20 May Friday

അച്ഛനാരാ... മോന്‍...

എ പി സജിഷUpdated: Tuesday Oct 25, 2016

കലാ സ്നേഹികളേ... അടുത്തൊരു
ബെല്ലോടെ നാടകം തുടങ്ങും നാട്യഗൃഹം അഭിമാന പുരസരം കാഴ്ചവയ്ക്കുന്നു ...അച്ഛനാരാ...മോന്‍...

ഫ്ളാഷ്ബാക്ക്

ഒരു നാടക ക്യമ്പ് ഒന്നര വയസുകാരനെയും ഒക്കത്ത് വെച്ച്  അച്ഛന്‍ കടന്നുവരുന്നു.   മകന്‍ കുട്ടികള്‍ക്കിടയിലൂടെ പിച്ചവെച്ച്  വെറുതെ നടക്കുന്നു. പിന്നെ, യുകെജിയിലെത്തിയപ്പോള്‍ അവനും നാടകം കളിച്ചുതുടങ്ങി. ഇത്തിരി കാലംകൂടി കഴിഞ്ഞ് അച്ഛനേതോ നാടകം പഠിപ്പിക്കുന്നത് ഒരിക്കലവന്‍ നോക്കിയിരുന്നു. മൂന്നാംക്ളാസിലെത്തിയപ്പോള്‍ അവന്‍ ആ നാടകം സ്വന്തമായി കളിച്ചു. അക്കാര്യം അച്ഛനറിയുന്നത് പിന്നീട്. ഒരുപാട് പേരെ ആ അച്ഛന്‍ നാടകം പഠിപ്പിച്ചു. കോഴിക്കോട്ടെ ഒരുപാട് വേദികളില്‍ നിത്യസാന്നിധ്യമായി; അറിയപ്പെടുന്ന നാടകസംവിധായകനായി. മകനാകട്ടെ അച്ഛന്‍ സമ്മതിച്ചില്ലെങ്കിലും ആ പാത പിന്തുടര്‍ന്നു. ഒത്തിരി കാലംകൂടി കഴിഞ്ഞപ്പോള്‍ അച്ഛനൊപ്പം അഭിനയിച്ചു; അവന്റെ സംവിധാനത്തില്‍ അച്ഛന്‍ നടന്റെ വേഷം കെട്ടി.

നാടകസംവിധാനത്തിലൂടെ പേരെടുത്ത അച്ഛന്റെ പേര് ടി സുരേഷ്ബാബു. മകന്‍ നടനും സംവിധായകനുമായ ഛന്ദസും. നാടകം ജീവിതമല്ല, അതിജീവനമാണെന്നാണ് അച്ഛന്‍ മകന് നല്‍കുന്ന സന്ദേശം. നാടകം കളിച്ചു തന്നെ പരിചിതമാകണമെന്ന് മകനും. കോഴിക്കോട് ഈസ്റ്റ്ഹില്ലിലെ നാട്യഗൃഹം എന്ന നളിനി നിവാസില്‍ അച്ഛനോടും മകനോടും സംസാരിച്ചിരിക്കുമ്പോഴും ഈ ഒരു കുഞ്ഞുതര്‍ക്കം ഇവര്‍ക്കിടയിലുണ്ട്. അതിന്റെ തമാശയില്‍ പങ്കുചേരുമ്പോള്‍ സുരേഷ്ബാബു മറ്റൊരു കാര്യം ഓര്‍ത്തെടുത്തു. നാടകം നിര്‍ത്താന്‍ തീരുമാനിച്ച തന്നെ അതിലേക്ക് മടക്കിക്കൊണ്ടു വന്നത് മകനാണ്.

  മികച്ച നാടകസംവിധാനത്തിന് മൂന്ന് തവണ സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ് നേടിയ സംവിധായകനാണ് സുരേഷ്ബാബു. സ്കൂള്‍ കലോത്സവങ്ങളിലും സുരേഷ്ബാബുവിന്റെ നാടകങ്ങള്‍ നിറഞ്ഞുനിന്ന ഒരു കാലം. എന്നാല്‍, ഒരിക്കല്‍ അദ്ദേഹം സംവിധാനം ചെയ്ത ഒരു നാടകത്തിന് പ്രതീക്ഷിച്ച സമ്മാനം കിട്ടിയില്ല. കൊയിലാണ്ടി മാപ്പിള സ്കൂളിലെ കുട്ടികളായിരുന്നു നാടകം അവതരിപ്പിച്ചത്.അതില്‍ പ്രതിഷേധിച്ച് ഇനി അരങ്ങിലേക്കില്ലെന്ന് തീരുമാനവുമെടുത്തു. അച്ഛന്‍ നാടകം നിര്‍ത്തുന്ന കാലത്താണ് മകന് അരങ്ങിനോട് അടങ്ങാത്ത ഭ്രമം തോന്നുന്നത്. അച്ഛന്‍ നാടകം നിര്‍ത്തുന്ന സങ്കടം അവനെ അലട്ടി. അവന്‍ അച്ഛന്റെ പിന്നാലെ കൂടി. അതച്ഛന്റെ മനസ്സിളക്കി.  ഒടുവില്‍ ജയപ്രകാശ് കുളൂരിന്റെ 'പാല്‍പ്പായസം' എന്ന നാടകം സ്കൂളില്‍ കളിക്കാന്‍ ഛന്ദസ് തീരുമാനിച്ചു.

അവന്‍ തന്നെ  സംവിധാനം ചെയ്തു. മകന്റെ താല്‍പ്പര്യം കണ്ട് സുരേഷ്ബാബുവും നാടകത്തിലേക്ക് തിരിഞ്ഞു. മണിയൂര്‍ സ്കൂളിനെയായിരുന്നു പരിശീലിപ്പിച്ചത്. അതേ വര്‍ഷം, കൊയിലാണ്ടി മാപ്പിള സ്കൂളിലെ കുട്ടികളും വീണ്ടും വന്നു. സുരേഷ്ബാബു കഴിഞ്ഞ വര്‍ഷം പഠിപ്പിച്ച നാടകവുമായി. അവര്‍ ജില്ലയില്‍ ഒന്നാമതായി. ആ നാടകം സംസ്ഥാനത്തും ഒന്നാമതായി. ആ നാടകം അത്ര മോശമല്ലെന്ന് അതോടെ തെളിഞ്ഞു. പിന്നെ, സുരേഷ്ബാബു നാടകങ്ങളില്‍ വീണ്ടും സജീവമായി. തുടര്‍ന്ന് 2004ല്‍ എറണാകുളത്ത് ദേശീയ നാടകോത്സവത്തിനും കൊയിലാണ്ടി മാപ്പിള സ്കൂള്‍ പങ്കെടുത്തു. അവിടെനിന്നും ഒഡിഷയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഡ്രാമ ഫെസ്റ്റിവലിലേക്ക്. അന്ന് കളിച്ചപ്പോള്‍ സുരേഷ്ബാബുവിന് നാട്യഭൂഷന്‍ പുരസ്കാരം കിട്ടി. 

ഛന്ദസുള്ള സംഗീതം


കോഴിക്കോട് നഗരത്തിന് എന്നുമൊരു പാട്ടിന്റെ താളമുണ്ട്. സംഗീതം സിരകളിലേറ്റിയ ഒരു ജനത. ഈ നഗരത്തിന്റെ സായാഹ്നങ്ങള്‍ക്ക് നിറം പകരാന്‍ എന്നും സംഗീതമുണ്ട്. ആ ചുവട് പിടിച്ച് ഒരു വീഡിയോ ആല്‍ബമിറക്കാനാണ് കോഴിക്കോട്ടെ ഒരുപറ്റം യുവാക്കള്‍ മുന്നിട്ടിറങ്ങിയത്. അത് യൂ ട്യൂബില്‍ ഹിറ്റായി. റൂക്ക് സോങ് എന്ന മ്യൂസിക് ആല്‍ബം ഇപ്പോഴും യൂട്യൂബിലുണ്ട്. ഛന്ദസാണ് സംവിധാനം. ഛന്ദസും ജിഷ്ണുവും ഒരുമിച്ചെഴുതിയ ആല്‍ബം. ചങ്ങലക്കെട്ടുകളില്‍ ജീവിക്കുന്ന രണ്ട് മനുഷ്യര്‍ ചെസ് കളിക്കുന്നതാണ് ആല്‍ബത്തിലുള്ളത്. സംവിധായകന് മറ്റൊരു അഭിനേതാവിനെ തേടേണ്ടി വന്നില്ല. അച്ഛന്‍ തന്നെ വേഷമിട്ടു. മറ്റൊരാള്‍ സിനിമാ–നാടക നടന്‍ ഹരീഷ് പേരടിയുമാണ്.

  'വെന്‍ ബിഗ് ഷോര്‍ട്സ് റോര്‍' എന്ന ഷോര്‍ട് ഫിലിമിലും ഇരുവരും ചേര്‍ന്ന് അഭിനയിച്ചു. വെടിയേറ്റ സുരേഷ്ബാബുവിന്റെ കഥാപാത്രത്തെയും പൊക്കിയെടുത്ത് ഛന്ദസ് കാട്ടിലൂടെ നടക്കുന്ന ഒരു രംഗമുണ്ട്. ഈ ചിത്രവും യൂ ട്യൂബിലുണ്ട്. ഈയടുത്ത് കോഴിക്കോട്ട് പ്രദര്‍ശിപ്പിച്ച 'അവസ്ത' എന്ന സിനിമയിലും ഇരുവരും ഒരുമിച്ചഭിനയിച്ചു.

നൂറ്റി ഇരുപത്തഞ്ചോളം നാടകങ്ങള്‍ ഇതുവരെ സുരേഷ്ബാബു സംവിധാനം ചെയ്തു. സംസ്ഥാന സ്കൂള്‍ യുവജനോത്സവത്തിന് നാല് തവണ സമ്മാനം നേടി. മൂന്ന് തവണ സംഗീത നാടക അക്കാദമി പുരസ്കാരം. വി ടി സ്മാരക അവാര്‍ഡ്, ബാലന്‍ കെ നായര്‍ അവാര്‍ഡ്, പി എം താജ് അവാര്‍ഡ് തുടങ്ങി ഒരുപാട് പുരസ്കാരങ്ങള്‍...ഇന്ന് ഛന്ദസിന് പ്രായം  23. ഇതിനിടയില്‍ ആറ് നാടകങ്ങള്‍ സംവിധാനം ചെയ്തു. ബിരുദധാരിയായ ഈ യുവാവ് നാടകത്തില്‍ മാസ്റ്റര്‍ ബിരുദം നേടാനാണ് ഒരുങ്ങുന്നത്. ഒരു നല്ല നാടക സംവിധായകനാകണം. ഷോര്‍ട് ഫിലിമുകളില്‍ മുഖം കാണിച്ച ഛന്ദസിന് സിനിമയിലും താല്‍പ്പര്യമുണ്ട്. സായിജയാണ് സുരേഷ്ബാബുവിന്റെ ഭാര്യ. ഇളയ മകന്‍: ധീരജ്. .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top