18 April Sunday

കാർഷിക സെസിലെ ചതിക്കുഴി - ജോർജ്ജ് ജോസഫ് എഴുതുന്നു

ജോർജ്ജ് ജോസഫ്Updated: Wednesday Feb 17, 2021

ഒടുവിൽ റിസർവ് ബാങ്കിന് പോലും അത് പറയേണ്ടതായി വന്നു. പെട്രോൾ, ഡീസൽ എന്നിവയുടെ നികുതി കുറച്ചുകൊണ്ട് ജനങ്ങൾക്ക് ആശ്വാസം നൽകണമെന്ന് റിസർവ് ബാങ്ക് പുതിയ വായ്പാനയത്തിൽ ആവശ്യപ്പെട്ടിരിക്കുകയാണ്. നയത്തിൽ റിസർവ് ബാങ്ക് ഇങ്ങനെ പറയുന്നു: ‘പെട്രോൾ, ഡീസൽ എന്നിവയുടെ വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലാണ്. അതുകൊണ്ട് നികുതികളിൽ ഇളവ് വരുത്തിക്കൊണ്ട് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകണം. അങ്ങനെ ചെയ്യുന്നത് ചെലവുകൾ ഉയരുന്നതിനുള്ള സമ്മർദത്തിന് അയവ് വരുത്തും.' കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും ഇതിന് തയ്യാറാകണമെന്ന നിർദേശമാണ് റിസർവ് ബാങ്ക് മുന്നോട്ട് വയ്ക്കുന്നത്. പുതിയ കേന്ദ്ര ബജറ്റിൽ പെട്രോൾ, ഡീസൽ എന്നിവയ്ക്ക് ‘അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ടർ ആൻഡ് ഡെവലപ്മെന്റ്‌ സെസ്' ഏർപ്പെടുത്തിയ പശ്ചാത്തലത്തിൽ ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റിയുടെ ഈ പരാമർശം കൂടുതൽ പ്രസക്തമാവുകയാണ്. പെട്രോളിന് 2.50 രൂപയും ഡീസലിന് നാലു രൂപയുമാണ് സെസ്. എന്നാൽ, ഇത് വിലയിൽ പ്രതിഫലിക്കില്ലെന്ന വിശദീകരണമാണ് ധനമന്ത്രി നിർമല സീതാരാമൻ നൽകിയിരിക്കുന്നത്. അടിസ്ഥാന എക്‌സൈസ് തീരുവയിലും അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയിലും തത്തുല്യമായ കുറവ് വരുത്തി വിലയിൽ വർധന വരാതെ ക്രമീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.

എന്നാൽ, ഇതിലടങ്ങിയിരിക്കുന്ന ചതിക്കുഴികൾ പൊതുജന ശ്രദ്ധയിലേക്ക് വരണമെന്നില്ല. അടുത്തകാലത്ത്, പ്രത്യേകിച്ച് എൻഡിഎ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കേന്ദ്രത്തിലേക്ക് നികുതി വരുമാനത്തിന്റെ വലിയ തോതിലുള്ള കേന്ദ്രീകരണം ഉണ്ടാകുന്നു എന്നത് സംസ്ഥാനങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. സാമ്പത്തിക മാന്ദ്യത്തിന്റെയും കോവിഡ് മഹാമാരിയുടെയും സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകളുടെ റവന്യു ചെലവുകൾ കുത്തനെ ഉയർന്ന അവസ്ഥയിൽ വരുമാനത്തിന്റെ കേന്ദ്രീകരണം രാജ്യത്തിന്റെ ഫെഡറൽ ഘടനയെപ്പോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്ക് വഴി മാറുകയാണ്. രാഷ്ട്രീയവും ഭരണപരവുമായ ഫെഡറൽ ഘടനയ്‌ക്ക് സാമ്പത്തിക രംഗത്ത് ഫെഡറലിസം ശക്തമായി ഉണ്ടാകേണ്ടത് അത്യാവശ്യമായ കാര്യമാണ്. എന്നാൽ, കേന്ദ്ര സർക്കാർ പിന്തുടരുന്ന രീതി, ഫിസ്കൽ ഫെഡറലിസത്തെ തകർക്കുന്ന തരത്തിലുള്ളതാണ്. 2017ൽ ജിഎസ്ടി നടപ്പാക്കിയതിനുശേഷം സാമ്പത്തിക വിഭവങ്ങൾ കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിക്കുന്നത് കൂടുതൽ ശക്തമായിരിക്കുകയാണ്.


 

കേന്ദ്രത്തിന്റെ തന്ത്രങ്ങളും കുതന്ത്രങ്ങളും
ഇതിനായി കേന്ദ്ര സർക്കാർ തന്ത്രങ്ങളും കുതന്ത്രങ്ങളും സ്വീകരിക്കുന്നു എന്നതാണ് ഇതിലെ ശ്രദ്ധേയമായ വശം. ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന സെസിന്റെ അടിസ്ഥാനത്തിൽ ഇത് പരിശോധിക്കാം. പരോക്ഷ നികുതി ഇനത്തിൽ കേന്ദ്രം സമാഹരിക്കുന്ന വരുമാനം സംസ്ഥാന സർക്കാരുകളുമായി പങ്ക് വയ്ക്കേണ്ടതുണ്ട്. നികുതി വരുമാനത്തിന്റെ ഡിവിസിബിൾ പൂൾ എന്നാണ് ഇത് സാങ്കേതികമായി അറിയപ്പെടുന്നത്. എന്നാൽ, അടിസ്ഥാന തീരുവകൾ മാത്രമേ ഇത്തരത്തിൽ പങ്ക് വയ്ക്കാൻ കേന്ദ്രത്തിന് ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ ബാധ്യതയുള്ളൂ. അതുകൊണ്ട് പെട്രോൾ, ഡീസൽ തുടങ്ങിയ ഉൽപ്പന്നങ്ങളുടെ അടിസ്ഥാന എക്‌സൈസ് തീരുവയിൽ വർധന വരുത്താതെ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, സ്പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി തുടങ്ങിയ ഇനങ്ങളിലാണ് നികുതി കൂട്ടുന്നത്. അതുകൊണ്ട് ഇതുവഴിയുള്ള വരുമാനം പൂർണമായും കേന്ദ്ര ഖജനാവിലേക്ക് മാത്രമായി ചെന്ന് ചേരുന്നു. പെട്രോളിന്റെ കേന്ദ്ര നികുതിയിൽ വരുന്ന വിവിധ ഇനങ്ങൾ പരിശോധിക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാകും.

പെട്രോൾ വിലയുടെ 2.5 ശതമാനം കസ്റ്റംസ് ഡ്യൂട്ടിയാണ്. ഇതിനു പുറമെ 14.90 രൂപ കൗണ്ടർവെയ്‌ലിങ് ഡ്യൂട്ടിയും 18 രൂപ അഡീഷണൽ കസ്‌റ്റംസ്‌ ഡ്യൂട്ടിയും 1.40 രൂപ അടിസ്ഥാന എക്‌സൈസ് തീരുവയും 11 രൂപ സ്പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടിയും 2.5 രൂപ പുതുതായി ഏർപ്പെടുത്തിയ സെസുമാണ്. ഇതിലെ സ്പെഷ്യൽ അഡീഷണൽ എക്‌സൈസ് തീരുവയും സെസും കേന്ദ്രത്തിന് മാത്രമായി എടുക്കാം. ഇന്ധന നികുതികൾ ഉയർത്തുമ്പോൾ ഇത്തരത്തിൽ സംസ്ഥാനങ്ങൾക്ക് അതിന്റെ വിഹിതം നിഷേധിക്കുന്ന ഇനങ്ങളിൽമാത്രം വർധന വരുത്തുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ പൊതുവെ ജാഗരൂകരാണ് എന്ന് കാണാവുന്നതാണ്.

നിരവധി തവണ തീരുവ ഉയർത്തിയപ്പോഴും കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഇതേ മാർഗമാണ്. ഓരോ സംസ്ഥാനങ്ങളിലെയും ജനങ്ങളെ ഞെക്കിപ്പിഴിഞ്ഞ് എടുക്കുന്ന ഈ അധിക വരുമാനത്തിന്റെ പങ്ക് ഏറെ പ്രതികൂലമായ സാമ്പത്തിക സാഹചര്യത്തിലും സംസ്ഥാനങ്ങൾക്ക് നിഷേധിക്കപ്പെടുന്നു. ഇപ്പോൾ കാർഷിക സെസ് ഉൾപ്പെടുത്തുന്നതോടെ ഡിവിസിബിൾ പൂൾ വീണ്ടും കുറയുകയാണ്. കാരണം സെസ് ഇനത്തിൽ പിരിക്കുന്ന വരുമാനവും സംസ്ഥാനങ്ങളുമായി പങ്ക് വയ്‌ക്കേണ്ടവയല്ല. മോഡി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഇങ്ങനെ സംസ്ഥാനങ്ങളുമായി പങ്ക് വയ്‌ക്കേണ്ടി വരുന്ന വരുമാനത്തിന്റെ തോത് 42 ശതമാനത്തിൽ നിന്ന് 32 ശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇത് സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിൽ ഉണ്ടാകുന്ന പ്രത്യാഘാതം ദുർവഹമാണ്; പ്രത്യേകിച്ച് റവന്യു ചെലവുകൾ റോക്കറ്റ് പോലെ കുതിച്ചുയരുന്ന സാഹചര്യത്തിൽ. കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പെട്രോൾ, ഡീസൽ നികുതിയുടെ ഒരു ഭാഗം മാറ്റിവച്ചിരുന്നെങ്കിൽ അത് മനസ്സിലാക്കാം. മറിച്ച് അത് സെസ് ആക്കി മാറ്റുന്നതിലൂടെ സംസ്ഥാനങ്ങളുടെ ധനപരമായ അവകാശങ്ങളെ ഹനിക്കുകയാണ് ചെയ്തിരിക്കുന്നത്.

നിലവിൽ വിലയിൽ മാറ്റം വരാതെയുള്ള ക്രമീകരണമാണുള്ളതെങ്കിലും ഭാവിയിൽ എക്‌സൈസ് തീരുവ ഉയർത്തുന്നതായാൽ ഉപഭോക്താവിന് അധിക ബാധ്യത ഉണ്ടാവുകയും ചെയ്യും. നിരവധി തവണ എക്‌സൈസ് ഡ്യൂട്ടി ഉയർത്തി എണ്ണ വിതരണ കമ്പനികൾ നൽകിയ നക്കാപ്പിച്ച വിലക്കുറവ് പോലും ജനങ്ങൾക്ക് നിഷേധിച്ച കേന്ദ്ര സർക്കാരിൽനിന്ന് മറിച്ച് പ്രതീക്ഷിക്കുന്നതിൽ അർഥമില്ല.

കേന്ദ്ര വരുമാനം പോകുന്നത്‌ എങ്ങോട്ട്‌
ഇവിടെ ഏറെ ശ്രദ്ധേയമായ മറ്റൊരു വസ്തുത കൂടിയുണ്ട്. പ്രതികൂല സാമ്പത്തിക സാഹചര്യത്തിലും സംസ്ഥാനങ്ങൾക്ക് ധനപരമായ മാനേജ്‌മെന്റ് ഒട്ടൊക്കെ കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിഞ്ഞിരിക്കുന്നു. 2020 –-21 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങളുടെ ധനകമ്മി 3.5 ശതമാനത്തിനും 4.5 ശതമാനത്തിനും ഇടയിലാകും എന്നാണ് പ്രാഥമിക കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. എന്നാൽ, വരുമാനം കൂടുതൽ കേന്ദ്രീകരിക്കപ്പെടുമ്പോഴും കേന്ദ്രത്തിന്റെ ധനകമ്മി 9.5 ശതമാനമെന്ന ആശങ്കാജനകമായ നിലയിലേക്ക് വളർന്നിരിക്കുന്നു. കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ടിരുന്നത് 3.5 ശതമാനമാണെന്ന് ഓർക്കണം.

അടുത്ത സാമ്പത്തിക വർഷത്തിൽ ബജറ്റ് ലക്ഷ്യമിടുന്നത് 6.8 ശതമാനവും. വരുമാനം കുന്നുകൂടുകയും കേന്ദ്രത്തിന്റെ റവന്യു ചെലവുകളിൽ പ്രകടമായ വർധന ഉണ്ടാകാതിരുന്നിട്ടുമുള്ള ധനകമ്മിയിലെ വളർച്ച അമ്പരപ്പിക്കുന്നതാണ്. വാസ്തവത്തിൽ കേന്ദ്രത്തിലെ വരുമാനം എങ്ങോട്ട് പോകുന്നു എന്ന ചോദ്യം ശക്തമായി ഉയരുന്നുണ്ട്. ജനങ്ങൾക്ക് വേണ്ടി ഈ കൊറോണക്കാലത്ത് പോലും കേന്ദ്രം കാര്യമായി ഒന്നും ചെയ്തിട്ടില്ല. അപ്പോൾ സർക്കാർ വരുമാനം പുട്ടടിക്കുന്നത് ആരാണ് ? ജനങ്ങളാണ് ഇതിന്‌ ഉത്തരം തേടേണ്ടത്. കാരണം ഇത് അവരെ ഊറ്റിയെടുത്ത് സമാഹരിക്കുന്ന പണമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top