30 January Monday

തൊഴിലാളിയുടെ കാതല്‍

എം എസ് അശോകന്‍Updated: Sunday Oct 9, 2016

കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഉണ്ണി കാനായി ചിത്ര–ശില്‍പ്പ നിര്‍മാണത്തില്‍ ഔപചാരിക വിദ്യാഭ്യാസമോ പരിശീലനമോ നേടിയിട്ടില്ല. പത്തുവര്‍ഷംമുമ്പുവരെ പയ്യന്നൂരില്‍ കെട്ടിടനിര്‍മാണത്തൊഴിലാളിയായിരുന്നു. താന്‍ സ്കൂള്‍ വിദ്യാഭ്യാസം നടത്തിയ കടന്നപ്പള്ളി ഹൈസ്കൂളിന്റെ രജതജൂബിലി വര്‍ഷത്തില്‍ ഭാഷാപിതാവ് എഴുത്തച്ഛന്റെ പൂര്‍ണകായപ്രതിമ നിര്‍മിച്ചുകൊണ്ടാണ് പത്തുവര്‍ഷംമുമ്പ് ഉണ്ണി കലാരംഗത്ത് ചുവടുറപ്പിച്ചത്. പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. കേരളത്തിലങ്ങോളമിങ്ങോളം നൂറുകണക്കിനു പ്രതിമകളും റിലീഫുകളും നാളിതുവരെ ഉണ്ണി നിര്‍മിച്ചുകഴിഞ്ഞു. നിരവധി ചിത്ര–ശില്‍പ്പ പ്രദര്‍ശനങ്ങള്‍ നടത്തി. അടുത്തമാസം ബംഗളൂരുവില്‍ നടക്കുന്ന പ്രദര്‍ശനത്തിന് ചിത്രങ്ങളും ശില്‍പ്പങ്ങളുമൊരുക്കുന്ന തിരക്കിലാണ് ഉണ്ണി ഇപ്പോള്‍.

ബഷീര്‍ റിലീഫ്

ബഷീര്‍ റിലീഫ്

സ്കൂള്‍പഠനകാലംമുതല്‍ ചിത്രംവരയില്‍ താല്‍പ്പര്യമുണ്ടായിരുന്നതിനാല്‍ ഫൈനാര്‍ട്സ് പഠിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍, അച്ഛന്റെ മരണത്തോടെ പ്രീഡിഗ്രികൊണ്ട് പഠനം ഉപേക്ഷിക്കേണ്ടിവന്നു. കുടുംബം പുലര്‍ത്താന്‍ കെട്ടിടനിര്‍മാണത്തൊഴിലിന് ഇറങ്ങിയപ്പോഴും വരയും ശില്‍പ്പവേലയും മുടക്കമില്ലാതെ സ്വകാര്യമായി തുടര്‍ന്നു. നിര്‍മാണത്തൊഴിലിന്റെ ഭാഗമായി മാര്‍ബിള്‍വേലമുതല്‍ സിമന്റ് തേപ്പുവരെയുള്ള ജോലികള്‍ പഠിച്ച് ചെയ്തു. ഇതിനിടെ പ്രശസ്ത ശില്‍പ്പി കുഞ്ഞിമംഗലം നാരായണന്റെ വീട്ടില്‍ മാര്‍ബിള്‍ജോലിക്കുപോയത് വഴിത്തിരിവായി. പാര്‍ലമെന്റില്‍ സ്ഥാപിക്കാനുള്ള എ കെ ജി പ്രതിമയുടെ നിര്‍മാണത്തിലായിരുന്നു അദ്ദേഹം. ശില്‍പ്പനിര്‍മാണത്തില്‍ ഉണ്ണിക്കുള്ള താല്‍പ്പര്യംകണ്ട നാരായണന്‍ ഉണ്ണിയോട് ശില്‍പ്പനിര്‍മാണം അഭ്യസിക്കാന്‍ ഉപദേശിച്ചു. പയ്യന്നൂരിലെ സ്വകാര്യസ്ഥാപനത്തില്‍ രാത്രികാല പരിശീലനത്തിന് ചേരാന്‍ പറഞ്ഞു. പകല്‍ കെട്ടിടനിര്‍മാണജോലി കഴിഞ്ഞ് ഉണ്ണി അവിടെ പരിശീലനത്തിന് ചേര്‍ന്നു. സ്വയം പരിശീലനവും തുടര്‍ന്നു. ഇതിനിടെയാണ് കടന്നപ്പള്ളി ഹൈസ്കൂള്‍മുറ്റത്ത് പ്രതിമ നിര്‍മിച്ചുസ്ഥാപിക്കാനുള്ള ദൌത്യം വെല്ലുവിളിപോലെ ഏറ്റെടുത്തത്. സിമന്റില്‍ തീര്‍ത്ത എഴുത്തച്ഛന്റെ ജീവന്‍ തുടിക്കുന്ന പ്രതിമയുടെ നിര്‍മാണത്തോടെ ഉണ്ണിക്കുമുന്നില്‍ അവസരങ്ങളുടെ പുതിയ വാതില്‍ തുറന്നു.

 ഉണ്ണി കാനായി

ഉണ്ണി കാനായി

സിമന്റിലും ഗ്ളാസ് മെറ്റലിലും ഫൈബറിലും വെങ്കലത്തിലുമാണ് ഉണ്ണിയുടെ പ്രതിമനിര്‍മാണം. മഹാത്മാഗാന്ധിയുടെ പത്തോളം വ്യത്യസ്ത ശില്‍പ്പങ്ങള്‍ ഇക്കാലത്തിനിടെ നിര്‍മിച്ചു. തലശേരിയില്‍ സ്ഥാപിച്ച എ കെ ജി പ്രതിമയും തിരുവനന്തപുരത്ത് സ്ഥാപിച്ച കെ കരുണാകരന്റെ പ്രതിമയും ഉണ്ണിക്ക് പ്രശംസ നേടിക്കൊടുത്തു. എ പി ജെ അബ്ദുള്‍ കലാം, ടാഗോര്‍ എന്നിവരുടെ പ്രതിമകളും ശ്രദ്ധേയമായി. നായനാര്‍മുതല്‍ വി എസ് അച്യുതാനന്ദന്‍വരെയുള്ള നേതാക്കളുടെ പെന്‍ ആന്‍ഡ് ഇങ്ക് സ്കെച്ചുകളും ഛായാചിത്രങ്ങളും ചെയ്തതോടൊപ്പം വടക്കന്‍ കേരളത്തില്‍ നിരവധി സ്മാരക സ്തൂപങ്ങളും ഉണ്ണിയുടെ രൂപകല്‍പ്പനയില്‍ നിര്‍മിച്ചിട്ടുണ്ട്. അക്രിലിക്കിലാണ് പെയിന്റിങ്ങുകള്‍ ഏറെയും. സ്വതന്ത്രസൃഷ്ടികളും ഇന്റീരിയര്‍ പെയിന്റിങ്ങുകളും ചെയ്യുന്നു. കാസര്‍കോട് ഏറ്റുകുടുക്ക എല്‍പി സ്കൂളില്‍ ചെയ്ത റിലീഫ് വര്‍ക്കുകളാണ് മറ്റൊരു പ്രധാന സൃഷ്ടി. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രതിമയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും കഥാ സന്ദര്‍ഭങ്ങളും ചേര്‍ത്ത് നിര്‍മിച്ച റിലീഫുകള്‍ രണ്ടുവര്‍ഷംമുമ്പാണ് സ്ഥാപിച്ചത്. പുരോഗമനപ്രസ്ഥാനങ്ങളുടെ മേല്‍നോട്ടത്തില്‍ പഠന– പാഠ്യേതര മേഖലകളില്‍ മികവോടെ പ്രവര്‍ത്തിക്കുന്ന ഈ സ്കൂളിലെ ബഷീര്‍ റിലീഫുകള്‍ കലാസ്വാദകരുടെ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. ഗുരുക്കന്മാരും പുരോഗമന പ്രസ്ഥാനങ്ങളും നല്‍കിവരുന്ന പ്രോത്സാഹനവും അംഗീകാരവുമാണ് തനിക്ക് അവസരങ്ങളും നേട്ടവും സമ്മാനിച്ചതെന്ന് ഉണ്ണി വിശ്വസിക്കുന്നു. രത്നയാണ് ഭാര്യ. മക്കള്‍: അര്‍ജുന്‍, ഉത്തര.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top