22 March Thursday

മിനിയുടെ സ്വപ്നങ്ങള്‍ക്ക് ബുള്ളറ്റിന്റെ വേഗത

ഇന്ദുകേഷ് തൃപ്പനച്ചിUpdated: Wednesday Sep 20, 2017
ആത്മവിശ്വാസവും ധൈര്യവും വേറിട്ടെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമുണ്ടെങ്കിൽ സ്ത്രീക്കും എത്ര കഠിനമായ പ്രവൃത്തിയും ചെയ്യാമെന്നും 
മിനി സാക്ഷ്യപ്പെടുത്തുന്നു. ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് ഭൂമിയിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ വാസസ്ഥലമായ ലഡാക്ക് ഉൾപ്പെടുന്ന ഹിമാലയൻ മലമ്പ്രദേശത്ത് ബുള്ളറ്റ് റൈഡിന് ജീവൻ പണയപ്പടുത്തിയും മിനി ഇറങ്ങി
 

റോഡിലെ ഇരുചക്ര രാജാവായ റോയൽ എൻഫീൽഡ് ബുള്ളറ്റ് കുതിച്ചുപായുമ്പോൾ പൊടിക്കാറ്റിനൊപ്പമുയരുന്നത് ഒരു സാധാരണ സ്ത്രീയുടെ അസാധാരണ ചങ്കൂറ്റധ്വനികളാണ്. കാൽനൂറ്റാണ്ടിലേറെയായി, കരുത്താർന്ന ബുള്ളറ്റിൽ മിനി സാഹസികതയുടെ ദൂരങ്ങൾ താണ്ടി ആത്മവിശ്വാസത്തിന്റേയും ധീരതയുടേയും ചക്രപ്പാടുകൾ തീർക്കുന്നു.

ലക്ഷ്യങ്ങൾ കീഴടക്കുന്ന ധീരത

 
മിനി അഗസ്റ്റിൻ എന്ന 51 കാരിയായ കോഴിക്കോട്ടെ കനറാ ബാങ്ക് മാനേജർ കണക്കുകളുടെ മുഷിപ്പിക്കുന്ന ലോകത്തുനിന്ന് സാഹസികതയുടെ അമ്പരപ്പിക്കുന്ന നെടുംപാതകളിലേക്ക് ബൈക്കോടിക്കുന്നതിനു പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്. ആത്മവിശ്വാസവും ധൈര്യവും വേറിട്ടെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവുമുണ്ടെങ്കിൽ സ്ത്രീക്കും എത്ര കഠിനമായ പ്രവൃത്തിയും ചെയ്യാമെന്നും മിനി സാക്ഷ്യപ്പെടുത്തുന്നു. 
 
ഒട്ടേറെ പ്രതിബന്ധങ്ങൾ തരണം ചെയ്ത് ഭൂമിയിലെ ഏറ്റവും തണുപ്പേറിയ രണ്ടാമത്തെ വാസസ്ഥലമായ ലഡാക്ക് ഉൾപ്പെടുന്ന ഹിമാലയൻ മലമ്പ്രദേശത്ത് ബുള്ളറ്റ് റൈഡിന് ജീവൻ പണയപ്പടുത്തിയും മിനി ഇറങ്ങി. എൻഫീൽഡ് ഇന്ത്യ കഴിഞ്ഞ 50 വർഷമായി നടത്തുന്ന ബൈക്ക് റൈഡായ 'ഹിമാലയൻ ഒഡീസി'യുടെ 14ാമത് എഡിഷനിലാണ് മിനി പങ്കെടുത്തത്. ഇക്കഴിഞ്ഞ ജൂലൈ 822 വരെയുള്ള റൈഡിൽ 4 വനിതകളടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നായി 61 പേരാണ് സാഹസികതയുടെ പര്യായമായി മാറിയത്. ഇതിൽ കേരളത്തിൽനിന്ന് മിനി മാത്രം. 4 പേർ അപകടങ്ങളും ശാരീരികാസ്വാസ്ഥ്യവും മൂലം റൈഡ് പൂർത്തിയാക്കിയില്ല. 15 ദിവസം കൊണ്ട് 2,210 കിലോമീറ്ററാണ് മിനിയും സംഘവും താണ്ടിയത്. 
 
പറന്നുനടക്കാൻ 'തണ്ടർബേഡ്'
 
മിനി കോയമ്പത്തൂരാണ് പഠിച്ചതും വളർന്നതും. ബുള്ളറ്റിനോടുള്ള പ്രണയത്തിന് കാരണമായത് ഭർത്താവും കോഴിക്കോട്ടെ കസ്റ്റംസ്സെൻട്രൽ എക്‌സൈസ് ഉദ്യോഗസ്ഥനുമായ ബിജുപോൾ തന്നെ. ചെന്നൈയിൽ മിനി ബാങ്ക് ഉദ്യോഗസ്ഥയും ബിജു കസ്റ്റംസ് ഉദ്യോഗസ്ഥനുമായിരുന്ന 1994 കാലഘട്ടം. ചെറുപ്പംതൊട്ടേ ബുള്ളറ്റ് ആരാധകനായ ബിജുവിന്റെ ബൈക്കിലായിരുന്നു മിനിയെ ജോലിസ്ഥലത്ത് കൊണ്ടുവിട്ടിരുന്നതും തിരിച്ചു കൊണ്ടുവന്നിരുന്നതും. എന്നാൽ ജോലിത്തിരക്കു മൂലം പലപ്പോഴും ബിജുവിന് സമയത്തിന് മിനിയെ സഹായിക്കാനായില്ല.  ഒരുനാൾ ബിജു സഡൺ ബ്രേക്കിട്ട്ു പറഞ്ഞു; 'വണ്ടി ഞാൻ മേടിച്ചുതരാം. നീ വണ്ടി പഠിക്കണം. ഇനി നീ സ്വന്തം ബൈക്കിൽ പോയാൽ മതി.''
 
പ്രിയതമന്റെ വാക്കുകളിൽ ഇത്തിരി പരിഹാസം കലർന്ന ആൺഗർവ്വില്ലേ എന്നായി മിനിയുടെ ചിന്ത. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ തിരക്കേറിയ റോഡിൽ തന്റെ ദേഹത്ത് ചെളിതെറിപ്പിച്ച് പാഞ്ഞുപോയ കാറിനെ തന്റെ കൊച്ചുസൈക്കിളിൽ പിന്തുടർന്ന് തളർന്നുവീണ മിനി എന്ന വലിയ ധൈര്യത്തിന് പിന്നെ മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. എൻഫീൽഡിന്റെ 'തണ്ടർ ബേഡ്' എന്ന 500 സി സി ടൂർ ബൈക്കുതന്നെ മിനി സ്വന്തമാക്കി. പിന്നെ ദിവസങ്ങളോളം ബിജുവിന്റെ കഠിന പരിശീലനം. പത്തുദിവസം കൊണ്ട് ബൈക്ക് വഴങ്ങി. അവധിദിനങ്ങളിൽ ചെന്നൈയിലെ മൈതാനങ്ങളിലും തിരക്കില്ലാത്ത റോഡുകളിലും ബുള്ളറ്റിനെ മെരുക്കാനുള്ള തിരക്കിലായി മിനി. ഇത് പക്ഷേ ബിജുവിനെ അമ്പരപ്പിക്കുകതന്നെ ചെയ്തു.
 
ആദ്യകാലത്ത് ബുള്ളറ്റിനോട് എന്തൊ ഒരു അനിഷ്ടം മനസ്സിലുണ്ടായിരുന്നെന്ന് മിനി പറയുന്നു. കാരണം മറ്റൊന്നുമല്ല, പഴയ സിനിമകളിലെ വില്ലന്മാരുടെ സ്ഥിരം ബൈക്കായിരുന്നു ബുള്ളറ്റ്. വില്ലന്മാർ എല്ലാ തിന്മകളും ചെയ്യാൻ കുതിച്ചുവരുന്നത് ബുള്ളറ്റിലായിരുന്നല്ലൊ. എന്നാൽ ഹിന്ദി സിനിമയിലും മറ്റുമുള്ള ചില നായികമാർ ബുള്ളറ്റിൽ കുതിച്ച് നന്മ വിതക്കുന്നതു കണ്ടപ്പോൾ കാലക്രമേണ ഈ അകൽച്ച മാറി. അച്ഛനമ്മമാർ താമസിക്കുന്ന കോയമ്പത്തൂരിലേക്കും തിരിച്ചുമുള്ള 400 കിലോമീറ്റർ യാത്രയാണ് തന്നെ ശരിയ്ക്കും ഒരു ബുള്ളറ്റ് എക്‌സ്പർട്ട് ആക്കിയതെന്ന് മിനി പറയുന്നു. 

ഉയരങ്ങളിലേക്ക്
 
മിനിയും ബിജുവും കോഴിക്കോട്ടുനിന്ന് ട്രെയിനിലാണ് ബുള്ളറ്റ് ഡൽഹിയിലെത്തിച്ചത്. ഡൽഹിയിലെ ഇന്ത്യാ ഗേറ്റിനു മുന്നിൽനിന്നാണ് 61 അംഗ സംഘം ഹിമാലയ പാതകളിലേക്ക് യാത്രതിരിച്ചത്. സമാപനം ചണ്ഡിഗഡിലും. ഡൽഹിയിൽനിന്ന് മണാലി, മണ്ഡി വഴിയായിരുന്നു യാത്ര. കൊടുംതണുപ്പിലും ദുർഘട ഭൂപ്രദേശത്തും ജീവൻപണയം വച്ച് നമ്മുടെ രാജ്യം കാക്കുന്ന സൈനികരുടെ ആത്മധൈര്യം വലിയ ഊർജമായെന്ന് യാത്രയെക്കുറിച്ച് മിനി പറയുന്നു. എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് വർഷം മുഴുവൻ ഇത്തരം പ്രതികൂല കാലാവസ്ഥയിൽ കഴിയുന്ന സൈനികരെ ഓർക്കുമ്പോൾ ഇതൊന്നും ഒന്നുമല്ലെന്നും മിനി നെടുവീർപ്പിടുന്നു. ഹിമാലയൻ പാതകളിലെ ഏറ്റവും വലിയ വെല്ലുവിളി ഓക്‌സിജന്റെ കുറവായിരുന്നെന്ന് മിനി പറയുന്നു. 10,000 അടിയ്ക്കു മുകളിൽ ഓക്‌സിജൻ ലഭ്യത കുറയും. ഉയരം കൂടുന്തോറും അളവ് കുറഞ്ഞുവരും. ഇതിനായി പലയിടങ്ങളിലും എൻഫീൽഡ് കമ്പനി ഓക്‌സിജൻ പാർലറുകൽ സജ്ജീകരിച്ചിരുന്നു. 
 
ചാങ് ലാ പാസിനടുത്ത ടാങ് ലാങ്ലായിലായിരുന്നു ഏറെ വെല്ലുവിളി. ലോകത്തെ ഏറ്റവുമുയരമേറിയ രണ്ടാമത്തെ വാഹന ഗതാഗത പാതയാണിത്. ഉയരം 17,590 അടി. ഇവിടെ പലരും ബോധരഹിതരായി വീണു. കടുത്ത ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടായെങ്കിലും മനസിന്റെ ധൈര്യവും ആത്മവിശ്വാസവും ഒന്നുകൊണ്ടുമാത്രമാണ് യാത്ര തുടരാനായതെന്ന് മിനി ഓർക്കുന്നു. നിയതമായ ഭൂപ്രദേശമല്ലായിരുന്നു ഹിമാലയൻ പാതകൾ. നാലുഭാഗവും വൻ പർവതങ്ങൾ അതിരിട്ടുനിൽക്കുന്നതും ചെങ്കുത്തായ താഴ്‌വാരങ്ങളും ഇടുങ്ങിത്തകർന്ന റോഡുകളും ഇടയ്ക്കിടെയുള്ള മലവെള്ളപ്പാച്ചിലുമെല്ലാം കൊണ്ട് അത്യന്തം അപകടകരമായ പാതകളായിരുന്നു താണ്ടേണ്ടിയിരുന്നത്. എപ്പോഴാണ് മണ്ണിടിച്ചിലുണ്ടായി റോഡുപോലും അപ്രത്യക്ഷമാകുന്നതെന്നറിയില്ല. സർച്ചുലേയിലെ 'ഷൂട്ടിങ് സ്‌റ്റോൺസ്'എന്ന സ്ഥലത്തെത്തിയപ്പോൾ ശക്തമായ കല്ലേറുണ്ടായി. ഉയരങ്ങളിലെ മലനിരകളിൽ നിന്നടർന്നുമാറി താഴേക്കു പതിക്കുന്ന കല്ലുകളാണിത്. വലിയ കല്ലുകളിൽനിന്ന് രക്ഷപ്പെടാൻ നന്നേ പാടുപെട്ടു. 
 
ഉയരംകൂടുമ്പോൾ അനുഭവപ്പെടുന്ന ശക്തമായ തലവേദന, ഛർദി, വിശപ്പില്ലായ്മ, തലചുറ്റൽ എന്നിവയേയും തരണം ചെയ്യേണ്ടിവന്നെന്നും മിനി പറയുന്നു. പിന്നീട്, 18,380 അടി ഉയരത്തിലുള്ള ഖാർദൂംലായിലേക്ക്. ലോകത്തെ ഏറ്റവും ഉയരമേറിയ വാഹന ഗതാഗത പാതയാണിത്. അവിടെയെത്തിയപ്പോൾ ഓക്‌സിജന്റെ അളവ് തീരേ കുറഞ്ഞ് ഏറെ പ്രയാസപ്പെട്ടെന്നും ഒരുവേള മരിച്ചുപോകുമോ എന്നുപോലും ഭയപ്പെട്ടെന്നും മിനി നെടുവീർപ്പിടുന്നു. കുറേ കഴിഞ്ഞാണ് അവിടേക്ക് ഓക്‌സിജൻ പാർലറുമായി ഹെൽപ് വെഹിക്കിൾ എത്തുന്നത്. ഹിമാലയൻ പാതകളിലെ ഏറ്റവും അത്ഭുതകരമായ പ്രദേശമാണ് നുബ്ര വാലി. രാജ്യത്തെ ഏക തണുത്ത മരുഭൂമിയാണിത്. രണ്ട് പൂഞ്ഞകളുള്ള 'ബാക്ട്രിയൻ' ഒട്ടകമാണിവിടുത്തെ പ്രധാന മൃഗം. 
 
സഫലമാക്കണം സ്വപ്‌നങ്ങൾ
 
നിങ്ങൾക്കൊരു തീവ്രമായ സ്വപ്‌നമുണ്ടെങ്കിൽ ലോകത്തെ യാതൊന്നിനും നിങ്ങളെ തോൽപ്പിക്കാനാകില്ല' എന്ന് മിനി സ്ത്രീകൾക്കായി പറഞ്ഞുവയ്ക്കുന്നു. 'നമ്മുടെ സ്ത്രീകൾക്ക് എല്ലാവിധ കഴിവുകളും ഉണ്ട്. പക്ഷേ, കുടുംബിനി ആയാൽപ്പിന്നെ പലരും ഇത്തരം കഴിവുകൾ തട്ടിൻപുറത്തിട്ട് കുടുംബത്തിനായി ത്യാഗം ചെയ്യുകയാണ്. വാഹനം, പ്രത്യേകിച്ച് ഇരുചക്രം ഓടിക്കുന്നത് കുറച്ചുകാലം മുമ്പുവരെ പുരുഷന്മാരുടെ കുത്തകയായിരുന്നെങ്കിൽ ഇന്ന് ഒട്ടേറെ സ്ത്രീകൾ സ്വന്തമായി സ്‌ക്ൂട്ടർ ഓടിക്കുന്നത് വലിയ വിപ്ലവം തന്നെയാണ്. ഒന്നുമില്ലേലും തന്റെ ആവശ്യങ്ങൾക്ക് ഭർത്താവിനെയോ മറ്റോ കാത്തിരിക്കേണ്ടല്ലൊ.' 
 
കേരളത്തിനു പുറത്തായതിനാലാണ് തനിക്കിങ്ങനെ ബുള്ളറ്റ് ഓടിക്കാനുമൊക്കെ പറ്റുന്നതെന്നുപറയുന്ന മിനി കോഴിക്കോട്ടേയും മറ്റും ബൈക്ക് പൂവാലന്മാരെക്കുറിച്ച് അസ്വസ്ഥയാണ്. 'കോയമ്പത്തൂർ പോലുള്ള ദീർഘയാത്രകളിൽ ജീൻസും ടോപ്പുമൊക്കെയാണ് ധരിക്കാറെങ്കിലും ബാങ്കിലേക്ക് പോകുമ്പോൾ ചുരിദാറാണ് ഉപയോഗിക്കുന്നത്. ഒരു പെണ്ണ് ബുള്ളറ്റിൽ പറക്കുന്നെടാ... പിറകെ കത്തിച്ചുവിടെടാ മച്ചാനേ... എന്നൊക്കെയാണ് കമന്റ്. മിക്കവാറും എനിക്ക് പൂവാലന്മാരുടെ എസ്‌കോർട്ട് ലഭിക്കുന്നതിനാൽ ഞാനിപ്പോൾ ഒരു വിഐപി ആണ്. കോഴിക്കോട്ടെ ട്രാഫിക്കിനിടയിൽ പെണ്ണാണെന്ന് തിരിച്ചറിഞ്ഞാൽപ്പിന്നെ ഇത്തരക്കാരുടെ ബൈക്കുകൾ എന്നെ പിന്തുടരും. ഒരിക്കലും അവർ ഓവർടേക്ക് ചെയ്യില്ല. മുന്നിൽ ഞാനും പിറകിൽ ഒരു എട്ടുപത്ത് പൂവാല ബൈക്കുകളും. കാണുന്നവർ ചിന്തിക്കും ഇതെന്താ ബൈക്ക് റാലിയാണോ എന്ന്'പൊട്ടിച്ചിരിക്കിടയിൽ മിനി പറഞ്ഞു. 
 
കോയമ്പത്തൂർ യാത്ര ഏറെ രസകരമാണ്. അവിടെയുമുണ്ട് പൂവാല ശല്യം. ദീർഘദൂര യാത്രയ്ക്ക് ജീൻസും ഓവർകോട്ടും ഹെൽമറ്റുമൊക്കെയായി ആദ്യ കാഴ്ചയിൽ പുരുഷൻ എന്ന് തോന്നിപ്പിക്കുമെങ്കിലും ചില സ്ഥലത്ത് നിർത്തുമ്പോഴാണ് പ്രശ്‌നം. പിന്നെയുള്ള യാത്രയിൽ എസ്‌കോർട്ടായി. ചിലർ തന്റെ ബൈക്കിന് തൊട്ടുപിറകെവിടും. ചിലർ ബൈക്കിന് സമാന്തരമായി എത്തി കുശലം ചോദിക്കും. നമ്മൾ ഒന്നും മൈൻഡ് ചെയ്യാതെ നേരെയങ്ങ് ഓടിച്ചുപോയാൽ തീരും ഇത്തരം ഞരമ്പുരോഗങ്ങൾ.
 
കല്ലായി റോഡിൽ മലബാർ അപ്പാർട്ടുമെന്റിലെ മൂന്നാം നിലയിലെ ഫ്‌ളാറ്റിലാണ് മിനിയുടെ താമസം. ഏറെ വെല്ലുവിളിയുയർത്തുന്ന ഹിമാലയൻ മലമടക്കുകളിലേക്ക് ഇനിയും പ്രിയപ്പെട്ട ബുള്ളറ്റിൽ കുതിക്കണമെന്ന മോഹത്തെ റൈസ് ചെയ്ത് ലൈവാക്കി നിർത്തുകയാണ് മിനി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top