05 March Friday

മണ്ണിന്റെ ജീവന്‍ നിലനിര്‍ത്താന്‍

ആര്‍ വീണാറാണിUpdated: Thursday Oct 19, 2017

വിളകളുടെ ഉല്‍പ്പാദനക്ഷമത നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് മണ്ണ്. രാസവസ്തുക്കളുടെ അമിതോപയോഗം മണ്ണിനെ മരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുകയാണ്. സുരക്ഷിതവും ഉപകാരികളുമായ സൂക്ഷ്മജീവികളുടെ വംശവര്‍ധന, സുസ്ഥിര കാര്‍ഷിക വികസനത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നു. ഇ എം സാങ്കേതികവിദ്യയിലൂടെ സൂക്ഷ്മജീവികളുടെ എണ്ണം കൂട്ടാനും മണ്ണിന്റെ ജീവന്‍ തിരിച്ചുപിടിക്കാനും സാധിക്കും.

ഇ എം എന്ന ചുരുക്കപ്പരില്‍ അറിയപ്പെടുന്ന ഇഫക്ടീവ് മൈക്രോ ഓര്‍ഗാനിസം അഥവാ കാര്യക്ഷമമായ സൂക്ഷ്മജീവികളുടെ ഉപയോഗത്തിന് എണ്‍പതുകളുടെ തുടക്കത്തില്‍ ജപ്പാനിലാണ് തുടക്കംകുറിച്ചത്. ലാക്ടിക് ആസിഡ് ബാക്ടീരീയയും യീസ്റ്റും ഫോട്ടോട്രോപിക്ക് ബാക്ടീരിയയും ചേര്‍ന്ന കൂട്ടുമുന്നണിയാണ് ഇന്ന് ലോകംമുഴുവന്‍ വ്യാപിച്ചുകഴിഞ്ഞ ഇ എം.  ജനിതകമാറ്റം വരുത്താത്ത സൂക്ഷാമാണുക്കളാണ് ഇ എമ്മിന്റെ കരുത്ത്. പല ജൈവവളങ്ങളുടെയും ജൈവകീടനാശിനികളുടെയും അടിസ്ഥാന ഘടകമാണ് ഇ എം.

ഇ എം സ്റ്റോക് ലായനി ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇതുപയോഗിച്ച് തയ്യാറാക്കുന്ന ഇ എം2 ലായനി രണ്ടു മില്ലീലിറ്റര്‍ വെള്ളത്തില്‍ കലക്കി വിളകളുടെ ചുവട്ടില്‍ ഒഴിച്ചുകൊടുക്കാം. ഇതിനായി 100 മില്ലി ഇ എം സ്റ്റോക് ലായനി, 100ഗ്രാം കറുത്ത വെല്ലം, ഒന്നേമുക്കാല്‍ ലിറ്റര്‍ ശുദ്ധജലത്തില്‍ കലക്കിയതില്‍ ലയിപ്പിച്ച്, പ്രകാശവും ചൂടും കടക്കാത്ത സ്ഥലത്ത് 10 ദിവസം സൂക്ഷിക്കണം. ഇടയ്ക്ക് പാത്രത്തിന്റെ അടപ്പു തുറന്ന് വായുസഞ്ചാരം ഒഴിവാക്കണം.

ഇങ്ങനെ തയ്യാറാക്കുന്ന ഇ എം ലായനി ജൈവവളക്കൂട്ടുകളിലും ജൈവകീടനാശിനിയായും പ്രവര്‍ത്തിക്കും. ചെടികളുടെ വളര്‍ച്ച ത്വരപ്പെടുത്തുന്നതിനും ഇ എം 2 അത്യുത്തമമാണ്.

ചെറിയ ചെലവില്‍ നാടന്‍രീതിയില്‍ നമുക്കും ഇ എം തയ്യാറാക്കാം. ഇതിനായി 300 ഗ്രാംവീതം മത്തനും, പഴുത്ത പപ്പായയും  വാഴപ്പഴവും, 100 ഗ്രാം പയറിന്റെ വേരും ഒരുലിറ്റര്‍ വെള്ളത്തില്‍ അരച്ചുചേര്‍ക്കണം. ഇതില്‍ ഒരു കോഴിമുട്ട ഉടച്ച് ഒഴിച്ച് വായവട്ടം കുറഞ്ഞ പാത്രത്തില്‍ അടച്ച് 45 ദിവസം സൂക്ഷിക്കുക.  ഇങ്ങനെ തയ്യാറാക്കുന്ന ഇ എം 30 മില്ലി. ഒരുലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചുകൊടുക്കാം.

പറമ്പിലുള്ള ഓല ഉള്‍പ്പെടെയുളള ജൈവവസ്തുക്കള്‍ അരയടി കനത്തില്‍ അട്ടിയിട്ട് അതിനു മുകളിലായി പച്ചച്ചാണകം കലക്കിയതും, ഇ എം ലായനിയും തളിച്ചുവച്ചാല്‍, ഒന്നരമാസത്തിനകം ഒന്നാന്തരം കമ്പോസ്റ്റ് തയ്യാറാക്കാം.
തടത്തില്‍ ഒഴിച്ചുകൊടുക്കുന്ന ഇ എം ലായനി വേരിനുചുറ്റും സംരക്ഷിതവലയം തീര്‍ത്ത് വിളകളെ കീടരോഗബാധയില്‍നിന്ന്  സംരക്ഷിക്കും.

(കൃഷിവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖിക)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top