19 May Thursday

യുഎസ്‌ സുഡാനോട്‌ ചെയ്യുന്നത്‌

വി ബി പരമേശ്വരൻUpdated: Wednesday Jan 5, 2022

സുഡാൻ പ്രധാനമന്ത്രി അബ്‌ദല്ല ഹാംഡോക്‌  രാജിവച്ചു. പട്ടാള ഭരണാധികാരി ജനറൽ അബ്‌ദേൽ ഫത്തേ അൽ ബുർഹാനുമായി നവംബർ 21ന്‌ ഉണ്ടാക്കിയ പതിനാലിന കരാർ അനുസരിച്ച്‌ പ്രധാനമന്ത്രി പദത്തിലേക്ക്‌ തിരിച്ചുവന്ന ഹാംഡോക്കിനാണ്‌ ഇപ്പോൾ രാജിവച്ചൊഴിയേണ്ടി വന്നത്‌. ഭരണത്തിൽ കൈകടത്തുന്ന പട്ടാളത്തിന്റെ രീതി അവസാനിപ്പിക്കുന്നതുവരെ  അവരുമായി സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലേക്ക്‌ രാജ്യത്തെ ജനാധിപത്യ പ്രക്ഷോഭകർ എത്തിയതോടെയാണ്‌ പട്ടാളവുമായി കരാറിലെത്തി അധികാരത്തിൽ തുടരാനുള്ള ഹാം ഡോക്കിന്റെ പദ്ധതി പാളിയത്‌. പട്ടാളത്തിന്‌ സിവിലിയൻ പരിവേഷം നൽകി കൂടുതൽ സ്വീകാര്യത നൽകുന്ന നടപടിയാണ്‌ ഹാം ഡോക്കിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്നാണ്‌ പ്രക്ഷോഭകരുടെ ആക്ഷേപം. പട്ടാളവുമായി  അനുരജ്ഞനമോ അവരുമായി പങ്കാളിത്തമോ വേണ്ടെന്ന്‌ തെരുവിൽ ജനങ്ങൾ ഉറക്കെ വിളിച്ചുപറയുന്ന ഘട്ടത്തിലാണ്‌ അതിന്‌ വിരുദ്ധമായി ഹാംഡോക് അവരുമായി ചർച്ച നടത്തിയതും പ്രധാനമന്ത്രി പദത്തിലേക്ക്‌ തിരിച്ചുവന്നതും. ജനാധിപത്യ പ്രക്ഷോഭകരെ പിരിച്ചുവിടാൻ  ജനുവരി രണ്ടിന്‌ പട്ടാളം മൃഗീയമായ മർദനമുറകൾ പുറത്തെടുക്കുകയും മൂന്ന്‌ പേർ കൊല്ലപ്പെടുകയും (ഇതോടെ ഒക്ടോബർ 25ന്‌ നടന്ന പട്ടാള അട്ടിമറിക്കുശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി) ചെയ്‌തു. ഈ ഘട്ടത്തിലാണ്‌ ഹാംഡോക്കിന്റെ രാജി പ്രഖ്യാപനം. 

വടക്കുകിഴക്കേ ആഫ്രിക്കയിലെ സുഡാൻ ഇന്ന്‌ പ്രക്ഷോഭത്തിന്റെ തീച്ചൂളയിലാണ്‌. 2019 ഏപ്രിലിലാണ്‌ ഒമർ അൽ ബാഷിറിന്റെ മൂന്ന്‌ ദശാബ്‌ദം നീണ്ട ഇസ്ലാമിക സർക്കാർ ജനരോഷത്തിൽ നിലംപൊത്തിയത്‌. റൊട്ടിക്ക്‌ മൂന്നിരട്ടി  വിലവർധിപ്പിച്ച നടപടിയാണ്‌ ജനങ്ങളെ ബാഷിറിനെതിരെ ഇളക്കിവിട്ടത്‌. തുടർന്ന്‌, അധികാരത്തിൽ വന്ന പട്ടാളത്തിന്റെയും സിവിലിയന്മാരുടെയും നേതൃത്വത്തിലുള്ള ഇടക്കാല ഗവൺമെന്റിനെയാണ്‌ ഒക്ടോബർ 25ന്‌ പട്ടാളം അട്ടിമറിച്ചത്‌. രാജ്യം സമ്പൂർണ ജനാധിപത്യത്തിലേക്ക്‌ നീങ്ങുന്നത്‌ തങ്ങളുടെ പ്രത്യേക  അവകാശങ്ങൾക്കും ആനുകൂല്യങ്ങൾക്കും വിലങ്ങുതടിയാകുമോയെന്ന ഭീതിയാണ്‌ ഈ അട്ടിമറിക്ക്‌ പിന്നിലുള്ളത്‌. സുഡാൻ ജനാധിപത്യത്തിലേക്ക്‌ നീങ്ങുന്നത്‌ തങ്ങളുടെ താൽപ്പര്യങ്ങൾക്ക്‌ ഗുണകരമാകില്ലെന്ന്‌ അമേരിക്കയുടെയും ഉദാരവാദ നയക്കാരുടെയും സംശയവും ഈ അട്ടിമറിക്ക്‌ കാരണമായിട്ടുണ്ട്‌. ഇടക്കാല ഗവൺമെന്റ്‌ എന്ന സങ്കൽപ്പംപോലും അമേരിക്കയും മറ്റും മുന്നോട്ടുവച്ചതാണെന്ന അഭിപ്രായവും ശക്തമാണിന്ന്‌.  നേരത്തേ യുഎന്നിൽ ജോലിചെയ്‌ത സാമ്പത്തികവിദഗ്‌ധനായ ഹാം ഡോക്‌ ഒരു ടെക്‌നോക്രാറ്റ്‌ മന്ത്രിസഭയ്‌ക്കാണ്‌ നേതൃത്വം നൽകിയത്‌ എന്നതും ഈ സംശയത്തെ ബലപ്പെടുത്തുന്നു.

ഹാം ഡോക്‌ സർക്കാർ വന്നതോടെയാണ്‌ രാജ്യം അതിവേഗം ഉദാരവാദ പാതയിലേക്ക്‌ നീങ്ങിയത്‌. ഐഎംഎഫും മറ്റും കടാശ്വാസം പ്രഖ്യാപിച്ചു. പുതിയ സാമ്പത്തികസഹായങ്ങളും വാഗ്‌ദാനം ചെയ്‌തു. എന്നാൽ, അതിന്‌ പകരമായി സാമ്പത്തിക ഉദാരവൽക്കരണ നയങ്ങൾ നടപ്പാക്കണമെന്ന്‌ ശഠിച്ചു. ഉദാരവൽക്കരണ നയത്തിനെതിരെയുള്ള പ്രതിഷേധം ജനാധിപത്യത്തിലേക്ക്‌ പാലമിടുന്ന ഇടക്കാല സർക്കാരിനെ തകർക്കുമെന്ന യുക്തിയും അവർ മുന്നോട്ടുവച്ചു. എന്നാൽ, ഈ നയത്തിന്റെ ഫലമായി വിലക്കയറ്റം രൂക്ഷമാകുകയും കറൻസിയുടെ മൂല്യം ഇടിയുകയും  ചെയ്‌തു. കഴിഞ്ഞ വർഷത്തേക്കാൾ 2021ൽ ജീവിതച്ചെലവ്‌ 300 ശതമാനം വർധിച്ചു. ജനങ്ങൾ വർധിച്ച തോതിൽ വീണ്ടും തെരുവിലിറങ്ങി. ഈ ഘട്ടത്തിലാണ്‌ പട്ടാളഅട്ടിമറി നടന്നത്‌.

പക്ഷേ, പരിമിതമെങ്കിലും ജനാധിപത്യപ്രക്രിയയുടെ ഭാഗമായി രൂപംകൊണ്ട ഇടക്കാല സർക്കാരിനെ  സംരക്ഷിക്കാൻ ജനങ്ങൾ തെരുവിലിറങ്ങി. പട്ടാള ഭരണം സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയ അമേരിക്കയ്‌ക്കും  ഈജിപ്‌തിനുമെതിരെയും മുദ്രാവാക്യങ്ങളും റാലികളിൽ  ഉയർന്നു. ഹാം ഡോക്‌  ‘വിപ്ലവത്തെ വിറ്റു’വെന്നും പ്രക്ഷോഭകർ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായ ഉമ്മ പാർടിയും ചെറുതെങ്കിലും ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ സജീവമായി നിലയുറപ്പിച്ച സുഡാൻ കമ്യൂണിസ്‌റ്റ്‌ പാർടിയും ജനാധിപത്യ പ്രക്ഷോഭത്തിന്‌ നേതൃത്വം നൽകിയ സുഡാനീസ്‌ പ്രൊഫഷണൽ അസോസിയേഷനും പട്ടാള അട്ടിമറിക്കെതിരെ രംഗത്തുവന്നു. ഈ ഘട്ടത്തിലാണ്‌ പട്ടാളം വീട്ടുതടങ്കലിലടച്ച  ഹാം ഡോകിനെ വീണ്ടും പ്രധാനമന്ത്രി പദത്തിൽ അവരോധിച്ചുകൊണ്ട്‌ പതിനാലിന കരാറിലെത്താൻ പട്ടാളം തയ്യാറായത്‌. എന്നാൽ, പ്രക്ഷോഭത്തിന്‌ തടയിടാൻ ഈ കൺകെട്ട്‌ വിദ്യക്കാകില്ലെന്ന്‌ സുഡാൻ കമ്യൂണിസ്‌റ്റ്‌ പാർടി മുന്നറിയിപ്പ്‌ നൽകി. ‘പട്ടാള നേതാക്കളുമായുള്ള അധികാര പങ്കാളിത്തം വിപ്ലവം മൗലികമായി മുന്നോട്ടുവച്ച സ്വാതന്ത്ര്യം, സമാധാനം, സാമൂഹ്യനീതി എന്നീ ലക്ഷ്യങ്ങൾ നേടാൻ പര്യാപ്‌തമല്ലെന്ന്‌’ കമ്യൂണിസ്‌റ്റ്‌ പാർടി മുന്നറിയിപ്പ്‌ നൽകി.

ഹാം ഡോകിനെ വീണ്ടും പ്രധാനമന്ത്രിയാക്കിയ നീക്കത്തിനുപിന്നിലും അമേരിക്കയും ഈജിപ്‌തും സൗദിയും മറ്റുമാണുള്ളത്‌. ഇടക്കാല സർക്കാരിന്റെ കാലത്താണ്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപിന്റെ നിർബന്ധത്തിന്‌ വഴങ്ങി ഇസ്രയേലിനെ സുഡാൻ അംഗീകരിച്ചത്‌. സുഡാനിൽ ജനാധിപത്യം സ്ഥാപിക്കുന്നതിനേക്കാൾ അമേരിക്കയ്‌ക്ക്‌ പ്രധാനം ഇസ്രയേലിന്‌ അംഗീകാരം വാങ്ങി നൽകുന്നതിലായിരുന്നു. ഭീകരവാദികളെ പിന്തുണച്ച രാഷ്ട്രമെന്നാരോപിച്ച്‌ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധത്തിൽനിന്ന്‌ മോചനം നേടാനാണ്‌ രാജ്യത്തെ പൊതുജനാഭിപ്രായം എതിരായിരുന്നിട്ടും സുഡാൻ ഇസ്രയേലിന്‌ അംഗീകാരം നൽകിയത്‌. ഹാം ഡോകിനെ വീട്ടുതടങ്കലിലാക്കിയ വേളയിൽ അദ്ദേഹത്തെ അധികാരത്തിൽ തിരിച്ചുകൊണ്ടുവരാൻ ബുർഹാനെ നിർബന്ധിച്ചതും അമേരിക്കയും അവരുടെ പശ്‌ചിമേഷ്യൻ ശിങ്കിടികളുമാണ്‌. ഈ ഘട്ടത്തിൽ ഹാം ഡോകിനെ  കാണാൻ പട്ടാളഭരണം അനുവദിച്ചത്‌ അമേരിക്കയുടെയും യൂറോപ്യൻ യൂണിയന്റെയും യുഎഇയുടെയും പ്രതിനിധികളെ  മാത്രമാണെന്നതിൽനിന്ന്‌ ഒത്തുതീർപ്പ്‌ കരാറിന്റെ പിന്നിൽ ആരായിരുന്നുവെന്ന്‌ വ്യക്തമാണ്‌.

അമേരിക്ക, ഈജിപ്‌ത്‌, ഇസ്രയേൽ, ഗൾഫ്‌ രാഷ്ട്രങ്ങൾ എന്നിവയുടെ ഇടപെടൽ മാത്രമല്ല സുഡാനിലെ സ്ഥിതി വഷളാക്കുന്നത്‌. മറിച്ച്‌ സുഡാൻ സൈന്യത്തിലെ അസ്വാരസ്യങ്ങളും  സ്ഥിതി വഷളാക്കി.  സൈന്യത്തിലെ ഒന്നാമനായ ബുർഹാനും രണ്ടാമനായ ജനറൽ മുഹമ്മദ്‌ ഹംദാൻ ഡാഗ്‌ലോയും തമ്മിലുള്ള തർക്കവും സുഡാൻ രാഷ്ട്രീയ പ്രതിസന്ധിക്ക്‌ കാരണമാകുന്നുണ്ട്‌. ഈജിപ്‌തുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ്‌ ബുർഹാനെങ്കിൽ സൗദിയുമായും യുഎഇയുമായാണ്‌ മുഹമ്മദ്‌ ഹംദാന്‌ ബന്ധമുള്ളത്‌. സുഡാനിൽ ചുവടുറപ്പിക്കാനുള്ള ഈ രാഷ്ട്രങ്ങളുടെ താൽപ്പര്യവും ഈ സംഘർഷത്തിൽ പ്രതിഫലിച്ചുകാണാം. സെപ്‌തംബറിൽ പുറത്താക്കപ്പെട്ട പ്രസിഡന്റ്‌ ബാഷിറിന്റെ അനുകൂലികളായ പട്ടാള ഉദ്യോഗസ്ഥർ അട്ടിമറിക്ക്‌ ശ്രമം നടത്തിയിരുന്നു. ഡാർഫുർ പ്രവിശ്യയിൽ മൂന്ന്‌ ലക്ഷംപേരേ കൊന്നുതള്ളിയ കിരാതനടപടിക്ക്‌ ഉത്തരവാദികളായവരെ വിചാരണ ചെയ്യാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക്‌ അനുവാദം നൽകാനുള്ള നീക്കമാണ്‌ ഈ അട്ടിമറി ശ്രമത്തിനും കാരണമായത്‌. ഇപ്പോഴത്തെ പട്ടാള ഭരണാധികാരി ബുർഹാനായിരുന്നു കൂട്ടക്കൊല നടക്കുന്ന വേളയിൽ ഡാർഫുർ പ്രവിശ്യയുടെ പൊലീസ്‌ മേധാവി. മുഹമ്മദ്‌ ഹംദാനും സൈനിക നടപടിയിൽ പങ്കുണ്ടായിരുന്നു. ഏതായാലും അമേരിക്കയും ഇസ്രയേലും സൈന്യവും ചേർന്ന്‌ സുഡാന്റെ ജനാധിപത്യത്തിലേക്കുള്ള മുന്നേറ്റം തടയാനാണ്‌ ശ്രമിക്കുന്നത്‌. രാജ്യത്തിലെ ഏറ്റവും  പ്രധാന ശക്തി പട്ടാളമല്ലെന്നും ജനങ്ങളാണെന്നും ബോധ്യപ്പെടുത്തേണ്ട സമയം സമാഗതമായിരിക്കുകയാണ്‌. സുഡാൻജനത ആ വഴിക്കാണ്‌ നീങ്ങിക്കൊണ്ടിരിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top