22 February Friday

ആധാർ: വിവരങ്ങൾ ചോരുന്ന കലവറ

മിഷി ചൗധരിUpdated: Saturday Sep 1, 2018


ആധാറിനെക്കുറിച്ച് ഏറെ മഷിയാണൊഴുകിയത്. പക്ഷേ, മറിച്ച് ചിന്തിക്കുകയും ആധാർ തീർത്തും സുരക്ഷിതമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്ന യുഐഡിഎഐ, ആ പ്രോജക്ടിനെയും അതിനെ പിന്തുണയ്ക്കുന്നവരെയും ഒരുപോലെ പരിഹാസ്യരാക്കുകയാണ്. പ്രശംസാർഹമായ ഒരു ലക്ഷ്യത്തോടെയാണ് ആധാർ ആരംഭിച്ചത്. തിരിച്ചറിയൽ രേഖകളില്ലാത്തവർക്ക് പൊതുസേവനങ്ങളും പെയ‌്മെന്റുകളും വായ്പയും ആരോഗ്യരക്ഷയും മെച്ചപ്പെട്ട നിലയിൽ നൽകുന്നതിനായി ശക്തവും സ്ഥായിയും ചെലവ് കുറഞ്ഞതുമായ തിരിച്ചറിയൽ ഏർപ്പെടുത്തുന്നതിനാണ‌് അത‌് എന്നായിരുന്നല്ലോ പ്രഖ്യാപനം. എന്നാൽ, നടപ്പാക്കാൻ തുടങ്ങിയതോടെ, ആരുടെ സുരക്ഷയ‌്ക്കുവേണ്ടിയാണെന്നും പറഞ്ഞ് ആരംഭിച്ചോ, അവരുടെ പൗരസ്വാതന്ത്ര്യത്തെത്തന്നെ ബാധിക്കാനിടയുള്ള അതിന്റെ ശേഷികേടും അരക്ഷിതത്വവും അപ്പടി അവഗണിച്ച‌്, എതിർപ്പുകളെയെല്ലാം ഞെരിച്ചുതകർക്കാനുള്ള ശാഠ്യത്തിലായിരുന്നു അതിന്റെ വക്താക്കൾ. ആധാറിന്റെ പ്രവർത്തന വൈകല്യം കാരണം ഒരുപാട് വ്യക്തികൾക്ക് സർക്കാർ സഹായം കിട്ടാതായിട്ടുണ്ട്. എന്നുവച്ചാൽ, അതിനർഥം ഭക്ഷണവും ആരോഗ്യരക്ഷയും വിദ്യാഭ്യാസവും നിഷേധിക്കപ്പെടുക എന്നുതന്നെയാണ്.

ആധാർ വിവരങ്ങൾ കൈവശമാക്കാൻ ചെലവാക്കേണ്ട സംഖ്യ ഏറെ കുറവാണെന്നത‌് വ്യക്തമാക്കുന്നത് വൻതോതിൽ വിവരചോർച്ച നടക്കുന്നുണ്ട് എന്നാണ്. വ്യാജ ആധാർ കാർഡ് വളരെയേറെ സാർവത്രികമായതുകൊണ്ട് അതൊരു മുൻപേജ് വാർത്തയേ അല്ലാതായിരിക്കുന്നു.
ആധാറിന്റെ വീഴ്ചകളെ അവഗണിച്ചാണ‌് പൊതുജന സംസാരംതന്നെ കൊട്ടിയടയ‌്ക്കുന്നത്. ഇന്ത്യാഗവൺമെന്റിന് വമ്പിച്ച രാഷ്ട്രീയ നഷ്ടസാധ്യതയാണ് ഇത‌് വരുത്തിവയ‌്ക്കുക. സംഭവിച്ചുകഴിഞ്ഞ സുരക്ഷാവീഴ്ചയെപ്പറ്റിയും തിരിച്ചറിയൽ വസ‌്തുതാ ചോർച്ചയെക്കുറിച്ചും ഉചിതമായ ഒരു വിലയിരുത്തലും നടന്നിട്ടില്ല. കഴിഞ്ഞ കുറച്ചുവർഷങ്ങളായി, ഒരരിപ്പയിൽനിന്നെന്നപോലെയാണ് യുഐഡിഎഐയുടെ ഡാറ്റാക്കലവറയിൽനിന്ന് വിവരങ്ങൾ ചോരുന്നത്. ഈ ഓരോ സംഭവം നടന്നുകഴിയുമ്പോഴും ആധാർ പബ്ലിക് റിലേഷൻസ് സംവിധാനം അത്യുത്സാഹപൂർവം പ്രതികരിക്കും; ട്രായ് ചെയർമാൻ ആർ എസ് ശർമ ജൂലൈ 28ന് പുറപ്പെടുവിച്ചതുപോലുള്ള കരുതലില്ലാത്ത വെല്ലുവിളികൾ ഉയർത്തും.

യുഐഡിഎഐയുടെ മുൻ ചെയർമാനായ ശർമ തന്റെ ആധാർ നമ്പർ  ട്വിറ്റർവഴി പരസ്യപ്പെടുത്തിക്കൊണ്ട‌് അതുപയോഗിച്ച‌് തനിക്കെന്ത് ദ്രോഹമാണ് വരുത്താനാവുക എന്ന് പൊതുജനത്തിനുനേരെ വെല്ലുവിളി ഉയർത്തുകയായിരുന്നു. രഹസ്യചോർച്ചയെ പ്രോത്സാഹിപ്പിക്കുന്ന നിരുത്തരവാദിത്തത്തിന്റെ ഒരു നവീനരീതി!

ഇന്റർനെറ്റ്  സേവന സന്നദ്ധമായി; ട്വിറ്ററിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവരങ്ങളങ്ങനെ വിശദമായി ഒഴുകിയെത്തി. പാൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഫോൺ നമ്പർ, ജനന തീയതി, ഈ മെയിൽ വിലാസം, മൂപ്പരുടെ വാട‌്സാപ‌് ചിത്രം... അങ്ങനെയങ്ങനെ! ചിലരാകട്ടെ, അദ്ദേഹത്തിന്റെ ആധാറിന്റെ ഡ്യൂപ്ലിക്കേറ്റുവരെ സംഘടിപ്പിച്ചു. ശർമാജി പ്രോത്സാഹിപ്പിച്ചതനുസരിച്ച് ഒരുപാട് പേർ തങ്ങളുടെ ആധാർ നമ്പർ നെറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. ഒന്നോർത്തുനോക്കൂ, ഒരു സാധാരണ മനുഷ്യന്റെ ആധാർ വിവരങ്ങളാണ് ഇങ്ങനെ പുറത്തുവിട്ടതെന്ന്! എന്നിട്ട് ബാങ്കുകളുടെ, മറ്റധികൃതരുടെ, അശിക്ഷിതരായ ഒരു പൊലീസ് സേനയുടെ ദയാദാക്ഷണ്യത്തിൽ അയാളുടെ ഡിജിറ്റൽ ജീവിതത്തിന്റെ തകർന്ന കഷണങ്ങൾ കൂട്ടിച്ചേർക്കുന്ന കാര്യം!

കഴിഞ്ഞ മേയിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് ആധാറിന്റെ ഭരണഘടനാപരമായ സാധുതയെ വിവിധ കാരണങ്ങളാൽ ചോദ്യംചെയ്ത‌് കെ എസ് പുട്ടസ്വാമിയടക്കം 29 പേർ സമർപ്പിച്ച  ഹർജികളിൽ വാദംകേൾക്കുകയായിരുന്നു. ഇന്ത്യൻ ഭരണഘടനയിലെ ആർട്ടിക്കിൾ 21 അനുശാസിക്കുന്ന മൗലികാവകാശം ഹനിക്കുന്നു എന്നാണ് ഹർജിക്കാർ വാദിച്ചത് എന്ന കാര്യം ശ്രദ്ധേയമാണ്. അത്തരം മൗലികാവകാശ ലംഘനംവഴി വിവിധ ക്ഷേമപദ്ധതികളിൽനിന്നും ആനുകൂല്യങ്ങളിൽനിന്നും തങ്ങൾ ഒഴിവാക്കപ്പെടുകയാണെന്നും ബില്ലുതന്നെ പാർലമെന്റിൽ വളഞ്ഞവഴിയിലൂടെ മണി ബില്ലിന്റെ രൂപത്തിൽ അവതരിപ്പിച്ച് പ്രതിപക്ഷ വിമർശത്തിൽനിന്ന‌് രക്ഷപ്പെടുകയായിരുന്നു എന്നുമായിരുന്നു വാദം. മെയ് 10ന് പുറപ്പെടുവിച്ച ഉത്തരവുവഴി അഞ്ചംഗ ബെഞ്ച് വിധി മാറ്റിവച്ചു. ഇന്ത്യൻ നടപടി നിയമങ്ങളിൽ ഒന്നിലും, വിധി പുറപ്പെടുവിക്കാനുള്ള ക്ലിപ്ത സമയം നിശ്ചയിച്ചിട്ടില്ല. വിധി പുറപ്പെടുവിക്കാൻ എടുക്കുന്ന സമയം കേസിനനുസരിച്ച് മാറി മാറി വരാം.

വിധി മാറ്റിവയ‌്ക്കപ്പെടുകയും ആധാർ കിട്ടാനുള്ള അവസാന തീയതി വിധിപ്രഖ്യാപനംവരെ നീട്ടിവച്ചിട്ടുണ്ടെങ്കിലും, കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയംമുതൽ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സേഷൻവരെയുള്ള വിവിധ സർക്കാർ ഏജൻസികൾ, കെവൈസിക്കും (നോ യുവർ കസ്റ്റമർ തിരിച്ചറിയൽ )  ഇൻകം ടാക്‌സ് റിട്ടേൺ സമർപ്പിക്കുന്നതിനുമൊക്കെ നിർബന്ധമാക്കുകയാണ്. അതുവഴി ഒട്ടനവധി ജനങ്ങളെ ഹൈക്കോടതിയെ സമീപിക്കാൻ നിർബന്ധിതരാക്കുകയാണ്.

ഇതെല്ലാം കാണുമ്പോൾ, ഇത്രയ‌്ക്ക് സുരക്ഷയില്ലാത്ത ഒരു ഒളിനോട്ടം കോടിക്കണക്കിനു ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കുന്നത് എന്തിനാണെന്ന് ആരും അതിശയപ്പെട്ടുപോകും. ഇൻകം ടാക്‌സ്, സ്വത്ത് രേഖകൾ, ബാങ്ക് വായ്പ, ഫോൺ സേവനം, ബാങ്ക് അക്കൗണ്ട് തുടങ്ങിയ ഓരോ ഡാറ്റാബേസിലും ഇത്രയ‌്ക്ക് സുരക്ഷാരഹിതമായ ആധാർ വിതച്ചുകൊണ്ടിരിക്കുകയാണ് വിവിധ സർക്കാർ സംവിധാനങ്ങൾ. ഇതാകട്ടെ, തങ്ങൾക്ക് ആവശ്യമെന്നുതോന്നുന്ന പൗരന്റെ വ്യക്തിഗതമായ വിവരങ്ങൾ ഖനനം ചെയ്‌തെടുക്കാനുള്ള അഭൂതപൂർവമായ അധികാരമാണ് സർക്കാരിന് നൽകുന്നത്.

രൂപകൽപ്പനയിൽത്തന്നെ തെറ്റിപ്പോയ ഒരു സംവിധാനത്തെ ഒരു ഡാറ്റാ സുരക്ഷിതത്വ നിയമംവഴിയും രക്ഷിച്ചെടുക്കാനാകില്ല. ജസ്റ്റിസ് ശ്രീകൃഷ്ണാ കമ്മിറ്റി എം ഇ ഐ ടി വൈക്ക് (എലക്ട്രോണിക്‌സ് & ഇൻഫൊ മേഷൻ ടെക്‌നോളജി മന്ത്രാലയം) സമർപ്പിച്ച ഡാറ്റാ സുരക്ഷാ ബില്ലിന്റെ കരട് വ്യക്തമാക്കുന്നത്, സുരക്ഷ ഒരു തരത്തിലും ഉറപ്പാക്കാനാവില്ല എന്നാണ്.

സർക്കാറിന്റെ നിയമവിരുദ്ധ ഒളിനോട്ടം അവസാനിപ്പിക്കാനാവില്ല എന്നാണ്. പൗരന്റെ തിരിച്ചറിയൽ രേഖകൾ സർക്കാർ നിർബന്ധിച്ച് ശേഖരിക്കുകയും അവ മോഷ്ടിക്കപ്പെടാനിടയാക്കും വിധം സൂക്ഷിക്കുകയും ചെയ്തിട്ട്, അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുന്നേടത്തോളം കാലം, ഡാറ്റാ മോഷണത്തിൽ നിന്നും, അതുപോലുള്ള മറ്റു കുറ്റകൃത്യങ്ങളിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ ആവുകയേ ഇല്ല എന്നാണ്. ഭരണ കൂടാധികാരം പരമമാണെന്ന് വരുത്താനായി, കോടതി ഉത്തരവുകൾ കാറ്റിൽ പറത്തുകയും എതിർപ്പുകളാകെ തള്ളിക്കളയുകയും ചെയ്യുമ്പോൾ നമ്മളെ രക്ഷിക്കാൻ ആരാണു ണ്ടാവുക? ഭരണകൂടം അവകാശക്കൊള്ള നടത്തുമ്പോൾ അതിന്ന് പൗരന്മാർ പാദസേവ ചെയ്യേണ്ട ഒരു പദ്ധതിയല്ലിത്.
നമ്മുടെ ചെലവിൽ ശതകോടീശ്വരന്മാർക്ക് കച്ചവടം നടത്താനുള്ള ഡാറ്റാ ബെയ്‌സിലെ ഒരു വരിയായി മാറിത്തീരാൻ നമ്മൾ സമ്മതിച്ചുകൂടാ. അധികാരത്തിലിരിക്കുന്നവർ ഒരു കുറ്റമറ്റ ഒളിഞ്ഞു നോട്ട സംവിധാനമുണ്ടാക്കിക്കൊണ്ട് നമ്മെ ചൂഷണം ചെയ്യുന്നത് ഒരു തരത്തിലും അംഗീകരിച്ചു കൂടാ. കാര്യക്ഷമതയുടെ പേരിൽ, നമ്മുടെ രാഷ്ട്രീയക്കാർ ജനാധിപത്യത്തിന്റെ കീർത്തനം പാടാനാഗ്രഹിക്കും;നമ്മുടെ അവകാശങ്ങൾ കുത്തിച്ചോർത്തിക്കൊണ്ടിരിക്കെത്തന്നെ. നമ്മൾ അതിന് സമ്മതിച്ചു കൂടാ.

(സോഫ്‌റ്റ്‌വേർ ഫ്രീഡം ലോ സെന്റെറിന്റെ ലീഗൽ ഡയറക്ടറാണ്‌ ലേഖിക)
 


പ്രധാന വാർത്തകൾ
 Top