07 June Wednesday

ഇരുള്‍ പരക്കുന്ന ഇന്ത്യന്‍ കാലം

കെ ഗിരീഷ്Updated: Sunday Feb 14, 2016

ഇരുട്ട് എവിടെയും കടന്നുചെല്ലാം. എന്നാല്‍, ആത്മാവിനെ ബാധിക്കുന്ന ഇരുട്ട് ഭയാനകവും അപകടകരവുമാണ്. അത് സമസ്തജാലകങ്ങളെയും കൊട്ടിയടച്ച് ഹൃദയത്തെ, ചിന്തയെ വിജനവും ദുര്‍ഗന്ധപൂരിതവുമായ ഒറ്റമുറിയാക്കുന്നു. ഒരു വെളിച്ചത്തിനും ഇടമില്ലാത്തവിധം ദര്‍ശനങ്ങളെ, ജീവിതത്തെ തമോഗര്‍ത്തത്തിലേക്ക് തള്ളിയിടുന്നു. ഈ ഇരുണ്ട ഹൃദയങ്ങളിലാണ് അസഹിഷ്ണുതയുടെയും വിവരശൂന്യതയുടെയും വിത്തുകള്‍ മുളയ്ക്കുന്നത്. സമസ്ത സമൂഹങ്ങളിലും ഇത്തരം ഇരുട്ട് ബാധിച്ച ഹൃദയങ്ങള്‍ പൊട്ടിമുളച്ചിട്ടുണ്ട്. ആത്മീയത, വിശ്വാസം എന്ന പേരിലൊക്കെ വിളിക്കപ്പെടുന്ന ചിലത് സത്യത്തില്‍ ഇത്തരം ഇരുട്ടിലേക്കുള്ള വഴികളാണെന്ന് ചില കാലങ്ങളിലെങ്കിലും മനുഷ്യകുലം തിരിച്ചറിഞ്ഞിട്ടുണ്ട്. സംസ്കാരമഹിമ എന്നത് ഇതരസംസ്കാരത്തെ നിഷ്പ്രഭമാക്കലോ, ദേശീയത എന്നത് തീവ്രവും അന്ധവും സങ്കുചിതവുമായ ദേശവാദമോ അല്ല. ഇരുള്‍ബാധിച്ച മനസ്സുകള്‍ ദേശത്തെയും സംസ്കാരത്തെയും വ്യാഖ്യാനിക്കുമ്പോഴാണ് ഒരു ജനതയുടെ ജീവിതത്തിലേക്ക് ഇരുട്ട് കയറിവരുന്നത്. അവിടെയാണ് ഗോവിന്ദ് പന്‍സാരെമാരും കലബുര്‍ഗിമാരും ഭഗവാന്മാരും സൃഷ്ടിക്കപ്പെടുന്നത്.

ഭയം വിതറുകയെന്നത് ഫാസിസത്തിന്റെ ഏറ്റവും ഭയാനകമായ തന്ത്രമാണ്. തങ്ങളുടെ യുക്തിക്കും ആവശ്യത്തിനുമനുസരിച്ച് ജീവിതത്തെ വ്യാഖ്യാനിക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ യുക്തിക്കനുസരിച്ച് സംസ്കാരത്തെയും ദൈവീകതയെയും വിശ്വാസത്തെയും ദര്‍ശനങ്ങളെയും വ്യാഖ്യാനിക്കുന്നു. ഈ വ്യാഖ്യാനങ്ങള്‍ക്കപ്പുറത്തേക്ക് കടക്കുന്ന  എല്ലാറ്റിനെയും അരിഞ്ഞുവീഴ്ത്തുന്നു.

ആത്മീയാന്ധകാരം ബാധിച്ച മനസ്സ് ഒരാളെ എത്രത്തോളം അധഃപതനത്തിലേക്ക് നയിക്കുന്നുവെന്നാണ് കെ ആര്‍ മീരയുടെ 'ഭഗവാന്റെ മരണം' എന്ന കഥയെ ആസ്പദമാക്കി തൃശൂര്‍ രംഗചേതന അവതരിപ്പിച്ച അതേപേരിലുള്ള നാടകം പറയുന്നത്. സമകാലീന മലയാളനാടകവേദിയിലെ ഏറ്റവും കാലികപ്രസക്തവും തീക്ഷ്ണവുമായ രംഗരചനയാണ് നാടകം. വാക്കുതന്നെയാണ് ഏറ്റവും മൂര്‍ച്ചയേറിയ ആയുധമെന്ന് സമകാലീന ഇന്ത്യനവസ്ഥകളെ കടന്നാക്രമിച്ചുകൊണ്ട് നാടകം ബോധ്യപ്പെടുത്തുന്നുണ്ട്. സവര്‍ണാധികാരത്തിന്റെ വഴിയിലൂടെ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഫാസിസം എപ്രകാരമാണ് ആത്മീയവിരുദ്ധവും ഇരുളടഞ്ഞതുമാകുന്നതെന്ന് ബസവണ്ണയുടെ വചനസാഹിത്യവും കലബുര്‍ഗിയുടെ ബസവണ്ണ നാടകത്തിലെ രംഗവും സച്ചിദാനന്ദന്റെ ബസവണ്ണ കര്‍ഷകരോടൊപ്പം നൃത്തംചെയ്യുന്നു എന്ന കവിതയും ചേര്‍ത്തുവച്ച് സംവിധായകനായ കെ വി ഗണേഷ് പറയുന്നു.

ഭഗവദ്ഗീതയിലെ ചില ദര്‍ശനങ്ങളെ ചൂണ്ടിക്കാണിച്ച് അത് കത്തിച്ചുകളയണമെന്ന് പ്രസംഗിക്കുന്ന, ജീവിതത്തെ മുഴുവന്‍ ബസവണ്ണയുടെ ദര്‍ശനങ്ങളിലൂടെ നോക്കിക്കാണുന്ന പ്രൊഫ. ഭഗവാനും അദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിക്കുന്ന സംഘവുമാണ് കഥാസത്ത. പ്രൊഫസറെ കൊല്ലാനായി വരുന്ന അമര എന്നയാള്‍ക്കുമുകളിലേക്ക് പ്രൊഫസറുടെ വീട്ടിലെ ബുക്ക് ഷെ

കെ വി ഗണേഷ്

കെ വി ഗണേഷ്

ല്‍ഫ് മറിഞ്ഞുവീഴുന്നു. പരിക്കേറ്റ അമരയെ പ്രൊഫസര്‍ ശുശ്രൂഷിക്കുന്നു. ഇക്കാലത്തിനുള്ളില്‍ പുസ്തകങ്ങളിലൂടെ അമരയുടെ കാഴ്ചപ്പാടിനെ മാറ്റിയെടുക്കുന്നു. എന്നാല്‍, സംഘത്തിലെ മറ്റൊരാള്‍ പ്രൊഫസറെ വധിക്കുന്നു. അമരയാകട്ടെ സംഘത്തലവനെ കാലില്‍ വെടിവച്ചശേഷം പ്രൊഫസറുടെ വീട്ടിലെത്തിച്ച്  ഇക്കാണുന്ന പുസ്തകങ്ങളൊക്കെ വായിച്ചശേഷം നിനക്ക് ആരെയെങ്കിലും  കൊല്ലണമെങ്കില്‍ കൊല്ലാമെന്നു പറയുന്നേടത്താണ് കഥ അവസാനിക്കുന്നത്.

ആത്മീയത എന്ന പദത്തെ അതിന്റെ ശരിയായതലത്തില്‍ത്തന്നെ നാടകം പറഞ്ഞുവയ്ക്കുന്നുണ്ട്. അത് വിപണനതന്ത്രത്തില്‍ കുരുങ്ങിപ്പുളയുന്ന ഫാസിസ്റ്റ് ചരക്കല്ലെന്നും ഇന്ത്യന്‍ഫാസിസം ഇപ്പോള്‍ കൈകാര്യംചെയ്യുന്ന ആത്മീയതയും ദേശീയതയും ഇന്ത്യയുടെ ഒട്ടനേകം തലങ്ങളുള്ള ആത്മീയദര്‍ശനങ്ങളെ നിരാകരിക്കലാണെന്നും ഉറപ്പിക്കാന്‍ നാടകത്തിനായി. ഫാസിസത്തിന്റെ ഉള്ളറകളെ തുറന്നുകാണിച്ച് പ്രതിരോധം തീര്‍ക്കാനുള്ള ഏറ്റവും മികച്ച ശ്രമമായി ഭഗവാന്റെ മരണം.

ജോസ് കോശിയാണ് വെളിച്ചമൊരുക്കിയത്. സംഗീതം–സത്യജിത്, വിഷ്ണു. ചമയം–അനീഷ് അമല. കലാസംവിധാനം–സതീശന്‍ അടാട്ട്, സുഭഗ് എന്നിവരും നിര്‍വഹിച്ചു. നിഖില്‍ദാസ്, രാമന്‍, പാര്‍വതി, ജോസ്പ്രകാശ്, ഗംഗ, ഗായത്രി, സനേഷ്, ഗിരീശന്‍, വിഷ്ണു, ശ്യാം, ഹരി, റിന്റോ, ധീരജ്, നിജിന്‍ദാസ് എന്നിവരാണ് വേദിയില്‍.

girish.natika@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top