17 May Tuesday

ഈ ശില്‍പ്പങ്ങളും കഥപറയും

എന്‍ രാജന്‍Updated: Tuesday Feb 14, 2017

തൃശൂര്‍ > മഷിത്താളില്‍ വാര്‍ന്നുവീഴുന്ന കവിതയാണ് ഈ ശില്‍പ്പങ്ങള്‍. ഉളിയില്‍ ഒരു കൊത്തുകൊണ്ട് ഒരു പൂവിതള്‍ കണ്‍തുറക്കും. പ്രഖരമായ മരത്തട്ട് മാധ്യമമാവുമ്പോഴും മണ്ണിലോ മെഴുകിലോപോലെ ശില്‍പ്പങ്ങള്‍ ഭാവലയസാന്ദ്രതയോടെ ഉയിര്‍ക്കൊള്ളുന്നു. എഴുത്തുകാരന്‍കൂടിയായ കെ ആര്‍ സതീഷ്കുമാറിന്റെ ശില്‍പ്പങ്ങള്‍ കഥകളും പറയും. 

മരത്തില്‍ ആനയെ കൊത്തിക്കൊണ്ടായിരുന്നു തുടക്കം. ആനയെ കിട്ടാന്‍, മരത്തിലെ ആനയല്ലാത്ത അംശങ്ങളെ ചെത്തിക്കളയുക എന്ന സര്‍ഗരഹസ്യം അന്നാളില്‍ത്തന്നെ പ്രാണനില്‍ചേര്‍ന്നു.  അമേരിക്കയിലെ ശ്രീകൃഷ്ണക്ഷേത്രത്തിനായി ആയിരക്കണക്കിന് ദാരുഫലകങ്ങളും 12 സ്തംഭവും ശില്‍പ്പമിഴിവാര്‍ന്ന എട്ട് മകുടവും തീര്‍ത്തത് ജീവിതത്തിലെ വഴിത്തിരിവായി. ഇന്ത്യന്‍ ചുമര്‍ച്ചിത്രകലാ സങ്കേതങ്ങളെ ആശ്രയിച്ചാണ് ഇവ അണിയിച്ചൊരുക്കിയത്. റോമില്‍നിന്നുകൊണ്ടുവന്ന് പ്രതിഷ്ഠിച്ച ഒന്നരയടി വലുപ്പമുള്ള പാവറട്ടി പള്ളിയിലെ പുണ്യാളവിഗ്രഹം നിത്യദര്‍ശനത്തിന് ഉതകുംവിധം അഞ്ചരയടി ഉയരത്തില്‍ തേക്കില്‍ തീര്‍ക്കുവാനുള്ള ദൌത്യവും സതീഷ്കുമാറിനെ തേടിവന്നു.

സതീഷ്കുമാര്‍

സതീഷ്കുമാര്‍എഴുത്തില്‍ എംടിയും അഭിനയത്തില്‍ മോഹന്‍ലാലും പാട്ടില്‍ യേശുദാസുമാണ് സതീഷ്കുമാറിന്റെ ആരാധനാമൂര്‍ത്തികള്‍. രണ്ടാമൂഴം നോവലിലെ  പാഞ്ചാലീസമേതനായ ഭീമസേനനെ സതീഷ്കുമാര്‍ കൊത്തിയെടുത്തു. പ്രണയത്തിന്റെ കാട്ടുപൂക്കളുടെ സാമീപ്യമായ ഹിഡുംബിയെക്കൂടി പാഞ്ചാലി-ഭീമസാന്നിധ്യത്തില്‍  ചേര്‍ത്തുവച്ചപ്പോള്‍ അതിന് ഭാവതീവ്രതയേറി. ഈ ശില്‍പ്പം നടന്‍ മോഹന്‍ലാലിനാണ്  സമര്‍പ്പിച്ചത്. ആ ചിത്രം എംടിയെ കാണിക്കാനും ഭാഗ്യമുണ്ടായി. യേശുദാസിനായുള്ള മുരളികയൂതുന്ന രാധാകൃഷ്ണന്മാരുടെ ശില്‍പ്പം ഒരുങ്ങിക്കഴിഞ്ഞു. പാട്ടിന്റെ സ്വരലയങ്ങളില്‍ ഒരുപാട്ഗോപികമാരെ  മുഗ്ധരാക്കിയ  മാനസപ്രണയമാണ് ദാസേട്ടനെന്ന് സതീഷ്കുമാര്‍ പറയുന്നു. പത്ത് ശില്‍പ്പം തീര്‍ത്ത് പ്രദര്‍ശനം ഒരുക്കണമെന്നാണ്  സ്വപ്നം. ഏഴെണ്ണം പൂര്‍ത്തിയായി. ബോധിവൃക്ഷച്ചുവട്ടില്‍ ധ്യാനാത്മകനായ ബുദ്ധനും യേശുവിന്റെ കുരിശേറ്റത്തിനുശേഷം വിലപിക്കുന്ന ആട്ടിന്‍കൂട്ടവും ഇക്കൂട്ടത്തില്‍ വ്യത്യസ്തമാണ്. 

 ദൈനംദിന പണിത്തിരക്കിനിടെയാണ്  പ്രത്യേക ശില്‍പ്പനിര്‍മിതിക്ക്  സമയം കണ്ടെത്തുന്നത്. മൂന്നടി നീളവും രണ്ടടി വീതിയുമുള്ള ഒരു ശില്‍പ്പം പൂര്‍ത്തിയാവാന്‍ ഒന്നരമാസമെടുക്കും. കുമിഴ് മരത്തിലാണ് ശില്‍പ്പങ്ങള്‍ വിരിയുന്നത്.

പൂരപ്പെരുമയുടെ നാടായ ചേര്‍പ്പ് പെരുവനത്താണ് ജനനം. കിഴക്കൂട്ട് രാമചന്ദ്രന്റെയും പാവറട്ടി പുളിഞ്ചേരിപ്പടി ലക്ഷ്മിക്കുട്ടിയുടെയും മകനാണ്. ശില്‍പ്പകലയ്ക്കൊപ്പം കഥാകാരനുമാണിദ്ദേഹം.  1996ലെ അങ്കണം ഇ പി സുഷമ സ്മാരകപുരസ്കാരം സതീഷ്കുമാറിന്റെ ജ്വാലാമുഖി എന്ന കഥയ്ക്കായിരുന്നു.  അന്ന് സതീഷ്കുമാര്‍ മസ്കത്തിലാണ്. ആ പുരസ്കാരം നാട്ടില്‍വന്ന്് ഒ എന്‍ വിയുടെ കൈയില്‍നിന്ന് വാങ്ങാന്‍പറ്റാത്തതിന്റെ വേദന ഇന്നുമുണ്ട്.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top