12 December Wednesday

സഫലമീ യാത്ര

കെ പി മധുസൂദനൻUpdated: Tuesday Apr 17, 2018

 പതിനേഴു മക്കളെ നൊന്തുപെറ്റ കാർത്യായനിയമ്മ മക്കളും കൊച്ചുമക്കളും അവരുടെ മക്കളുമായി സന്തോഷനിർവൃതിയിലാണ്. തൊണ്ണൂറുകാരിയായ ഈ അമ്മയുടെ കുടുംബത്തിൽ എല്ലാവരും ഒത്തുകൂടിയാൽ ഉത്സവമായി, ആഘോഷമായി. നോവില്ലാതെ പ്രസവിക്കാൻ പുതുതലമുറ ആശുപത്രിയിൽ വരി നിൽക്കുമ്പോഴാണ് കാര്യമായ പരിചരണങ്ങളില്ലാതെ വീട്ടകത്ത് ഇത്രയും മക്കൾക്ക് കാർത്യായനിയമ്മ ജന്മമേകിയത്.

തൊടുപുഴയ്ക്കടുത്ത് മുളപ്പുറത്ത് ഇളയമകൻ സന്തോഷിനൊപ്പം കഴിയുന്ന ഈ അമ്മയ്ക്ക് പ്രായാധിക്യത്തിലും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല, ഓർമ്മക്കുറവുമില്ല. തട്ടക്കുഴയ്ക്ക് സമീപം വെള്ളാന്താനം പൂവത്തിങ്കൽ വീട്ടിലാണ് ജനനം. പതിനേഴാം വയസിലായിരുന്നു കല്യാണമെന്ന് കാർത്യായനി ഓർക്കുന്നു. വർഷം കൃത്യമായി പറയാനാകില്ലെങ്കിലും അതൊരു കർക്കടകം 28 ആയിരുന്നുവെന്ന കൃത്യമായ ധാരണയുണ്ട്. കരിമണ്ണൂർ കല്ലുറുമ്പിൽ നാരായണനാണ് കഴുത്തിൽ താലി ചാർത്തിയത്. ചെത്തുതൊഴിലാളിയായിരുന്നു.

വലിയ സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നില്ല. എങ്കിലും 17 മക്കൾക്കും സാമാന്യ വിദ്യാഭ്യാസം നൽകി. എല്ലാവരുടെയും വിവാഹവും നടത്തി. വീട്ടുമുറ്റത്ത് 17 കുട്ടികൾ ഓടിക്കളിച്ചുനടന്നതും കുസൃതികൾ കാട്ടിയിരുന്നതും ഇന്നലെയെന്ന പോലെ കാർത്യായനിയുടെ മനസിലേക്ക് ഓടിയെത്തുന്നു. വിധി ചതിച്ചില്ലായിരുന്നുവെങ്കിൽ മൂന്നുമക്കൾ കൂടി തനിക്കുണ്ടാവുമായിരുന്നുവെന്ന് കാർത്യായനി പറയുന്നു. മാസം തികയാതെയാണ്  മൂന്നു കുട്ടികളെ നഷ്ടമായത്. മക്കളിൽ 11പേർ പെൺകുട്ടികളാണ്. നാല് ആണും ഒരു പെണ്ണും ഇപ്പോൾ ജീവിച്ചിരിപ്പില്ല.

സ്വന്തം കാര്യങ്ങൾക്ക് മറ്റാരുടെയും ആശ്രയം ആവശ്യമില്ലെന്നാണ് ജീവിതസായാഹ്നത്തിലും കാർത്യായനിയുടെ പക്ഷം. രാവിലെ എഴുന്നേറ്റാൽ മുറ്റമടിയും പാത്രം കഴുകലുമെല്ലാം സ്വന്തമായിതന്നെ. കുടുംബത്തിലെ കാരണവത്തിക്ക് ആരെയും ബുദ്ധിമുട്ടിപ്പിക്കാതെ ഇനിയുള്ള കാലവും ജീവിച്ചു തീർക്കണമെന്ന ആഗ്രഹമാണുള്ളത്.

പ്രധാന വാർത്തകൾ
Top