കടലിനും കരയ്ക്കും മീതെ റാഗിപ്പറക്കുന്നു ചെമ്പരുന്ത്. ആകാശംതൊട്ട് പറക്കുമ്പോഴും കണ്ണും കാതും ഭൂമിയിലാണ് അവന്‍ ഉറപ്പിച്ചുനിര്‍ത്തുന്നത്. അതെ. തന്റെ ഭൂമിക്കുമേല്‍ ഒരു കണ്ണുണ്ട് പരുന്തിന്. ഭൂമിയുടെ വിലാപങ്ങളിലേക്ക് തുറന്നുവച്ച ഒരു കാതുണ്ട്. ഇവിടത്തെ മാമാങ്കങ്ങളും മരണവും വേദനയും അവന്‍ കാണുന്നുണ്ട്. മനുഷ്യന്‍ ചവിട്ടിത്താഴ്ത്തുന്ന ഭൂമിയുടെ നന്മകളെയും അവന്‍ കാണുന്നു. മനുഷ്യന്റെ കഥകളിലെ ഈ ഭീകരപറവ മനുഷ്യനേക്കാള്‍ ഈ ഭുമിയെക്കുറിച്ച് വേവലാതിപ്പെടുന്നുണ്ട് ഒരര്‍ഥത്തില്‍. അവന്റെ ഇരയെമാത്രമേ പരുന്ത് റാഞ്ചിയെടുക്കുന്നുള്ളൂ. മനുഷ്യനാകട്ടെ ഇരയും അതിനപ്പുറം മണ്ണിന്റെ സമ്പൂര്‍ണ ജീവനും കടലും കായലും വാരിയെടുക്കുന്നു. മരിക്കുന്നുവെന്നറിഞ്ഞിട്ടും അവന്‍ ഭൂമിയെ പിന്നെയും പിന്നെയും ആര്‍ത്തിയോടെ കടിച്ചുകീറുന്നു. എന്നിട്ട് പരുന്തിനെയും കഴുകനെയും ഭീകരജീവികളാക്കി കഥയെഴുതുന്നു.
ചെമ്പരുന്ത് മനുഷ്യനെ നോക്കി ചില ചോദ്യങ്ങളുയര്‍ത്തുന്നതാണ് മല്ലപ്പിള്ളി നാടകപ്പുരയുടെ നാടകം 'ചെമ്പരുന്ത്'. വരാനിരിക്കുന്ന മഹാദുരന്തങ്ങള്‍ മുന്‍കൂട്ടിയറിയുന്നവരാണ് മൃഗങ്ങളെന്നത് പരുന്ത് മനുഷ്യനെ നിരന്തരം ഓര്‍മിപ്പിക്കുകയാണ് നാടകത്തില്‍. നിങ്ങളുടെ ഭൂമി മരിക്കുകയാണെന്നും കൊലപാതകികള്‍ നിങ്ങള്‍തന്നെയാണെന്നും പരുന്ത് പറയുന്നു. വെള്ളത്തിനും വായുവിനും തണലിനുംവേണ്ടി മനുഷ്യാ നീ ആകാശത്തേക്ക് കൈകളുയര്‍ത്തി വിലപിക്കുന്ന കാലം അതിവിദൂരമല്ലെന്നാണ് പരുന്തിന്റെ താക്കീത്. തന്റെ സൂക്ഷ്മദൃഷ്ടിയാല്‍ പരുന്ത് വരാനിരിക്കുന്നതെല്ലാം കാണുന്നുണ്ട്. ഭൂമിയിലെ സകല ജൈവസാന്നിധ്യവും മനുഷ്യന്റെ മുഷ്ടിയില്‍ പിടയുന്നത് അവന്‍ കാണുന്നു. അവയോടെല്ലാമുള്ള പരുന്തിന്റെ ഐക്യദാര്‍ഢ്യപ്രഖ്യാപനമാണ് നാടകത്തിന്റെ കാതല്‍.
പ്രക്ഷോഭപ്രചാരണ നാടകവേദിയുടെ ഒരു ദുരന്തം അതില്‍ കലയുണ്ടാകാറില്ല എന്നതാണ്. എന്നാല്‍, ചെമ്പരുന്ത് അതില്‍ നിന്ന് വ്യത്യസ്തമാണ്. സംഗീതം, ചുവടുകള്‍, കോസ്റ്റ്യും, തുടങ്ങി കാണിയെ ആകര്‍ഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഇതില്‍ പ്രയോഗിക്കുന്നുണ്ട്. തെരുവരങ്ങ് ഒരു പൊതുയോഗസ്ഥലമല്ല എന്ന് നാടകപ്പുര തിരിച്ചറിയുന്നു. കാണിയെ ആകര്‍ഷിക്കല്‍ പ്രധാനമാണ്. ആദ്യന്തം അവനെ പിടിച്ചിരുത്തലും പ്രധാനമാണ്. അത്തരം ഘടകങ്ങളിലൂടെയാകണം തീര്‍ച്ചയായും ആശയം പകരേണ്ടത്. അക്കാര്യത്തില്‍ ചെമ്പരുന്ത് ഒരു വിജയമാണ്.
കൊടുമണ്‍ ഗോപാലകൃഷ്ണന്റെ രചനയ്ക്ക് ശശി ജനകലയാണ് സംവിധാനം. മനോജ് ഓടനാവട്ടം, എന്‍ സന്തോഷ്കുമാര്‍, ഉദയ്കുമാര്‍ അഞ്ചല്‍, ശരവണന്‍ തെന്മല, പ്രശാന്ത് എരുമേലി, ശശി ജനകല എന്നിവര്‍ അരങ്ങിലെത്തുന്നു. സി ജെ കുട്ടപ്പനും പ്രസീദയും പാടിയ ഗാനങ്ങള്‍ രാധകൃഷ്ണന്‍ പാങ്ങോട് ഈണം നല്‍കിയവയാണ്. മേക്കപ്പ്– പ്രശാന്ത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..