15 October Tuesday

ആകാശപ്പരപ്പിലെ ജടായു ശില്‍പ്പം

എം അനിൽUpdated: Sunday Oct 21, 2018

സമുദ്രനിരപ്പിൽനിന്ന‌് ആയിരം അടി ഉയരത്തിലുള്ള കൂറ്റൻ പാറ. അവിടെ 200 അടി നീളത്തിലും 150 അടി വീതിയിലും 70 അടി ഉയരത്തിലും പത്തുവർഷത്തെ കഠിനാധ്വാനത്തിൽ ലോകത്തിലെതന്നെ ഏറ്റവും വലിയ പക്ഷിശിൽപ്പം യാഥാർഥ്യമായിരിക്കുന്നു. കൊല്ലം ജില്ലയിലെ ചടയമംഗലം എന്ന ഗ്രാമം ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചിരിക്കുന്നു. വിനോദസഞ്ചാരികൾക്കും ചരിത്രവിദ്യാർഥികൾക്കും  മുതൽക്കൂട്ടാവുന്ന അത്യപൂർവ ദൃശ്യവിരുന്ന്.  സംസ്ഥാന സർക്കാരിന്റെ അകമഴിഞ്ഞ സഹകരണത്തിൽ ഒരു ശിൽപ്പിയുടെ നേതൃത്വത്തിൽ നടന്ന അധ്വാനത്തിന്റെ ഫലം.  

 ചടയമംഗലം ജടായു എർത്ത് സെന്റർ കേരളാ ടൂറിസം രംഗത്തെ ആദ്യ ബിഒടി (ബിൽഡ് ഓപ്പറേറ്റ് ആൻഡ‌് ട്രാൻസ്‌ഫർ) ടൂറിസം പദ്ധതിയാണ്. ഒപ്പം സാഹസിക ടൂറിസം കേന്ദ്രവും.  ചലച്ചിത്രകാരനും ശിൽപ്പിയുമായ രാജീവ് അഞ്ചലിന്റെ സ്വപ്‌നമാണ്‌ ഈ മലമുകളിൽ യാഥാർഥ്യമായത്‌. 

പ്രകൃതിയും കലയും സംസ്‌കാരവും സമ്മേളിക്കുന്ന അപൂർവമായ ഒരു സഞ്ചാര അനുഭവമാകുമിത്.  ലോകോത്തര നിലവാരമുള്ള കേബിൾ കാർ സംവിധാനം, കേരളത്തിൽ ആദ്യമായി എത്തിയ ഹെലികോപ്ടർ ലോക്കൽ ഫ്ളൈയിങ്‌,  ജടായു ശിൽപ്പ സന്ദർശനം എന്നിവ വിനോദ സഞ്ചാര പദ്ധതികൾക്കായി ഒരുക്കിയിരിക്കുന്നു. കൂറ്റൻ പാറക്കെട്ടുകളും മരങ്ങളും നിറഞ്ഞ  വനാന്തരീക്ഷത്തിന്റെ പ്രതീതി ഇവിടെയുണ്ട്‌. അന്താരാഷ്ട്രനിലവാരമുള്ള സുരക്ഷാ സംവിധാനങ്ങളും  സജ്ജം. രാജ്യാന്തര നിലവാരമുള്ള റോഡ് നിർമിക്കാൻ 8.5 കോടിയും വൈദ്യുതിക്കായി 1.75 കോടിയും സംസ്ഥാന സർക്കാർ ചെലവഴിച്ചു. 

കേബിൾ കാറും ദൃശ്യവിരുന്നും

ജടായു ശിൽപ്പത്തിലേക്കുള്ള ആകാശയാത്ര കൂറ്റൻ ടവറുകളിൽ സ്ഥാപിച്ച ഗ്ലാസ് ഭിത്തിയുള്ള കേബിൾ കാറിലൂടെ. ദൈർഘ്യം ഏകദേശം ഒരു കിലോമീറ്റർ.  ഒരു കാറിൽ എട്ട് പേർക്ക് യാത്ര ചെയ്യാം. ഇത്തരത്തിൽ മണിക്കൂറിൽ 400 പേരെ ജടായു പാറയിലെത്തിക്കാവുന്ന 16 കേബിൾ കാറുകൾ. പൂർണമായും സ്വിറ്റ്സർലൻഡിൽനിന്ന‌് ഇറക്കുമതി ചെയ്‌തവ.  മുകളിലെത്തുന്ന സഞ്ചാരികൾക്ക്‌ ജടായു ശിൽപ്പത്തിന്റെ കണ്ണുകളിലൂടെ പശ്ചിമഘട്ട മലനിരകളുടെ ഹരിതശോഭ ആസ്വദിക്കാം.  

ആകാശക്കാഴ്‌ച കാണാൻ ഹെലികോപ്ടറുമുണ്ട്‌.  ഒരേ സമയം ആറുപേർക്ക് ഹെലികോപ്ടർ യാത്ര സാധിക്കും. അഞ്ച് മിനിറ്റ് മുതൽ പതിനഞ്ച് മിനിറ്റ് വരെയാണ് ലോക്കൽ ഫ്ളൈയിങ്ങിന്റെ ദൈർഘ്യം. 

സാഹസിക കേന്ദ്രം

അഡ്വഞ്ചർ സെന്ററിൽ കൂറ്റൻ പാറക്കെട്ടുകളിലായി ഇരുപതിൽപ്പരം സാഹസിക വിനോദങ്ങളുണ്ട്. 118 അടി ഉയരമുള്ള പാറക്കെട്ടിലേക്ക് കയറുന്ന ഫ്രീ ക്ലൈംബിങ്‌  മുതൽ 45 അടി ഉയരമുള്ള പാറക്കെട്ടിൽനിന്ന് താഴേക്ക് ചാടിയിറങ്ങാൻ അവസരമൊരുക്കുന്ന റാപ്പലിങ്‌ ഗെയിം വരെ. റോക്ക് ക്ലൈമ്പിങ്‌, ബോൾഡറിങ‌്, ജൂമറിങ്‌, ചിമ്മിനി ക്ലൈമ്പിങ്‌, കമാൻഡോ നെറ്റ്, സിപ് ലൈൻ, ബർമ ബ്രിഡ്‌ജ്‌ തുടങ്ങിയ ഇരുപതോളം സാഹസിക വിനോദങ്ങൾ ആസ്വദിക്കാം. 

തെന്നിന്ത്യയിലെ ഏറ്റവുംവലിയ ഔട്ട് ഡോർ പെയിന്റ് ബോൾ ഡെസ്റ്റിനേഷനും ഇവിടെയാണ്‌. രാജസ്ഥാൻ കോട്ടകളുടെ മാതൃകയിലുള്ള പെയിന്റ് ബോൾ ഡെസ്റ്റിനേഷനിൽ സഞ്ചാരികൾക്ക് ഗ്രൂപ്പുകളായി തിരിഞ്ഞ് മത്സരിക്കാം. സംരക്ഷിത സ്വകാര്യ വനത്തിലൂടെയുള്ള ഒരുമണിക്കൂർ ദൈർഘ്യം വരുന്ന ട്രെക്കിങ്ങും ആസ്വദിക്കാം. ഗ്രൂപ്പായി ആസ്വദിക്കാൻ കഴിയുംവിധമാണ് സാഹസിക വിനോദ കേന്ദ്രത്തിന്റെ രൂപകൽപ്പന. 

ബിഒടിയിലെ ആദ്യ ടൂറിസം പദ്ധതി

ചടയമംഗലം ജടായു പാറയിൽ ടൂറിസം പദ്ധതിക്ക് വഴിതുറന്നത് കൊല്ലം ഡിടിപിസി പാർക്ക് സ്ഥാപിച്ചതോടെ. 2006ൽ ടൂറിസംമന്ത്രി കോടിയേരി ബാലകൃഷ്ണൻ പാർക്ക് ഉദ്ഘാടനംചെയ്‌തു. ജടായു ശിൽപ്പവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുക വലിയ സാമ്പത്തിക ബാധ്യതയാകുമെന്നതിനാൽ ടൂറിസം വകുപ്പാണ് ജടായു പാറ ടൂറിസം ബിഒടി പ്രോജക്ടാക്കി മാറ്റിയത്. തുടർന്ന് ടൂറിസം വകുപ്പിന്റെ 65 ഏക്കർ സ്ഥലം രാജീവ് അഞ്ചൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഗുരുചന്ദ്രിക എന്ന കമ്പനിക്ക് 30 വർഷം പാട്ടത്തിന് നൽകുകയായിരുന്നു. പദ്ധതി പൂർത്തീകരണത്തിന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനും എല്ലാ സഹകരണവും നൽകി.140 പ്രവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതിക്കായി 100 കോടി രൂപയാണ് ഇതിനകം ചെലവഴിച്ചത്.

സീതയും രാവണനും

രാമായണ കഥയുമായി ബന്ധപ്പെട്ടാണ് ജഡായു പാറയുടെ സ്ഥാനം. സീതാദേവിയെ ലങ്കയിലേക്ക് തട്ടിക്കൊണ്ടുപോയ രാവണനെ തടഞ്ഞ ജഡായു എന്ന പക്ഷിരാജൻ ചിറകറ്റുവീണ പാറയാണിതെന്നാണ് സങ്കൽപ്പം. ഐതിഹ്യത്തിൽ ജഡായുമംഗലം എന്നറിയപ്പെട്ട ഈ മലനാട് കാലാന്തരത്തിൽ ചടയമംഗലം എന്നായി. ഇടതു ചിറകറ്റ നിലയിലും വലതു ചിറക് വിടർത്തിയും കൊക്കും കാൽനഖങ്ങളും ഉയർത്തിയും ജഡായു കിടക്കുന്ന രൂപത്തിലാണ് നിർമാണം. ശ്രീരാമ പാദവും പാറയിൽ തീർത്തിട്ടുണ്ട്. 

ഹെലി ടൂറിസം

മൂന്നാമത്തെ പാറയിൽ ഹെലിയും ആയുർവേദവും  സമന്വയിപ്പിച്ച് ഹെലി ടൂറിസം നടപ്പാക്കുകയാണ് അടുത്തഘട്ടം. പാറക്കൂട്ടങ്ങളിലെ ഗുഹകളിൽ റിസോർട്ടുകളും ഒരുക്കും. സംസ്ഥാനത്തെ തന്നെ ആദ്യത്തേതാകും ഹെലി ടൂറിസം. നാലാമത്തെ പാറയിലാണ് നൈറ്റ് ക്യാമ്പിങ്. ഇവിടെ കുടുംബങ്ങൾക്ക് താമസിക്കാൻ സൗകര്യമൊരുക്കും. മൂന്നാം ഘട്ടത്തിൽ ശിൽപ്പത്തിനുള്ളിൽ പൂർണമായും ശീതീകരിക്കും. അമ്പരപ്പിക്കുന്ന സാങ്കേതികവിദ്യയിൽ തയ്യാറാക്കുന്ന ഓഡിയോ വിഷ്വൽ മ്യൂസിയം, 6 ഡി തിയറ്റർ, മ്യൂസിയം എന്നിവയാണ് ലക്ഷ്യം. ശിൽപ്പത്തിനോടുചേർന്നുള്ള സിനിമാ തിയറ്ററിൽ 25 പേർക്ക് ഇരിക്കാം. രാമ‐രാവണ യുദ്ധം ദൃശ്യത്തനിമയോടെ ഇവിടെ പ്രദർശിപ്പിക്കും.

പ്രധാന വാർത്തകൾ
 Top