10 June Saturday

ചുമരുകളില്‍ ഒട്ടിയ സിനിമ

എം എസ് അശോകന്‍Updated: Sunday Jun 5, 2016

സിനിമയെ പ്രേക്ഷകരിലേക്കെത്തിക്കുന്ന മാര്‍ക്കറ്റിങ് പരിപാടിക്ക് ഇന്ന് പലവിധ മാര്‍ഗങ്ങളുണ്ട്. ചാനലുകളിലെ പ്രമോ ഷോയും ടീസറുകളുംമുതല്‍ സാമൂഹ്യമാധ്യമങ്ങളിലെ അടിയും തടയുംവരെ അതില്‍പ്പെടും. ആദ്യകാലത്ത് പ്രചാരത്തിലുണ്ടായിരുന്ന കഥാസാരം ചടുലഭാഷയില്‍ എഴുതിച്ചേര്‍ത്ത ബിറ്റ്നോട്ടീസും ഘനഗംഭീര മൈക്ക് അനൌണ്‍സ്മെന്റുകളും നാടുനീങ്ങി. തിയറ്ററുകള്‍ ഒന്നൊന്നായി ഷോപ്പിങ് മാളുകളായി മാറിക്കൊണ്ടിരുന്നപ്പോഴും പിന്നീട് മള്‍ട്ടിപ്ളക്സ് തിയറ്ററുകള്‍ അതിലെ അവിഭാജ്യ ആകര്‍ഷണങ്ങളായി ഉയര്‍ന്നുവന്നപ്പോഴുമൊക്കെ സിനിമാപ്രചാരണത്തില്‍ വലിയ പങ്ക് വഹിക്കുന്ന ബഹുവര്‍ണ പോസ്റ്ററുകള്‍ക്ക് തട്ടുകേടൊന്നും പറ്റിയില്ല. സിനിമയുടെ എക്കാലത്തെയും വലിയ ആസ്വാദകരായി നിലനിന്നിട്ടുള്ള യുവാക്കളെയും സ്ത്രീകളെയും തിയറ്ററുകളിലേക്ക് വലിച്ചടുപ്പിക്കുന്ന കൌതുകങ്ങളും വിസ്മയങ്ങളും പോസ്റ്ററുകള്‍ കാത്തുവയ്ക്കുകയും ചെയ്തു. മലയാളസിനിമാ പോസ്റ്ററുകള്‍ക്ക് നവഭാവുകത്വം സമ്മാനിച്ച റിയാസ് മുഹമ്മദ് അഥവാ റിയാസ് വൈറ്റ്മാര്‍ക്കര്‍ എന്ന യുവ ഡിസൈനര്‍ ദേശീയശ്രദ്ധയില്‍ വരുന്നതും അങ്ങനെയാണ്.

ഡിജിറ്റല്‍–പരസ്യ–ചിത്ര–ശില്‍പ്പ രംഗത്തെ പുതുചലനങ്ങള്‍ പരിചയപ്പെടുത്തുന്ന മുംബൈ ആസ്ഥാനമായ ക്യൂരിയസ് മാഗസിനില്‍ റിയാസിനെയും അദ്ദേഹത്തിന്റെ പോസ്റ്റര്‍ രൂപകല്‍പ്പനയെയും പ്രത്യേകം പരാമര്‍ശിച്ചിരുന്നു. അതില്‍ റിയാസ് ആദ്യം ഡിസൈന്‍  ചെയ്ത നി കൊ ഞാ ചാ, 1983 എന്ന സിനിമകളുടെ പോസ്റ്ററുകളെ എടുത്തുപറഞ്ഞിരുന്നു. പിന്നീട് സലാല മൊബൈല്‍സ്, 100 ഡേയ്സ് ഓഫ് ലൌ എന്നിങ്ങനെ പത്തോളം സിനിമാ പോസ്റ്ററുകള്‍ റിയാസിന്റേതായി വന്നു. മലയാള സിനിമയില്‍ ശക്തിപ്രാപിച്ച ന്യൂ ജനറേഷന്‍ ഭാവുകത്വത്തെ അങ്ങേയറ്റം ഉള്‍ക്കൊള്ളുന്നതും ആസ്വാദകനെ തിയറ്ററുകളിലേക്ക് ആകര്‍ഷിക്കുന്നതുമായിരുന്നു റിയാസിന്റെ ഡിസൈനുകള്‍.

റിയാസ് മുഹമ്മദ്

റിയാസ് മുഹമ്മദ്

പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിയാണ് റിയാസ്. പിതാവ് മുഹമ്മദാലിയും റിയാസിന്റെ ജ്യേഷ്ഠന്മാരും ചിത്രകാരന്മാരാണ്. ആ വഴി പിന്തുടര്‍ന്നാണ് മണ്ണാര്‍ക്കാട്ടെ എസ്എസ്ഐ കംപ്യൂട്ടര്‍ സെന്ററില്‍ ചേര്‍ന്ന് റിയാസ് ഡിസൈെനിങ് കോഴ്സ് പഠിച്ചത്. പിന്നീട് നിരവധി ഹ്രസ്വചിത്രങ്ങള്‍ക്കും ഡോക്യുമെന്ററികള്‍ക്കുമൊക്കെ പോസ്റ്റര്‍ രൂപകല്‍പ്പനചെയ്തു. സിനിമയില്‍ അവസരം തേടി 2 വര്‍ഷത്തോളം അലഞ്ഞു. ഒടുവില്‍ ഫോട്ടോഗ്രാഫര്‍ സുഹൃത്ത് വഴിയാണ് 2011ല്‍ നി കൊ ഞാ ചാ യുടെ പോസ്റ്റര്‍ രൂപകല്‍പ്പനചെയ്യാന്‍ അവസരമുണ്ടായത്. ഒരുപാട് സമയമെടുത്താണ് ആ ജോലി പൂര്‍ത്തിയാക്കിയത്. സംവിധായകന്‍ പറയുന്ന സിനിമയുടെ വണ്‍ലൈന്‍ കഥയില്‍നിന്നാണ് പോസ്റ്ററുകളുടെ കോണ്‍സപ്റ്റും ആദ്യ ഡ്രാഫ്റ്റും രൂപപ്പെടുത്തുന്നത്. ഇരുപതോളം വ്യത്യസ്ത ഡിസൈനുകള്‍ തയ്യാറാക്കും. അതില്‍നിന്ന് വലുതും ചെറുതും പോസ്റ്ററുകള്‍ക്കായി വ്യത്യസ്ത ഡിസൈനുകള്‍ തെരഞ്ഞെടുക്കും.

സിനിമയുടെ ശരിയായ മാര്‍ക്കറ്റിങ്ങില്‍ പോസ്റ്ററുകള്‍ക്ക് എന്നും പ്രാധാന്യമുണ്ട്. അതില്‍ ഡിസൈനറുടെ പങ്ക് കൂടുതലായി തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്ന് റിയാസ് പറഞ്ഞു. കംപ്യൂട്ടര്‍ സോഫ്റ്റ് വെയറുകളും മറ്റ് സാങ്കേതികസൌകര്യങ്ങളും വര്‍ധിച്ചപ്പോള്‍ ഡിസൈനിങ്ങിന്റെ സാധ്യതകളും കൂടി. അത് പരമാവധി പ്രയോജനപ്പെടുത്താനാണ് താനുള്‍പ്പെടൈ പുതിയ ഡിസൈനര്‍മാര്‍ ശ്രമിക്കുന്നത്. മികച്ച ഡിസൈനുകള്‍ക്ക് പിന്നില്‍ വലിയ ശ്രമങ്ങളുണ്ട്. ഇന്ന് കംപ്യൂട്ടറുകളില്‍ പലവിധ സോഫ്റ്റ്വെയറുകള്‍ ഉപയോഗിച്ച് അനായാസം സാധിച്ചെടുക്കുന്ന രൂപകല്‍പ്പനകള്‍ പലതും മുമ്പ് വെറുംകൈകൊണ്ട് തയ്യാറാക്കിയതാണ് എന്നോര്‍ക്കുക. സൌകര്യങ്ങളും സാധ്യതകളും വര്‍ധിച്ചതനുസരിച്ചുള്ള റിസള്‍ട്ടിനായി ഇന്നത്തെ ഡിസൈനര്‍മാര്‍ കഠിനാധ്വാനംചെയ്യുന്നുണ്ടോ എന്ന് സംശയമാണെന്നും റിയാസ് പറഞ്ഞു.

സിനിമാരംഗത്ത് സജീവമായി നില്‍ക്കുന്നതോടൊപ്പം മണ്ണാര്‍ക്കാട് വൈറ്റ് മാര്‍ക്കര്‍ എന്ന പേരില്‍ റിയാസ് ഡിജിറ്റല്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും നടത്തിവരുന്നു. നി കൊ ഞാ ചാ യു ട രണ്ടാംഭാഗം വരുന്നതിനും പോസ്റ്റര്‍ ഒരുക്കുന്നത് റിയാസാണ്.  ഭാര്യ: സുമയ്യ. മകള്‍: സലീഹ.
msasokms@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top