25 March Saturday

വേരറ്റുപോകുന്ന ബാല്യം

കെ ഗിരീഷ്Updated: Sunday Jun 12, 2016

ഉരുകിത്തീരുന്ന ബാല്യങ്ങള്‍, അവരുടെ കണ്ണീരുകൊണ്ട് നനഞ്ഞ ചുമരുകള്‍. സാംസ്കാരികമലയാളത്തിന്റെ കൊട്ടാരക്കെട്ടുകള്‍ക്കുള്ളില്‍ ഇപ്പോഴും ഈ കുരുന്നുതേങ്ങലുകള്‍ നിറയുന്നുണ്ട്. അടുക്കളയിലും പൂന്തോട്ടങ്ങളിലും വെന്തൊടുങ്ങുന്ന കുരുന്നുകിനാക്കളുണ്ട്. പാഠപുസ്തകങ്ങളും പാഠശാലകളും പൂമ്പാറ്റകളും കിളികളും പൂക്കളും സ്വപ്നംകാണുന്ന അനേകായിരം കുഞ്ഞുങ്ങളുടെ ചിറകുകള്‍ക്കുമീതെയാണ് പ്രൌഢിയുടെയും സമ്പന്നതയുടെയും സംസ്കാരികോന്നതിയുടെയും മണിമേടകള്‍ മലയാളി കെട്ടിപ്പൊക്കുന്നത്. ഒരേകാന്തരാവിലെങ്കിലും ഇതൊന്ന് ഓര്‍ക്കാതെ കേരളത്തിന് ഏത് സാംസ്കാരികവിഹായസ്സിലേക്കാണ് പറന്നുയരാനാവുക. നാം അറിയാതെപോകുന്ന ചിലതുകൂടിയുണ്ട്. നമ്മുടെ കുട്ടികള്‍, അവര്‍ ഇതെല്ലാം നിരീക്ഷിക്കുന്നുണ്ടെന്ന്. അവരുടെ ഉള്ളില്‍ അവരറിയാതെതന്നെ മുതിര്‍ന്നവരോടുള്ള വെറുപ്പും സഹജീവികളോടുള്ള സ്നേഹവും വളരുന്നുണ്ടെന്ന്. അത്തരം ചില ചിന്തകള്‍ കുട്ടികളുടെ നാടകവേദിയില്‍ ഇടയ്ക്കിടെ തെളിഞ്ഞുകാണുന്നുണ്ട്.

ഞമനേങ്ങാട് തിയറ്റര്‍ വില്ലേജിന്റെ കുട്ടികളുടെ നാടകവേദിയുടെ നാലാമത് നാടകം 'മീനാച്ചി' അത്തരത്തിലൊരു കഥയാണ് പറയുന്നത്. കൊടുങ്ങല്ലൂരിന്റെ പരിസരത്തെവിടെയോ നടന്ന ഒരു സംഭവത്തിന്റെ നാടകാവിഷ്കാരം.

പി കെ വാസു

പി കെ വാസു

മീനാച്ചിയെന്ന കൊച്ചു തമിഴ്സുന്ദരിക്കുട്ടി കേരളത്തിലെത്തുന്നത് വീട്ടുവേലക്കാരിയായാണ്. ബാല്യസ്വപ്നങ്ങളില്‍ പറന്നുനടക്കുന്ന മീനാച്ചിക്ക് കേരളത്തിലെ വീടിനുള്ളില്‍ അനുഭവിക്കേണ്ടിവന്നത് നിരന്തരപീഡനമാണ്. മോചനമില്ലെന്ന് തിരിച്ചറിഞ്ഞിട്ടും അവള്‍ സ്വപ്നംകാണുന്നുണ്ട്. സ്കൂള്‍, അക്ഷരങ്ങള്‍, പൂമ്പാറ്റകള്‍, കളിയിടങ്ങള്‍ പൂക്കളുള്ള ഉടുപ്പുകള്‍. ഒപ്പം കിനാവില്‍ അവള്‍ക്കടുത്തേക്ക് അമ്മയും കടന്നുവരുന്നു. ആ അമ്മയ്ക്ക് അവള്‍ വന്നെത്തിയ വീട്ടിലെ, അവളെ നിരന്തരം പീഡിപ്പിക്കുന്ന മലയാളിവീട്ടമ്മയുടെ മുഖമാണ്. പീഡനത്തിന്റെ ഓരോ നിമിഷത്തിലും അവള്‍ മലയാളിവീട്ടമ്മയെ അമ്മയെപ്പോലെ സ്നേഹിച്ചുവെന്നത് അവളുടെ നിഷ്കളങ്കതയുടെ ശക്തമായ ചിത്രമായി നാടകം അവതരിപ്പിക്കുന്നു. മീനാച്ചിയെ സ്നേഹിക്കാന്‍ വീട്ടില്‍ ആകെയുള്ളത് അവളുടെതന്നെ പ്രായമുള്ള കുട്ടി ശ്രീദേവിയാണ്. അവള്‍ വേലയ്ക്കെത്തിയ വീട്ടിലെ കുട്ടി. മീനാച്ചിയുടെ വേദനനിറഞ്ഞ ജീവിതം ചുറ്റുവട്ടത്തുള്ള കുട്ടികളെ വേദനിപ്പിക്കുന്നു. ബാലസഭ വിഷയത്തിലിടപെടാന്‍ തീരുമാനിക്കുന്നു. അധികാരികളിലേക്ക് വിവരം എത്തിക്കുന്നത് കുട്ടികളാണ്. അന്വേഷണത്തിനായി ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട്ടിലെ കൊച്ചമ്മ മീനാച്ചിയെ അലമാരയില്‍വച്ച് പൂട്ടുന്നു. അലമാരയ്ക്കുള്ളില്‍ ശ്വാസംമുട്ടി മീനാച്ചി മരിക്കുന്നതോടെ നാടകം അവസാനിക്കുന്നു.

ലളിതമായ വ്യാഖ്യാനത്തിലൂടെ ഇരുപതോളം കുട്ടികള്‍ ചേര്‍ന്ന് അങ്ങേയറ്റം വൈകാരികമായി നാടകം ജനങ്ങളിലേക്കെത്തിച്ചു. അനാര്‍ഭാടമായ രംഗവിതാനത്തില്‍ അഭിനയത്തിന്റെ സാധ്യതമാത്രം ഉപയോഗിച്ച് അവതരിപ്പിച്ച നാടകം രചിച്ചതും സംവിധാനം ചെയ്തതും സംഗീതമൊരുക്കിയതും പ്രശസ്ത നാടകപ്രവര്‍ത്തകനായ പി കെ വാസുവാണ്. ഇതിനകം ഒട്ടേറെ വേദികളില്‍ അവതരിപ്പിച്ച നാടകം കാണികളുടെ മുക്തകണ്ഠ പ്രശംസ നേടിക്കഴിഞ്ഞു. ആകാശവാണി നാടകത്തിന്റെ ശബ്ദരേഖയും പ്രക്ഷേപണംചെയ്തു. ബാലവേലയ്ക്കെതിരെ സമീപകാലത്തുണ്ടായ ശക്തമായ അവതരണംകൂടിയായി നാടകം.

ഹരിശങ്കര്‍, പൂജ, കണ്ണന്‍, റോബ്സന്‍ ചീരന്‍, ശ്രീദേവി, ആദിത്യന്‍, ശ്രീരാഗ്, അഭിനന്ദ്, ജിഷ്ണു, ഗോകുല്‍, അക്ഷയ്, കൃഷ്ണപ്രസാദ്, പ്രവീണ്‍, സുധീഷ്, കെ എ അനന്തകൃഷ്ണന്‍, അര്‍ജുന്‍ കൃഷ്ണ, അശ്വന എന്നിവരാണ് അരങ്ങത്ത്.

girish.natika@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top