21 April Sunday

പാഠങ്ങൾ ഉൾക്കൊണ്ട്‌ മുന്നോട്ട്‌

എം എ ബേബിUpdated: Wednesday Nov 7, 2018

ലോകചരിത്രത്തിൽ ഒരു പുതിയ യുഗസൃഷ്ടിയുടെ മുഴക്കമാണ്,  1917 നവംബർ ഏഴിന് (പഴയ കലണ്ടർ പ്രകാരം ഒക്ടോബർ 25) രാത്രി 9.40ന് "അറോറാ'നൗകയിൽനിന്ന് പൊട്ടിച്ച പീരങ്കിവെടി പ്രതിധ്വനിപ്പിച്ചത്. പെട്രോഗ്രാഡിലെ ഭരണസിരാകേന്ദ്രമായ "വിന്റർപാലസി'ലേക്ക് ബോൾഷെവിക്ക് സമരസഖാക്കൾ ആ വെടിയൊച്ചയുടെ ആജ്ഞ അടയാളമായി സ്വീകരിച്ച് ഇരമ്പിക്കയറാനായിരുന്നു വിപ്ലവകമ്മിറ്റിയുടെ തീരുമാനം. സിരാപടലങ്ങളിൽ ആവേശത്തിന്റെ അഗ്നിസ്ഫുലിംഗങ്ങൾ വിതറുംവിധം ജനകീയസമരസേനയുടെ ആ ഇടിമിന്നൽ പ്രവാഹം സെർഗി ഐസൻസ്റ്റൈൻ "ഒക്ടോബർ' എന്ന വിഖ്യാത ചലച്ചിത്രകാവ്യത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ 10–ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രസ്തുത ചലച്ചിത്രം സാക്ഷാൽക്കരിക്കപ്പെട്ടത്.

കൊളോണിയലിസത്തിന് അന്ത്യംകുറിച്ചു

ഇപ്പോൾ നാം റഷ്യൻ വിപ്ലവത്തിന്റെ 101–ാം വാർഷികമാണ് ആഘോഷിക്കുന്നത്. അതേസമയം സോഷ്യലിസ്റ്റ് നിർമാണത്തിന്റെ അതിമഹത്തായ സോവിയറ്റ് പരീക്ഷണത്തിന് തിരിച്ചടിയേറ്റിട്ട് 18 വർഷമായി എന്ന വസ്തുതയും നമ്മുടെ മുന്നിലുണ്ട്. അതിനാൽ ബോൾഷെവിക്ക് വിപ്ലവത്തിന്റെ യുഗപരിവർത്തനസ്വാധീനം അപഗ്രഥിക്കുന്നതിനൊപ്പം, അതിന് തിരിച്ചടിയേറ്റതിന്റെ യഥാർഥകാരണങ്ങളും സത്യസന്ധമായും നിർഭയമായും നാം അന്വേഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യേണ്ടതുണ്ട്. ഇതിൽ ഒന്നിൽമാത്രം ഊന്നുന്ന പ്രവണത പ്രായേണ വ്യാപകമാണ്. എന്നാൽ, അത് വൈരുധ്യാത്മകമായ ‐ അതായത് ശാസ്ത്രീയമായ ചരിത്രാപഗ്രഥന സമ്പ്രദായമല്ല എന്ന് നാം ഓർക്കേണ്ടതാണ്.

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മഹത്തായ നേട്ടങ്ങൾ പ്രസിദ്ധമാണ്. പഴയ രൂപത്തിലുള്ള കൊളോണിയലിസത്തിന് അത് അന്ത്യംകുറിച്ചു എന്നതാണ് ഒന്ന്. ദേശീയ വിമോചനപോരാട്ടങ്ങളുടെ പരമ്പരകൾക്ക് അത് തീകൊളുത്തി എന്നതാണ് രണ്ടാമത്തേത്. അവയിൽ മിക്കവയിലും നിർണായകശക്തിയും ഊർജവുമായി പ്രവർത്തിച്ച കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ്, ഇടതുപക്ഷ – തൊഴിലാളി–കർഷക‐അധഃസ്ഥിത‐കീഴാളവർഗ പ്രസ്ഥാനങ്ങളുടെ രൂപവൽക്കരണത്തിനും പോരാട്ടങ്ങൾക്കും അത് പ്രചോദനവും ഐക്യദാർഢ്യവും പകർന്നു. ചൂഷണമുക്തമായ ഒരു നവസമൂഹത്തിന്റെ നിർമാണം ലോകത്തിന്റെ ഒരുഭാഗത്തെങ്കിലും തുടങ്ങിവയ്ക്കാനാകുമെന്ന് ലെനിനും പിൻഗാമികളും ബോൾഷെവിക്ക് സഖാക്കളും ‐ ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻ മാതൃകകൾ ഉണ്ടായിരുന്നില്ലെങ്കിലും  തെളിയിച്ചു. തൊഴിലാളി‐കർഷകസഖ്യം എന്ന വിപ്ലവസമരതന്ത്രം ഒക്ടോബർ വിപ്ലവത്തിലാണ് വിജയകരമായി പരീക്ഷിക്കപ്പെട്ടത്. (പാരീസ് കമ്യൂണിന് (1871) സംഭവിച്ച തിരിച്ചടിയുടെ മുഖ്യകാരണങ്ങളിലൊന്നായി കാൾ മാർക്സും ഫ്രെഡറിക് ഏംഗൽസും ചൂണ്ടിക്കാണിച്ച കാര്യമായിരുന്നു പോരാട്ടത്തിൽ ഫ്രാൻസിലെ കർഷകരെ അണിനിരത്താൻ കഴിയാതെപോയ വീഴ്ച). ചൈനയുടെയും വിയറ്റ്‌നാമിന്റെയും കൊറിയയുടെയും ക്യൂബയുടെയും വിമോചനത്തിലും റഷ്യൻ വിപ്ലവത്തിന്റെ സ്വാധീനം അനിഷേധ്യമാണ്. ലോകത്തെ വിഴുങ്ങാൻ രക്തരക്ഷസിനെപ്പോലെ വാപിളർന്ന്, ലോകത്തെ വിറപ്പിച്ച ഫാസിസത്തിന്റെ ഭീകരവിപത്തിനെ പരാജയപ്പെടുത്തുന്നതിൽ സോവിയറ്റ് യൂണിയന്റെ ത്യാഗവും പോരാട്ടവീര്യവും ചെമ്പടയുടെ ധീരസാഹസികതകളും ചരിത്രത്തിൽ ആഴത്തിൽ പതിഞ്ഞുകിടപ്പുണ്ട്. സ്ത്രീകൾക്ക് എല്ലാ വികസിത മുതലാളിത്ത രാജ്യങ്ങളിലും വോട്ടവകാശം ലഭിച്ചത് റഷ്യൻ വിപ്ലവം സ്ത്രീകൾക്ക് വോട്ടവകാശം നൽകിയതിന്റെ സ്വാധീനഫലമായാണെന്നത് മറക്കാനാകില്ല. ശാസ്ത്ര‐സാങ്കേതിക‐കലാ‐സാഹിത്യമണ്ഡലങ്ങളിൽ വിപ്ലവറഷ്യയുടെ കുതിച്ചുചാട്ടവും ഒക്ടോബർ വിപ്ലവം തുറന്നിട്ട നവലോകനിർമിതിയുടെ നവീനാശയങ്ങളുടെ സാക്ഷാൽക്കാരശ്രമങ്ങളുടെ ഭാഗമാണ്. കായികമേഖലയിലെ വൻ മുന്നേറ്റം മറ്റൊരുദാഹരണം. ആദ്യഘട്ടങ്ങളിൽ ശാസ്ത്രീയമായ പാരിസ്ഥിതിക കാഴ്ചപ്പാടും വികസിപ്പിച്ചെടുക്കാനും ശ്രദ്ധിച്ചിരുന്നു. "എല്ലാ അധികാരങ്ങളും സോവിയറ്റുകൾക്ക്' എന്ന മുദ്രാവാക്യത്തിലടങ്ങിയ അഗാധമായ ജനകീയസ്വപ്നം ലെനിന്റെ കാലത്ത് സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ പുതിയ മാതൃകകൾ പരീക്ഷിക്കാനുള്ള ധീരവും ഭാവനാപൂർണവുമായ സന്നദ്ധതയുടെ ഉദാഹരണമാണ്.

എന്തുകൊണ്ട് ഈ തിരിച്ചടി

മുതലാളിത്ത രാഷ്ട്രങ്ങളിലെ "ക്ഷേമരാഷ്ട്ര' സങ്കൽപ്പം രൂപപ്പെടുത്തുന്നതിൽ സോവിയറ്റ് സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ സ്വാധീനം പ്രൊഫ. അമർത്യസെൻ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പ്രത്യക്ഷമായ സാമ്രാജ്യത്വ യുദ്ധങ്ങളെ ഒരുപരിധിവരെ നിയന്ത്രിച്ചതും തന്ത്രപരമായ ആയുധങ്ങളുടെ വ്യാപനം തടയാനും വെട്ടിച്ചുരുക്കാനുമുള്ള ചർച്ചകളും കരാറുകളും "ശീതയുദ്ധ’കാലത്ത് ഒപ്പുവച്ചതും സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയുടെ സാന്നിധ്യവും ഇടപെടലും നിമിത്തം, കൈവരിക്കാനായ "സമാധാനനേട്ട'മാണെന്ന വസ്തുത അവിതർക്കിതമാണ്.

എന്നാൽ, നമ്മുടെ മുന്നിൽ ഇപ്പോഴുള്ള യാഥാർഥ്യം യുഎസ്എസ്ആറിന്റെയും കിഴക്കൻ യൂറോപ്യൻ സോഷ്യലിസ്റ്റ് പരീക്ഷണങ്ങളുടെയും ശിഥിലീകരണവും തകർച്ചയുമാണ്. എന്തുകൊണ്ട് ഈ തിരിച്ചടി സംഭവിച്ചു എന്ന പരിശോധന ലോകത്തൊട്ടാകെ കഴിഞ്ഞ ഒന്നരപ്പതിറ്റാണ്ടിലധികമായി നടന്നുവരുന്നു. 1992 ജനുവരിയിൽ സിപിഐ എം പതിനാലാം പാർടി കോൺഗ്രസ് അംഗീകരിച്ച "ചില പ്രത്യയശാസ്ത്ര പ്രശ്നങ്ങൾ' എന്ന പ്രമേയമാണ് ഇതുസംബന്ധിച്ച ഒരു സുപ്രധാനരേഖ.

"ഗ്ലാസ്നോസ്റ്റി'ന്റെയും "പെരിസ്ട്രോയിക്ക'യുടെയും പേരിൽ തുറന്നുകിട്ടിയ സാഹചര്യങ്ങളെ ദുരുപയോഗപ്പെടുത്തുക എന്ന സോഷ്യലിസ്റ്റ് വിരുദ്ധ പ്രവണത വളർന്നുവരാൻ തുടങ്ങിയപ്പോൾത്തന്നെ സിപിഐ എം അതിന്റെ ആശങ്ക ആവർത്തിച്ച് പ്രകടിപ്പിച്ചിട്ടുണ്ട്. സോഷ്യലിസത്തിന്റെ പ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി മുതലാളിത്ത കുറിപ്പടികളാണ് പ്രചരിപ്പിച്ചുതുടങ്ങിയത്. ഇതിൽനിന്ന് ഒരുകാര്യം പാർടി വ്യക്തമാക്കി: സോഷ്യലിസത്തിന്റെ നിർമാണത്തിൽ ചില പ്രശ്നങ്ങൾ ഉയർന്നുവരുന്നു. അത് പരിഹരിക്കേണ്ടതുണ്ട്. എന്നാൽ, അതിന് മുതലാളിത്ത കുറിപ്പടികളെ ആശ്രയിക്കുകയല്ല വേണ്ടത്. ലെനിൻ ‘നവീന സാമ്പത്തികനയം’ നടപ്പാക്കിയപ്പോൾ സോഷ്യലിസത്തെ നിർമിക്കാനുള്ള ഒരു പ്രായോഗിക സമീപനമെന്ന നിലയിൽ മുതലാളിത്തത്തിന്റെ ചില രീതികൾ സർഗാത്മകമായി സ്വീകരിക്കുകയുണ്ടായി. അതിന്റെ പേരിൽ, പക്ഷേ, ഗോർബച്ചോവ് നടപ്പാക്കാൻ ശ്രമിച്ചതിൽ പലതും തലതിരിഞ്ഞ നയങ്ങളായിരുന്നു.

""സോഷ്യലിസ്റ്റ് ജനാധിപത്യം ആഴത്തിൽ വേരോടിക്കുന്നതിനുപകരം ദേശീയസങ്കുചിത തത്വം അനിയന്ത്രിതമായി വളരാൻ അനുവദിക്കപ്പെട്ടു.'' ""പാരീസ് കമ്യൂൺ ഒഴിച്ച് മറ്റൊരു മുന്നനുഭവവും ഇല്ലാതിരുന്നതിനാൽ സോവിയറ്റ് യൂണിയന്റെ പ്രത്യേക പരിതഃസ്ഥിതികളിൽ രൂപപ്പെട്ട തൊഴിലാളിവർഗ സർവാധിപത്യത്തിന്റെ രൂപം പ്രാദേശികഭേദങ്ങളും ചരിത്രാനുഭവവും അവഗണിച്ചുകൊണ്ട് മറ്റ് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും പകർത്തപ്പെട്ടു.'' ...സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആഴവും പരപ്പും കൂട്ടുന്നതിൽ ഇത് ഗൗരവമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി...

സ്വയംവിമർശന നിരീക്ഷണങ്ങൾ

‘‘ജനസാമാന്യവുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയും അവരെ ഭരണകൂടത്തിന്റെയും ഭരണത്തിന്റെയും പ്രവർത്തനത്തിൽ പങ്കാളികളാക്കിയും സോഷ്യലിസത്തെ അരക്കിട്ടുറപ്പിക്കുന്നതിന് അവരുടെ വിശ്വാസം നേടിയെടുത്തും മാത്രമേ പാർടിക്ക് അതിന്റെ നേതൃപരമായ പങ്ക് നിർവഹിക്കാനാവുകയുള്ളൂ. ഭരണഘടനാപരമായ കൽപ്പനയെ ആസ്പദമാക്കിയുള്ള നേതൃപരമായ പങ്ക് വാസ്തവത്തിൽ തൊഴിലാളിവർഗ ഭരണകൂടത്തിന്റെ വർഗസ്വഭാവ സങ്കൽപ്പനത്തിൽനിന്നുതന്നെയുള്ള വ്യതിചലനമാണ്. ഈ വൈകല്യങ്ങൾ ജനങ്ങൾ ഭരണകൂടത്തിൽനിന്നും പാർടിയിൽനിന്നും കൂടുതൽ കൂടുതൽ അകലുന്നതിനാണ് ഇടയാക്കിയത്. സോഷ്യലിസ്റ്റ് ജനാധിപത്യത്തിന്റെ ആഴം വർധിപ്പിച്ചുകൊണ്ട് അവരെ സോഷ്യലിസ്റ്റ്‌ ഭരണകൂടത്തിന്റെ പ്രവർത്തനത്തിലേക്ക് കൂടുതൽ കൂടുതൽ ആകർഷിക്കുന്നതിന് കഴിഞ്ഞില്ല.'' (അതേ പ്രമേയം)

ഇത് ഗോർബച്ചേവിന്റെ കാലത്ത് മാത്രമായി സംഭവിച്ച ഒരു വ്യതിയാനമല്ല എന്ന കാര്യം നാം മറന്നുകൂടാ. ഇക്കാര്യം ഇ എം എസ് ഇപ്രകാരം ചൂണ്ടിക്കാണിച്ചിട്ടുണ്ട്: ""സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് നിർമാണപ്രക്രിയയുടെ ഇടയിൽ സംഭവിച്ച വിലക്ഷണമായ ചെയ്തികളിൽനിന്ന് സ്റ്റാലിനെ കുറ്റവിമുക്തനാക്കാൻ അദ്ദേഹത്തിന്റെ ആദ്യകാല നേട്ടങ്ങൾ സഹായിക്കുന്നില്ല. സോവിയറ്റ് യൂണിയനിലെ സോഷ്യലിസ്റ്റ് ജനാധിപത്യവും സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയിലെ ആഭ്യന്തരജനാധിപത്യവും സ്റ്റാലിന്റെ കാലത്ത് തകർച്ചയിലായിരുന്നു എന്ന്  (സോവിയറ്റ് കമ്യൂണിസ്റ്റ് പാർടിയുടെ ഇരുപതാം കോൺഗ്രസിനുശേഷം) ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനം തിരിച്ചറിഞ്ഞു. ഈ വിമർശനത്തിലെ വാസ്തവം നിഷേധിക്കാൻ ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഒരൊറ്റ വിഭാഗവും സന്നദ്ധമാവില്ല.'' (ലോക സോഷ്യലിസം ഇന്നും നാളെയും; ഫ്രണ്ട്ലൈൻ വർഷങ്ങൾ).

ഈ സ്വയംവിമർശന നിരീക്ഷണങ്ങൾ കൂടുതൽ ദീർഘിപ്പിക്കേണ്ട ആവശ്യമില്ല. എന്നാൽ, ഏറ്റവും പ്രധാനപ്പെട്ട കാര്യം വ്യക്തമാണ്. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന കമ്യൂണിസ്റ്റ് സഖാക്കൾ അതേസമയം സംഭവിച്ച വീഴ്ചകൾ തിരിച്ചറിയാനും അംഗീകരിക്കാനും അതിൽനിന്ന് പാഠങ്ങൾ പഠിക്കാനും തയ്യാറാണ്. 21–ാം നൂറ്റാണ്ട് മനുഷ്യവിമോചനപോരാട്ടങ്ങളുടെ ഉശിരൻ മുന്നേറ്റങ്ങളുടെ നൂറ്റാണ്ടാകുമെന്ന പ്രതീക്ഷ നമുക്കുണ്ട്. നേട്ടങ്ങളിൽനിന്നെന്നപോലെ കോട്ടങ്ങളിൽനിന്നും പാഠം പഠിച്ചുകൊണ്ടുമാത്രമേ നമുക്ക് മന്നേറാനാകൂ. പഠനവും പോരാട്ടവും വിമർശനവും സ്വയംവിമർശനവും നമുക്ക് എത്രമാത്രം ധീരവും സത്യസന്ധവും ശാസ്ത്രീയവുമായി നിർവഹിക്കാനാകും എന്നതാണ് കാര്യം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top