30 March Thursday

പണിയാതെ പണംകൊയ്യുന്ന കാലം

കെ ഗിരീഷ്Updated: Sunday Oct 2, 2016

ധനസമ്പാദനത്തിനെന്താണ് എളുപ്പവഴി– പുതിയ ലോകം അതേക്കുറിച്ച് ചിന്തിക്കുന്ന ഒന്നാണ്. ആരുടെ നെഞ്ചിലേക്ക് കത്തിയാഴ്ന്നിറങ്ങിയാലും സ്വന്തം പണസഞ്ചിയുടെ കനം വര്‍ധിപ്പിക്കലാണ് മനുഷ്യനെ രാവും പകലും അലട്ടുന്നത്.

ശരീരത്തിന് ക്ഷീണംതട്ടാതെ പണമുണ്ടാക്കാന്‍ ഒരുപാടുവഴികള്‍ അവന്‍ കണ്ടെത്തിയിട്ടുമുണ്ട്. എല്ലാവരും എളുപ്പത്തില്‍ പണക്കാരാവുന്നതിനെക്കുറിച്ചുമാത്രം വേവലാതിപ്പെട്ടുകൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് മലയാളി ചതിയില്‍നിന്ന് ചതിയിലേക്ക് വീണുകൊണ്ടേയിരിക്കുന്നത്. കോടികള്‍ കൈയില്‍നിന്ന് ആരൊക്കെയോ ചോര്‍ത്തിക്കൊണ്ടുപോയിട്ടും പാഠംപഠിക്കാത്ത മന്ദബുദ്ധിജീവിതത്തിന്റെ പര്യായമായി കേരളം മാറിക്കഴിഞ്ഞതും ഇതുകൊണ്ടാണ്. പുതിയ പ്രത്യയശാസ്ത്രങ്ങളില്‍ പണസമ്പാദനം മാത്രമേയുള്ളൂ, പണം ഇരട്ടിപ്പിക്കലും അതിനുള്ള കുറുക്കുവഴികളുമാണ് ആഗോളവല്‍ക്കരണമെന്നും നവസാമ്പത്തികവ്യവസ്ഥയെന്നും പേരിട്ട മനുഷ്യത്വരഹിതമായ വ്യവസ്ഥ പഠിപ്പിക്കുന്നത്. മനുഷ്യന്റെ ജീവനൂറ്റിയും പണമാക്കിമാറ്റുന്ന തന്ത്രം. അതിന് നാം പല പേരിട്ട് വിളിക്കുന്നു.

 സുരേഷ് മേച്ചേരി

സുരേഷ് മേച്ചേരി

ഇത് നാടകത്തിന് എക്കാലത്തും വിഷയമായിട്ടുണ്ട്. എന്നാല്‍,ഇക്കാര്യം കുഞ്ഞുണ്ണിമാഷ് പറയുമ്പോള്‍ അതിന് വല്ലാത്ത ആസ്വാദ്യത കൈവരുന്നു. അദ്ദേഹത്തിന്റെ 'ഇരട്ടമരണം' നാടകം ഈ വിഷയമാണ് കൈകാര്യംചെയ്യുന്നത്. 

മണ്ണിനോട് വെറുപ്പും വിയര്‍പ്പിനോട് അസഹ്യതയും പുലര്‍ത്തുന്ന മനുഷ്യന്‍ ഭക്ഷണത്തോട് ഒട്ടും അപ്രിയം കാണിക്കുന്നില്ല എന്ന തമാശ കുഞ്ഞുണ്ണിമാഷ് ലഘുരചനയിലൂടെ വരച്ചുവയ്ക്കുന്നു. സഹോദരന്മാരായ കോന്തുവും കുഞ്ഞാണ്ടിയും പണിയെടുക്കാതെ ഭക്ഷണം കണ്ടെത്താന്‍ പ്രയോഗിക്കുന്ന സൂത്രവും അതിന്റെ പരിണതഫലവുമാണ് നാടകത്തിന്റെ തന്തു. എന്നാല്‍, കുഞ്ഞുണ്ണിമാഷ് പറയുമ്പോള്‍ അതിന് ഏറ്റവും മൂര്‍ച്ഛയുള്ള ഹാസ്യത്തിന്റെയും അതില്‍ പൊതിഞ്ഞ അതിനേക്കാള്‍ മൂര്‍ച്ഛയുള്ള വിമര്‍ശത്തിന്റെയും തലം കൈവരുന്നു. ഇക്കഥയെ സമകാലീനകേരളത്തിലെ ബിസയര്‍, നാനോ എക്സല്‍പോലുള്ള തട്ടിപ്പുമായി കണ്ണിചേര്‍ക്കാന്‍ സംവിധായകന്‍ നടത്തിയ ശ്രമം വിജയകരമായി.

നാടകവേദിയിലെ സമകാലീനമായ ചില വിധേയത്വങ്ങളെ നിഷേധിക്കാന്‍ സംവിധായകനായ സുരേഷ് മേച്ചേരി നടത്തിയ ശ്രമവും വിജയമായി. വെളിച്ചം, സംഗീതം തുടങ്ങിയവയുടെ അമിതപ്രയോഗങ്ങളെ പൂര്‍ണമായും നിരാകരിച്ച് ഓട്ടന്‍തുള്ളലില്‍നിന്ന് സ്വാംശീകരിച്ച മുഖവുരയോടെയാണ് നാടകം തുടങ്ങുന്നത്. തുടര്‍ന്ന് തമിഴ് ദമ്പതികളുടെ പ്രകടനത്തിലേക്കും അവിടെനിന്ന് കഥാതന്തുവിലേക്കും ചെന്ന് ചേരുന്നേടത്ത് കുഞ്ഞുണ്ണി ലാളിത്യത്തിന്റെ മനസ്സിലേക്ക് നാടകത്തെ എത്തിക്കാന്‍ സംവിധായകനായി.

തൃശൂര്‍ രംഗചേതന സണ്‍ഡേ തിയറ്ററാണ് നാടകം അവതരിപ്പിച്ചത്. കെ എന്‍ പ്രശാന്ത്, നിഖില്‍ദാസ്, രാകേഷ് രഘുനാഥ്, പ്രേംകുമാര്‍, രാജന്‍ പൂത്തറയ്ക്കല്‍, വിഷ്ണു, നിചില്‍ദാസ്, അപര്‍ണ, സുനതി എന്നിവരാണ് വേദിയില്‍. മണി അടാട്ട് സംഗീതവും സനേഷ് വെളിച്ചവും കൈകാര്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top