20 September Thursday

ചരിത്രത്തിലേക്ക് ചുവടുവച്ച് ഇന്ദു മല്‍ഹോത്ര; ഇന്ന് സ്ഥാനമേല്‍ക്കും

വെബ് ഡെസ്‌ക്‌Updated: Friday Apr 27, 2018

ന്യൂഡൽഹി > ചരിത്രത്തിലാദ്യമായി സുപ്രീംകോടതി ജഡ്ജിയാകുന്ന മുതിർന്ന അഭിഭാഷകയെന്ന ഖ്യാതി ഇന്ദു മൽഹോത്രയ്ക്ക് സ്വന്തം. നിരവധി സാമൂഹ്യ, മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെട്ട പരിചയവുമായിട്ടാണ് ഇന്ദു മൽഹോത്ര പരമോന്നതകോടതിയുടെ ജഡ്ജി പദവിയിൽ എത്തുന്നത്. വെള്ളിയാഴ്ച അവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സർക്കാരിതരസംഘടനയായ സേവ് ലൈഫ് ഫൗണ്ടേഷൻ അഭിഭാഷകയായിരുന്ന ഇന്ദു മൽഹോത്രയുടെ ഇടപെടലിലൂടെയാണ് റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ രക്ഷിക്കാൻ ആവശ്യമായ മാർഗനിർദേശം സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് എതിരായ ലൈംഗികാതിക്രമം തടയാൻ സുപ്രീംകോടതി നിർദേശപ്രകാരം രൂപീകരിച്ച വിശാഖകമ്മിറ്റിയിൽ ഇന്ദു മൽഹോത്രയും അംഗമായിരുന്നു. ചലച്ചിത്രമേഖലയിൽ വനിതാമേക്കപ്പ് ആർട്ടിസ്റ്റുകൾ നേരിടുന്ന വിവേചനങ്ങളെ കുറിച്ച് പഠിക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയിലും അവർ അംഗമായി.

സ്ത്രീധനപീഡനക്കേസുകളിൽ അറസ്റ്റുകൾക്ക് മാർഗനിർദേശം പുറപ്പെടുവിച്ച കോടതി ഉത്തരവിന് എതിരായ അപ്പീലുകളിൽ സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയമിച്ചതും ഇന്ദു മൽഹോത്രയെയാണ്. അഭിഭാഷകരുടെ കുടുംബത്തിൽ ജനിച്ച ഇന്ദു മൽഹോത്ര 1983ലാണ് അഭിഭാഷകജോലി തുടങ്ങുന്നത്. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും നിയമവിദഗ്ധനുമായ പിതാവ് ഓംപ്രകാശ് മൽഹോത്രയാണ് നിയമരംഗത്തേക്ക് പ്രവേശിക്കാൻ പ്രചോദനമേകിയതെന്ന് അവർ പറയുന്നു. 2007ൽ സുപ്രീംകോടതി അവർക്ക് മുതിർന്ന അഭിഭാഷകപദവി നൽകി. 1977ൽ ലൈല സേത്തിനായിരുന്നു ആദ്യമായി മുതിർന്ന അഭിഭാഷക എന്ന പദവി ലഭിച്ചത്.

ഡൽഹിയിൽ മൂന്നരപ്പതിറ്റാണ്ടോളം അഭിഭാഷകജോലിയിൽ തുടർന്ന ഇന്ദു മൽഹോത്ര അന്താരാഷ്ട്ര വാണിജ്യതർക്കപരിഹാര കേസുകളിലും ഹാജരായിട്ടുണ്ട്. സുപ്രീംകോടതി ജഡ്ജിയാകുന്ന ഏഴാമത്തെ വനിതയാണ് ഇന്ദുമൽഹോത്ര. നിലവിൽ ജസ്റ്റിസ് ആർ ഭാനുമതി മാത്രമാണ് സുപ്രീംകോടതിയിലെ വനിതാപ്രതിനിധി. ഇന്ദു മൽഹോത്രകൂടി പരമോന്നതകോടതിയിൽ എത്തുന്നതോടെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള നിയമഇടപെടലുകൾ ശക്തമാകുമെന്ന പ്രതീക്ഷയുമുണ്ട്.

പ്രധാന വാർത്തകൾ
Top