16 February Saturday

മഹാരാജാസിന്റെ ഹൃദയത്തിനേറ്റ മുറിവ‌്

വൈക്കം വിശ്വൻUpdated: Friday Aug 3, 2018


എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിനെ വർഗീയശക്തികൾ ഇല്ലാതാക്കിയിട്ട് ഒരുമാസം പിന്നിടുകയാണ്. സമൂഹത്തിലെ എല്ലാ വിഷയങ്ങളിലും സജീവമായി ഇടപെട്ട് പുരോഗമനാത്മക കാഴ്ചപ്പാടുകൾ ഉയർത്തിയ കോളേജാണ‌് മഹാരാജാസ‌്. എല്ലാ മേഖലയിലും അനവധി പ്രമുഖ വ്യക്തിത്വങ്ങളെ ഈ കലാലയം സംഭാവന ചെയ്തു. ഈ പാരമ്പര്യം പിൻപറ്റിയാണ് അഭിമന്യുവും പുരോഗമനാശയങ്ങൾ ജീവിതത്തിൽ പകർത്തി വർഗീയതയ‌്ക്കെതിരെ പോരാടിയത്. ആ വാക്കുകളെയും ആശയങ്ങളെയും ഭയപ്പെട്ട വർഗീയവാദികൾ അഭിമന്യുവിന്റെ ജീവനെടുത്തു. മഹാരാജാസ് എക്കാലവും ഉയർത്തിപ്പിടിച്ച പുരോഗമന‐മതനിരപേക്ഷ മൂല്യങ്ങൾക്കേറ്റ കളങ്കമായിരുന്നു ആ അരുംകൊല.

സൗഹൃദവും സ്നേഹവും വിദ്യാർഥികൾക്കിടയിൽ വളർത്തിയ ക്യാമ്പസ് ആ അന്തരീക്ഷത്തെ തകർക്കാൻ ശ്രമിക്കുന്ന എല്ലാത്തിനെയും ചെറുത്തുതോൽപ്പിച്ചിരുന്നു. വിമോചന സമരത്തിനുശേഷമുള്ള കാലഘട്ടത്തിലാണ് ഞാൻ മഹാരാജാസിൽ ബിഎ മലയാളം വിദ്യാർഥിയായി എത്തുന്നത്. സംഘടനാ പ്രവർത്തകൻ എന്ന നിലയിൽ എന്നെ പരുവപ്പെടുത്തിയത് ആ ക്യാമ്പസായിരുന്നു. ശക്തമായിരുന്ന സ്റ്റുഡൻസ് ഫെഡറേഷനെ മറ്റുള്ളവർ ഒന്നിച്ചുനിന്ന് എതിർത്തിരുന്ന സാഹചര്യമായിരുന്നു അന്ന്. അപ്പോഴും സഹിഷ്ണുതയ‌്ക്ക് സ്ഥാനമുണ്ടായിരുന്നു. വർത്തമാനകാല പ്രശ്നങ്ങളുടെയെല്ലാം പ്രതിഫലനം ക്യാമ്പസിലുണ്ടാകും. ക്യാമ്പസിനു പുറത്തുള്ള സമരങ്ങളിലും ഞങ്ങൾ പങ്കെടുത്തിരുന്നു. പൊതുപ്രവർത്തനത്തിൽ മുഖ്യം ആശയപരമായ സമരങ്ങളാണ്. അതിന്റെ ഭാഗമായി ചുവരെഴുത്തും പോസ്റ്റർ ഒട്ടിക്കലുമെല്ലാം നടത്തിയിരുന്നു.

മതേതര സംസ്കാരത്തിനുവേണ്ടിയായിരുന്നു ഞങ്ങളുടെ സംഘടന നിരന്തരം പ്രവർത്തിച്ചത്. വർഗീയത തലപൊക്കുന്ന ചെറിയ സംഭവംപോലും അതിവേഗത്തിൽ ഇടപെട്ട് പരിഹരിക്കാൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു പുരോഗമനാശയങ്ങൾക്ക് വളക്കൂറുള്ള ക്യാമ്പസായി മഹാരാജാസ് മാറിയത‌്. ക്ഷേത്രത്തിലെ പറയെടുപ്പ് നടത്താൻ അന്ന് ഹോസ്റ്റൽ യൂണിയൻ പ്രവർത്തകരായ വിദ്യാർഥികളുമുണ്ടായിരുന്നു. അതിൽ ഹിന്ദുക്കളുമുണ്ട്, അഹിന്ദുക്കളുമുണ്ട്. മതത്തിന്റെ വേർതിരിവ് എവിടെയുമുണ്ടായിട്ടില്ല.

എത്ര വേണമെങ്കിലും വായിക്കാം, വളരാം, അറിവും വൈദഗ്ധ്യവും നേടാം‐മഹാരാജാസിന്റെ മഹത്വമാണത്. ശാസ്ത്രകാരന്മാർ, സംഗീതജ്ഞന്മാർ, ചിത്രകാരന്മാർ, ചലച്ചിത്രകാരന്മാർ, രാഷ്ട്രീയ നേതാക്കൾ, കവികൾ, കലാകാരന്മാർ‐എത്രയെത്ര പ്രഗത്ഭർക്ക് ഈ കലാലയം ജന്മം നൽകി. വിദ്യാർഥികളുടെ അവകാശസംരക്ഷണത്തിനും കരിനിയമങ്ങൾക്കെതിരെയും ശബ്ദിച്ച ആ ക്യാമ്പസിൽ ഇന്ന് വർഗീയവാദികൾ ഒരു വിദ്യാർഥിയുടെ രക്തംവീഴ്ത്തിയത് അങ്ങേയറ്റം ആശങ്കയോടെയേ കാണാൻ കഴിയൂ.

ഇടക്കാലത്ത് എപ്പോഴോ അൽപ്പം ആക്രമണസ്വഭാവം മഹാരാജാസ് ക്യാമ്പസിൽ കടന്നുകൂടിയിരുന്നു. പക്ഷേ, അതിനെയും അതിജീവിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന ക്യാമ്പസായിരുന്നു മഹാരാജാസിന്റേത്.

എസ്എഫ്ഐയുടെ പ്രവർത്തകൻ ആക്രമിക്കപ്പെടുമ്പോൾ അത് സംഘടനയുടെയും ആക്രമിക്കപ്പെട്ട വിദ്യാർഥിയുടെയും കുറ്റമാണെന്ന മട്ടിൽ പ്രചാരണം നടത്തുക പതിവാണ്. അഭിമന്യുവിന്റെ മരണത്തിലും ഇത്തരം കുപ്രചാരണമുണ്ടായത് ഖേദകരമാണ്. കലാലയ രാഷ്ട്രീയത്തിന് സാമൂഹ്യമാറ്റമുണ്ടാക്കാൻ സാധിക്കും. അതില്ലാത്ത കലാലയങ്ങൾ അതിന്റെ ദുരിതങ്ങൾ അനുഭവിച്ചിട്ടുമുണ്ട്. മഹാരാജാസിൽ എസ്എഫ്ഐ ശക്തവും മറ്റുള്ളവ ദുർബലവുമായതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ചിലരുടെ വാദം. വിദ്യാർഥികളുടെ പിന്തുണ നേടി എസ്എഫ്ഐ ശക്തമായെങ്കിൽ അത് ആ സംഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾകൊണ്ടാണെന്നും മറ്റുള്ളവയ്ക്ക് അതിന് കഴിയാതെ പോയെന്നും ഇവർ വിസ്മരിക്കുന്നു. ഒരു സംഘടനാപ്രവർത്തനത്തെയും എസ്എഫ്ഐ എതിർക്കുന്നില്ല. ദാരിദ്ര്യത്തിനിടയിലും താൻ മുറുകെപ്പിടിച്ച ആശയം നടപ്പാക്കാൻ നാട്ടിലും ക്യാമ്പസിലും പ്രവർത്തിച്ച വിദ്യാർഥിയായിരുന്നു അഭിമന്യു. അവനെ ആശയപരമായി നേരിടാൻ കഴിവില്ലാത്തവർ കായികമായി നേരിട്ടു. ആക്രമണത്തിന് ഇരയായവരാണ് കുറ്റക്കാരെന്ന മട്ടിലായിരുന്നു പിന്നീട് ചിലരുടെ പ്രതികരണങ്ങൾ. കുത്തിയവരുടെ വാദം ഇവർ ഏറ്റുപിടിക്കുകയായിരുന്നു. മറ്റു സംഘടനകൾക്ക് പ്രവർത്തിക്കാൻ സ്വാതന്ത്ര്യം കൊടുക്കാതിരുന്നതാണ് ആക്രമണത്തിനു കാരണമെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവായ എ കെ ആന്റണി പറഞ്ഞത്. ആന്റണിയും മഹാരാജാസിലെ പൂർവവിദ്യാർഥിയാണ്. പഠിച്ച കലാലയത്തിന്റെ ചരിത്രത്തോടും കാഴ്ചപ്പാടിനോടുമുള്ള വഞ്ചനയായിരുന്നു ആന്റണിയുടെ നിലപാട്. ഇടുങ്ങിയതും പുരോഗമനവിരുദ്ധവുമായ ചിന്താഗതിയാണ് തനിക്കെന്ന് ആന്റണി തെളിയിച്ചു. കൊലപാതകത്തെ ന്യായീകരിക്കുന്ന നിലയിലേക്ക് താണു അദ്ദേഹം.

സാംസ്കാരികമേഖലയെ സമ്പുഷ്ടമാക്കിയ മഹാരാജാസിൽ ഞങ്ങളുടെ കാലഘട്ടത്തിനുമുമ്പ് പഠിച്ചവർ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. നാട്ടിൽ യാഥാസ്ഥിതികർ കൂടുതലായിരുന്നപ്പോഴും പുരോഗമന നിലപാടുണ്ടായിരുന്ന ക്യാമ്പസ്. അവിടെ ഇന്ന് മതതീവ്രവാദികൾ കൊലവിളി നടത്തുമ്പോൾ ആ പാരമ്പര്യം അറിഞ്ഞുവന്നവർക്ക് അതിനെ എതിർക്കാൻ കഴിയണം. വളർന്നുവരുന്ന ഒരു പൂവായിരുന്നു അഭിമന്യു. അതിനെ തല്ലിക്കൊഴിച്ചപ്പോൾ വേദനിച്ചത് കുടുംബാംഗങ്ങൾമാത്രമല്ല, നാടാകെയാണ‌്. ഞങ്ങൾ പഠിക്കുന്ന കാലത്ത് ഇത്തരം വർഗീയ സംഘടനകളില്ല. കുട്ടികളുടെ ചിന്തകൾ എപ്പോഴും തീവ്രമാണ്. ആ മനസ്സിലേക്ക് മതവിദ്വേഷം കുത്തിവച്ച് സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് ക്യാമ്പസ് ഫ്രണ്ടുപോലുളള സംഘടനകൾ ചെയ്യുന്നത്. ഇതിനെ വലിയൊരളവിൽ ചെറുക്കാൻ എസ്എഫ്ഐക്ക് സാധിക്കുന്നുണ്ട്. എല്ലാത്തരത്തിലുള്ള വർഗീയതയെയും പുരോഗമനപ്രസ്ഥാനങ്ങൾ എതിർക്കും. അതുകൊണ്ട് ന്യൂനപക്ഷ‐ഭൂരിപക്ഷ വർഗീയ സംഘടനകൾ എസ്എഫ്ഐയെ ശത്രുസ്ഥാനത്ത് കാണുന്നു.

ആശയങ്ങളെ കൊലപാതകത്തിലൂടെ നേരിടുന്ന വർഗീയ സംഘടനകളെ സമൂഹം തിരിച്ചറിയണം. അഭിമന്യുവിനെ കൊന്നതിനു പിന്നിൽ കലാപം സൃഷ്ടിക്കുകയെന്ന ഉദ്ദേശ്യമുണ്ടായിരുന്നു എന്ന വാർത്ത ഞെട്ടിക്കുന്നതാണ്. പരിശീലനം നേടിയവരാണ് കൊല നടത്തിയത്. ഭൂരിപക്ഷ വർഗീയതയെ ചെറുക്കാനെന്ന പേരിലാണ് ഇത്തരം സംഘടനകൾ പ്രവർത്തിക്കുന്നതും വളരുന്നതും. ഏതുതരം വർഗീയതയെയും എതിർക്കാൻ ബഹുജന പ്രസ്ഥാനമല്ല, വർഗീയമായി സംഘടിക്കുന്ന പ്രസ്ഥാനങ്ങളാണ് ആവശ്യമെന്ന അപകടകരമായ വാദമാണ് ഇവരുയർത്തുന്നത്. ഇതിലെ അപാകം സമൂഹം തിരിച്ചറിഞ്ഞേ മതിയാകൂ.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top