30 September Saturday

ഭക്ഷ്യസുരക്ഷയും മരച്ചീനിയും

എം കെ പി മാവിലായിUpdated: Thursday Jun 11, 2020


നമ്മുടെ നാടാകെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് എത്തേണ്ടതിന്റെ ആവശ്യകത ഇന്ന് എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഭക്ഷ്യക്ഷാമം കൊടുമ്പിരികൊണ്ടിരുന്ന കാലത്തെല്ലാം നമ്മുടെ രക്ഷയ്‌ക്കെത്തിയിരുന്നത് മരച്ചീനിയായിരുന്നു. അരിയുടെയും മറ്റും ലഭ്യതയിലുണ്ടാകുന്ന കുറവ് നികത്തുന്നതിന് നമുക്ക് ആശ്രയിക്കാവുന്നത് കിഴങ്ങ് വിളകളെയാണ്. നമ്മുടെ കാലാവസ്ഥയും മറ്റു സാഹചര്യങ്ങളുമെല്ലാം കിഴങ്ങ് കൃഷിക്ക് അനുയോജ്യവുമാണ്.

തരിശ് ഭൂമികളെല്ലാം കൃഷിയോഗ്യമാക്കുക എന്ന വലിയ സ്വപ്നമാണ് ഈ കൊറോണക്കാലത്ത് നടപ്പിലാക്കുന്ന സുഭിക്ഷാപദ്ധതിയിലൂടെ സംസ്ഥാന സർക്കാർ മുന്നോട്ട് വയ്‌ക്കുന്നത്. മഴക്കാലാരംഭത്തോടെ ഇടവിളകളായും തനിവിളകളായും നാടിന്റെ നാനാഭാഗത്തും മരച്ചീനി കൃഷിക്കായി സ്ഥലമൊരുക്കി തുടങ്ങി. എന്നാൽ അധികം പേരേയും അലട്ടുന്ന മുഖ്യ പ്രശ്നങ്ങളിലൊന്നാണ് നടീൽ വസ്തുക്കളുടെ ദൗർലഭ്യം. രോഗകീടബാധയേൽക്കാത്ത ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ ആവശ്യത്തിന് ലഭിക്കുക എന്നത് പ്രധാനം. 

ഈയൊരു സാഹചര്യത്തിൽ കേന്ദ്ര കിഴങ്ങ് വർഗ ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത ‘മിനിസെറ്റ് ടെക്‌നിക്ക് ' രീതിക്ക് പ്രാധാന്യം വർധിച്ചിരിക്കുന്നു. സാങ്കേതിക സങ്കീർണത ഒന്നുമില്ലാതെ എളുപ്പം ആർക്കും ചെയ്യാവുന്ന രീതിയാണിത്. മിനിസെറ്റ് രീതി മുഖേന ദ്രുതഗതിയിൽ നടീൽ വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്നതിന് മൂപ്പെത്തിയതും രോഗബാധയില്ലാത്തതുമായ മരച്ചീനി കമ്പുകൾ തെരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഈ കമ്പുകളിൽനിന്ന് രണ്ടു മുകുളങ്ങളുള്ള ഏതാണ്ട് നാല്, - അഞ്ച് സെന്റീമീറ്റർ നീളമുളള ചെറിയ കഷണങ്ങളാക്കി മൂർച്ചയുളള ഒരു ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുക്കണം.

ഒരു മീറ്റർ വീതിയിലും അനുയോജ്യമായ നീളത്തിലും തയ്യാറാക്കിയ വാരങ്ങളി (തവാരണകൾ)ൽ ഈ ചെറിയ കഷണങ്ങൾ മുകുളങ്ങൾ ഇരു വശങ്ങളിലും വരത്തക്ക രീതിയിൽ മണ്ണിനടിയിൽ അരയിഞ്ച് ആഴത്തിൽ തിരശ്ചീനമായി (കിടത്തി) നടണം. ഭാഗികമായ തണൽ ലഭിക്കുന്ന സ്ഥലത്താണ് വാരങ്ങൾ ഒരുക്കേണ്ടത്. 35 ശതമാനം തണൽ നൽകുന്ന ഷേഡ് നെറ്റ് ഹൗസും ഇതിനായി ഉപയോഗിക്കാം. ഈർപ്പം നിലനിർത്താനായി ഇടവിട്ട് നനയ്‌ക്കണം. ഏതാണ്ട് ഒരാഴ്ച കൊണ്ട് മിനി സെറ്റുകൾ മുളച്ച് തുടങ്ങും. ഏതെങ്കിലും രോഗലക്ഷണങ്ങളുള്ള തൈകൾ ഉണ്ടെങ്കിൽ പിഴുതുമാറ്റണം. മുളച്ച ചെറുകമ്പുകൾ മൂന്നു മുതൽ നാലാഴ്ച കഴിയുമ്പോൾ നടീലിന് പാകമാകും. 

മുൻകൂട്ടി തയ്യാറാക്കിയ സ്ഥലത്ത് 45 സെന്റീമീറ്റർ അകലത്തിൽ ഇവ നടാം. പറിച്ചു നടുമ്പോൾ കഴിവതും വേരുകൾക്ക് ക്ഷതമേൽക്കാതിരിക്കാനും പൊടിപ്പുകൾ നഷ്ടപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കാലവർഷത്തിന്റെ ഏത് കാലത്തും ഈ മിനി സെറ്റ് തൈകൾ നടാവുന്നതാണ്.
പരമ്പരാഗത രീതിയിൽ ഒരേക്കർ സ്ഥലേക്ക് 1000 കമ്പുകൾ വേണ്ടി വരുമ്പോൾ മിനി സെറ്റ് രീതിയനുസരിച്ച് 330 കമ്പുകൾ മതിയാകും. ആയിരം കമ്പിൽ നിന്നും 5000 കഷണങ്ങൾ മുറിച്ച് ഒരേക്കറിൽ നടുന്നതിനു പകരം മിനി സെറ്റ് രീതി പ്രകാരം 330 കമ്പുകളിൽനിന്നും 20,000 തൈകൾ ഒരേക്കറിൽ നടാൻ സാധിക്കും. പരമ്പരാഗതരീതിയിൽ കമ്പുകൾ തമ്മിലും വരികൾ തമ്മിലും 75 സെന്റീമീറ്റർ അകലം നൽകി നടുമ്പോൾ മിനി സെറ്റ് രീതിയിൽ വരികൾ തമ്മിലും ചെടികൾ തമ്മിലും 45 സെന്റീമീറ്റർ അകലം നൽകി നടാനാണ് കേരള കാർഷിക സർവകലാശാലയും ശുപാർശ ചെയ്യുന്നത്.

(വയനാട് എം എസ് സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ സീനിയർ കൺസൾട്ടന്റാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top