ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി;പബ്ലിക്‌ പ്രോസിക്യൂട്ടർമാരുടെ സ്‌ഥലമാറ്റം സ്‌റ്റേ ചെയ്‌തുകൊച്ചി ലക്ഷദ്വീപിൽ ഇപ്പോൾ എന്താണ് നടക്കുന്നതെന്ന് ഹൈക്കോടതി. അവിടത്തെ വിവരം മാധ്യമങ്ങളിലൂടെയല്ലാതെ തങ്ങൾക്ക് ലഭിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. പബ്ലിക് പ്രോസിക്യൂട്ടർമാരെ  സർക്കാർ മറ്റ്‌ ആവശ്യത്തിനായി നിയോഗിക്കുന്നത് ചോദ്യംചെയ്‌ത്‌ അമിനിദ്വീപ്‌ നിവാസി മുഹമ്മദ് സലിം സമർപ്പിച്ച പൊതുതാൽപ്പര്യഹർജി പരിഗണിക്കവെയാണ്‌ ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രൻ, എം ആർ അനിത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പരാമർശം. അമിനിയിലെ അസി. സെഷൻസ് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂട്ടറെ കവരത്തിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ കീഴിൽ സെക്രട്ടറിയറ്റിൽ നിയമിച്ച്‌ എഡിഎം 23ന് ഉത്തരവിറക്കിയിരുന്നു. നിയമവിരുദ്ധമാണെന്ന് വിലയിരുത്തി ഈ ഉത്തരവ്‌ കോടതി മരവിപ്പിച്ചു. ഹർജിയിൽ കോടതി അഡ്മിനിസ്ട്രേറ്ററുടെ വിശദീകരണം തേടി.  സാവകാശം നൽകണമെന്ന്  അഡ്മിനിസ്ട്രേറ്ററുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. മധ്യവേനൽ അവധിക്കുശേഷം പ്രോസിക്യൂട്ടർമാർ ഇല്ലാത്തതിനാൽ കോടതിക്ക് പ്രവർത്തിക്കാനായിട്ടില്ലെന്ന്‌ സബ് ജഡ്‌ജി ഹൈക്കോടതി രജിസ്ട്രാർ മുഖേന അറിയിച്ചതായി ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. കുറ്റപത്രം പരിശോധിക്കുന്നതടക്കമുള്ള കാര്യങ്ങൾ പബ്ലിക്‌ പ്രോസിക്യൂട്ടർ നിയമിതനായിട്ടുള്ള ദ്വീപിലേക്ക് എത്തിക്കാൻ കോടതി നിർദേശിച്ചു. ആന്ത്രോത്ത്, അമിനി, കവരത്തി ദ്വീപുകളിലാണ് കോടതി പ്രവർത്തിക്കുന്നത്. ആന്ത്രോത്തിൽ മജിസ്ട്രേട്ട്‌ തസ്‌തിക ഒഴിഞ്ഞുകിടക്കുകയാണ്. അതിനാൽ ആന്ത്രോത്തിലെ കേസ്‌കൂടി അമിനിയിലെ അസി. സെഷൻസ് കോടതിയാണ്‌ പരിഗണിക്കുന്നത്‌. ഇവിടെ വിചാരണ മുടങ്ങിയിട്ട് മാസങ്ങളായി. പ്രോസിക്യൂട്ടർ നിയമനത്തിന് ലക്ഷദ്വീപിൽ പ്രത്യേക ചട്ടമുണ്ടെങ്കിലും കരാർ നിയമനമാണ് നടക്കുന്നതെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിൽ നടക്കുന്ന നിയമവിരുദ്ധപ്രവർത്തനം നിയമപരമാണെന്ന് വരുത്തിത്തീർക്കാൻ ഭരണാധികാരികൾ ശ്രമിക്കുകയാണെന്ന്‌ ഹർജിയിൽ ചൂണ്ടിക്കാട്ടി. Read on deshabhimani.com

Related News