01 December Thursday

മണ്ണിലുരുണ്ട് മണ്ണില്‍ച്ചേരുന്ന മണ്‍വണ്ടി

കെ ഗിരീഷ്Updated: Sunday Feb 21, 2016

മണ്ണാകുന്നു, മണ്ണിലേക്ക് തന്നെ മടങ്ങുന്നു. മനുഷ്യകുലത്തിന്റെ നാള്‍വഴികളിലിടയ്ക്കൊക്കെ പലരും ഈ തത്വശാസ്ത്രം ഓര്‍മിപ്പിച്ചിട്ടുണ്ട്. മണ്ണില്‍നിന്ന് ഉടലെടുത്ത് മണ്ണിലൂടെ ഉരുണ്ടു നീങ്ങി മണ്ണില്‍ത്തന്നെ ഒടുങ്ങുന്ന വണ്ടിയാണ് ജീവിതമെന്ന് ശൂദ്രകമഹാകവിയും പറഞ്ഞുവച്ചു. ഈ ഉരുണ്ടുനീങ്ങലിനിടയില്‍ കെട്ടേണ്ടിവരുന്ന വേഷങ്ങള്‍, അവ അനുഷ്ഠിച്ചുപോരുന്ന കര്‍മങ്ങള്‍, പരസ്പരബന്ധങ്ങളുടെ പ്രഹേളികകള്‍ അവയാണ് അത്ഭുതം വിതയ്ക്കുന്നത്.

വേശ്യയും മോഷ്ടാവും അനീതിയും മരണവുമില്ലാതെ ഒരു സമൂഹത്തിന്റെ ജീവിതം പൂര്‍ണമാകുന്നില്ല. തിന്മകള്‍ കൂടിയുള്ളിടത്തു മാത്രമാണ് നന്മയ്ക്ക് സ്ഥാനമുള്ളത്. ചെകുത്താനുള്ളിടത്ത് മാത്രമേ ദൈവത്തെ സ്മരിക്കൂ എന്നു പറയുന്നതുപോലെ. ശൂദ്രകന്റെ മൃച്ഛകടികം നൂറ്റാണ്ടുകള്‍ക്കിപ്പുറവും സ്മരണീയമാകുന്നത് സാമൂഹ്യജീവിതത്തെക്കുറിച്ച് അതു മുന്നോട്ടുവച്ച ദര്‍ശനം കൊണ്ടാണ്. ഒരായിരം അരങ്ങുകളില്‍ കെട്ടിയാടപ്പെട്ട ഈ നാടകത്തിന് മലയാളത്തില്‍ പ്രശസ്തമായ അവതരണം നടത്തിയത് കെപിഎസിയാണ്. എന്നിട്ടും അവസാനിച്ചിട്ടില്ല. ഇപ്പോഴും മൃച്ഛകടികം അരങ്ങിലെത്തുകയാണ്. ഏറ്റവുമൊടുവില്‍ കോന്നി റിപ്പബ്ളിക്കന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സംസ്കൃതവിദ്യാര്‍ഥികള്‍ ഈ പ്രശസ്തരചന സംസ്കൃതത്തില്‍ത്തന്നെ അരങ്ങിലെത്തിച്ചു.

കൊടുമണ്‍ ഗോപാലകൃഷ്ണന്‍

കൊടുമണ്‍ ഗോപാലകൃഷ്ണന്‍

വേശ്യയായ വസന്തസേനയ്ക്ക് ചാരുദത്തനോടുള്ള പ്രണയം, അതില്‍ പകമൂത്ത വസന്തസേനയുടെ കാമുകന്‍ ശകാരകന്‍ ചാരുദത്തനെ വധിക്കുന്നത്. വസന്തസേനയുടെ ആഭരണങ്ങള്‍ മോഷ്ടിക്കാന്‍ ചാരുദത്തന്‍ അവളെ വധിച്ചെന്ന് വരുത്തിത്തീര്‍ത്ത് അയാളെ കൊലക്കയറിനു മുന്നിലെത്തിക്കുന്നത്. മകളുടെ ആഭരണങ്ങള്‍ തിരിച്ചറിഞ്ഞിട്ടും ശകാരകനെ രക്ഷിക്കുന്ന വസന്തസേനയുടെ അമ്മ. ശൂദ്രനാണെങ്കിലും ചിന്തകൊണ്ട് താന്‍ വളരെ ഉയരത്തിലാണെന്ന് കാണിക്കുന്ന ആരാച്ചാര്‍. കഥാപാത്രങ്ങളുടെ മാത്രമല്ല, അവരുടെ സ്വഭാവവൈചിത്യ്രങ്ങളുടെ തലത്തിലും കഥാസന്ദര്‍ഭത്തിന്റെയും ജീവിതവ്യാഖ്യാനത്തിന്റെയും തലത്തിലും വളരെ മുന്നിലാണ് മൃച്ഛകടികം. സമൂഹത്തിന്റെ നേര്‍ചിത്രങ്ങളായി വരുന്ന ഒട്ടേറെ സാധാരണമനുഷ്യര്‍ അവര്‍ എല്ലാക്കാലത്തും പ്രസക്തമാണെന്ന് നാടകത്തിനുള്ള സ്വീകാര്യത തെളിയിക്കുന്നു. തിന്മയ്ക്കുള്ളിലെ നന്മകളും നന്മയ്ക്കുള്ളിലെ തിന്മകളും വെളിച്ചത്തുവരുന്ന ഈ രചനയ്ക്ക് ഒരു മാറ്റവും വരുത്താതെയുള്ള രംഗാവതരണം അത്രത്തോളം നിസ്സാരമല്ല. അക്കാര്യത്തില്‍ ഈ കുട്ടികള്‍ വിജയിച്ചു. കഥാപാത്രത്തെയും അതിന്റെ ഫിലോസഫിയെയും ഏതാണ്ടൊക്കെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്കായി.

നാടകത്തിന്റെ സംവിധാനവും സംഗീതവും സെറ്റും ഒരുക്കിയത് കൊടുമണ്‍ ഗോപാലകൃഷ്ണനാണ്. പൂര്‍ണമായും നാടകത്തോടും കാലത്തോടും ചേര്‍ന്നുനില്‍ക്കുന്നവയായിരുന്നു ഇവയെല്ലാം.മേക്കപ്പ്, കോസ്റ്റ്യും എന്നിവ നിര്‍വഹിച്ചത് ആര്‍ കെ പത്തനാപുരമാണ്. അനുവി കടമ്മനിട്ട, പി കെ ഗോപി എന്നിവരാണ് ഗായകര്‍. അനന്തു ജയകുമാര്‍, കൃഷ്ണകുമാര്‍, ആര്യ പ്രമോദ്, അഷ്മിന്‍, അന്‍സിയ, ഹേമപ്രിയ, റിത്തു മോഹന്‍, ലക്ഷിമിക ലാല്‍, ശരത്, ആതിര എന്നിവരാണ് വേദിയില്‍


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top