14 July Tuesday

എ കെ ജി; പോരാട്ടവഴിയിലെ കരുത്ത്‌

കോടിയേരി ബാലകൃഷ്ണൻUpdated: Saturday Mar 21, 2020


കോവിഡ് –-19 എന്ന മഹാമാരി രാജ്യത്താകെ പടരുമ്പോൾ, എന്നും ജനങ്ങൾക്കൊപ്പം നിന്ന് അവരെ ഒപ്പംനിർത്തി മുന്നോട്ടുകുതിച്ച പാവങ്ങളുടെ പടത്തലവന്റെ രൂപമാണ് മനസ്സിലേക്ക് വരുന്നത്. ജനങ്ങളുടെ വിഷമങ്ങളും കണ്ണീരും സ്വന്തം വേദനയായി ഏറ്റെടുത്ത് സഹനത്തിന്റെയും സമരത്തിന്റെയും ആൾരൂപമായി ഉയർന്നുനിൽക്കുന്ന എ കെ ജിയുടെ സ്മരണ മഹാമാരിയെ നേരിടാനും കേരളത്തിലെ ജനങ്ങൾക്ക് കരുത്തുപകരുമെന്നതിൽ സംശയമില്ല. ജനങ്ങളുടെ ജീവിതവുമായി അത്രമാത്രം ഇഴുകിച്ചേർന്ന് ജീവിച്ച വ്യക്തിത്വമായിരുന്നു എ കെ ജിയുടേത്. സമരതീക്ഷ്‌ണമായ കേരളത്തിന്റെ ഇന്നലെകളെ ചുവപ്പിച്ച നിലയ്‌ക്കാത്ത ഊർജവും പൊരുതുന്ന തലമുറകൾക്ക് വഴികാട്ടിയ വിളക്കുമരവുമായിരുന്നു എ കെ ജി. മികച്ച പാർലമെന്റേറിയൻ, കർഷകപ്രസ്ഥാനത്തിന്റെ അമരക്കാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ജനനേതാവാണ് എ കെ ജി. അദ്ദേഹത്തിന്റെ മാതൃക പിന്തുടർന്ന് കോവിഡ് –-19നെ നേരിടാൻ ഏവരും കർമരംഗത്തിറങ്ങേണ്ട അനിവാര്യഘട്ടത്തിലാണ് നാം വീണ്ടും എ കെ ജിയുടെ സ്മരണ പുതുക്കുന്നത്.

സഖാവ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 43 വർഷമാകുന്നു. 73–ാം വയസ്സിൽ ആ ജീവിതം അസ്തമിച്ചെങ്കിലും ആ മൂന്നക്ഷരം ആർക്കും മറക്കാനാകില്ല. മാതൃരാജ്യത്തെ കൊളോണിയൽ നുകത്തിൽനിന്ന് മോചിപ്പിക്കുന്നതിനും പിന്നീട് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ജനങ്ങൾക്ക് അഭിമാനത്തോടെ ജീവിക്കുന്നതിനുംവേണ്ടി വിശ്രമരഹിതമായി പോരാടിയ ജീവിതമായിരുന്നു എ കെ ജിയുടേത്. ഇതിന്റെയെല്ലാം ഫലമായി ജീവിതത്തിന്റെ നല്ലൊരു പങ്ക് തടവറകൾക്കുള്ളിലായിരുന്നു. 20 തവണ തടവറയിൽ അടയ്ക്കപ്പെട്ടു. വർഷങ്ങൾ നീണ്ട ജയിൽവാസം. പലപ്പോഴും കൽത്തുറുങ്കുകൾ ഭേദിച്ചെത്തിയ ആ ഇടിമുഴക്കമാർന്ന ശബ്ദം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു. പാവപ്പെട്ടവരുടെ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമ്പോൾ ആയിരം നാവായിരുന്നു എ കെ ജിക്ക്. തനിക്ക് പറയാനുള്ളത് പറഞ്ഞുതീർത്തിട്ടു മാത്രമേ അദ്ദേഹം സീറ്റിൽ ഇരിക്കുമായിരുന്നുള്ളൂ. രാഷ്ട്രശിൽപ്പിയെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ആദ്യ പ്രധാനമന്ത്രി നെഹ്റുപോലും അതീവശ്രദ്ധയോടെ കാതോർത്തിരുന്നു എ കെ ജിയുടെ വാക്കുകൾക്ക്. കാരണം അദ്ദേഹം ഉന്നയിക്കുന്നത് ഈ രാജ്യത്ത് ഏറ്റവും താഴേക്കിടയിലുള്ളവരുടെ അടിസ്ഥാന പ്രശ്നങ്ങളായിരിക്കുമെന്ന് നെഹ്റുവിന് ഉറപ്പായിരുന്നു.


 

ഇന്നത്തെ കേന്ദ്രഭരണാധികാരികൾ തങ്ങളുടെ താൽപ്പര്യക്കാരായ കുത്തക കമ്പനികൾക്കുവേണ്ടി  പാർലമെന്റിൽ നിയമങ്ങൾ മാറ്റിയെഴുതാനുള്ള തന്ത്രങ്ങൾ മെനയുകയാണ്. പാവപ്പെട്ടവരുടെയും സാധാരണക്കാരന്റെയും വിഷയങ്ങൾക്ക് അധികാരികൾ കാതുകൊടുക്കുന്നില്ല. കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ല. രാഷ്ട്രീയ കുതിരക്കച്ചവടങ്ങൾക്കും കുതന്ത്രങ്ങൾക്കും കൂട്ടുനിന്നവർക്ക് പ്രത്യുപകാരമേകാൻ പാർലമെന്റ് പോലും വേദിയാക്കപ്പെടുന്ന അത്യന്തം ഗൗരവതരമായ സാഹചര്യത്തിലൂടെയാണ് സമകാലിക ഇന്ത്യ കടന്നുപോകുന്നത്. മധ്യപ്രദേശിലേത് ഏറ്റവും അവസാനത്തെ ഉദാഹരണം മാത്രം.

ഭരണഘടന പഠിക്കുന്ന നിയമവിദ്യാർഥികൾ പലവട്ടം ഉരുവിടുന്ന പേരാണ് എ കെ ഗോപാലനും സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നതും. മൗലികാവകാശങ്ങളെ സംബന്ധിക്കുന്ന ആദ്യത്തെ വിധിയാണ് 1950ൽ സുപ്രീംകോടതിയിൽ നിന്നുണ്ടായത്. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എ കെ ജി ഏകാന്ത തടവിലായിരുന്നു. അകത്ത് നിരാഹാരവും പുറത്ത് സമരവും നടന്നതിനാൽ 1947 ഒക്ടോബർ 12ന് എ കെ ജിയെ മോചിപ്പിച്ചു. എന്നാൽ, ഡിസംബർ 17നു കരുതൽ തടങ്കൽ നിയമമനുസരിച്ച് വീണ്ടും അറസ്റ്റുചെയ്തു. ദേശാഭിമാനി ഫണ്ട് അലങ്കോലപ്പെടുത്താൻ ശ്രമിച്ച പൊലീസുകാരോട് പ്രതികരിച്ചതിനാണ് തടവിലാക്കിയത്. വെല്ലൂർ, രാജമുന്ദ്രി, കോയമ്പത്തൂർ, കടലൂർ എന്നിങ്ങനെ ജയിലുകൾ മാറിമാറി രണ്ടുവർഷം. ഇതിനിടെ, കരുതൽ തടങ്കൽ ചോദ്യംചെയ്ത് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തു. കേസിന്റെ വിചാരണയ്ക്കായി എ കെ ജിയെ ഡൽഹിക്ക് കൊണ്ടുപോയി. സുപ്രീംകോടതിയിൽ എ കെ ജിക്കുവേണ്ടി വാദിച്ചത് ബാരിസ്റ്റർ എം കെ നമ്പ്യാർ. ആറുദിവസം കേസ് വാദിച്ചു. കേസ് തള്ളപ്പെട്ടെങ്കിലും അതിലെ വിധിന്യായം സുപ്രധാനമായി. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ ഏഴ് ന്യായാധിപന്മാരടങ്ങുന്ന ബെഞ്ചിലെ ഓരോരുത്തരും വെവ്വേറെ വിധിയെഴുതി. കരുതൽ തടങ്കൽ നിയമത്തിന്റെ സാധുതയാണ് വിലയിരുത്തിയത്. മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന് വിധി സഹായകമാണെന്ന് എ കെ ജി അഭിപ്രായപ്പെട്ടു. തുടർന്ന് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ കേസ് വാദിച്ചത് എ കെ ജി തന്നെയായിരുന്നു. മോചനവിധി ലഭിക്കുകയും ചെയ്തു. അങ്ങനെയാണ് നാലു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ എ കെ ജി പുറംലോകത്ത് എത്തുന്നത്.

താരതമ്യം അസാധ്യമാകുംവിധം വൈവിധ്യമാർന്ന പൊതുജീവിതവും സമരജീവിതവുമായിരുന്നു എ കെ ജിയുടേത്. ബ്രിട്ടീഷുകാരെ പുറത്താക്കാനുള്ള സമരം, അയിത്തോച്ചാടനം, വഴിനടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശന സമരം, സാമുദായിക അനാചാരങ്ങൾക്കെതിരെയുള്ള സമരം ഇങ്ങനെ ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിനു മാത്രമല്ല, നവോത്ഥാനപ്രവർത്തനത്തിനുകൂടി സമരത്തെ ആയുധമാക്കി. കോൺഗ്രസിൽനിന്ന് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി വഴി കമ്യൂണിസ്റ്റ് പാർടിയിൽ സമുന്നതനേതാവായി. ജനസമരങ്ങൾ അദ്ദേഹത്തെ പാവങ്ങളുടെ പടത്തലവനാക്കി.

‘ഞങ്ങൾ ഒരിക്കലും അധികാരിവർഗത്തിനു മുന്നിൽ മുട്ടുമടക്കില്ല. ഞങ്ങൾ ഒരിക്കലും ജനങ്ങളെയും രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെയും ഒറ്റുകൊടുക്കില്ല. ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്നു വിധിക്കും

കേരളത്തിന്റെ അയിത്തോച്ചാടന പോരാട്ടത്തിലെ തിളങ്ങുന്ന അധ്യായമാണ് ഗുരുവായൂർ സത്യഗ്രഹം. അതിന്റെ വളന്റിയർ ക്യാപ്റ്റനായിരുന്ന എ കെ ജിക്ക് കടുത്തമർദനം ഏൽക്കേണ്ടിവന്നു. പിന്നീട് നാടിന്റെ പലഭാഗത്തുനിന്നും അയിത്തോച്ചാടനസമരങ്ങളും പന്തിഭോജന പ്രക്ഷോഭങ്ങളും വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്നേറ്റങ്ങളുമുണ്ടായി. ഇതിലെല്ലാം എ കെ ജിയുടെ നേതൃത്വമോ പങ്കാളിത്തമോ ഉണ്ടായി. ദളിത്  ജനവിഭാഗങ്ങൾക്ക് വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമായിരുന്നു കണ്ണൂർ ജില്ലയിലെ കണ്ടോത്ത് എ കെ ജി നടത്തിയത്. അന്ന് എതിരാളികൾ എ കെ ജിയെ ബോധംകെടുംവരെ ക്രൂരമായി മർദിച്ചു. അയിത്തത്തിനും അനാചാരങ്ങൾക്കും എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇത്രയേറെ മർദനം ഏറ്റുവാങ്ങേണ്ടിവന്ന നേതാക്കൾ അപൂർവമാണ്.

രാജ്യത്ത് എവിടെ ജനങ്ങളെ ഭരണകൂടവും ജന്മി മുതലാളിത്തശക്തികളും പീഡിപ്പിക്കുന്നുവോ, അവിടങ്ങളിലെല്ലാം പാർലമെന്റിലെ പ്രതിപക്ഷനേതാവായിരുന്ന എ കെ ജി ഓടിയെത്തുമായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ബിഹാർ, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷകസമരങ്ങളിൽ എ കെ ജി ആവേശകരമായ സാന്നിധ്യമായി. തെലങ്കാനയിലെ കർഷകപ്പോരാളികളെ കൊന്നൊടുക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ കൊടുങ്കാറ്റായി. ആന്ധ്രയിലെ ഗ്രാമങ്ങളിൽ എ കെ ജി നടത്തിയ പര്യടനവും അമരാവതിയിലെ കർഷകരെ കുടിയൊഴിപ്പിച്ച സർക്കാർ നടപടിക്കെതിരെ നടത്തിയ നിരാഹാരസമരവും മുടവൻമുകളിൽ മതിൽ ചാടിയ മിച്ചഭൂമിസമരവും കർഷകസമരങ്ങളിലെ സുപ്രധാന ഏടുകളാണ്.

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി മൊറാർജി ദേശായി ഭരണം നടത്തുമ്പോൾ, ബോംബെയിൽ മറാത്തി ജനത നടത്തിയ സമരത്തെ സർക്കാർ നേരിട്ടത് ലാത്തിയും വെടിയുണ്ടയും കൊണ്ടായിരുന്നു. ഒരു ഡസനിലേറെപ്പേരെ വെടിവച്ചുകൊന്നു. നിശാനിയമവും പ്രഖ്യാപിച്ചു. ഈ ഭീകരാവസ്ഥയ്ക്ക് അന്ത്യംകുറിക്കാൻ എ കെ ജി നടത്തിയ പോരാട്ടം ഉപകരിച്ചു.

അടിയന്തരാവസ്ഥയുടെ നാളുകളിൽ അതിനെതിരായുള്ള പ്രവർത്തനങ്ങളിലും എ കെ ജി  സജീവമായി. അമിതാധികാരവാഴ്ച നടത്തിയ ഇന്ദിര ഗാന്ധിയെ ജനങ്ങൾ താഴെയിറക്കിയ ഘട്ടത്തിലാണ് എ കെ ജി  നമ്മെ വിട്ടുപിരിഞ്ഞത്. അടിയന്തരാവസ്ഥയ്ക്കെതിരെ എ കെ ജി നടത്തിയ പ്രസംഗം പാർലമെന്റിനെ വിറപ്പിച്ചു. ‘‘ഞങ്ങൾ ഒരിക്കലും അധികാരിവർഗത്തിനു മുന്നിൽ മുട്ടുമടക്കില്ല. ഞങ്ങൾ ഒരിക്കലും ജനങ്ങളെയും രാജ്യത്തിന്റെ ജനാധിപത്യമൂല്യങ്ങളെയും ഒറ്റുകൊടുക്കില്ല. ചരിത്രം ഞങ്ങളെ കുറ്റക്കാരല്ലെന്നു വിധിക്കും’’– ആ വാക്കുകൾ ഇന്ദിരയുടെ സിംഹാസനത്തെ വിറപ്പിക്കുന്ന ഇടിമുഴക്കമായി.

കേന്ദ്രത്തിൽ ബിജെപി നേതൃത്വത്തിലുള്ള മോഡി സർക്കാർ ജനാധിപത്യ അവകാശങ്ങളെല്ലാം വിലക്കുകയാണ്. മുഖ്യപ്രതിപക്ഷമായ കോൺഗ്രസാകട്ടെ കൂടെയുള്ളവരെത്തന്നെ പിടിച്ചുനിർത്താനാകാതെ കുഴങ്ങുകയാണ്. മണ്ണിൽ പണിയെടുക്കുന്നവന്റെ ന്യായമായ അവകാശങ്ങളെല്ലാം തള്ളപ്പെടുന്നു. സംഘപരിവാറിനെയും ബിജെപിയെയും എതിർക്കുന്നവരെയെല്ലാം തുറുങ്കിലടയ്ക്കുന്ന വർത്തമാനകാലത്ത് എ കെ ജിയുടെ ഓർമ നമുക്ക് പോരാട്ടവീഥികളിൽ കരുത്താകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top