09 June Friday

തെരുവിന്റേത് വലിയ കഥയാണ്

വെബ് ഡെസ്‌ക്‌Updated: Sunday Jul 23, 2017

ഒരു തെരുവിനെന്താണുള്ളത് എന്ന ചോദ്യത്തിന്, നേരത്തെ മറുപടി നല്‍കിയത് എസ് കെ പൊറ്റെക്കാട്ട് ആണ്, തെരുവിന്റെ കഥയിലൂടെ. തെരുവിന് ഒരുപാടുണ്ടെന്നാണ് അദ്ദേഹം തന്റെ വിഖ്യാതരചനയിലൂടെ 56 വര്‍ഷം മുമ്പ് പറഞ്ഞുവച്ചത്. തെരുവിലെ ഓരോചുവടും നടന്നുതീര്‍ക്കാന്‍ എസ് കെക്ക് വേണ്ടിവന്നത് ദിവസങ്ങളാകും. മിഠായിത്തെരുവില്‍ കയ്പുള്ള ജീവിതമുണ്ടെന്നുള്ളതിരിച്ചറിവായിരുന്നു അതിനുകാരണം. ഒരായിരം ജീവിതമിങ്ങനെ തിളച്ചുമറിയുന്ന കടലാണ് തെരുവെന്ന് അദ്ദേഹം കാണിച്ചുതന്നു. അതെ, തെരുവ് ലോകത്തിന്റെ പരിച്ഛേദമാണ്.

തെരുവിന്റെ കഥയെ രംഗവേദിയിലെത്തിക്കുക എന്ന കഠിനയത്നം ഏറ്റെടുക്കുമ്പോള്‍ തീര്‍ച്ചയായും കോഴിക്കോട്ടെ ചന്ദ്രകാന്തം സാംസ്കാരികവേദി വല്ലാത്ത നെഞ്ചൂക്ക് കാണിക്കുകയായിരുന്നു. കുരുടന്‍ മുരുകന്‍, കൂനന്‍ കണാരന്‍, അപ്പുണ്ണി, ആമിന, ജാനു, ദേവകി, ഓമഞ്ചി ലാസര്‍, കൃഷ്ണക്കുറുപ്പ്, കേളുമാഷ് തുടങ്ങി നൂറോളം കഥാപാത്രങ്ങള്‍. മിഠായിത്തെരുവ്, കുറുപ്പിന്റെ വീട്, തീവണ്ടിയാപ്പീസ് തുടങ്ങി നിരവധി രംഗങ്ങള്‍. ഇവയെ കൂട്ടിയിണക്കല്‍ അസാമാന്യശേഷിയും പാടവവും വേണ്ട ഒരു ക്രിയയാണ്. എന്നാല്‍, ആ ക്രിയയില്‍ രചയിതാവായ എം കെ രവിവര്‍മയും സംവിധായകന്‍ വിജയന്‍ വി നായരും വിജയിച്ചു.

നോവലിനെ അതേപടി രംഗത്തവതരിപ്പിക്കുന്നതിലെ സാംഗത്യം ചോദ്യംചെയ്യപ്പെടുമെന്നതുകൊണ്ടുതന്നെയാകും സമകാലീന തെരുവുജീവിതത്തിലേക്ക് അതിനെ കൂട്ടിയോജിപ്പിച്ചത്. ഇതിനായി എസ് കെ പൊറ്റെക്കാട്ടിനെത്തന്നെ കഥാപാത്രമായി രംഗത്തെത്തിക്കുന്നു നാടകകൃത്ത്. പഴയ തെരുവില്‍നിന്ന് പുതിയ തെരുവിലേക്കുള്ള കാലവും ദൂരവും കണക്കാക്കാനും നാടകകൃത്തിനായിട്ടുണ്ട് തെരുവിന്റെ കഥയുടെ രംഗഭാഷ്യത്തിന് മികവു നല്‍കാന്‍ ഈ ആവിഷ്കാരത്തിനായിട്ടുണ്ട്.

അതോടൊപ്പം ദൂര കാലങ്ങളെ ആവിഷ്കരിക്കാനുള്ള സാങ്കേതികബുദ്ധിമുട്ടുകളെ മറികടക്കാന്‍ രംഗതലത്തിന്റെ വിവിധ സാധ്യതകളും പ്രൊജക്ടര്‍ ഉള്‍പ്പെടെയുള്ള നവീനസാധ്യതകളും സംവിധായകന്‍ കണ്ടെത്തിയതും നന്നായി. മുഖ്യവേദി കൂടാതെ പ്രേക്ഷകര്‍ക്കിടയില്‍ മറ്റൊരു തലം സൃഷ്ടിച്ചും കാണികള്‍ക്കിടയില്‍നിന്ന് കഥാപാത്രങ്ങള്‍ എത്തുന്ന തരത്തിലുമെല്ലാം രംഗസ്ഥലിയുടെ അന്വേഷണങ്ങള്‍ വിജയന്‍ വി നായര്‍ നടത്തിയത് തെരുവിന്റെ കഥയെന്ന നോവല്‍ ആവിഷ്കരിക്കുന്ന വിശാലമായ ലോകത്തിന്റെ, ജീവിതത്തിന്റെ പരപ്പ് വെളിവാക്കാന്‍ സഹായിച്ചു.

അതിനേക്കാള്‍ എസ് കെയിലെ മനുഷ്യനെ, ആ മനസ്സിനെ, അദ്ദേഹം കണ്ടറിഞ്ഞ ജീവിതത്തെ ഉള്ളിലാവാഹിക്കാന്‍ രചയിതാവിനായി എന്നതും അതിനെ അരികുപോലും അരിയാതെ അരങ്ങിലെത്തിക്കാന്‍ സംവിധായകന് കഴിഞ്ഞു എന്നതും നാടകത്തിന്റെ മികവായി. 
വിജയന്‍ വി നായര്‍ ഒരുക്കുന്ന നൂറാമത് നാടകമാണ് തെരുവിന്റെ കഥ. ദീപവിതാനം ഒരുക്കിയതും അദ്ദേഹംതന്നെയാണ്. സംഗീതനിയന്ത്രണം: സജിത് കുരിക്കത്ത്. രംഗപടം: പരാഗ് പന്തീരാങ്കാവ്. സംവിധാനസഹായം: മുരുകന്‍ എന്നിവരാണ്.

ജയശ്രീ പന്തീരാങ്കാവ്, ശൈലജ രാധാകൃഷ്ണന്‍, അനുകൃഷ്ണ,  ഹരീഷ് പണിക്കര്‍, സുരേഷ് കോഴിക്കോട്, കെ എസ് കോയ, ജയറാം, മിര്‍ഷാദ്, ഷൈജു കുന്നമംഗലം, സുഭാഷ് ചന്ദ്രബോസ്, അനില്‍ മാവൂര്‍, ഫിറോസ്, ബാലന്‍ അടുവാട്ട്, മനോജ് മാവൂര്‍, രാജീവന്‍, ഷാജി കൊടുവള്ളി, ചിത്രഭാനു നെല്ലിക്കോട്, ബാലചന്ദ്രന്‍ എന്നിവരാണ് വേദിയില്‍.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top