25 March Saturday

തെരുവ് സ്വസ്ഥയാത്രയ്ക്കുള്ള ഇടമല്ല

കെ ഗിരീഷ്Updated: Sunday Mar 5, 2017

മലയാളിയുടെ നാടകശീലങ്ങള്‍ വലിയ മാറ്റമൊന്നുമില്ലാതെ കാലങ്ങളായി തുടരുന്നതാണ്. കാഴ്ചയുടെ സുഖവും ഏറെ ബുദ്ധി പ്രവര്‍ത്തിപ്പിക്കാതെ കണക്കുകൂട്ടിയെടുക്കേണ്ട ചില സമകാലീന രാഷ്ട്രീയപ്രസ്താവങ്ങളും അല്‍പ്പം ചില തമാശകളുമൊക്കെയായി അതങ്ങനെ പതഞ്ഞുപൊന്തുകയാണ്. തെരുവുനാടകങ്ങളുടെ കാര്യത്തില്‍ വിശേഷപ്പെട്ട, അല്ലെങ്കില്‍ ശരിയായ തെരുവുനാടകാനുഭവവും മലയാളിക്കുണ്ടായിട്ടില്ല. തന്റെ സുഗമമായ യാത്രയ്ക്കുമുകളില്‍ വന്നുവീഴുന്ന ഇടപെടലുകളെ, കാഴ്ചക്കാരനായി മാറിനില്‍ക്കുന്നവനെ പിടിച്ച് നാടകത്തിലേക്ക് വലിച്ചിടുന്ന അനുഭവത്തെ ഇനിയും മലയാളി ആ അര്‍ഥത്തില്‍ അറിഞ്ഞിട്ടില്ല. ആസുരകാലത്ത് നാടകം കളിക്കേണ്ടതെങ്ങനെയെന്നും ചിന്തിച്ചതായി തോന്നുന്നില്ല. തെരുവ് അന്യവല്‍ക്കരിക്കപ്പെടുന്നതിനെപ്പറ്റിയും അവന് വേവലാതിയില്ല. പ്രകടനങ്ങളും പ്രതിഷേധങ്ങളും തെരുവില്‍ നിരോധിക്കപ്പെടുമ്പോള്‍, ഭിക്ഷക്കാരനെയും ഭ്രാന്തനെയും തെരുവില്‍നിന്ന് ആട്ടിയോടിച്ച് മുഖം മിനുക്കിയെടുത്ത് പുറമേക്ക് ശാന്തവും സുന്ദരവുമായ തെരുവാണ് സൃഷ്ടിക്കപ്പെടുന്നത്. തെരുവ് എന്നത് ഒരു പൊതുഇടമാണെന്നും സമൂഹത്തിന്റെ പരിച്ഛേദമാണെന്നും അത് സുന്ദരമായ കാറുകള്‍ക്ക് ഒഴുകിനീങ്ങാനും മാന്യര്‍ക്കുമാത്രം സഞ്ചരിക്കാനുമുള്ള വഴികള്‍ മാത്രമല്ലെന്നും ഇനിയും വിളിച്ചുപറയേണ്ടതുണ്ട്. ഒരു സമൂഹത്തിന്റെ എല്ലാ വൈകാരികതയും പ്രതിഫലിക്കുന്ന ഇടങ്ങള്‍തന്നെയാകണം തെരുവുകള്‍. എല്ലാ പൊതുഇടങ്ങളും തിരികെ പിടിക്കുകയുംവേണം. ഫാസിസത്തിന്റെ കാലത്ത് നാടകം മനുഷ്യജീവിതത്തിലേക്ക് നേരിട്ടിടപെടുകയും അതിനെ കുലുക്കിയുണര്‍ത്തുകയുംവേണം.

അഗസ്റ്റോ ബോളും ബ്രതോള്‍ഡ് ബ്രെഹ്റ്റും ചര്‍ച്ചചെയ്ത് കാലംകഴിക്കുന്നതിനിടെ ലോകത്തെ പ്രതിരോധപ്രക്ഷോഭ നാടകവേദി, ഇടതുപക്ഷനാടകവേദി ഈ അതിരുകള്‍ വിട്ട് പുതിയ തലങ്ങള്‍ തേടുന്നതിപ്പോഴും മലയാളി അറിഞ്ഞിട്ടില്ലെന്നുതോന്നുന്നു. നാടകവേദിക്കകത്തെ സംവിധായകന്റെ ഫാസിസത്തെ നടന്മാര്‍ ധിക്കരിക്കാന്‍തുടങ്ങുകയും അവര്‍ സ്വന്തം സ്വത്വം വെളിപ്പെട്ട് ഉറഞ്ഞുതുള്ളുകയും ചെയ്യുന്ന കാലമാണിപ്പോള്‍ പലേടത്തും, വിശേഷിച്ച് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ രാഷ്ട്രീയനാടകവേദിയില്‍. വടിയെടുത്തും പീഡിപ്പിച്ചും നടനെ രൂപപ്പെടുത്തിയെടുക്കുകയും പാവകളിപോലെ അവനെ ആട്ടിക്കളിപ്പിക്കുകയുംചെയ്യുന്നതിനെ നടന്‍ പ്രതിരോധിക്കേണ്ടതുണ്ട്. കാണിയെ ഇരുട്ടിലിരുത്തി വെളിച്ചത്തിലെ ആട്ടംകാണിക്കുന്ന ഒരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം അവന് സമ്മാനിച്ച് കൈയടിച്ച് കൂവിവിളിച്ച് പിരിഞ്ഞുപോകുന്നവരാക്കി അവരെ മാറ്റുന്നതിനെയാണ് പുതിയ നാടകവേദി നിഷേധിക്കുന്നത്. അതൊരു രാഷ്ട്രീയാന്വേഷണമാണ്. ആ അന്വേഷണത്തിന്റെ പുതുരൂപമാണ് ഡോ. രാമചന്ദ്രന്‍ മൊകേരിയുടെ നേതൃത്വത്തില്‍ ഇറ്റ്ഫോക്ക് 2017ന്റെ ഭാഗമായി അവതരിപ്പിച്ച 'ഐ ആം രോഹിത്വെമുല, അണ്‍ടച്ച്ബ്ള്‍ ഐ ആം' എന്ന തെരുവവതരണം.

 'ഐ ആം രോഹിത്വെമുല, അണ്‍ടച്ച്ബ്ള്‍ ഐ ആം' എന്ന തെരുവവതരണത്തില്‍നിന്ന്

'ഐ ആം രോഹിത്വെമുല, അണ്‍ടച്ച്ബ്ള്‍ ഐ ആം' എന്ന തെരുവവതരണത്തില്‍നിന്ന്

നാടകം രൂപപ്പെടുന്നതുതന്നെ തികഞ്ഞ ജനാധിപത്യതലത്തിലായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ കേരളത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാടകപ്രവര്‍ത്തകരുമായി നടത്തിയ ആശയവിനിമയം. ദളിത് ജീവിതദുരിതം, പ്രതിഷേധം, ഭരണകുട ഇടപെടലുകള്‍, ശക്തമാകുന്ന ബ്രാഹ്മണിക് ഫാസിസം ഈ വിഷയങ്ങള്‍ കേന്ദ്രമാക്കിയുള്ള തെരുവവതരണങ്ങള്‍ പല ഭാഗത്തായി രൂപപ്പെടുന്നു. നാടകാവതരണദിനത്തില്‍ ഈ സംഘങ്ങള്‍ പരസ്പരം കാണുന്നു. ഇവയെല്ലാം കോര്‍ത്തിണക്കിയ ഒരു അവതരണം ഡോ. രാമചന്ദ്രന്‍ മൊകേരി അവതരിപ്പിക്കുന്നു. മൂന്നോ നാലോ കിലോമീറ്റര്‍ ദൈര്‍ഘ്യം. നടീനടന്മാര്‍ അവരുടെ സര്‍ഗശേഷിയുടെ എല്ലാ ശേഷിയും പുറത്തെടുത്ത് ഉറഞ്ഞുതുള്ളിയ അവതരണം. കാണികള്‍ ആട്ടംകണ്ട് പിരിഞ്ഞുപോകുന്ന വെറും കാണികളായിരുന്നില്ല. പലപ്പോഴും അവര്‍ നടന്മാരായി. അവര്‍ക്കും വെളിച്ചപ്പെട്ടു. ജാതി, മതം, ഭരണകുടം, പെണ്ണ്, ഫാസിസം, നിയമങ്ങള്‍, സ്വാതന്ത്യ്രം, ദേശസ്നേഹം, രോഹിതിന്റെ കവിതകള്‍, അവസാന കത്ത് സകലതും നാടകമാക്കപ്പെട്ടു. സംവിധായകനില്ലാതെ നടന് ഉള്ളിലുറഞ്ഞുകൂടിയതെല്ലാം തെരുവില്‍ വിളിച്ചുകൂവി. അവര്‍ തെരുവില്‍ കാര്‍ക്കിച്ചുതുപ്പി. പലപ്പോഴും സദാചാരത്തിന്റെ കപടമാന്യതയുടെ മുഖത്തേക്ക് ആ തുപ്പല്‍ തെറിച്ചുവീണു. ഇതുവരെ കേരളം കാണാത്ത പുതിയ നാടകഭാഷയ്ക്ക് തുടക്കം കുറിച്ചു. കാഴ്ചയെക്കുറിച്ചുള്ള സകലമാന മലയാളിധാരണകളെയും തകിടംമറിച്ച ഈയവതരണംതന്നെയാകണം പുതിയ മലയാളനാടകശാഖയ്ക്ക് വഴികാട്ടേണ്ടത്.

ഡോ. രാമചന്ദ്രന്‍ മൊകേരിയുടേതാണ് മുഖ്യ ആശയം. തെരുവില്‍ ശ്രീജിത് പൊയില്‍ക്കാവ് കോ ഓര്‍ഡിനേറ്ററായി. സഞ്ജു മാധവ് ഉള്‍പ്പെടെയുള്ളവര്‍ സംഘാടകരായി. എണ്ണമറ്റ നടീനടന്മാര്‍ രംഗത്തെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top