21 February Thursday

ഔഷധഗുണമുള്ള കരിം കോഴികള്‍

ഡോ എം ഗംഗാധരന്‍നായര്‍Updated: Thursday Aug 6, 2015

 ഇന്ത്യന്‍ ജനുസ്സില്‍പ്പെട്ട കോഴിവര്‍ഗമാണ് കരിം കോഴികള്‍ അഥവാ "കടക്കനാത്ത്' എന്നറിയപ്പെടുന്നത്. മധ്യപ്രദേശിലെ ഗോത്രവര്‍ഗ കുടുംബാംഗങ്ങളാണ് ഇതിനെ വളര്‍ത്തിയിരുന്നത്. ഇന്ന് ഇന്ത്യയില്‍ പല ഭാഗങ്ങളിലും ഇതിനെ വളര്‍ത്തിവരുന്നു. "കാലിമാസി' അഥവാ കറുപ്പുനിറമുള്ള മാംസം തരുന്ന കോഴികള്‍ എന്നാണ് മധ്യപ്രദേശില്‍ അറിയപ്പെടുന്നത്. മറ്റ് കോഴികളെപ്പോലെ ഇളം "ഗാലസ് ഗാലസ് ഡൊമസ്റ്റിക്ക്സ്' കുടുംബത്തില്‍പ്പെട്ടതാണ്.

ഇവ മൂന്ന് ഇനങ്ങളായാണ് കാണുന്നത്. 1. ഗോള്‍ഡന്‍ 2. പെന്‍സില്‍ഡ് 3. ജെറ്റ്ബ്ലാക്ക് (കൂടുതല്‍ പ്രചാരമുള്ള ഇനമാണിത്).

പ്രത്യേകതകള്‍പ്രതിരോധശക്തി കൂടുതലാണ്. ഏതു കാലാവസ്ഥയിലും ഇണങ്ങിജീവിക്കും. സ്വാദിഷ്ടമായ കറുപ്പുനിറമുള്ള മാംസം ലൈംഗികാസക്തി കൂട്ടുമെന്ന് പഠനം. കറുത്ത തൂവലുകള്‍, കറുത്ത കാലുകളും നഖവും. കറുപ്പുനിറത്തിലുള്ള കൊക്ക്, നാവ്, പൂവുകള്‍ എന്നിവ. എല്ലുകളും അന്തരികാവയവങ്ങളും ഇരുണ്ടനിറം. ശരീരത്തില്‍ "മെലാനിന്‍' പിഗ്മെന്റ് കൂടുതലായി കാണുന്നതിലാണ് കറുപ്പുനിറം വരുന്നത്. പോഷകഗുണങ്ങള്‍പ്രോട്ടീന്‍ 25 ശതമാനം. മറ്റു കോഴികളില്‍ 18-20 ശതമാനം. കൊഴുപ്പ് 0.73 മുതല്‍ 1.03 ശതമാനംവരെ. മറ്റുള്ളവയില്‍ 13 മുതല്‍ 25 ശതമാനം. കൊളസ്ട്രോള്‍ 100 ഗ്രാമില്‍ 184.75 മി.ഗ്രാം. മറ്റുള്ളവയില്‍ ഇത് 218.12 മി.ഗ്രാം. അമിനോ ആനിസ് വളരെ കൂടുതലാണ്. ഇത്മനുഷ്യര്‍ക്ക് അത്യാവശ്യമായിട്ടുള്ളതുമാണ്. ഹോര്‍മോണുകളുടെ അളവ് വളരെ കൂടുതലാണ്. ജീവകങ്ങളായ ബി1, ബി2, ബി6, ബി12, സി, ഇ നിയാസിന്‍ കൂടാതെ ഫോസ്ഫറസ്, ഇരുമ്പ്, നിക്കോട്ടിനിക് ആസിഡ് എന്നിവയും കൂടുതലായുണ്ട്.

ഔഷധഗുണങ്ങള്‍
 മൈസൂരിലുള്ള സെന്‍ട്രല്‍ ഫുഡ് ആന്‍ഡ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. ഇതിന്റെ മാംസത്തിലുള്ള "മെലാനിന്‍' രക്തക്കുഴലുകളെ വികസിപ്പിക്കുകയും കൂടുതല്‍ രക്തം ഹൃദയത്തിലേക്കെത്തിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതുകൊണ്ട് ഹൃദയസംബന്ധമായ രോഗികള്‍ക്ക് കരിം കോഴികളുടെ മാംസം നല്ലതാണ്. ഞരമ്പുരോഗവുമായി ബന്ധപ്പെട്ട് ഹോമിയോപ്പതിയില്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. സ്ത്രീകളില്‍ വന്ധ്യതാനിവാരണ ചികിത്സ, ഗര്‍ഭം അലസാതിരിക്കാന്‍ എന്നിവയില്‍ ഗുണകരമാണെന്ന് കണ്ടിട്ടുണ്ട്. ഇതിന്റെ മുട്ടകള്‍ ആസ്ത്മ, വൃക്കരോഗങ്ങള്‍, സഹിക്കാന്‍പറ്റാത്ത തലവേദന എന്നിവയ്ക്ക് ഗുണകരമാണ്. ആലുവയിലുള്ള തോട്ടയ്ക്കാട്ടുകര, ന്യൂ ലെയ്ന്‍, പണയില്‍ ഹൗസിലെ മാര്‍ട്ടിന്‍ എന്ന ആള്‍ ഏകദേശം അമ്പതോളം കരിം കോഴികളെ വളര്‍ത്തുന്നുണ്ട്. ഇവയ്ക്ക് ഒരുമാസംവരെ സ്റ്റാര്‍ട്ടര്‍തീറ്റയും പിന്നീട് ഗ്രോവര്‍, ചോളത്തവിട്, അരി, ഗോതമ്പ്, പച്ചിലകള്‍ എന്നിവ കൊടുത്ത് വളര്‍ത്തുന്നു. ആറുമാസമായപ്പോള്‍ മുട്ടയിട്ടു തുടങ്ങി. ഇവയുടെ മുട്ടയ്ക്കും കോഴികള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്.

(മൃഗസംരക്ഷണവകുപ്പ് റിട്ടയഡ് ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകന്‍)

പ്രധാന വാർത്തകൾ
 Top