06 December Monday

ഓർമകളുടെ പഗോഡ

ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്Updated: Sunday Dec 13, 2020

ഖാദർ കോഴിക്കോട്‌ കടപ്പുറത്ത്‌

മൊയ്തീൻകുട്ടിഹാജിക്ക് ബർമക്കാരി മാമൈദിയിലുണ്ടായ ഒരേയൊരു കുഞ്ഞ്. പ്രസവിച്ച് മൂന്നാം നാൾ ഉമ്മ മരിച്ചു. രണ്ടാംലോകയുദ്ധം വന്നു. റങ്കൂണിൽ ബോംബുകൾ പതിച്ചു. കുഞ്ഞിന് ഏഴുവയസ്സ്. കെടുതിയിൽനിന്ന് രക്ഷപ്പെടാൻ അവനെയും ചുമലിലേറ്റി അറാക്കാൻ മലനിര കടന്ന് ചിറ്റഗോങ്, കൊൽക്കത്ത തുറമുഖംവഴി കോഴിക്കോട്ടേക്ക്. മംഗോളിയൻ മുഖമുള്ള അവന് എങ്ങും ഒറ്റപ്പെടലും പരിഹാസവും. ഉമ്മയുടെ മുലപ്പാൽപോലെ മാതൃഭാഷയും നിഷേധിക്കപ്പെട്ടു. വിചിത്ര ശബ്ദം പുറപ്പെടുവിക്കുന്ന മറ്റൊരു ഭാഷയിലേക്ക് ഇളംകാൽ പതിഞ്ഞു. പക്ഷേ, കുഴിച്ചുമൂടിയത് പലതും ഹൃദയത്തിൽ. അവയുടെ അടിയുറവ് അന്വേഷിച്ചുള്ള യാത്രകളാണ് എല്ലാ എഴുത്തും. അപൂർവ സന്ദർഭങ്ങളിൽ ഭൗതികമായ തേടലാവും."ഓർമകളുടെ പഗോഡ' മലയാളത്തിലുണ്ടായ അപൂർവ കൃതിയാകുന്നത് അങ്ങനെ. പട്ടാളം വളഞ്ഞ റങ്കൂണിൽനിന്ന് രക്ഷപ്പെട്ട ഒരാൾ 68 വർഷത്തിനുശേഷം ജന്മസ്ഥലത്തെത്തുമ്പോഴും പട്ടാളം പോയില്ല."മരിച്ച' ബാല്യം തിരഞ്ഞ് ഖാദർ ജന്മസ്ഥലമായ ബില്ലീനിൽ. വന്നതിൽപിന്നെ ആ രാജ്യവുമായി ബന്ധമില്ല. ഉമ്മവേരിനെക്കുറിച്ച് അന്വേഷിക്കുമ്പോൾപ്പോലും ഉപ്പയിൽനിന്ന് കണ്ണീരുറഞ്ഞ നിശ്ശബ്ദത. എൺപതാം വയസ്സിൽ മരിക്കുംവരെ ബർമയെപ്പറ്റി ഒരക്ഷരം മിണ്ടിയില്ല. കൂടെ ഭാര്യ, മകൻ, മകൾ, പേരക്കുട്ടി. എവിടെയാണ് പിറന്ന വീട്, താമസിച്ചത്, ഇടപഴകിയ തെരുവ്, അങ്ങാടി? ഒന്നുമറിയില്ല. യാത്രാസഹായി ചോദിക്കുന്നു: ""പറയൂ, എന്തെങ്കിലും അടയാളം, ബില്ലീൻ എന്നുമാത്രം ആവർത്തിക്കാതെ''.

ഹിമം മൂടിയ ഓർമകളിൽനിന്ന് പിറുപിറുപ്പുപോലെ ഖാദർ പറയുന്നു: ഡൻതീ പഴം, അതിന്റെ രുചി, ഗന്ധത്തിന്റെ പ്രത്യേകത. ഭൂതകാലത്തിന്റെ സൂക്ഷ്മകോശങ്ങളിൽനിന്ന് തെറിച്ച ഒരേയൊരുണർവുകൊണ്ട്, ഒരേയൊരു വാക്കുകൊണ്ട് സഹായിക്ക് ആ ദേശത്തേക്ക് നയിക്കാനായി. അഭയാർഥിക്യാമ്പിൽ തന്നെ ഉപേക്ഷിക്കൂ എന്ന് കൂടെയുണ്ടായ മൂത്താപ്പ പറഞ്ഞതിലും ഡൻതീപഴം. ഏറെ രുചിയുള്ള അതിന് മൂന്ന് ദിവസം കഴിയുമ്പോഴേക്കും മലത്തിന്റെ നാറ്റമെന്ന് അദ്ദേഹം പറയാറുണ്ട്. തന്നെ മായ്ചുകളഞ്ഞ ആ പഴത്തിൽനിന്നാണ് ഖാദറിന് ബില്ലീനെ കണ്ടെത്താനായതും. കൂടെപ്പോയവർക്കൊക്കെ ബർമയല്ല, മ്യാൻമറാണ്. ഖാദറിന്  ബർമ. കാരണം, മലയാളത്തിൽ ആ എഴുത്തുകാരൻ കുറിച്ചിട്ടതെല്ലാം ബർമ നൽകിയത്. അമ്മയില്ലാത്ത കുഞ്ഞ് ഏഴുവയസ്സുവരെ ജീവിച്ചത് റങ്കൂൺ അങ്ങാടിയിലും ചന്തകളിലും കച്ചവട ബന്ധുക്കൾക്കൊപ്പം. ഖാദർ എന്ന എഴുത്തുകാരന്റെ കൃതികളിലുടനീളം ചന്തയുടെ പൊടിപൂരം. സത്യത്തിൽ റങ്കൂണിലെ ചന്തയാണത്. ബില്ലീനിൽ തായ്വേര് തേടി നടക്കുമ്പോൾ ചന്തയിലെ പെണ്ണുങ്ങൾ, ഒരു യുദ്ധത്തിനും മാറ്റംവരുത്താനാകാത്ത ഗ്രാമീണസ്നേഹത്തോടെ നാട്ടുകാരനെ കണ്ടിട്ടെന്നവണ്ണം മന്ദഹാസം തൂകുമ്പോൾ ഭാര്യ പറയുന്നു:""നെങ്ങടെ കുടുംബക്കാരാന്നാ തോന്നുന്നത്. ആ കണ്ണും മൂക്കും ചിരിയും സറീനയെപ്പോലുണ്ട്.'' ഉപ്പയുടെ തനിച്ഛായയുള്ള സറീന. അവിടത്തെ വേഷംകെട്ടി ചന്തയിലിരുത്തിയാൽ അവളും ബർമക്കാരി!

കുട്ടിക്കാലത്തെ ഫോട്ടോ കാണിച്ച് ഹൃദയമിടിപ്പോടെ ബില്ലീനിൽ ചുറ്റി. കുട്ടിക്കാലത്ത് "മരിച്ച' ഞാൻ എവിടെയാണ്? ഈ കുട്ടിയെ അറിയുമോ? ബന്ധുക്കൾ എവിടെ? എന്റെ പുഴയോരം? മലങ്കാഴ്ച? ബന്ധുക്കൾ ഓമനിച്ച പീടികകൾ? "ഓർമകളുടെ പഗോഡ'യിൽ ഖാദർ കുറിച്ചു: ""ആ കാലങ്ങളിൽ വഴിവാണിഭ ചന്തകളിലെല്ലാം എന്നെയും കൂട്ടി പോകാറുണ്ടായിരുന്നു, ബന്ധുക്കൾ. കച്ചവടത്തിരക്കിൽ മുഴുകുമ്പോൾ മലയടിവാരത്തെ ചന്തപ്പുരകൾക്കിടയിലൂടെ പുഴയോരത്തുകൂടെ കാഴ്ചയും കണ്ട് മേഞ്ഞ ബാല്യം. മലമുകളിലേക്കുള്ള പാതകൾക്കരികെ തേക്കുമര സമൃദ്ധിയിലെ തണൽത്തഴപ്പുകൾക്കിടയിൽ പഗോഡകൾ'' ഭൂതകാലത്തിന്റെ ഒരടയാള ബന്ധുവിനെയും കണ്ടെടുക്കാനായില്ല. പോകുമ്പോൾ ഹൃദയം ഖിന്നം. ഈ അഭാവങ്ങൾ മലയാള ഭാവന സ്വന്തമാക്കിയല്ലോ. ബില്ലീൻ കേരളത്തിലേക്ക് പ്രതിഷ്ഠിച്ചു. തൃക്കോട്ടൂർ അംശമായും പന്തലായനി ദേശമായും കുഞ്ഞിക്കേളപ്പക്കുറുപ്പും തട്ടാൻ ഇട്ട്യേമ്പിയും ഭജനമഠം ഗോപാലനും കുഞ്ഞബ്ദുള്ള ഹാജിയും പുലയൻ കുങ്കറുമൊക്കെയായി. അഘോരശിവനും ഉണ്യേരിക്കാവിലമ്മയും ഒറ്റമുലച്ചിയും കാഞ്ഞിരത്തറക്കലെ മുത്തിയും സൂക്ഷിച്ചുനോക്കിയാൽ ബർമീസ്യാത്ര തന്നെ. തൊഴിലന്വേഷണവുമായി മലയാളി നടത്തിയ നിരവധി പ്രവാസങ്ങളുടെ അനേകം ഉപലബ്ധികളിലൊന്നാണ് യുഎ ഖാദർ. രാഷ്ട്രീയ കാരണത്താൽ പ്രവാസപ്പെട്ട് ഇങ്ങോട്ട് കുടിയേറിയ ഒരേയൊരു എഴുത്തുകാരൻ. നഷ്ടപ്പെട്ട ദേശവും ജാതകവും മലയാളത്തിൽ ഖാദറിന്റേതുമാത്രമായ ദേശമായും ജാതകമായും പുലർന്നു. കേരള ചരിത്രത്തിൽ ഒരേയൊരു ഖാദർ. കെ കുഞ്ഞികൃഷ്ണനോ ദാമോദരൻ കാളിയത്തോ വിവർത്തനം ചെയ്യേണ്ടിയിരുന്ന ബർമീസ്കഥകൾ  അങ്ങനെ മലയാളത്തിൽഎഴുതപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top