27 June Monday

വലിയ കരകളിലേക്ക് തുഴയുന്ന വര

എം എസ് അശോകന്‍Updated: Sunday Feb 19, 2017

അഖില്‍ സാബു വരച്ച കാരിക്കേച്ചര്‍

അഖില്‍ സാബു വരച്ച കാരിക്കേച്ചര്‍

ബ്രസീലിയന്‍ കാരിക്കേച്ചറിസ്റ്റ് ടിയാഗോ ഹോയ്സല്‍ പാത്രചിത്രീകരണത്തിനപ്പുറം—കാരിക്കേച്ചര്‍കലയെ സര്‍ഗാത്മക ചിത്രണത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന രചനകള്‍ നിര്‍വഹിക്കുന്ന കലാകാരനാണ്. കഥാപാത്രചിത്രീകരണത്തില്‍ ഹോയ്സലിന്റെ കാരിക്കേച്ചറുകള്‍ ഏറ്റവും മികച്ചതായി വിലയിരുത്തുമ്പോള്‍ത്തന്നെയാണ് ഒന്നിലേറെ കാരിക്കേച്ചര്‍ രൂപങ്ങള്‍ നിറച്ച് നരേറ്റീവ് മാതൃകയിലും മറ്റും ഹോയ്സല്‍ വലിയ ക്യാന്‍വാസുകളില്‍ രചനകള്‍ നടത്തിവരുന്നത്. ആഗോള വാണിജ്യസാധ്യതകള്‍ കണ്ടറിഞ്ഞ് കാരിക്കേച്ചര്‍ രചനാ സമ്പ്രദായത്തിലേക്ക് കൂടുതല്‍ ചിത്രകാരന്മാര്‍ കടന്നുവരുന്ന കാലമാണ്. ചിത്രകലയെ ഗൌരവത്തോടെ കാണുന്ന ഇവര്‍ക്ക് ഹോയ്സലിനെപ്പോലുള്ളവര്‍ കാണിച്ച വഴി കൂടുതല്‍ സാധ്യത തുറന്നിട്ടിരിക്കുന്നു. വൈപ്പിന്‍ ഞാറയ്ക്കല്‍ സ്വദേശി അഖില്‍ സാബു കാരിക്കേച്ചര്‍ വരയുടെ വാണിജ്യസാധ്യതകളിലാണ് ഇപ്പോള്‍ ശ്രദ്ധിക്കുന്നതെങ്കിലും പരീക്ഷണാടിസ്ഥാനത്തില്‍ കാരിക്കേച്ചര്‍ സങ്കേതത്തെ വിന്യസിക്കാനും പുതുപാതകള്‍ കണ്ടെത്താനുമുള്ള ശ്രമത്തിലാണ്.

തൃപ്പൂണിത്തുറ ആര്‍എല്‍വി ഫൈനാര്‍ട്സ് കോളേജിലെ അവസാനവര്‍ഷ ബിഎഫ്എ അപ്ളൈഡ് ആര്‍ട്ട് വിദ്യാര്‍ഥിയായ അഖില്‍ പഠനത്തോടൊപ്പമാണ് കാരിക്കേച്ചറുകളും അനുബന്ധ രചനകളും നടത്തുന്ന കാരിക്കേച്ചര്‍ 11 എന്ന സ്ഥാപനമാരംഭിച്ചത്. കാരിക്കേച്ചര്‍വരയോടുള്ള താല്‍പ്പര്യത്തോടൊപ്പം—ഇത്തരം ചിത്രങ്ങള്‍ക്ക് പുതുതായി തുറന്നുകിട്ടിയ ആഗോള വിപണിയുമായിരുന്നു പ്രധാന ആകര്‍ഷണം. ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും സമ്മാനമായും മറ്റും കാരിക്കേച്ചര്‍ചിത്രങ്ങള്‍ നല്‍കുന്ന രീതി വ്യാപകമായതാണ് ഇവിടത്തെ കലാകാരന്മാര്‍ക്ക് അവസരം തുറന്നുകൊടുത്തത്. വിവാഹം, പിറന്നാള്‍ എന്നിവപോലുള്ള വിശേഷാവസരങ്ങളില്‍ സന്ദര്‍ഭത്തിനിണങ്ങുന്ന വര്‍ണവും ഭാവവും ചാലിച്ച കാരിക്കേച്ചര്‍ചിത്രങ്ങള്‍ സമ്മാനിക്കുന്നരീതി നമ്മുടെ നാട്ടിലും പ്രചാരത്തിലായിട്ടുണ്ടെന്ന് അഖില്‍ പറഞ്ഞു. ആവശ്യക്കാര്‍ നല്‍കുന്ന ചിത്രങ്ങള്‍ നോക്കി വരയ്ക്കുന്ന രീതിയും ആളുകളെ നോക്കി വരയ്ക്കുന്ന തത്സമയ ചിത്രീകരണവുമുണ്ട്. എന്നാല്‍, സമീപനത്തിന്റെ കാര്യത്തില്‍ രാഷ്ട്രീയ കാരിക്കേച്ചറുകളില്‍നിന്ന് വ്യത്യസ്തമാണ് ഇത്തരം ചിത്രങ്ങള്‍. രാഷ്ട്രീയ കാരിക്കേച്ചറുകളിലും മറ്റും ചിത്രീകരിക്കുന്നതിന്റെ ന്യൂനതകളെ പെരുപ്പിക്കുകയോ വിമര്‍ശപരമായ ഘടകങ്ങളെ മൂര്‍ച്ചയോടെ കൂട്ടിച്ചേര്‍ക്കുകയോ ആണ് രീതി. ഉദാഹരണത്തിന് ഹോയ്സല്‍ വരച്ച ബ്രസീലിയന്‍ ഫുട്ബോള്‍താരം റൊണാള്‍ഡീഞോയുടെ കാരിക്കേച്ചറില്‍ അദ്ദേഹത്തിന്റെ പുറത്തേക്ക് കാണാവുന്ന മുന്‍നിരയിലെ ഇരട്ടപ്പല്ലുകളും തിളക്കമുള്ള കണ്ണുകളും അസ്വാഭാവിക കാഴ്ചയായി മാറ്റിയിരിക്കുന്നു. ഇത്തരം രീതി വിശേഷാവസരങ്ങളിലേക്കുള്ള കാരിക്കേച്ചറുകളില്‍ ഉപയോഗിക്കാറില്ല. പകരം ചിത്രങ്ങള്‍ കൂടുതല്‍ ലാളിത്യമാര്‍ന്നതും സൌന്ദര്യാംശങ്ങളെ പെരുപ്പിക്കുന്നതുമാകുകയാണ് പതിവ്. വാക്വം ട്വിന്‍ടിക്കില്‍ ഫോട്ടോഷോപ്പും സ്കെച്ച് പ്രോയുമുപയോഗിച്ചാണ് വര. ഇത്തരം ചിത്രങ്ങള്‍ക്ക് 3000 രൂപമുതലാണ് വില. ത്രിമാന കാരിക്കേച്ചര്‍ ചിത്രങ്ങള്‍ക്കും വിദേശങ്ങളില്‍ ആവശ്യക്കാരുണ്ട്. അത്തരം രചനകളും നടത്തിവരുന്നതായി അഖില്‍ പറഞ്ഞു. 

അഖില്‍ സാബു

അഖില്‍ സാബു

ഏതാനും മലയാളസിനിമകള്‍ക്കുവേണ്ടിയും പരസ്യചിത്രങ്ങള്‍ക്കുവേണ്ടിയും അഖില്‍ കാരിക്കേച്ചര്‍ വരച്ചിട്ടുണ്ട്. ഇത്തരം ആവശ്യങ്ങള്‍ കൂടിവരികയാണെന്ന് അഖില്‍ പറഞ്ഞു. ഇതിനെല്ലാമിടയില്‍നിന്ന് സമയം കണ്ടെത്തിയാണ് കൂടുതല്‍ ക്രിയേറ്റീവായ മറ്റ് രചനകള്‍ നടത്തുന്നത്. ആര്‍എല്‍വി കോളേജില്‍ നടന്നുവരുന്ന വിദ്യാര്‍ഥികളുടെ വാര്‍ഷികപ്രദര്‍ശനത്തില്‍ അഖിലിന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

msasokms@gmail.com

 

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top