തിരുവനന്തപുരം
പൂത്തുലഞ്ഞ മുന്തിവള്ളി പിടിച്ചുനിൽക്കാൻ വലിയ ഇഷ്ടമാണ് കെ സി പിള്ളയ്ക്ക്. അതിനായി പ്രായത്തിന്റെ അവശത മറന്ന് ഇടയ്ക്കിടെ വീടിന്റെ മട്ടുപ്പാവിലെത്തും. മുന്തിരിയോടുള്ള സ്നേഹം അറിഞ്ഞ നാട്ടുകാരും സുഹൃത്തുക്കളും ‘മുന്തിരി പിള്ള’യെന്ന വിളിപ്പേരും സമ്മാനിച്ചു. മുന്തിരിമാത്രമല്ല, മാതളനാരങ്ങയും വെള്ളരിയും വഴുതനയും പയറും കറ്റാർവാഴയുമെല്ലാം ഈ വൃദ്ധന്റെ പരിചരണത്തിൽ മട്ടുപ്പാവിൽ പച്ചപിടിച്ചുനിൽക്കുന്നു. തിരുവനന്തപുരം ശാസ്തമംഗലത്താണ് കെ സി പിള്ളയുടെ വീട്.
ബോർഡർ റോഡ് ഓർഗനൈസേഷനിലായിരുന്ന അദ്ദേഹം സ്വയം വിരമിച്ച ശേഷമാണ് മട്ടുപ്പാവ് കൃഷിയിലേക്ക് കടന്നത്. ആദ്യം സ്വന്തമായി കൺസ്ട്രക്ഷൻ കമ്പനി തുടങ്ങിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾകാരണം അത് ഉ പേക്ഷിച്ചു. അതോടെ വീട്ടിൽ വെറുതെയിരിക്കേണ്ടിവന്നപ്പോൾ ബോറടി മാറ്റാനാണ് ഒരു മുന്തിരിവള്ളി നട്ടത്. അവ വളരുന്നത് കൺകുളിർക്കെ കണ്ട അദ്ദേഹം പതുക്കെ അതിന്റെ പരിചാരകനും ‘സുഹൃത്തും’ ആയി. മുന്തിരി കായ്ച്ച് പഴുത്താൽ പറിച്ച് വീട്ടിൽ വരുന്നവർക്ക് നൽകും. എന്നാൽ, അത് വിൽപ്പനയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം പച്ചക്കറിയും തൈകളും വിൽക്കും. ആഴ്ചയിൽ 1500 രൂപയുടെയെങ്കിലും പച്ചക്കറി വിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജൈവവളവും ജൈവ കീടനാശിനിയുമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.
കൃഷിഭവന്റെ സഹായം വേണ്ടത്ര ലഭിക്കുന്നില്ലെന്ന പരിഭവം അദ്ദേഹത്തിനുണ്ട്. എന്നാൽ, പുറത്തുനിന്നുള്ള കൃഷി ഓഫീസർമാരായ മഞ്ജുവും ജോസഫും വ്യക്തിബന്ധത്തിന്റെപേരിൽ ചില നിർദേശങ്ങൾ നൽകാറുണ്ട്. കൃഷിവിദഗ്ധരും റിട്ട. ഉദ്യോഗസ്ഥരുമായ ഡോ. സായിറാം, ഡോ. ബാലചന്ദ്രൻ, ഡോ. രവി എന്നിവരുടെ സഹായവും കെ സി പിള്ള നന്ദിയോടെ ഓർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..