31 March Friday

മീന്‍പിടിത്തം ദുഷ്കരമാക്കുന്നു; വലകടിയന്‍ പന്നിക്കൂട്ടങ്ങളും മറ്റ് ഉപദ്രവകാരികളും

ഡോ. കെ എസ് പുരുഷന്‍Updated: Friday May 12, 2017

പരിചയസമ്പന്നരായ പരമ്പരാഗത മീന്‍പിടിത്തക്കാര്‍ ഈടുറ്റതും ഇണങ്ങിയതും അനുയോജ്യവുമായ വലകള്‍ സമര്‍ഥമായി പ്രയോഗിച്ചാണ് തീരക്കടലില്‍നിന്ന് സമൃദ്ധമായതോതില്‍ മത്സ്യം പിടിക്കുന്നത്. അക്ഷരാര്‍ഥത്തില്‍ വലയുടെ ഉറപ്പുതന്നെയാണ് മീന്‍പിടിത്തത്തിന്റെ ശക്തി-ദൌര്‍ബല്യങ്ങള്‍ നിര്‍ണയിക്കുന്ന സുപ്രധാന ഘടകം. മിക്കപ്പോഴും കൂട്ടത്തോടെ നീന്തിപ്പായുന്ന മത്സ്യപ്പറ്റങ്ങളെ മീന്‍പിടിത്തക്കാര്‍ കൌശലത്തോടെ വലയ്ക്കകത്താക്കിയാലും തുടര്‍ന്ന് അവയെ തന്ത്രപൂര്‍വം കോരിയെടുത്ത് വഞ്ചിയിലാക്കാന്‍ കിണഞ്ഞുപരിശ്രമിക്കേണ്ടിവരും. അതിനിടയില്‍ കടല്‍പ്പന്നിക്കൂട്ടങ്ങളും സ്രാവിനങ്ങളും അതിവേഗം പാഞ്ഞെത്തി തലങ്ങും വിലങ്ങും കടിച്ച് വല താറുമാറാക്കി തകൃതിയില്‍ അവയുടെ ഇരസമ്പാദിക്കുന്ന രംഗവും കാണാം. അതോടൊപ്പം വലയിലായ മത്സ്യങ്ങള്‍ അപ്പാടെ കീറിപ്പറിഞ്ഞ ദ്വാരങ്ങളിലൂടെ രക്ഷപ്പെടുന്ന കാഴ്ചയും അപൂര്‍വമല്ല.

മത്സ്യബന്ധനം മുഖ്യമായും നടത്തുന്നത് വിവിധതരം വലകള്‍ ഉപയോഗിച്ചാണ്. കോരുവല, കൊല്ലിവല, വട്ടവല, നീട്ടുവല, ഒഴുക്കുവല, കുരുക്കുവല, ചീനവല, ഊന്നിവല, വീശുവല എന്നിവ അവയില്‍ പ്രധാനപ്പെട്ടതാണ്. കടലില്‍ ഇവയൊക്കെ സമയാസമയങ്ങളില്‍ പ്രയോഗിക്കുമ്പോള്‍ മത്സ്യബന്ധനത്തിന് ദോഷംചെയ്യുന്ന പല അവസ്ഥകളും പ്രതിബന്ധങ്ങളും തരണംചെയ്യേണ്ടിവരും. വല കടിച്ചുകീറി കാര്യമായതോതില്‍ കേടുവരുത്തുന്നത് കടല്‍പ്പന്നി, സ്രാവ്, തിരണ്ടി എന്നീ ഇനങ്ങളാണ്. മത്സ്യപ്പറ്റങ്ങളോടൊപ്പം അകപ്പെടുന്ന ഇവയൊക്കെ വാലും ചിറകും ശക്തിയായി ചുഴറ്റിയും പല്ലും മുള്ളും ഉപയോഗിച്ചും വലയ്ക്ക് വലിയ ദ്വാരമുണ്ടാക്കിയാണ് അതിവേഗം രക്ഷപ്പെടുന്നത്.

വെറിയന്മാരായ കടല്‍പ്പന്നികളുടെയും മറ്റ് ഉപദ്രവകാരികളായ ജലജീവികളുടെയും ശല്യം പരമാവധി ഒഴിവാക്കാന്‍ മീന്‍പിടിത്തക്കാര്‍ പല തന്ത്രങ്ങളും അനുവര്‍ത്തിക്കാറുണ്ട്. ഏറ്റവും നൂതനമെന്നു വിശേഷിപ്പിക്കാവുന്ന ഇലക്ട്രോണിക് തരംഗങ്ങള്‍ വെള്ളത്തിലൂടെ പ്രവഹിപ്പിച്ച് പന്നികളെ തുരത്താന്‍കഴിയുന്നചെലവേറിയ ഉപകരണങ്ങള്‍ ചില പ്രമുഖ ഗവേഷണസ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും കടലിലെ അതിശക്തമായ ഒഴുക്കും വലിവും തരണംചെയ്ത് ഉദ്ദിഷ്ടഫലം പ്രദാനംചെയ്യാന്‍ അവയ്ക്കാകുന്നില്ല. ഇപ്പോഴത്തെ അവസ്ഥയില്‍, പന്നിക്കൂട്ടങ്ങളുടെ ആക്രമണം പ്രതിരോധിക്കാന്‍പറ്റിയ മറ്റൊരു പോളി എതിലിന്‍ നിര്‍മിത പ്രത്യേകതരം വല പ്രധാന വലയ്ക്കുചുറ്റുമായി വലയംചെയ്യാറുണ്ട്. അത് സാര്‍വത്രികമായ ഉപരിതലത്തില്‍ ഒരുപരിധിവരെ പൊക്കിനിര്‍ത്താന്‍ കഴിയുന്നവയാണെങ്കിലും അതിന്റെ ഏറ്റവും താഴ്ന്ന ബലഹീനമായ ഭാഗം മിന്നല്‍വേഗം നിരീക്ഷിച്ചറിഞ്ഞും ചാടിപ്പാഞ്ഞെത്തി അതിവേഗം വല കടിച്ചുകീറി അനായാസം ഇര സമ്പാദിക്കുന്ന ബുദ്ധി കടല്‍പ്പന്നികള്‍ പ്രകടിപ്പിക്കുന്നത് ആശ്ചര്യം ഉളവാക്കുന്നതാണ്. മെച്ചപ്പെട്ട പരിസ്ഥിതിക സാഹചര്യങ്ങളും  ഇരജീവികളുടെ സുലഭ്യതയും അന്വേഷിച്ച് വിശപ്പടക്കാന്‍ തീരക്കടലില്‍ വന്നെത്തുന്ന പന്നിക്കൂട്ടങ്ങളാണ് ഇത്തരം നാശം വരുത്തുന്നത്.

2004 ഡിസംബര്‍ 26ല്‍ സുനാമിക്കുശേഷം അമിതമായതോതില്‍ വലയില്‍ കുരുങ്ങിയ അപൂര്‍വനിറത്തിലുള്ള ഞണ്ടുകള്‍ വല അപ്പാടെ നശിപ്പിച്ചതായി പരാതിയുണ്ടായി. ചെറിയതോതിലാണെങ്കില്‍പ്പോലും വലയില്‍ കുരുങ്ങുന്ന ഞണ്ടുകള്‍ കടിക്കാലുകള്‍ ഉപയോഗിച്ച് വല പൊട്ടിക്കുകയും വല ഒന്നടങ്കം കെട്ടുപിണച്ച് മീന്‍പിടിത്തം തുടരാന്‍പറ്റാത്ത അവസ്ഥയിലാക്കാറുണ്ട്.

മത്സ്യബന്ധനത്തിന് വിഘാതംവരുത്തുന്ന വേറൊരിനമാണ് കടല്‍മാക്രി എന്നു വിശേഷിപ്പിക്കപ്പെടുന്ന തവളപ്പൊത്തലുകള്‍. പഫര്‍ ഫിഷ്  എന്നും ടോഡ് ഫിഷ് എന്നും അറിയപ്പെടുന്ന ഇവ വല കൊത്തിമുറിക്കുമെന്നു മാത്രമല്ല, വലയിലകപ്പെടുന്ന മീനിനെ നിമിഷങ്ങള്‍ക്കകം കാര്‍ന്നുതിന്നുന്ന സ്വഭാവക്കാരുമാണ്. ആയതിനാല്‍ കടല്‍ക്കഴുകന്മാരായി വര്‍ത്തിക്കുന്നു. അരംപോലുള്ള ഉടല്‍ഭാഗംവച്ച് ഉരസുന്നതുമൂലം വലയ്ക്ക് കാര്യമായ കേടുവരുത്തുകയും ചെയ്യും. അതുപോലെതന്നെ വലയ്ക്കും മീന്‍പിടിത്തത്തിനും ഭംഗംവരുത്തുന്ന മറ്റൊരിനമാണ് കല്ലാന്‍കോര. തിറാപ്പോണ്‍ വര്‍ഗത്തില്‍പ്പെട്ട ശവംകൊത്തി എന്നുകൂടി അറിയപ്പെടുന്ന ഉപദ്രവകാരി മത്സ്യമാണിത്. മിനുക്കുകടലാസിന് സമാനമായ തോതില്‍ പ്രവര്‍ത്തിക്കുന്ന അവയുടെ പരുപരുത്ത തൊലിയും ചെകിളകവചത്തിന്റെ മൂര്‍ച്ചയുള്ള പ്രതലങ്ങളും ഉരസുമ്പോള്‍ വല കീറിപ്പറിഞ്ഞുപോവുന്നതും ബുദ്ധിമുട്ടുളവാക്കുന്ന കാര്യമാണ്. എന്നിരുന്നാലും ഓരുമത്സ്യ ആവാസവ്യവസ്ഥയിലെ ശ്രദ്ധേയമായ ഒരു വര്‍ണമത്സ്യമായി ഇതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്.

ചുമക്കുറിച്ചിയെന്നും മുള്ളന്‍കുറിച്ചി എന്നും പേരുള്ള ട്രൈയക്കാന്തസ് എന്ന ഇനത്തിന്റെ മുള്ളു പിണഞ്ഞാല്‍ വലയാകെ പന്തുപോലെ ചുരുണ്ടുകൂടുന്ന ഗതികേടും ചിലപ്പോള്‍ ഉണ്ടായേക്കാം. വല്ലപ്പോഴുമൊക്കെ പാമ്പുകളും ചിലയിനം കൂരിയും വലയില്‍ ഉടക്കിയാല്‍ അന്നത്തെ മീന്‍പിടിത്തം വഴിമുട്ടിയതുതന്നെ. മാത്രവുമല്ല, വല നന്നാക്കുന്ന പരിചയസമ്പന്നരായ ആളുകള്‍ ഒട്ടേറെ യത്നിച്ചെങ്കിലേ കേടുപാടുപോക്കി അടുത്ത ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് ഇറങ്ങാന്‍ പറ്റു.
ഉള്‍നാടന്‍ മേഖലയില മീന്‍പിടിത്തത്തിന് പ്രശ്നമുണ്ടാക്കുന്ന മത്സ്യമല്ലാത്ത വേറൊരിനമാണ് കാഞ്ഞില്‍പൊത്ത് എന്നറിയപ്പെടുന്ന നീന്തല്‍ചൊറി. മെഡൂസ വര്‍ഗത്തില്‍പ്പെട്ട അവ ഓരുസീസണില്‍ ക്രമാതീതമായി പെരുകി കുടപോലെ നിവര്‍ന്ന് ജലോപരിതലത്തിലാകമാനം നീന്തിത്തുടിച്ച് വലയിലകപ്പെടുന്നതും മീന്‍പിടിത്തത്തിന് തടസ്സംവരുത്തുന്നു. വേനല്‍ക്കാല മൂര്‍ധന്യത്തില്‍ അവ ചത്ത് അഴുകുന്ന സന്ദര്‍ഭത്തില്‍ വമിക്കുന്ന വാതകവും ഗന്ധവുംമൂലം ഒരുപേക്ഷ, ജലാശയങ്ങളില്‍നിന്ന് ഇതര ഇനങ്ങള്‍ നിഷ്കാസനംചെയ്താലും അതിശയിക്കേണ്ടതില്ല.

സീസണ്‍ അനുകൂലമായാലും പ്രതികൂലമായാലും പരമ്പരാഗത മീന്‍പിടിത്തക്കാരന്‍ തൊഴിലിടങ്ങളില്‍ തരണംചെയ്യേണ്ടിവരുന്ന ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും അനവധിയാണ്. ഇക്കൂട്ടരുടെ സാമൂഹിക-സാമ്പത്തിക പുരോഗതി എപ്രകാരത്തില്‍ സാധ്യമാക്കാം എന്ന അന്വേഷണവും പോംവഴി കണ്ടെത്തലും ഏറെ പ്രസക്തമല്ലേ? (കാര്‍ഷിക സര്‍വകലാശാല റിട്ടയഡ് ഡീനും (ഫിഷറീസ്) ഫിഷറീസ് സര്‍വകലാശാല മുന്‍ പ്രൊഫസര്‍ ഓഫ് എമിനന്‍സുമാണ് ലേഖകന്‍)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top