്ക് എത്തുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ വരുംനാളുകളിൽ സംഘടന ഏറ്റെടുക്കും. അതുപോലെതന്നെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായുള്ള പ്രവർത്തനങ്ങൾ വളരെ ശക്തമായിത്തന്നെ മുന്നോട്ടു കൊണ്ടുപോകും. ജീവിതനിലവാര സൂചികകൾ എല്ലാംതന്നെ പരിശോധിക്കുമ്പോൾ ഇന്ത്യയിൽ ഏറ്റവും മുന്നിൽനിൽക്കുന്ന സംസ്ഥാനമാണ് കേരളം. മാതൃമരണ നിരക്ക്, ശിശുമരണ നിരക്ക്, പോഷകാഹാരം, പെൺകുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ എല്ലാ സൂചികകളിലും വളരെ മുന്നിലാണ് കേരളം. ഇത്തരത്തിൽ എല്ലാം ഏറെ മുന്നോട്ടു സഞ്ചരിച്ച കേരളത്തിൽ അടുത്തകാലത്ത് സ്‌ത്രീധന പീഡനത്തെ തുടർന്നുണ്ടായ കൊലപാതകങ്ങൾ, പ്രണയപ്പകയുടെ ഭാഗമായുണ്ടായ കൊലപാതകങ്ങൾ, അന്ധവിശ്വാസത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങൾ എല്ലാം വളരെ ദൗർഭാഗ്യകരമായ സംഭവങ്ങളാണ്. ഇത്തരം പ്രതിലോമകരമായ പ്രവണതകളെയെല്ലാം ഇല്ലാതാക്കാൻ നമ്മുടെ വീടുകളിൽ ജനാധിപത്യം പുലരേണ്ടതുണ്ട്.  സമൂഹം അതിനുവേണ്ടിയുള്ള ജാഗ്രത പ്രകടിപ്പിക്കണം. ഇതിനെല്ലാം വേണ്ടിയുള്ള ക്യാമ്പയിനുകളുമായി സംഘടന മുന്നോട്ടുപോകും.

അതുപോലെതന്നെ സമൂഹത്തിൽ എതിർക്കപ്പെടേണ്ട ഒരു പ്രവണതയാണ് ലഹരി മരുന്നുകളുടെ ഉപയോഗം. നാടിനുവേണ്ടി ഏറെ സർഗാത്മകമായി പ്രവർത്തിക്കാൻ കഴിവുള്ള യൗവനത്തെ മദ്യവും മയക്കുമരുന്നും കവരാൻ നാം അനുവദിച്ചു കൂടാ. മദ്യവും മയക്കുമരുന്നും  മറ്റു ദുരാചാരങ്ങളുമെല്ലാം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീ സമൂഹത്തെയാണ്. അതുകൊണ്ടുതന്നെ ഈ പ്രവണതകൾക്കെല്ലാം എതിരെ വലിയ പോരാട്ടം ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തേണ്ടതായിട്ടുണ്ട്. ജനാധിപത്യം, സമത്വം, സ്‌ത്രീ വിമോചനം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് മുന്നോട്ടുപോകുന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ഈ കാലഘട്ടം ആവശ്യപ്പെടുന്ന കടമകളെല്ലാം നിറവേറ്റാൻ പ്രതിജ്ഞാബദ്ധമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top