11 August Thursday

കാർഷികമേഖലയും 14–-ാം പദ്ധതിയും - എം വിജയകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

കേരള സർക്കാരും ആസൂത്രണസമിതിയും 14–-ാം പഞ്ചവത്സരപദ്ധതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിച്ചുകഴിഞ്ഞു. ഓരോ മേഖലയുടെയും ഉപമേഖലകളുടെയും സൂക്ഷ്മമായ വിശകലനത്തിനുശേഷം മാത്രമാണ് 14–-ാം പദ്ധതിയുടെ ലക്ഷ്യങ്ങളും അവ നിശ്ചിത സമയപരിധിക്കുള്ളിൽ സാധ്യമാക്കുന്നതിനുള്ള തന്ത്രങ്ങളും ആവിഷ്കരിക്കുന്നത്‌. സർക്കാർ വിഭാവനം ചെയ്യുന്ന വികസനപദ്ധതികളുടെ പ്രധാന ലക്ഷ്യം ഓരോ മേഖലയെയും ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന ജനങ്ങളുടെ തൊഴിലും വരുമാനവും വർധിപ്പിക്കുകയാണ്.

14–-ാം പദ്ധതി കാലഘട്ടമായ 2022–-27 വർഷത്തേക്ക് കാർഷികമേഖലയ്ക്കുള്ള ആസൂത്രണരേഖകൾ തയ്യാറാക്കുമ്പോൾ രണ്ട് കാര്യമാണ് ആമുഖമായി പറയേണ്ടത്. ഒന്നാമതായി കാർഷികമേഖലയുടെ ശക്തിയും സാധ്യതകളും എന്തൊക്കെയാണെന്ന് സൂക്ഷ്മമായി പരിശോധിക്കണം. 13–-ാം പദ്ധതി കാലഘട്ടമായ (2017–-22) വർഷങ്ങളിൽ രണ്ടു പ്രളയം, ഓഖി ദുരന്തങ്ങൾക്കുംപുറമേ കോവിഡിന്റെ രണ്ട് ഘട്ടത്തിലായുള്ള വ്യാപനം എന്നിവയുടെ  നടുവിലും  മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാൻ കഴിയാത്തതരത്തിൽ കാർഷികമേഖലയെയും കർഷകരെയും സംരക്ഷിച്ച് ദേശീയ ശരാശരിയേക്കാൾ ഉയർന്ന വളർച്ച നിരക്ക് കൈവരിച്ചു. അതാണ്‌ 14–-ാം പദ്ധതി ആരംഭിക്കുന്നതിനുള്ള നമ്മുടെ ശക്തി. എൽഡിഎഫ്‌ സർക്കാർ 2016–-21 ൽ ആവിഷ്കരിച്ചു നടപ്പാക്കിയ സുഭിക്ഷ കേരളം പോലുള്ള പദ്ധതികളും അടിസ്ഥാന മേഖലയിലെ നിക്ഷേപങ്ങളുമാണ് കാർഷികമേഖലയിലെ സാധ്യതകൾ. ഇവയെല്ലാം പരമാവധി ഉപയോഗപ്പെടുത്തണം.

കാർഷികമേഖലയുടെ ശക്തിയും അവസരങ്ങളുംപോലെ കർഷകരും കാർഷികമേഖലയും നേരിടുന്ന  ദൗർബല്യങ്ങളും  ഭീഷണികളുമുണ്ട്. 2014 മുതൽ മോദി സർക്കാരിന്റെ തീവ്ര നവലിബറൽ നയങ്ങളാണ് കർഷകർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി.  കേരള സർക്കാരിന്റെ 14–-ാം പദ്ധതി ആവിഷ്കരണത്തിൽ കേന്ദ്ര സർക്കാരിന്റെ കാർഷികവിരുദ്ധ നയങ്ങളെ ചെറുക്കുന്നതിനുള്ള തന്ത്രങ്ങളും ഉണ്ടാകണം. കേരള സർക്കാരിന്റെ കാർഷികവികസന പദ്ധതികളെ കേന്ദ്രനയങ്ങൾ എങ്ങനെയാണ് തുരങ്കം വയ്ക്കുന്നതെന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. കേരളം അഞ്ചു വർഷത്തിലേറെയായി റബർ കർഷകർക്ക് താങ്ങുവില പ്രഖ്യാപിക്കുകയും അവ കൃത്യമായി കർഷകർക്ക്‌ എത്തിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ കേരളം റബറിന് പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില കിലോക്ക്‌ 170 രൂപയാണ്. എന്നാൽ, റബറിന്റെ വില പരമാവധി ഇടിക്കുന്നതിനായി അനിയന്ത്രിതമായി റബർ ഇറക്കുമതി ചെയ്യാൻ ടയർ വ്യവസായികൾക്ക് കേന്ദ്രം അനുമതി നൽകുന്നു. കോവിഡിന്‌ തൊട്ടുമുമ്പുള്ള വർഷം (2018–-19) ൽ 5.82 ലക്ഷം മെട്രിക് ടൺ സ്വാഭാവിക റബറാണ് ഇറക്കുമതി ചെയ്യാൻ കേന്ദ്രം അനുമതി നൽകിയത്. ഇതാണ് കർഷകർ നേരിടുന്ന വലിയ ഭീഷണി.

14–-ാം പദ്ധതി സമീപനം
കേരളത്തിന്റെ കൃഷിയും അനുബന്ധ മേഖലകളെയും സംബന്ധിച്ച വികസന പരിപ്രേക്ഷ്യം എന്തായിരിക്കണമെന്ന് വിശദീകരിക്കേണ്ടതുണ്ട്. അതു ചർച്ച ചെയ്യേണ്ടത് കേരളത്തിന്റെ കാർഷികമേഖലയുടെ സവിശേഷതകളുടെ പശ്ചാത്തലത്തിലാണ്.  കേരളത്തിൽ ആകെയുള്ള 75.83 ലക്ഷം കർഷകരിൽ 97 ശതമാനവും ഒരു ഹെക്ടറിനു താഴെ മാത്രം ഭൂമിയുള്ള നാമമാത്ര കർഷകരാണ്. ഈ വിഭാഗത്തിലുള്ളവരുടെ കൈവശമുള്ള ശരാശരി കൃഷിഭൂമി വെറും 0.12 ഹെക്ടർ അഥവാ 29 സെന്റ് മാത്രമാണ്. ആധുനിക കൃഷിരീതികൾ അവലംബിക്കാൻ  ഭൂരിപക്ഷത്തിനും കഴിയാത്തതിന്റെ കാരണവും ഇതുതന്നെയാണ്. എന്നാൽ, ഇതിനെ ഒരു സാധ്യതയായി കണ്ട് സഹകരണാടിസ്ഥാനത്തിൽ ആധുനിക സാങ്കേതികവിദ്യകൾ അവലംബിക്കാൻ കർഷകരെ പ്രാപ്തരാക്കാം.

14–-ാം പഞ്ചവത്സരപദ്ധതി രൂപീകരണത്തിൽ പരിഗണിക്കേണ്ട മറ്റൊരു ഘടകം കാർഷികമേഖലയ്ക്ക് സംസ്ഥാന വരുമാനത്തിലും തൊഴിൽ ദാതാവെന്ന നിലയിലുമുള്ള പങ്കാണ്.  2020ൽ കാർഷികമേഖല സംസ്ഥാനത്തെ മൊത്തം വരുമാനത്തിന്റെ ഒമ്പതു ശതമാനമാണ് സംഭാവന നൽകിയത്. തൊഴിൽ സേനയിൽ 19 ശതമാനത്തിനും കാർഷികമേഖലയിലാണ് ഉപജീവനം. ദേശീയ തലത്തിൽ ആകെ തൊഴിൽ സേനയുടെ 45 ശതമാനമാണ് കാർഷികമേഖലയെ ആശ്രയിക്കുന്നത്.  കാർഷികോൽപ്പാദനവും ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച്‌ കാർഷികമേഖലയുടെ വിഹിതം സംസ്ഥാന വരുമാനത്തിൽ ഇപ്പോഴത്തെ ഒമ്പതു ശതമാനത്തിൽനിന്ന്‌ 13 ശതമാനമായി ഉയർത്തേണ്ടതുണ്ട്.  കേന്ദ്ര സർക്കാരിന്റെ ഉദാരവൽക്കരണ നയങ്ങളുടെ ഫലമായി എപ്പോൾ വേണമെങ്കിലും ഇന്ത്യയിലൊട്ടാകെ ഭക്ഷ്യക്ഷാമമുണ്ടാകും.  ഇത് മുന്നിൽ കണ്ടാണ്  ഓരോ ഗ്രാമത്തെയും ഭക്ഷ്യധാന്യ സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടുകൂടി സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിത്തുടങ്ങിയത്. 


 

തരിശുഭൂമിയില്ലാത്ത കേരളം
കേരളത്തിൽ രണ്ടു ലക്ഷം ഹെക്ടറോളം സ്ഥലം തരിശായി കിടക്കുന്നുണ്ട്.  ഇത് ആകെയുള്ള കൃഷിഭൂമിയുടെ ഏഴരശതമാനം വരും.  തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന് പ്രോത്സാഹനമായി ഇപ്പോൾ ഹെക്ടറിന് 2000 രൂപ സർക്കാർ നൽകുന്നുണ്ട്. 14–-ാം പദ്ധതിക്കാലത്ത് തദ്ദേശഭരണസ്ഥാപനങ്ങളെ കൂടുതൽ പങ്കാളികളാക്കുകയും നെൽവയൽ കൃഷിയോഗ്യമാക്കുന്നതിലേക്കായി പഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ വാർഡുതല ഭക്ഷ്യസുരക്ഷാ കമ്മിറ്റികൾ രൂപീകരിച്ചും  നെൽക്കൃഷിയുടെ ഭൂവിസ്തൃതി ഏറ്റവും കുറഞ്ഞത് നാലു ലക്ഷം ഹെക്ടറായി ഉയർത്താൻ കഴിയും. ഇന്ന് കേരളത്തിൽ നെൽക്കർഷകന് ഹെക്ടറിന് 25,000 രൂപ വരെ പല തരത്തിലുള്ള ധനസഹായമായി ലഭിക്കുന്നുണ്ട്.  കേന്ദ്രം തറവിലയായി 1868 രൂപ ക്വിന്റലിന് കൊടുക്കുമ്പോൾ കേരളം നൽകുന്നത് 2700 രൂപയാണ്.

പ്രകൃതിക്ക് അനുയോജ്യമായ കാർഷികവൃത്തികൾ അവലംബിച്ച് ഉൽപ്പാദനവും ഉൽപ്പാദനക്ഷമതയും കർഷകരുടെ വരുമാനവും വർധിപ്പിച്ചു കർഷകത്തൊഴിലാളികൾക്ക് വർഷത്തിൽ 250 ദിവസത്തിൽ കുറയാത്ത പ്രവൃത്തിദിനങ്ങളും നൽകുകയായിരിക്കണം  ലക്ഷ്യം. ആധുനിക കൃഷിരീതികൾക്കായി സഹകരണസംരംഭങ്ങളുടെ അടിസ്ഥാനത്തിൽ കാർഷിക ഉൽപ്പാദനം, കാർഷികോൽപ്പന്ന സംസ്കരണം, വിപണനം എന്നിവ സംയോജിപ്പിക്കേണ്ടതുണ്ട്. 14–-ാം പദ്ധതിക്കാലത്ത് ആധുനികവൽക്കരണം ലക്ഷ്യമാക്കി സംസ്ഥാന ബജറ്റിന്റെ 15 ശതമാനത്തിൽ കുറയാത്ത തുക കൃഷിക്കും അനുബന്ധമേഖലകൾക്കും ചെലവഴിക്കണം.  കാർഷികമേഖലയുടെ ആധുനികവൽക്കരണം എങ്കിൽ മാത്രമേ സാധ്യമാകൂ.

അനുബന്ധമേഖലകളിൽ ഏറ്റവും പ്രധാനപ്പെട്ടത് പാലുൽപ്പാദനമേഖലയും അതിനെ ആശ്രയിച്ചു ജീവിക്കുന്ന കർഷകരുമാണ്. കൃഷിയിൽനിന്നുള്ള വാർഷികവരുമാനത്തിന്റെ 27 ശതമാനം സംഭാവന ചെയ്യുന്നത് കന്നുകാലി വളർത്തൽ മേഖലയാണ്. അത് കഴിഞ്ഞാൽ മീൻപിടിത്തം (10 ശതമാനം) വനം വകുപ്പും (9.9 ശതമാനം) കേരളത്തിലെ കന്നുകാലി മേഖല, ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രധാനപ്പെട്ട ചില സവിശേഷതകളോടുകൂടിയതാണ്.  ഒന്ന്, സംസ്ഥാനത്തെ കറവമാടുകളിൽ 95 ശതമാനവും പശുക്കളാണ്. ഉൽപ്പാദനക്ഷമതയാണ് നമ്മുടെ ശക്തി. പാലുൽപ്പാദനത്തിൽ സ്വയംപര്യാപ്തതയും കാലിവളർത്തൽ കർഷകന് മാന്യമായ ലാഭവും വരുമാനവും ഉറപ്പുവരുത്തുന്നതാകണം പാലുൽപ്പാദനമേഖലയിലെ 14–-ാം പദ്ധതിക്കാലത്തെ ലക്ഷ്യം.

കൃഷിയിലും അനുബന്ധമേഖലകളിലും നിന്നുള്ള വരുമാനത്തിന്റെ 10 ശതമാനം സംഭാവന ചെയ്യുന്നത് മീൻപിടുത്ത മേഖലയാണ്.  എന്നാൽ, ഈ മേഖലയെ ആശ്രയിച്ച് ഉപജീവനം നടത്തുന്ന തൊഴിലാളികളാണ്  അനിശ്ചിതത്വം നേരിടുന്നത്.  ഫിഷർമാൻ വെൽഫെയർ ഫണ്ട് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള  തൊഴിലാളികൾ 2.48 ലക്ഷമാണ്. മത്സ്യഫെഡ്, മത്സ്യബന്ധനത്തിലും വിപണനത്തിലും ഏർപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ സുരക്ഷയ്ക്കായുള്ള എസ്എഎഫ് സംഘടന മുതലായവയുടെയെല്ലാം പ്രവർത്തനം വിലയിരുത്തി മാന്യമായതും അനിശ്ചിതത്വമില്ലാത്തതുമായ വരുമാനവും ജീവിതസൗകര്യങ്ങളും മത്സ്യബന്ധനമേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഉറപ്പുവരുത്താൻ ഇടപെടലുകൾ ആവശ്യമാണ്. കൃഷിക്കാരും കന്നുകാലി കർഷകരും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണ് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള നിരന്തരമായ ഏറ്റുമുട്ടൽ. കേരള സർക്കാർ ഗൗരവമായി ഏറ്റെടുത്തിരിക്കുന്ന ഒരു വിഷയമാണ്‌ ഇത്. എന്നാൽ, പ്രകൃതിസമ്പത്തിന്റെ ഭാഗമാണ് വന്യമൃഗങ്ങളും. അനുയോജ്യമായ നയങ്ങളും പരിപാടികളും ഈ മേഖലയിൽ രൂപീകരിച്ച് മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തടയേണ്ടതുണ്ട്.  

കൃഷിയെയും അനുബന്ധ മേഖലകളെയും ഒറ്റ യൂണിറ്റായി കണ്ട് മണ്ണ്, ജലം, വായു എന്നിവയ്ക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണപ്രദമായ സംയോജിത കൃഷിരീതിക്കാണ് പ്രാധാന്യം നൽകേണ്ടത്. കർഷകർക്ക് മാന്യവും ന്യായവുമായ വരുമാനവും തൊഴിലും ഉറപ്പാക്കുകയാണ് പ്രഥമമായ ലക്ഷ്യം. കാർഷികമേഖലയിലേക്ക് ചെറുകിട കർഷകർ അവരുടെ കൈവശമുള്ള ചെറിയ മൂലധനം നിക്ഷേപിക്കണമെങ്കിൽ കാർഷികോൽപ്പന്നങ്ങൾക്ക് സ്ഥായിയായതും സ്വാമിനാഥൻ കമ്മിറ്റി ശുപാർശപ്രകാരമുള്ളതുമായ വില എല്ലാ കാർഷികോൽപ്പന്നത്തിനും അനുബന്ധമേഖലയിലെ ഉൽപ്പന്നങ്ങൾക്കും ലഭ്യമാക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ കാർഷികമേഖലയിലേക്ക് യുവസംരംഭകരെ ആകർഷിക്കാൻ കഴിയുകയുള്ളൂ. എന്നാൽ, ഇതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് കർഷകരെയും കർഷകത്തൊഴിലാളികളെയും ശത്രുക്കളായി കാണുന്ന കേന്ദ്ര സർക്കാരും അവരുടെ നയങ്ങളുമാണ്. ഈ  നയങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപ്പും കേരള സർക്കാരിന്റെ കാർഷിക നയങ്ങളുടെ ഭാഗമാകേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top