08 August Monday

അഗ്നിപഥ് ആർക്കുവേണ്ടി - എ എ റഹിം എംപി എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 18, 2022

കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ്‌ വിപ്ലവകരമായ പദ്ധതിയെന്നരീതിയിൽ പ്രഖ്യാപിച്ച അഗ്നിപഥ് സ്‌കീം രാജ്യമാകെ കലുഷമായ യുവജനസമരങ്ങളിലേക്ക് നയിച്ചിരിക്കുകയാണ്. നിലവിലെ സായുധസേനാ റിക്രൂട്ട്മെന്റ്‌ രീതികളെ പൊളിച്ചുകൊണ്ട് ഇങ്ങനെയൊരു രീതി അവലംബിക്കാൻ കേന്ദ്രം ശ്രമിക്കുന്നത് എന്തിനാണെന്ന് വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അഥവാ ആരുടെ നേട്ടത്തിനായാണ് അഗ്നിപഥ് നടപ്പാക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കണം. ഈ പദ്ധതി രാജ്യത്തെ യുവജനങ്ങളുടെ താൽപ്പര്യവും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമായി പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാജ്നാഥ് സിങ്ങിന് ഇന്നലെ കത്തയച്ചിരുന്നു. തൊഴിലില്ലായ്മ  കൊടുമ്പിരികൊള്ളുന്ന സാഹചര്യത്തിൽ സായുധസേനയിലെ  സേവനത്തിനു വേണ്ടി പരിശീലനം നടത്തുന്നവരെയാണ് അഗ്നിപഥ് ആശങ്കയിലാക്കുന്നത്. ആ ആശങ്കയാണ്, രാജ്യത്ത് നിലനിൽക്കുന്ന തൊഴിലില്ലായ്മയുടെ ഭീകരതയാണ് ബിഹാറിലും ഹരിയാനയിലും സമരങ്ങളായും ട്രെയിൻ  തടയലായും ആത്മഹത്യകളായും പ്രകടമാകുന്നത്.  സെൻറർ  ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ)യുടെ കണക്കുപ്രകാരം 2022 ഏപ്രിലിൽ തൊഴിലില്ലായ്മാ നിരക്ക് മുൻമാസങ്ങളിൽനിന്നും വർധിച്ച് 7.83 ശതമാനമായി. 2019ൽ തൊഴിലില്ലായ്മാ നിരക്ക് 45 വർഷത്തിലെ ഏറ്റവും വലിയതോതിൽ എത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചതാണ്.

എന്താണ് അഗ്നിപഥ്
സായുധസേനകളിലേക്കുള്ള റിക്രൂട്ട്മെന്റ്‌ പരേഡുകൾ എടുത്തുമാറ്റിയാണ് അഗ്നിപഥ് അവതരിപ്പിക്കപ്പെടുന്നത്. ആർമിയിലേക്ക് കഴിഞ്ഞ രണ്ടു വർഷമായി റിക്രൂട്ട്മെന്റ്‌ നടന്നിട്ടില്ല. തൽഫലമായി 2021ലെ കണക്കുപ്രകാരം 104,653 തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഇതോടെ സൈനികർക്ക് നിലവിലുള്ള തൊഴിൽ ചട്ടക്കൂട് ഇല്ലാതാകുകയും ഓഫീസർ റാങ്കിന് താഴെയുള്ളവരെ കരസേനയിലെ ജവാൻമാർ, നാവികസേനയിലെ നാവികർ, വ്യോമസേനയിലെ എയർമാൻമാർ എന്നിവരെ അഗ്നിപഥ് പദ്ധതിയിലൂടെ  മൂന്ന്  സേവനത്തിലേക്കും റിക്രൂട്ട് നടത്തുകയും ചെയ്യും.

അഗ്നിപഥിലൂടെ സായുധസേനയിലെ സ്ഥിരംജോലിയെന്ന ആശയം പതുക്കെ ഇല്ലാതാകും. ഇതുവഴി റിക്രൂട്ട് ചെയ്യുന്നവരിൽ 25 ശതമാനമൊഴിച്ചുള്ളവർക്ക്‌ നാലുവർഷംവരെ മാത്രമേ തൊഴിലെടുക്കാൻ സാധിക്കുകയുള്ളൂ. നാലു വർഷത്തിനുശേഷം പുറത്തുവരുന്നവർക്ക് പെൻഷൻ മുതലായ ആനുകൂല്യങ്ങളില്ല. തൊഴിൽ കാലയളവിൽ വേതനത്തിൽനിന്ന്‌ പിടിച്ചുവയ്‌ക്കുന്ന തുകയും  സർക്കാരിന്റെ പങ്കും ചേർത്ത് ഒറ്റത്തവണയായി നൽകുന്ന തുക മാത്രമാണ് ആനുകൂല്യം. ഇതുവരെ, സൈനികന് ഏകദേശം 17 വർഷംവരെ ജോലി സുരക്ഷിതത്വമുണ്ടായിരുന്നു. അതിനുശേഷം പെൻഷന്റെ ആശ്വാസവും തനിക്കും കുടുംബത്തിനും സബ്‌സിഡിയുള്ള ആരോഗ്യ പരിരക്ഷയും ലഭ്യമായിരുന്നു. സൈനികൻ യുദ്ധത്തിൽ മരിച്ചാൽ, കുടുംബത്തിന് ആനുകൂല്യങ്ങൾ  ലഭിക്കും. അഗ്നിപഥ്  ഈ ആനുകൂല്യമെല്ലാം ഇല്ലാതാക്കും. പുതിയ പദ്ധതിപ്രകാരം സർവീസിലിരിക്കെ അഗ്നിപഥ്  സൈനികൻ  മരിച്ചാൽ കുടുംബത്തിന് ഇൻഷുറൻസ്, എക്സ്ഗ്രേഷ്യ, ബാക്കി ശമ്പളം എന്നിവയുൾപ്പെടെ ഒരു കോടി രൂപ ലഭിക്കും. എന്നാൽ, ഇത് ഒറ്റത്തവണയായിരിക്കും. തൊഴിലുകളുടെ കരാറുവൽക്കരണം ഏതു മേഖലയിലാണെങ്കിലും തൊഴിലാളികളുടെ ഉന്നമനത്തിനും അഭിവൃദ്ധിക്കും അവകാശങ്ങൾക്കും അത്യന്തം അപകടകരമാണ്. ഈ പദ്ധതിയിലൂടെ മറ്റനേകം മേഖലയിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ച കരാറുവൽക്കരണം  സായുധസേനകളിലേക്കും കേന്ദ്രം വ്യാപിപ്പിക്കുകയാണ്. ഇത്തരത്തിലുള്ള വലിയ മാറ്റങ്ങൾക്കു മുന്നോടിയായി പരീക്ഷണപദ്ധതികൾ സാധാരണമാണ്. എന്നാൽ, ഇവിടെ നടന്നിട്ടില്ല.

സായുധസേനയിൽനിന്ന്‌ വിരമിക്കുന്നവർക്കു നൽകുന്ന പെൻഷൻ സർക്കാരിന് വലിയ ബാധ്യതയാണെന്നും അതിൽനിന്ന്‌ രക്ഷ നേടാനുള്ള ഉപാധിയെന്നരീതിയിലാണ് അഗ്നിപഥ്  നടപ്പാക്കുന്നതെന്നുമാണ് അനുകൂലിക്കുന്നവർ ഉയർത്തുന്ന വാദഗതി. എന്നാൽ, സുപ്രധാനമായ, രാജ്യസുരക്ഷയെ ബാധിക്കുന്ന മേഖലയിൽനിന്ന്‌ ചെലവ് വെട്ടിച്ചുരുക്കിയാണോ സാമ്പത്തികലാഭം ഉണ്ടാക്കേണ്ടതെന്ന ചോദ്യത്തിനു  മറുപടി തരണം. ഉദാഹരണത്തിന് ഓരോ ബജറ്റും അവതരിപ്പിക്കുമ്പോൾ വലിയ ശതമാനം കോർപറേറ്റ് നികുതിയാണ് ഇളവ് ചെയ്യുന്നത്. ഇത്തരത്തിലുള്ള നികുതിയിളവ് അവസാനിപ്പിക്കുന്നതാകില്ലേ സേനകളിലെ ചെലവ് വെട്ടിച്ചുരുക്കുന്നതിനേക്കാൾ ഉത്തമം. ബിജെപി സർക്കാർ വർഷങ്ങളായി അവരുടെ രാഷ്ട്രീയ നയമെന്നോണം നടപ്പാക്കുന്ന നിയോ ലിബറൽ പരിഷ്കാരങ്ങളുടെ തുടർച്ചയായി മാത്രമേ ഈ നീക്കത്തെ കാണാൻ സാധിക്കുകയുള്ളൂ. ഉന്നതവിദ്യാഭ്യാസം, ആരോഗ്യം, റെയിൽവേ എന്നീ മേഖലകൾക്കൊപ്പം സ്വകാര്യവൽക്കരണ സമീപനം സായുധസേനയിലേക്കും അവതരിപ്പിക്കപ്പെടുകയാണ്.

ഓരോ വർഷവും മറ്റു ജോലികൾ തേടേണ്ടിവരുന്ന 35,000 തൊഴിലില്ലാപ്പടയെ സൃഷ്ടിക്കുന്നതിലും കാലക്രമേണ സമൂഹത്തെ സൈനികവൽക്കരിക്കുന്നതിനും ഈ നയം കാരണമാകും. സായുധസേനാ പരിശീലനം ലഭിച്ച ഒരു വലിയ സംഘം ഓരോ വർഷവും ഇങ്ങനെ സമൂഹത്തിലേക്ക് പുറന്തള്ളപ്പെടുമ്പോൾ അത് സൃഷ്ടിക്കാവുന്ന പ്രതിസന്ധികളെപ്പറ്റി കേന്ദ്ര സർക്കാർ ആലോചിച്ചിട്ടുണ്ടോ. നമ്മുടെ പരമാധികാരത്തെ സംരക്ഷിക്കുന്ന സേനകളുടെ ധാർമികതയെയും പ്രൊഫഷണലിസത്തെയും നയം ഗുരുതരമായി ബാധിക്കും. ഓരോ വർഷവും ലക്ഷക്കണക്കിന് യുവാക്കൾക്ക് സുരക്ഷിതവും ദീർഘകാലവുമായ തൊഴിലവസരം നൽകിപ്പോരുന്ന മേഖലകൂടിയാണ് ഈ പദ്ധതിയിലൂടെ ആക്രമണം നേരിടുന്നത്. മറ്റു രാജ്യങ്ങൾക്ക് വിലയ്ക്കുവാങ്ങാവുന്ന ആയുധപരിശീലനം ലഭിച്ച ഒരുകൂട്ടം തൊഴിലില്ലാ പട്ടാളക്കാരെക്കൂടിയാണ് ഈ പദ്ധതി സൃഷ്ടിക്കാൻ പോകുന്നത്. ഈ ആശങ്കകൾ സേനകളിൽ ചേരാൻ ശ്രമിക്കുന്ന യുവാക്കൾ മാത്രമല്ല പങ്കുവയ്‌ക്കുന്നത്. സേനകളിൽ പ്രവർത്തിക്കുന്നവരും റിട്ടയർ ചെയ്തവരുമായ വലിയ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും ഇതേ ഭയാശങ്കകളുണ്ട്.

അഗ്നിപഥ് സ്കീമിനെതിരെ അഖിലേന്ത്യാ തലത്തിൽ ഡിവൈഎഫ്ഐ നേതൃത്വംനൽകുന്ന സമരപരിപാടികൾ മുന്നോട്ടുപോകുകയാണ്. ഇടതുയുവജന- വിദ്യാർഥി സംഘടനകളെയാകെ ഏകോപിപ്പിച്ച്  ശക്തമായ സമരത്തിന് ഡിവൈഎഫ്ഐ നേതൃത്വം നൽകും. ഏതു തരത്തിലാണോ ഐതിഹാസികമായ കർഷകസമരങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ  നിയോ ലിബറൽ കാർഷിക ബില്ലുകളെ മുട്ടുകുത്തിക്കാൻ ആയത്, അതേ രീതിയിൽ ഈ സ്കീമും പിൻവലിക്കാൻ സർക്കാർ നിർബന്ധിതമാകും. ഒപ്പംതന്നെ കാലാകാലങ്ങളായി തങ്ങളുടെ രാഷ്ട്രീയ കുത്തകയായി ബിജെപിയും ആർഎസ്എസും ഉപയോഗിച്ചുവരുന്ന രാജ്യസുരക്ഷ, രാജ്യസ്നേഹം എന്നീ വാദങ്ങളെല്ലാം അവരുടെ പൊയ്‌മുഖങ്ങൾ ആണെന്നും സായുധസേനകളെയും അവർ വിൽപ്പനച്ചരക്കായി മാത്രമാണ് കാണുന്നതെന്നും ജനങ്ങൾക്ക് വ്യക്തമാകും. രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനും യുവജനതയുടെ താൽപ്പര്യങ്ങളെ ചേർത്തുപിടിക്കാനും കർത്തവ്യബോധമുള്ള ജനങ്ങൾ യോജിക്കണം.

(ഡിവൈഎഫ്‌ഐ അഖിലേന്ത്യാ 
പ്രസിഡന്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top