20 August Saturday

എ വിയെ സ്‌മരിക്കുമ്പോൾ - കോടിയേരി ബാലകൃഷ്‌ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 8, 2022

മികച്ച പാർടി അധ്യാപകനായിരുന്നു എ വി. പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം, ആ മേഖലകളെ കേവലം പാർലമെന്ററി ജനാധിപത്യത്തിന്റെ നാലതിരിനുള്ളിൽ ഒതുക്കാതെ വിപ്ലവപ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റി. നല്ല ഭാഷയും വ്യാകരണശുദ്ധിയും ദൃഢതയും ആശയവ്യക്തതയും എ വിയുടെ പ്രസംഗങ്ങളെ ആകർഷണീയമാക്കി

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമരനായകരിൽ ഒരാളും സമുന്നത നേതാവുമായിരുന്ന എ വി കുഞ്ഞമ്പു നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ 42 വർഷം തികയുന്നു. ദേശീയപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തേക്ക്‌ വന്ന അദ്ദേഹം അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ താൽപ്പര്യങ്ങൾക്കായി ജീവിതം സമർപ്പിച്ച നേതാവായിരുന്നു. കമ്യൂണിസ്റ്റ് കർഷകമുന്നേറ്റത്തിന്റെ വീരേതിഹാസമായ കരിവെള്ളൂർ സമരത്തിന്റെ നായകനുമായിരുന്നു എ വി.

മർദകഭരണങ്ങൾക്കെതിരെ ധീരമായി സമരം നയിച്ചിട്ടുള്ള എ വി കുഞ്ഞമ്പു, വിപ്ലവകാരികൾക്ക് എന്നും ആവേശം പകരുന്ന ഓർമയാണ്. അഭിനവ ഭാരത യുവക് സംഘ്‌ എന്ന യുവജനസംഘടന രൂപീകരിച്ചത് എ വിയുടെ നേതൃത്വത്തിലായിരുന്നു. രാജ്യത്തെ പുരോഗമന യുവജനപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ ആദ്യ ഏടുകളിലൊന്നായി അത് മാറി. മൊറാഴ സംഭവത്തെതുടർന്ന്‌ അദ്ദേഹത്തിന്‌ ദീർഘകാലം ഒളിവുജീവിതം നയിക്കേണ്ടിവന്നു. ആ ഘട്ടത്തിൽ കേരളത്തിൽ പാർടിയും തൊഴിലാളിപ്രസ്ഥാനവും കെട്ടിപ്പടുക്കാൻ അസാധാരണ  ഊർജസ്വലതയും സാമർഥ്യവും കാട്ടി. പൊലീസിന്റെ പിടിയിൽനിന്ന്‌ സാഹസികമായി രക്ഷപ്പെട്ടതും പൊലീസിന്റെ ക്രൂരമർദനങ്ങൾക്ക് ഇരയായിട്ടും പാർടിരഹസ്യങ്ങൾ അണുവിടപോലും പുറത്തുപറയാതെ നിലകൊണ്ടതും ധീരതയുടെ മുഖം വെളിപ്പെടുത്തുന്നു. കമ്യൂണിസ്റ്റ് പാർടിയുടെ ആദ്യകാല നേതാക്കളിലൊരാളായിരുന്ന എ വിയെ പാർടിയുടെ ദേശീയ കൗൺസിൽ അംഗമായി തെരഞ്ഞെടുത്തിരുന്നു. റിവിഷനിസത്തിനെതിരായ സമരത്തിന്റെ ഭാഗമായി ദേശീയ കൗൺസിലിൽനിന്ന്‌ ഇറങ്ങിപ്പോന്ന അംഗങ്ങളിൽ എ വിയും ഉണ്ടായിരുന്നു. ആശയരംഗത്തുണ്ടാകുന്ന പാളിച്ചകൾ തിരുത്തി, ശരിയായ നിലപാട് എടുക്കുന്നതിനും അവ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതിനും അദ്ദേഹം ശ്രദ്ധിച്ചു.

മികച്ച പാർടി അധ്യാപകനായിരുന്നു എ വി. പാർടി പ്രവർത്തകരുടെ വിഷമങ്ങൾ മനസ്സിലാക്കുകയും തെറ്റുകളിൽ വീഴാതെ അവരെ നയിക്കുകയും ചെയ്‌ത നേതാവായിരുന്നു അദ്ദേഹം. രാജ്യസഭാംഗം, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എ വി, ആ മേഖലകളെ കേവലം പാർലമെന്ററി ജനാധിപത്യത്തിന്റെ നാലതിരിനുള്ളിൽ ഒതുക്കാതെ വിപ്ലവപ്രവർത്തനത്തിനുള്ള വേദിയാക്കി മാറ്റി. നല്ല ഭാഷയും വ്യാകരണശുദ്ധിയും ദൃഢതയും ആശയവ്യക്തതയും എ വിയുടെ പ്രസംഗങ്ങളെ ആകർഷണീയമാക്കി. യുവാക്കളെ ഏറെ പ്രോത്സാഹിപ്പിച്ച എ വി, അവരുടെ വീഴ്‌ച യഥാസമയം കണ്ടെത്തി തിരുത്തിക്കാനുള്ള കഴിവും പ്രകടിപ്പിച്ചു. സഖാക്കളെ പ്രവർത്തനരംഗത്ത് ഇറക്കുന്നതിൽ അസാധാരണമായ പാടവമുണ്ടായിരുന്നു.

പ്രതിസന്ധികളിൽ ആഴ്‌ന്നു പോകാതെ മുന്നോട്ടുപോകാൻ കഴിവുറ്റ നമ്മുടെ ഭരണകർത്താക്കൾ പിന്തുടരുന്ന പാത എ വിയെപ്പോലുള്ള സമുന്നതനേതാക്കളുടേതാണ്‌. അതുകൊണ്ടു തന്നെയാണ്‌ തുടർഭരണം കിട്ടിയ എൽഡിഎഫ്‌ സർക്കാർ മികച്ച ഭരണമാതൃകകൾ ഒരുക്കുന്നത്‌. സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താനുള്ള നടപടികളാണ്‌ ഒന്നാം പിണറായി സർക്കാർ സ്വീകരിച്ചത്‌.പാവപ്പെട്ടവരുടെ അടിസ്ഥാനപ്രശ്‌നങ്ങൾക്ക്‌ എന്നും മുൻഗണന നൽകിയ കമ്യൂണിസ്റ്റ്‌ പാർടി നേതാക്കൾ കാണിച്ച മാർഗത്തിലൂടെയാണ്‌ എൽഡിഎഫ്‌ സർക്കാർ നാടിന്‌ കരുതലൊരുക്കുന്നത്‌. എല്ലാവരുടെയും പ്രശ്‌നങ്ങൾ പഠിച്ച്‌ അവയ്‌ക്കെല്ലാം പരിഹാരമാർഗങ്ങളും കണ്ടെത്തിയാണ്‌  രണ്ടാം പിണറായി സർക്കാർ ജനകീയ ഭരണം കാഴ്‌ചവയ്‌ക്കുന്നത്‌.

കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ പല പ്രതിസന്ധിയും അതിജീവിച്ചാണ്‌ മുന്നോട്ടുപോയത്‌. കോവിഡ്‌ അനുബന്ധ സാമ്പത്തികപ്രതിസന്ധിയുടെ സാഹചര്യത്തിലും നമ്മുടെ സംസ്ഥാനത്തിന്‌ മികച്ച മുന്നേറ്റം നടത്താനായിട്ടുണ്ട്‌. മഹാപ്രളയത്തിന്റെ ഘട്ടത്തിൽപ്പോലും കേന്ദ്ര സർക്കാർ കേരളത്തെ അവഗണിച്ചു. അർഹമായ വിഹിതംപോലും തരാതെ ബുദ്ധിമുട്ടിച്ചു. പ്രളയവും നിപായും കോവിഡുമെല്ലാം ഞെരിച്ചുവീഴ്‌ത്താൻ ശ്രമിച്ചിട്ടും കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ ജനങ്ങൾക്ക്‌ ആശ്വാസമെത്തിച്ച്‌ മുന്നോട്ടുനീങ്ങി. ജനങ്ങളെ മറക്കാതെ പ്രതിസന്ധികളിൽ അവർക്കൊപ്പം ചേർന്ന്‌ മുന്നിൽനിന്ന്‌ നയിക്കുകയാണ്‌ രണ്ടാം പിണറായി സർക്കാരും.  എല്ലാവർക്കും തണലും സുരക്ഷയുമൊരുക്കുകയാണ്‌ സംസ്ഥാന സർക്കാർ. അതേസമയം കേന്ദ്രത്തിൽ എട്ടുവർഷമായി ഭരിക്കുന്ന ബിജെപി സർക്കാർ ജനങ്ങളുടെ വിഷമം കാണാൻ സന്നദ്ധത കാട്ടുന്നില്ല. രാജ്യത്ത്‌ കഷ്‌ടപ്പെടുന്നവരുടെ വിഷമത കേന്ദ്രത്തിന്റെ ബധിര കർണങ്ങളിൽ പതിയുന്നില്ല. ഇന്ധനവില വർധിപ്പിച്ചും പൊതുമേഖല തകർത്തും കേന്ദ്രം ജനങ്ങളെ പിഴിയുകയാണ്‌. രാജ്യത്തിന്റെ സമ്പത്ത്‌ മുഴുവൻ കോർപറേറ്റുകൾക്ക്‌ ചോർത്തി സാമ്പത്തികസ്ഥിതിതന്നെ അപകടത്തിലാക്കുന്നു. സാമ്പത്തികത്തകർച്ചയിലേക്ക്‌ നീങ്ങുന്ന രാജ്യത്തെ രക്ഷിക്കേണ്ടതിനു പകരം ജനതയെ വർഗീയമായി ഭിന്നിപ്പിച്ച്‌ ചേരിതിരിച്ച്‌ തമ്മിലടിപ്പിക്കുകയാണ്‌ കേന്ദ്ര സർക്കാർ. എല്ലാ പ്രതിസന്ധിയെയും അതിജീവിച്ച്‌ മുന്നോട്ടുപോകാൻ എ വിയെപ്പോലുള്ള മഹാരഥന്മാരുടെ പ്രവർത്തനശൈലി നമ്മുടെ നേതൃത്വത്തിന്‌ കൂടുതൽ കരുത്താകും.

സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കുമ്പോഴും അതിനുശേഷവും പാർടിയിൽ ഐക്യത്തിനും സഖാക്കളെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകുന്നതിനും എ വി കാണിച്ച ശ്രദ്ധ അവിസ്‌മരണീയമാണ്.  പ്രതിസന്ധികളിൽ തളരാതെ കൂടുതൽ ശക്തിയാർജിച്ച്‌ മുന്നോട്ടുപോകാനുള്ള കരുത്തും ഊർജവും നമ്മിൽ നിറയ്‌ക്കാൻ എ വിയുടെ ഓർമ നിത്യപ്രചോദനമാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top