29 March Wednesday

തെരുവിലെ അരങ്ങുണര്‍ന്നു

വെബ് ഡെസ്‌ക്‌Updated: Monday Feb 15, 2016

കൊച്ചി > പൊതു ഇടങ്ങളും വഴികളും വീണ്ടെടുക്കാന്‍ ആഹ്വാനംചെയ്ത് പി ജെ ആന്റണി മെമ്മോറിയല്‍ ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകോത്സവം 'തെരുവരങ്ങ്' തുടങ്ങി. എറണാകുളം പബ്ളിക് ലൈബ്രറിയില്‍ പ്രശസ്ത തെരുവുനാടക പ്രസ്ഥാനമായ ജനനാട്യമഞ്ചിന്റെ നേതാവും സഫ്ദര്‍ ഹാഷ്്മിയുടെ ഭാര്യയുമായ മലയശ്രീ ഹാഷ്മി നാടകോത്സവം ഉദ്ഘാടനംചെയ്തു. 

തെരുവുനാടകവേദി മരിക്കുകയാണെന്ന വാദം തെറ്റാണെന്നും നിരവധി തിയറ്റര്‍ ഗ്രൂപ്പുകളും ചെറുപ്പക്കാരും വലിയതോതില്‍ ഈ രംഗത്തേക്കു കടന്നുവരുന്നുണ്ടെന്നും മലയശ്രീ പറഞ്ഞു. കഴിവും കലാസ്വാദനശേഷിയുമുള്ള തലമുറ നാടകവേദിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി ചിത്രങ്ങളും സാഹിത്യരചനകളുമുണ്ടെങ്കിലും തെരുവുനാടകത്തിലെ ആശയങ്ങള്‍ ദുരിതമനുഭവിക്കുന്ന ജനതയെ പെട്ടെന്ന് ആകര്‍ഷിക്കുന്നു. അവര്‍ നാടകത്തോടൊപ്പം ഇഴകിച്ചേരുന്നത് അതിനാലാണ്. നാടകവേദിയെ അര്‍ഥപൂര്‍ണമായ ആയുധമാക്കിമാറ്റിയ അതുല്യനടനായിരുന്നു പി ജെ ആന്റണിയെന്ന് മലയശ്രീ അനുസ്മരിച്ചു. ഫൌണ്ടേഷന്‍ പ്രസിഡന്റ് എ ആര്‍ രതീശന്‍ യോഗത്തില്‍ അധ്യക്ഷനായി. ഫൌണ്ടേഷന്റെ ഉപഹാരം അദ്ദേഹം മാലശ്രീക്ക് നല്‍കി. സംവിധായകന്‍ ലാല്‍ ജോസ് മുഖ്യാതിഥിയായി. പ്രൊഫ. ചന്ദ്രദാസന്‍, അശോക് എം ചെറിയാന്‍, എന്‍ ആര്‍ ഗ്രാമപ്രകാശ്, ജോബി ജോണ്‍, കെ പി അജിത്കുമാര്‍, മദന്‍ബാബു എന്നിവര്‍ സംസാരിച്ചു. ശെല്‍വരാജ് നാടന്‍പാട്ട് അവതരിപ്പിച്ചു.

തൃശൂര്‍ എന്‍ജിനിയറിങ് കോളേജിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ സെക്കന്‍ഡ് ഇന്നിങ്സിന്റെ സഹകരണത്തോടെയാണ് നാടകോത്സവം നടക്കുന്നത്. കവി ഒ എന്‍ വി കുറുപ്പ്, ക്യാമറമാന്‍ ആനന്ദക്കുട്ടന്‍, ചിത്രകാരന്‍ രാജന്‍ എം കൃഷ്ണന്‍ എന്നിവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.

17 വരെ എറണാകുളം പബ്ളിക് ലൈബ്രറി, മാറാടി മണ്ണത്തൂര്‍ക്കവല, പുക്കാട്ടുപടി വള്ളത്തോള്‍സ്മാരക വായനശാല, മഞ്ഞുമ്മല്‍ ഗ്രാമീണ വായനശാല എന്നിവിടങ്ങളിലായി 12 നാടകങ്ങള്‍ അരങ്ങേറും. ഉദ്ഘാടനദിവസമായ ഞായറാഴ്ച പ്രൊബീര്‍ ഗുഹ സംവിധാനംചെയ്ത അനദര്‍ റെയിന്‍ബോ (മറ്റൊരു മഴവില്ല്) എന്ന നാടകം പബ്ളിക് ലൈബ്രറിയില്‍ അരങ്ങേറി. കൊല്‍ക്കത്ത ഓള്‍ട്ടര്‍നേറ്റീവ് ലിവിങ് തിയറ്ററാണ് അവതരണം. ദൈനംദിന ജീവിതപ്രതിസന്ധികളെ മറികടക്കാന്‍ ശ്രമിക്കുന്ന സ്ത്രീസമൂഹത്തിന്റെ കഥയാണ് പ്രതിപാദ്യം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top